Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെറുപ്പം നിലനിർത്താൻ ഈ  കാര്യങ്ങൾ ചെയ്താൽ മതി

Samantha Representative Image

യുവത്വം ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടമാണ്. ചര്‍മ സൗന്ദര്യം, ശരീരത്തിന്‍റെ ഫിറ്റ്നസ്  മാനസികമായ ഉണര്‍വും പ്രസന്നതയും ഊര്‍ജവുമെല്ലാം ചേര്‍ന്നതാണ് യുവത്വം. എന്നാല്‍ യൗവനത്തിന്‍റെ പ്രസരിപ്പില്‍ നില്‍ക്കുമ്പോള്‍ നാം അതിന്‍റെ മൂല്യം തിരിച്ചറിയുന്നില്ല. തെറ്റായ ജീവിതശൈലികള്‍ പെട്ടെന്നുതന്നെ യുവത്വത്തെ നഷ്ടപ്പെടുത്തും. അതേസമയം ഒന്നുമനസ്സുവച്ചാല്‍ യൗവനം അതിന്‍റെ ഊര്‍ജസ്വലതയോടെ കാത്തുസൂക്ഷിക്കാം. മുപ്പതുകളുടെ ചെറുപ്പം നാല്‍പ്പതുകളിലും നിലനിര്‍ത്താം. പാചകം തൊട്ടു വ്യായാമം, മെഡിറ്റേഷന്‍, ശരിയായ വിശ്രമം, മനസ്സിനെ ഉണര്‍ത്തുന്ന യാത്രകള്‍ അങ്ങനെ പലതും യുവത്വത്തെ കാത്തുസൂക്ഷിക്കുന്നതില്‍ ഉള്‍പ്പെടുന്നു. . 

പ്രായത്തെ ചെറുക്കാനും യൗവനത്തെ സംരക്ഷിക്കാനും ഇനിപറയുന്ന കാര്യങ്ങള്‍ നിത്യജീവിതത്തില്‍ ഒന്നു ശ്രദ്ധിച്ചാല്‍ മതി. ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടാന്‍ ഇടയാകാത്ത കലോറി കുറഞ്ഞ ഭക്ഷണങ്ങള്‍ കഴിക്കുക. എപ്പോഴും നമുക്കു വയറുനിറഞ്ഞു എന്നു തോന്നുന്നതുവരെ കഴിക്കാതിരിക്കുക. ആന്‍റി ഓക്സിഡന്‍സ് അടങ്ങിയ ആഹാരങ്ങളാണ് ശരീരത്തിനു യുവത്വം നല്‍കുക. കടുംനിറങ്ങളിലുള്ള പഴങ്ങളിലും പച്ചക്കറികളിലും ആന്‍റി ഓക്സിഡന്‍റ്സ് ധാരാളമായി അടങ്ങിയിരിക്കുന്നു. പല നിറത്തിലുള്ള പഴങ്ങളും പച്ചക്കറികളും കഴിക്കാൻ ശ്രദ്ധിക്കുക. ഉദാഹരണത്തിന് ബ്രോക്കോളി, ആപ്പിള്‍, ഓറഞ്ച്, പപ്പായ, കാപ്സിക്കം, ബീറ്റ്റൂട്ട് അങ്ങനെ. 

വൈറ്റമിന്‍ സി അടങ്ങിയ ആഹാരം ചര്‍മത്തെ പ്രായമാകുന്നതില്‍ നിന്നും തടയുന്നു. നാരങ്ങാവെള്ളം കുടിക്കുന്നത് ശീലമാക്കുക. ഒരു നെല്ലിക്ക എന്നും കഴിക്കുക. ദിവസവും 8 ഗ്ലാസില്‍ കുറയാതെ വെള്ളം കുടിക്കണം. ശരീരത്തിലെ ജലാംശം ഒരിക്കലും കുറഞ്ഞുപോകരുത്. 

ഗ്രീന്‍ ടി എന്നും രാവിലെ കുടിക്കാന്‍ ശ്രമിക്കുക. ജപ്പാന്‍കാരുടേയും ചൈനാക്കാരുടേയും ആരോഗ്യരഹസ്യം അവര്‍ നിത്യവും ഗ്രീന്‍ടീ  കുടിയ്ക്കുന്നതിലൂടെ രക്തത്തിലെ ആന്‍റി ഓക്സിഡന്‍റിന്‍റെ നില ഉയരുന്നതാണ്. 

വെളുത്തുള്ളി ആഹാരത്തില്‍ ചേര്‍ത്തോ വെറുതെ രണ്ടുമൂന്ന് അല്ലി ചവച്ചു കഴിയ്ക്കുന്നതോ നല്ലതാണ്. വെളുത്തുള്ളി രോഗപ്രതിരോധശേഷി പ്രധാനം ചെയ്യുന്നു. 

തീർന്നില്ല, ഒഴിവാക്കേണ്ട ചില കാര്യങ്ങളുമുണ്ട്. 

വൈറ്റ് പോയ്സണ്‍ എന്നറിയപ്പെടുന്ന പഞ്ചസാര, വനസ്പതി പോലുള്ള എണ്ണകളും ഇവ കൊണ്ടു തയ്യാറാക്കുന്ന ബേക്കറി പലഹാരങ്ങളും, സോസുകള്‍ എന്നിവ അതില്‍ പ്രധാനമാണ്. 

വ്യായാമം ചെയ്യൂ സ്മാര്‍ട്ടാകൂ

യുവത്വം നിലനിര്‍ത്താന്‍ മൂന്നു പ്രധാനകാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ബോഡി ഷെയ്പ്പ് നിലനിർത്തുക, കുടവയര്‍ ചാടാതെ നോക്കുക, മുഖത്തിനു പ്രായമേറുന്നതിന്‍റെ ലക്ഷണങ്ങള്‍ ബാധിക്കാതിരിക്കാന്‍ കൃത്യമായ വ്യായാമങ്ങള്‍ ചെയ്യുക. വ്യായാമം ശരീരത്തിലെ എല്ലാ മസിലുകള്‍ക്കും ആവശ്യമാണ്. വ്യായാമം ഇല്ലാതായാല്‍ മസിലുകള്‍ അയഞ്ഞു വേഗം വാര്‍ധക്യത്തിലേക്കു വീഴും. ചിട്ടയായ വ്യായാമത്തിലൂടെയും പോഷകഗൂണമുള്ള ആഹാരത്തിലൂടെയും ആര്‍ക്കും വാര്‍ധക്യത്തെ തോല്‍പ്പിക്കാം, എന്നും യൗവനം കാത്തുസൂക്ഷിക്കാം. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam