Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഴക്കാലമെത്തി, കരുത്തുള്ള മുടിക്ക് 5 ടിപ്സ്

x-default, Healthy hair Representative Image

മുടിയുടെ സംരക്ഷണത്തിൽ കാലാവസ്ഥ മാറുന്നതിനനുസരിച്ചു മാറ്റം വരുത്തേണ്ടതാണ്. വേനൽക്കാലത്തെ പരിപാലനരീതിയല്ല മഴക്കാലത്തു പിന്തുടരേണ്ടത്. കാലവർഷമിങ്ങെത്തിക്കഴിഞ്ഞപ്പോഴും മുടിയുടെ സംരക്ഷണത്തിൽ കാര്യമായ മാറ്റം വരുത്താത്തവരുണ്ട്. എന്നാൽ അറിഞ്ഞോളൂ, ഇതു നിങ്ങളുടെ മുടിയുടെ ഉള്ളും കരുത്തും നഷ്ടപ്പെടുത്തുകയാണ് ചെയ്യുക. മഴക്കാലത്തു മുടിയിൽ ചിട്ടയോടെ പാലിക്കേണ്ട ചില ടിപ്സാണ് താഴെ നൽകുന്നത്.

മഴകൊണ്ടോളൂ, പക്ഷേ മുടിയുണക്കണം

ചൂടുകാലത്തിൽ നിന്നും ഒരു തണുപ്പു പകർന്ന് മഴ എത്തിയതോടെ പലർക്കും ആ പുതുമഴ കൊള്ളാനും ഒരിഷ്ടമുണ്ടാകും. മഴ കൊള്ളുന്നതൊക്കെ കൊള്ളാം, അതിനുശേഷം നന‍ഞ്ഞ മുടിയുമായി നടക്കരുതെന്നു മാത്രം. മഴ കൊണ്ടാൽ ഉടൻ അതു തുവർത്തി ഉണക്കുകയും വേണം.

ആഴ്ചയിൽ രണ്ടുതവണ ഷാംപൂ

മഴക്കാലത്ത് ആഴ്ചയിൽ രണ്ടുതവണയെങ്കിലും മുടിയിൽ ഷാംപൂ ചെയ്യണം. ബാക്റ്റീരിയൽ, ഫംഗൽ ഇൻഫെക്ഷനുകൾ മുടിയെ ബാധിക്കാതിരിക്കാനാണിത്. വീര്യം കുറഞ്ഞ ഷാപൂ തന്നെ തിരഞ്ഞെടുക്കാനും മറക്കരുതേ..

എണ്ണതേച്ചുകുളി തുടങ്ങിക്കോളൂ

പണ്ടത്തെ കാലത്തെ അമ്മൂമ്മമാരൊക്കെ ദിവസവും എണ്ണതേച്ചുകുളി നിർബന്ധമാക്കിയിരുന്നവരാണ്. ആ കാലത്തേക്കൊരു തിരിച്ചുപോകലാകാം ഈ മഴക്കാലത്ത്. നല്ലൊരു കണ്ടീഷണർ കൂടിയാണ് വെളിച്ചെണ്ണ എന്നു പ്രത്യേകം പറയേണ്ടല്ലോ. ഒപ്പം എണ്ണ അധികമാകാതിരിക്കാനും ശ്രദ്ധിക്കണം, എന്തെന്നാൽ അമിതമായ എണ്ണ തലയിൽ നിന്നും നീക്കം ചെയ്യാൻ ഷാംപൂവും അമിതമായി ഉപയോഗിക്കേണ്ടി വരും ഇതു മുടിക്കു ദോഷം ചെയ്യും.

ആരോഗ്യകരമായ ഭക്ഷണം

ഹെയർ ഫോളിക്കിൾസിനെ കരുത്തുള്ളതാക്കാൻ നിങ്ങൾ ആരോഗ്യകരമായ ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കണം. പ്രോട്ടീൻ, അയേൺ, ഒമേഗാ ത്രീ ഫാറ്റി ആസിഡുകളാൽ സമ്പന്നമായ ഭക്ഷണങ്ങൾ ആഹാരരീതിയിൽ ഉൾപ്പെ‌ടുത്താൻ ശ്രദ്ധിക്കുക.

മുടി വെട്ടാം ധൈര്യമായി

എന്നും മുടി വെട്ടണമെന്ന ആഗ്രഹവുമായി നടക്കുകയും അതിനു വേണ്ട ധൈര്യം കിട്ടാതിരിക്കുകയും ചെയ്യുന്നവരാണോ നിങ്ങൾ? എന്നാൽ കേട്ടോളൂ മുടി മുറിക്കാൻ ഏറ്റവും പറ്റിയ സമയം ഇതുതന്നെയാണ്. മുടിയുടെ നീളം കുറയ്ക്കുന്നതിലൂടെ അതു വൃത്തിയോടെ പരിപാലിക്കാനുള്ള സാധ്യതയും കൂടുകയാണ്.

Read more: Beauty Tips in Malayalam