Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മേക്ക് അപ് വേണ്ടെന്നു വെക്കാൻ 4 കാരണങ്ങൾ

no makeup

പെണ്ണായാൽ അണിഞ്ഞൊരുങ്ങി നടക്കണം എന്നാണു പണ്ടുതൊട്ടേയുള്ള കാഴ്ചപ്പാട്. ഓരോ കാലത്തും ഈ അണിഞ്ഞൊരുക്കം ഓരോ വിധത്തിലായിരുന്നുവെന്നു മാത്രം. കരിക്കലം തൊട്ടു കണ്ണെഴുതിയും മുടി കറുപ്പിച്ചുമൊക്കെ കണ്ണാടി നോക്കിയിട്ടുണ്ട് നമ്മുടെ മുത്തശ്ശിമാർ. കാലം പുരോഗമിച്ചപ്പോൾ സൗന്ദര്യം പണം കൊടുത്തും വാങ്ങാമെന്നായി. ഇങ്ങനെ കൃത്രിമമായി സൗന്ദര്യം വർധിപ്പിക്കേണ്ട ആവശ്യമുണ്ടോ? മേക്ക് അപ് ഇല്ലാതെ പുറത്തിറങ്ങുന്നതിനെ പറ്റി ഒന്നു ചിന്തിച്ചു നോക്കൂ. എല്ലാവരും അണിഞ്ഞൊരുങ്ങി നടക്കുമ്പോൾ എന്തിനു മേക്ക് അപ്ഒഴിവാക്കണം എന്നാണോ ആലോചിക്കുന്നത്? എങ്കിലിതാ മേക്ക് അപ് വേണ്ടെന്നു വയ്ക്കാൻ മതിയായ നാലു പ്രധാനകാരണങ്ങൾ.

1. നാച്വറൽ തന്നെ ഒറിജിനൽ

എന്താ ശരിയല്ലേ? ഓരോ പൂക്കൾക്കും അവയുടെസ്വാഭാവികമായ നിറവും മണവുമുള്ളതു പോലെ ഓരോ പെണ്ണിനും അവളുടേതായ അഴകുണ്ട്. എത്ര വില കൂടിയ മേയ്ക്കപ്പ് ഇട്ടാലും ഒരു പരിധിയിൽ കൂടുതൽ ചന്തം വയ്ക്കാൻ കഴിയില്ല. അഥവാ സാധ്യമായാൽ പോലും പല വിധത്തിലുള്ള പാർശ്വഫലങ്ങളും പിൽക്കാലത്ത് അനുഭവിക്കേണ്ടി വരുമെന്നതു തീർച്ച. മേക്ക് അപ്പില്ലാതെ നിങ്ങൾ നിങ്ങളായി തന്നെ ഒന്നു പുറത്തിറങ്ങി നോക്കൂ. അപ്പോഴായിരിക്കും ഏറ്റവും കൂടുതൽ പേർ നിങ്ങളോടു പറയുക, സുന്ദരിയായിരിക്കുന്നുവെന്ന്.

2. പണം ലാഭിക്കാം

ഇതു നിങ്ങളെല്ലാവരും ഒരേ സ്വരത്തിൽ സമ്മതിക്കും. കാരണം നിങ്ങൾക്കു നന്നായറിയാം, മേക്ക് അപ്കിറ്റിലേക്കു കോസ്മെറ്റിക്സ് വാങ്ങിക്കൂട്ടാൻ എത്ര രൂപയാണു നിങ്ങൾ പ്രതിമാസം ചെലവഴിക്കുന്നതെന്ന്. ബ്യൂട്ടി പാർലറിൽ കൊടുക്കുന്ന പണം വേറെയും. എത്ര വാരി വലിച്ചു മുഖത്തണിഞ്ഞാലും ഒന്നു കഴുകുമ്പോഴേക്കും കുതിർന്നൊലിച്ചു പോകുന്ന കൃത്രിമ സൗന്ദര്യ വർധക വസ്തുക്കൾക്കു വേണ്ടി ചെലവഴിക്കുന്ന ഈ തുക പ്രയോജനകരമായ മറ്റെന്തിനെങ്കിലും ഉപയോഗിച്ചു കൂടെ? അമിതമായ മേക്ക് അപ്മൂലം വരുന്ന ചർമരോഗങ്ങൾ ചികിൽസിക്കാനും വലിയ തുക ചെലവാക്കേണ്ടി വരും.

3. ചർമത്തെ ശ്വസിക്കാൻ അനുവദിക്കാം

ചർമത്തിന്റെ സ്വാഭാവികത നിലനിർത്താൻ സാധിക്കണമെങ്കിൽ അതിനെ ശ്വസിക്കാൻ അനുവദിക്കണമെന്നാണു വൈദ്യശാസ്ത്രം അനുശാസിക്കുന്നത്. പലരും ഉറങ്ങാൻ പോകുമ്പോൾ മാത്രമാണു മേക്ക് അപ് തുടച്ചു മാറ്റുന്നത്. അതുവരെയും ശ്വസിക്കാനാകാതെ വീർപ്പുമുട്ടുന്ന ചർമം പലവിധ രോഗങ്ങൾക്കും അടിമപ്പെടുന്നു. പ്രായമാകും മുമ്പേ മുഖത്തു ചുളിവു വീഴുകയും സ്വാഭാവിക മാർദ്ദവം നഷ്ടപ്പെടുകയും ചെയ്യുന്നു. ചർമത്തിലെ സൂക്ഷ്മ സുഷിരങ്ങളിൽ അടിഞ്ഞുകൂടുന്ന കൃത്രിമസൗന്ദര്യ വർധക വസ്തുക്കൾ പല തരത്തിലുള്ള പാർശ്വഫലങ്ങൾക്കും കാരണമാകുന്നു.

4. ആത്മവിശ്വാസത്തിന്റെ സന്ദേശം നൽകാം

മേക്ക് അപ് ഒഴിവാക്കുന്നതു ഒരു ശീലമായി തുടരുകയാണെങ്കിൽ പുതിയ പെൺതലമുറയ്ക്കു വിലപ്പെട്ടൊരു സന്ദേശം നൽകുകയായിരിക്കും നിങ്ങൾ. മേക് അപ്പിലല്ല, വ്യക്തിത്വത്തിലാണു മഹത്വമെന്നു മറ്റുള്ളവരോടു തുറന്നു പറയുകയാണ് നിങ്ങൾ. പുതിയ കാലത്തെ പെൺകുട്ടികൾ വളരെയധികം സമയവും പണവും മേക്ക് അപ്പിനു വേണ്ടി ചെലവഴിക്കുമ്പോൾ അവർക്കു നൽകുന്ന സന്ദേശമായിരിക്കും നിങ്ങളുടെ പുതിയ തീരുമാനം.