Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചർമം തിളങ്ങാൻ സൺസ്ക്രീൻ ശീലമാക്കണോ?

sunscreen cream Representative Image

അമ്മ കുഞ്ഞിനെ പരിപാലിക്കുന്ന അതേ കരുതലോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണു നമ്മുടെ ചർമ്മവും. ഒരാളുടെ ചർമം നോക്കിയാൽ തന്നെ അയാൾ എത്രത്തോളം തനിക്കു വേണ്ടി സമയം കണ്ടെത്തുന്നയാളാണെന്നു മനസിലാക്കാം. എന്നും സുന്ദരിയായിരിക്കണം, പ്രായം തോന്നരുത്, ചർമം തിളങ്ങണം എന്ന ആവശ്യങ്ങളുമായി പാർലറുകൾ കയറിയിറങ്ങുമ്പോൾ ആരും ശ്രദ്ധിക്കാതെ പോകുന്ന മറ്റൊരു കാര്യമുണ്ട്. യാതൊരു ബുദ്ധിമുട്ടുകളുമില്ലാതെ നമ്മുടെ ചർമത്തെ നാം തന്നെ സംരക്ഷിക്കുന്ന രീതിയാണത്, മറ്റൊന്നുമല്ല സൺസ്ക്രീൻ ക്രീമുകൾ ഉപയോഗിക്കല്‍.

പുറത്തേക്കൊന്നിറങ്ങുമ്പോൾ സൺസ്ക്രീൻ പുരട്ടി ചർമത്തിനൊരു സംരക്ഷണം നൽകാം എന്ന കരുതലോടെ ഇറങ്ങുന്നവർ എത്രപേരുണ്ടാകും? വളരെ കുറച്ചാണെന്നതിൽ ഒരു സംശയവുമില്ല. പ്രത്യേകിച്ചും നമ്മൾ മലയാളികൾക്ക് ഇവയൊന്നും ആവശ്യമേയില്ലെന്ന മട്ടാണ്. എന്നാൽ ഇന്നത്തെ കാലാവസ്ഥയും ദിനംപ്രതി വർധിച്ചു കൊണ്ടിരിക്കുന്ന ചൂടുമൊക്കെ വ്യക്തമാക്കുന്നത് നാം സൺസ്ക്രീൻ ക്രീമുകൾ ശീലമാക്കണമെന്നതാണ്. സൂര്യനിൽ നിന്നുള്ള കാഠിന്യമേറിയ രശ്മികളിൽ നിന്നും നമ്മുടെ ചർമത്തെ പൊതിഞ്ഞു പിടിക്കുകയാണ് സൺസ്ക്രീൻ ക്രീമുകൾ. സൺസ്ക്രീൻ ക്രീമുകൾ ഒന്നിലേറെ ഫലങ്ങൾ നല്‍കുന്നൊരു ഉൽപ്പന്നമാണെന്നു പറയുന്നു കോസ്മെറ്റോളജിസ്റ്റ് ആയ ഡോ: നിലൂഫർ ഷെരീഫ്. അവ ഒരു മോയ്സചറൈസർ ആണെന്നതിനൊപ്പം തന്നെ ആന്റി എയ്ജ് ക്രീമും ഡെയ്‌ലി യൂസേജ് ക്രീം‌മുമാണ്.

വെയിൽ നല്ലതും മോശവുമാണ്. വെയിലിൽ നിന്നുള്ള വിറ്റാമിൻ ഡി നമുക്കു ആവശ്യമാണെങ്കിലും അതിന്റെ അമിതമായ രശ്മികളിൽ നിന്നും ചർമത്തെ സംരക്ഷിക്കേണ്ടതുണ്ട്. കൂടുതൽ വെയിൽ കൊള്ളുമ്പോൾ തൊലിപ്പുറത്തെ കോശങ്ങൾ നശിക്കുകയാണ്. അതു തടയാനായാണ് സൺസ്ക്രീൻ ക്രീമുകൾ ഉപയോഗിക്കുന്നത്. അതുപോലെ പലരും സൺസ്ക്രീനിനൊപ്പം മോയ്സചറൈസിങ് ക്രീം കൂടി പുരട്ടാറുണ്ട്. ഇത് തെറ്റായ രീതിയാണ്. സൺസ്ക്രീൻ മോയ്സചറൈസർ ഫലം കൂടി നൽകുന്നുണ്ട്. അതിന്റെ പുറമെ മറ്റൊരു മോയ്സചറൈസർ കൂടി ഉപയോഗിക്കേണ്ടതില്ല.

പലരുടെയും ധാരണ വെയിലത്തു മാത്രമേ സൺസ്ക്രീൻ ക്രീമുകൾ ഉപയോഗിക്കേണ്ടതുള്ളൂ എന്നാണ്. മഞ്ഞുകാലത്തും മഴക്കാലത്തും സൺസ്ക്രീൻ നിർബന്ധമാണ്. സീസണനുസരിച്ച് മഞ്ഞുകാലത്തു കൂടുതൽ മോയ്സചറൈസിങ് ഉള്ള സൺസ്ക്രീൻ വേണം ഉപയോഗിക്കാൻ എന്നതു പലർക്കും അറിയാത്ത കാര്യമാണ് കാരണം മഞ്ഞു കാലാവസ്ഥയിൽ ജീവിക്കുന്നവരുടെയും അതുപോലെ എസിയിൽ ജോലി ചെയ്യേണ്ടി വരുന്നവരുടെയുമെല്ലാം തൊലി വരണ്ടതായിരിക്കും. ചർമത്തിൽ വെള്ളത്തിന്റെ അംശം കുറവായിരിക്കുന്നതു കൊണ്ടാണത്. ഈ അവസ്ഥയിൽ ചെറിയൊരു വെയിൽ അടിച്ചാലും കരിവാളിക്കാനുള്ള സാധ്യത കൂടുതലാണ്. മോയ്സചറൈസിങ് ഉള്ള ചർമ്മത്തിൽ വെയിലേറ്റു കരിവാളിക്കാനുള്ള സാധ്യത കുറവാണ്.