Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഞ്ഞുകാലത്ത് മുടിക്കു വേണം കൂടുതൽ പരിചരണം, 9 ടിപ്സ്

x-default, Hair Care Representative Image

മഞ്ഞുകാലമായാല്‍ പല തരത്തിലുള്ള സൗന്ദര്യപ്രശ്നങ്ങളായിരിക്കും പിന്നാലെ കൂടുക. ചുണ്ടുമുതല്‍ കയ്യും കാലുംവരെ  വരണ്ട് ഉണങ്ങുകയും വിണ്ടുകീറുകയുമൊക്കെ ചെയ്യുന്നു. ഇക്കാലത്ത് അലട്ടുന്ന മറ്റൊരു വലിയ പ്രശ്നമാണ് മുടി കൊഴിച്ചില്‍. തലയോട്ടിയില്‍ ഉണ്ടാകുന്ന വരള്‍ച്ച മൂലം മുടി പൊട്ടിപോകാനും ഏറെ സാധ്യതകളുണ്ട്. മുടി കൊഴിച്ചിലിന്‍റെ അളവ് മഞ്ഞുകാലത്ത് കൂടുമെന്നത് വസ്തുതയാണ്. ഇതോടൊപ്പം പല കാരണങ്ങള്‍ കൊണ്ടും മുടി കൊഴിച്ചില്‍ ഉണ്ടാകും. 

പ്രായമാവുന്നതിന്‍റെ  മുന്നോടിയായി, ഭക്ഷണശീലത്തില്‍ വരുന്ന മാറ്റങ്ങള്‍ കൊണ്ട്, ദഹനമില്ലായ്മ, മുടിയില്‍ ശ്രദ്ധയില്ലായ്മ എല്ലാം മുടിക്കു വില്ലന്‍ തന്നെയാണ്. അതുകൊണ്ടു തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗങ്ങള്‍ വേണം നമ്മള്‍ സ്വീകരിക്കാന്‍.

ഇളം ചൂടുള്ള എണ്ണ കൊണ്ടു മസ്സാജ്

മസാജിങ് എപ്പോഴും തലയ്ക്കും മനസ്സിനും ഉണര്‍വേകുന്നു, ഇളം ചൂടുള്ള എണ്ണ കൊണ്ടു മസ്സാജ് ചെയ്യുന്നത് അതിലും നല്ലതായിരിക്കും. ഇതില്‍ ആല്‍മണ്ട് ഓയില്‍, വെളിച്ചെണ്ണ എന്നിവ മിക്സ് ചെയ്തു  മസ്സാജ് ചെയ്താല്‍ ഗുണം മികച്ചതാകും,  ദിവസവും അരമണിക്കൂറെങ്കിലും മസ്സാജ് ചെയ്യുന്നത് മുടി കൊഴിച്ചില്‍ അകറ്റി മുടിക്ക് ആരോഗ്യവും സൗന്ദര്യവും കട്ടിയും നല്‍കുന്നു. ശേഷം വേണമെങ്കില്‍ കുളിക്കുമ്പോള്‍ വീര്യം കുറഞ്ഞ ഷാമ്പു ഉപയോഗിച്ച്‌ കഴുകിക്കളയാവുന്നതാണ്.

 

പഴവും മുട്ടയുടെ വെള്ളയും

മുട്ടയുടെ വെള്ള കേശസംരക്ഷണത്തിനു വളരെയധികം സഹായിക്കുന്ന ഒന്നാണ്. നല്ലതു പോലെ പഴുത്ത പഴം പേസ്റ്റ് രൂപത്തില്‍ ആക്കിയതും മുട്ടയുടെ വെള്ളയും അല്‍പം തേനും മിക്സ് ചെയ്തു തലയില്‍ തേച്ചു പിടിപ്പിക്കാം. ഇത് ആഴ്ചയില്‍ രണ്ടുതവണ ചെയ്യാവുന്നതാണ്. 

ആല്‍മണ്ട് ഓയിലും ഒലീവ് ഓയിലും

ആല്‍മണ്ട് ഓയില്‍ ഒലീവ് ഓയില്‍ ആവക്കാഡോ ഓയില്‍ ഇവ മൂന്നും ചേര്‍ന്നാല്‍ പിന്നെ മുടി കൊഴിച്ചിലിനെ പറ്റി ആലോചിക്കുകയേ വേണ്ട. ഇവ മൂന്നും തുല്യ അളവില്‍ എടുത്ത് മുടിയില്‍ നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇവ അല്‍പം ചൂടാക്കി വേണം മസ്സാജ് ചെയ്യാന്‍. ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് മുടി കൊഴിച്ചില്‍ അകറ്റി മുടിക്ക് തിളക്കവും ആരോഗ്യവും നല്‍കുന്നു.

കറ്റാര്‍ വാഴ ജെല്‍

കറ്റാര്‍വാഴ മുടിയുടെ രക്ഷകനാണ്. കറ്റാര്‍വാഴ ജെല്‍ തലയോട്ടിയില്‍ ഉണ്ടാവുന്ന ഇന്‍ഫെക്ഷന്‍ ഇല്ലാതാക്കി താരന്‍ കുറച്ച്‌ മുടി കൊഴിച്ചിലിനു പൂര്‍ണമായും വിട നല്‍കുന്നു. കറ്റാര്‍ വാഴ ജെല്‍ മുടിയില്‍ നല്ലതു പോലെ തേച്ച്‌ പിടിപ്പിച്ച് 40 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്.

ആവണക്കെണ്ണയും ബദാം ഓയിലും

ആവണക്കെണ്ണയും ബദാമും മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഇത് മുടിയുടെ വേരുകളിലേക്ക് ഇറങ്ങിച്ചെന്ന് മുടിക്ക് തിളക്കവും ആരോഗ്യവും നല്‍കുന്നു. നല്ലതു പോലെ മസ്സാജ് ചെയ്ത്കഴിഞ്ഞ് ഒരു മണിക്കൂറിനു ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്.

ഉള്ളിനീര്

മുടിക്ക് കട്ടി വര്‍ദ്ധിപ്പിക്കുന്നതിനും മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും കഷണ്ടി ഇല്ലാതാക്കുന്നതിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ഉള്ളി നീര്. ഉള്ളി നീര് ആഴ്ചയില്‍ രണ്ടുതവണ തലയില്‍ തേച്ചു പിടിപ്പിക്കാം. 

ഉലുവ

ഉലുവയാണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. ഇത് മുടിക്ക് എല്ലാ വിധത്തിലുള്ള ഗുണങ്ങളും നല്‍കുന്നു. രണ്ടോ മൂന്നോ സ്പൂണ്‍ ഉലുവ വെള്ളത്തില്‍ കുതിര്‍ത്ത് പിറ്റേ ദിവസവും രാവിലെ അരച്ചു പേസ്റ്റ് രൂപത്തിലാക്കി ഒരു സ്പൂണ്‍ തേങ്ങാപ്പാലും ചേര്‍ത്ത് മുടിയില്‍ തേച്ചു പിടിപ്പിക്കാം. അരമണിക്കൂറിനു ശേഷം കഴുകിക്കളയാം.

നെല്ലിക്കയും വെളിച്ചെണ്ണയും

നെല്ലിക്ക വെയിലത്തിട്ട് ഉണക്കിപ്പൊടിച്ച്‌ വെളിച്ചെണ്ണ ചൂടാക്കി അതില്‍ നെല്ലിക്കപൊടിയിട്ട് മിക്സ് ചെയ്ത് തലയില്‍ തേച്ചു പിടിപ്പിക്കാം. ഇതു മുടിക്കു തിളക്കവും ആരോഗ്യവും സൗന്ദര്യവും നല്‍കുന്നു. 

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ തടി കുറയ്ക്കാന്‍ മാത്രമല്ല മുടിയുടെ സംരക്ഷണത്തിനും അത്യുത്തമമാണ്. ഇതു മുടിയുടെ ആരോഗ്യവും സൗന്ദര്യവും വര്‍ദ്ധിപ്പിക്കുകയും മുടിക്ക് തിളക്കം നല്‍കാന്‍ സഹായിക്കുകയും ചെയ്യുന്നു. രണ്ടു ഗ്രീൻ ടീ ബാഗ് എടുത്ത് ചൂടുവെള്ളത്തില്‍ ഇടുക. ഇതു തണുത്ത ശേഷം നല്ലതു പോലെ തലയില്‍ തേച്ചുപിടിപ്പിക്കുക. ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം. ഇതു വരണ്ട മുടിയിഴകള്‍ക്ക് ആരോഗ്യവും സൗന്ദര്യവും നല്‍കുന്നു.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam