Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാസ് ആവാൻ മുടി വേണം, ഇതാ ചില ‘കൂൾ ടിപ്സ്’

hair-care-cool-tips-for-mens

ഒരു കാലത്ത് സ്ത്രീകളുടെ കുത്തവാകാശമായിരുന്നു കേശസൗന്ദര്യമെങ്കിൽ കാലം മാറി. ഇന്ന് പുരുഷന്റെ സ്റ്റൈലിഷ് സ്വപ്നങ്ങളിൽ പ്രഥമ സ്ഥാനമുണ്ട് മുടിക്ക്. നീട്ടി വളര്‍ത്താം, വെട്ടിെയാരുക്കാം, കളറടിക്കാം അങ്ങനെ അനന്തസാധ്യതകള്‍. ഇങ്ങനെയൊക്കെ ആണെങ്കിലും ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥയും മാറുന്ന ജീവിത രീതികളുമൊക്കെ കൂടി മുടിക്ക് ‘പണി’ കിട്ടുന്ന കാലമാണിത്. അകാലനര, കൊഴിച്ചിൽ, മുടി പൊട്ടൽ, താരൻ എന്നിങ്ങളെ ഇല്ലാത്ത പ്രശ്നങ്ങളില്ല. ‘ഹെയർ കെയര്‍’ ചെയ്തേ പറ്റൂ. ഇതാ പുരുഷന്മാരുടെ മുടി സംരക്ഷിക്കാനുള്ള 4 കൂൾ ടിപ്സ്

എണ്ണ 'മസ്റ്റ്'

യുവാക്കൾക്ക് ഏറെ മടിയുള്ള കാര്യമാണ് മുടിയിലും ശരീരത്തിലുമൊക്കെ എണ്ണ തേച്ചുപിടിപ്പിക്കുക എന്നത്. പക്ഷേ, എണ്ണ ചെറുതായി ചൂടാക്കി മുടിയിലും തലയോട്ടിയിലും തേച്ചു പിടിപ്പിക്കുന്നത് വളരെ നല്ലതാണ്. മുടിക്ക് വേണ്ട പോഷണവും തിളക്കവും കരുത്തും ഇതിലൂടെ ലഭിക്കുന്നു. മുടിയുടെ വളർച്ചയ്ക്കും എണ്ണ നല്ലതാണ്. 

മുടിയുടെ സ്വഭാവത്തിനനുസരിച്ച് എണ്ണയിടുന്നത് നിയന്ത്രിക്കണമെന്നു മാത്രം. എണ്ണമയമുള്ള മുടിയാണെങ്കിൽ ആഴ്ചയിൽ ഒരു തവണ എണ്ണ ഉപയോഗിക്കുക. വരണ്ട മുടിയുള്ളവർക്ക് 3 തവണ വരെ എണ്ണയിടാം. മിതമായ രീതിയിൽ മാത്രം എണ്ണ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. വൃത്താകൃതിയിൽ തലയിൽ എണ്ണ തേച്ച് മസാജ് ചെയ്യുക.

ഷാംപൂ വേണം കേട്ടോ

ആന്റി ഡാന്‍ട്രഫ് ഷാംപൂ ആഴ്ചയിൽ ഒരിക്കൽ ഉപയോഗിക്കുക. ഇത് കൂടാതെ ആഴ്ചയിൽ രണ്ടു തവണ മുടിയുടെ സ്വഭാവത്തിനു അനുയോജ്യമായ മൈൽഡ് ഷാംപൂ ഉപയോഗിക്കുക. ധാരാളം പുരുഷന്മാർ താരനാല്‍ ബുദ്ധിമുട്ടുന്നുണ്ട്്. ഇതിനെ പ്രതിരോധിക്കാനും മുടിയിലെ പൊടിയും ചെളിയും അകറ്റാനും ഷാംപു ചെയ്യുന്നത് സഹായകരമാണ്. പക്ഷേ, ഉപയോഗം അമിതമാവാതെ ശ്രദ്ധിക്കുക. 

കണ്ടീഷനറുകൾ നിസാരക്കാരല്ല

കണ്ടീഷനറുകൾ എന്താണെന്ന് അറിയാത്തവരാണ് പലരും. തലയും മുടിയും വൃത്തിയാകാനാണ് ഷാംപു ഉപയോഗിക്കുന്നത്. മുടിയിഴകളുടെ സംരക്ഷണമാണ് കണ്ടീഷണറുകളുടെ ചുമതല. മുടിയെ കൂടുതൽ മികവുറ്റതാക്കാൻ ഇവയുടെ ഉപയോഗം സഹായിക്കുന്നു. ഇന്ത്യൻ സാഹചര്യങ്ങളിൽ ആഴ്ചയിൽ 2 തവണയിൽ കൂടുതൽ കണ്ടീഷനറുകൾ ഉപയോഗിക്കുന്നത് നല്ലതല്ല. വരണ്ട മുടിയുള്ളവർക്കു ആഴ്ചയിൽ  4 തവണ വരെ ഇവ ഉപയോഗിക്കാം. ഒരേ കമ്പനിയുടെ ഷാംപുവും കണ്ടീഷനറും ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്.  

കുളി കഴിഞ്ഞോ

മുടി തോർത്തുമ്പോളും വേണം ശ്രദ്ധ. തോർത്ത തലയിലിട്ട് പരാക്രമം കാണിച്ചു മുടി കൊഴിക്കുന്നവരുണ്ട്. മൃദുവായി വേണം തല തോർത്താൻ. മുടി ചീകുമ്പോളും ശ്രദ്ധിക്കണം. മുടിയുടെ സ്വാഭാവികമായ വശത്തേക്കു ചീകാൻ ശ്രദ്ധിക്കുക. ആവശ്യമെങ്കിൽ മുടിയിൽ സെറം ഉപയോഗിക്കുക. ഒരു സംരക്ഷണ കവചമായി പ്രവർത്തിക്കാൻ സെറത്തിനു സാധിക്കും.