Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈറ്റ് ഹെഡ്സിനു വിട, മുഖം തിളങ്ങാൻ വെറും മൂന്നു കാര്യം

Glowing Face Representative Image

വിവാഹത്തിനോ അതുപോലുള്ള മറ്റെന്തെങ്കിലും പൊതുപരിപാടികൾക്കോ പോകുന്നതിനു മുമ്പു മാത്രമാണ് പലരും സൗന്ദര്യ സംരക്ഷണത്തെക്കുറിച്ചു ചിന്തിച്ചു തുടങ്ങുന്നത്. സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ കണ്ടുവരുന്ന പ്രശ്നമാണ് വൈറ്റ്ഹെഡ്സ്. ബ്യട്ടിപാർലറിൽ പോയി കാശുകൊടുത്തു സംരക്ഷിച്ചിട്ടും വൈറ്റ് ഹെഡ്സ് ദേ വീണ്ടും വന്നല്ലോ എന്നു പരാതിപറയുന്നവരും ഏറെയാണ്. അത്തരക്കാരുടെ ശ്രദ്ധയ്ക്ക്, നിങ്ങളൊന്നു മനസുവച്ചാൽ പോകുന്നതാണ് ഈ വൈറ്റ് ഹെഡ്സ്. വൈറ്റ് ഹെഡ്സിലേക്കു നയിക്കുന്ന കാരണങ്ങളും വീട്ടിൽ വച്ചുതന്നെ വൈറ്റ്ഹെഡ്സിനെ പമ്പ കടത്തി മുഖം വെട്ടിത്തിളങ്ങാനുളള ചില വഴികളുമാണ് താഴെ നൽകുന്നത്.

വൈറ്റ് ഹെഡ്സിന്റെ കാരണം

എണ്ണമയമുള്ള ചർമക്കാരിലാണ് വൈറ്റ് ഹെഡ്സ് ധാരാളമായി കണ്ടുവരുന്നത്. കവിളുകളിലും മൂക്കിന്റെ വശങ്ങളിലും മുഖത്താകെയും ഒക്കെ വൈറ്റ് ഹെഡ്സ് പ്രത്യക്ഷപ്പെടാം. ബാക്റ്റീരിയ മൂലവും മൃതകോശങ്ങള്‍ രൂപപ്പെ‌ടുന്നതു മൂലവും എണ്ണമയം അധികമായി സുഷിരങ്ങൾ അടയുന്നതിലൂടെയുെമാക്കെ വൈറ്റ് ഹെഡ്സ് രൂപപ്പെടാം. പാരമ്പര്യ ഘടകങ്ങളും തെറ്റായ ഭക്ഷണശൈലിയും സൗന്ദര്യ വര്‍ധക വസ്തുക്കളുടെ അശ്രദ്ധയോടെയുള്ള ഉപയോഗവും ഹോർമോൺ വ്യതിയാനവും ശുചിത്വക്കുറവുമൊക്കെ വൈറ്റ് ഹെഡ്സ് രൂപപ്പെ‌ടുന്നതിലേക്കു നയിക്കുന്ന കാരണങ്ങളാണ്.

ആവി പിടിച്ചോളൂ ആവോളം

ജലദോഷമോ മറ്റോ വരുമ്പോൾ മാത്രം ആവി പിടിക്കുന്നവരാണ് ഏറെയും. അത്തരക്കാരുടെ ശ്രദ്ധയ്ക്ക്, സൗന്ദര്യ സംരക്ഷണത്തിൽ ആവിപിടിക്കുന്നതിനുള്ള സ്ഥാനം വളരെ വലുതാണ്. ആവിപിടിക്കുന്നതു വഴി സുഷിരങ്ങൾ തുറക്കപ്പെടുകയും അവ മൃതകോശങ്ങളെ നീക്കം ചെയ്യുകയും അമിതമായ എണ്ണമയം ഇല്ലാതാക്കുകയും ചെയ്യും. പത്തുമിനിറ്റോളം ആവി നന്നായി പിടിച്ചതിനു ശേഷം മുഖം തുടയ്ക്കാം. ആഴ്ചയിൽ രണ്ടുതവണ ഇത്തരത്തിൽ ചെയ്യുന്നത് വൈറ്റ് ഹെഡ്സിനെ ഇല്ലാതാക്കും.

ബേകിങ് േസാഡ വച്ചു സ്ക്രബിങ്

ചെറിയ രീതിയിലുള്ള സ്ക്രബിങ് കൊണ്ടുതന്നെ വൈറ്റ് ഹെഡ്സിനെ ഇല്ലാതാക്കാം. മുഖത്തെ പിഎച്ച് ലെവൽ സന്തുലിതപ്പെടുത്തുന്ന ബേകിങ് സോഡ അതിനുത്തമമാണ്. ഒന്നോ രണ്ടോ ടീസ്പൂണ്‍ ബേകിങ് സോഡയെടുത്ത് അതിലേക്ക് വെള്ളം ചേർത്ത് കട്ടിരൂപത്തിലാക്കാം. ഈ കൂട്ട് മുഖത്തു പുരട്ടി അഞ്ചു മിനിറ്റിനു ശേഷം ചെറുതായി സ്ക്രബ് ചെയ്ത് കഴുകിക്കളയാം, ആഴ്ചയിൽ മൂന്നുതവണ ഇപ്രകാരം ചെയ്യുന്നത് ഫലം നൽകും.

അസലാണ് നാരങ്ങാനീര്

രണ്ടോ നാലോ ടേബിൾ സ്പൂൺ വെള്ളത്തിലേക്ക് രണ്ടു ടേബിൾസ്പൂണ്‍ നാരങ്ങാനീരു ചേർക്കുക. ഈ ജ്യൂസിലേക്ക് പഞ്ഞിമുക്കി അതു പതിയെ വൈറ്റ് ഹെഡ്സിനു മുകളിലായി വെക്കാം. ഇതു രാത്രിയിൽ ചെയ്യുന്നതാണ് ഉത്തമം, കാരണം നാരങ്ങാനീരു പുരട്ടിയതിനു ശേഷം വെയിലേല്‍ക്കുന്നത് ചർമത്തിനു ദോഷം ചെയ്യും. രാത്രി മുഴുവൻ ഇതു മുഖത്തു വച്ചതിനുശേഷം രാവിലെ കഴുകിക്കളയാം. രണ്ടുദിവസം കൂടുമ്പോൾ ചെയ്യാവുന്ന രീതിയാണിത്.


Read more: Trending News in Malayalam, Viral News in Malayalam, Beauty Tips in Malayalam