Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാഹ സമയം കൂടി അറിയിച്ചാൽ ഒരുങ്ങി വരാമെന്ന് യുവി

yuvraj-hazal

സൂപ്പർ സ്പിന്നർ ഹർഭജൻ സിംഗിന്റെ വിവാഹം കൂടി കഴിഞ്ഞതോടെ എന്നു വിവാഹിതനാകുന്നുവെന്ന ചോദ്യം കേട്ടുമടുത്ത ക്രിക്കറ്റ് താരമാണ് യുവരാജ് സിംഗ്. യുവി ബാച്ചിലർ ലൈഫ് അവസാനിപ്പിക്കുന്നതെന്നാണോയെന്നു കാത്തിരിക്കുകയാണ് ആരാധകർ. അതിനിടെയാണ് കഴിഞ്ഞ ദിവസം യുവരാജ് സിംഗ് ബ്രിട്ടീഷ് നടിയും മോഡലുമായ ഹസൽ കീച്ചിനെ ഉടൻ വിവാഹം കഴിക്കുന്നുവെന്ന വാർത്ത പുറത്തു വന്നത്. എന്നാൽ തന്റെ വിവാഹ വാർത്തയോട് വളരെ രസകരമായി പ്രതികരിച്ചിരിക്കുകയാണിപ്പോൾ യുവി. വിവാഹ വാർത്തകൾ പ്രചരിപ്പിച്ച മാധ്യമങ്ങളോ‌ടാണ് യുവരാജിന്റെ തമാശ രൂപേണയുള്ള മറുപടി.

എന്റെ പ്രിയപ്പെട്ട മാധ്യമങ്ങൾ വിവാഹത്തിന്റെ സ്ഥലവും മാസവുമൊക്കെ തീരുമാനിച്ചിരിക്കുന്നു, ദിവസം കൂടി പറയുകയാണെങ്കിൽ സമയത്തിന് ഒരുങ്ങാമായിരുന്നു എന്നാണ് യുവിയുടെ ട്വീറ്റ്. മുപ്പത്തിനാലുകാരനായ യുവരാജ് ബോഡിഗാർഡിലൂടെ ബോളിവുഡിലെത്തിയ ഹസൽ കീച്ചുമായി പ്രണയത്തിലാണെന്ന വാർത്ത കേൾക്കാൻ തുടങ്ങിയിട്ട് കുറച്ചു നാളുകളായിരുന്നു. അതിനിടെയാണ് അടുത്ത മാസം യുവിയുടെ വിവാഹം ഉറപ്പിക്കുമെന്നും വരുന്ന ഫെബ്രുവരിയോടെ വിവാഹം ഉണ്ടാകുമെന്നുമുള്ള വാർത്തകൾ പ്രചരിച്ചത്. കുടുംബത്തിലാരുടെയോ മരണം മൂലമാണ് ഡിസംബർ 13നു നടത്താനിരുന്ന വിവാഹം മാറ്റിവച്ചതെന്നും വാർത്തയുണ്ടയിരുന്നു, ഹർഭജൻ സിംഗ്-ഗീത ബസ്ര വിവാഹത്തിന് ഹസൽ കീച്ചുമൊത്ത് യുവരാജ് പങ്കെടുത്തത്തോടെയാണ് വീണ്ടും വിവാഹ വാർത്തകൾ ഉയർന്നത്.