Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജ്യൂസ് കഴിച്ചോളൂ, പക്ഷെ ജീവിതം കളയരുത്

drinking juice

അവൾ ഫ്രൂട്ട് ജ്യൂസ് മാത്രമേ കഴിക്കൂ... ഓറഞ്ച്, മുസംബി, ആപ്പിൾ, പൈനാപ്പിൾ, മുന്തിരി... ഇപ്പോഴത്തെ കുട്ടികളുടെ ഒരു കാര്യം. ഹോ ഹോ ഹോ... ജ്യൂസ്‌കുടി ഫാഷന്റെയും ഗ്ലാമറിന്റെയും പിന്നെ പ്രത്യേകം പറയേണ്ടല്ലോ, സൈസ് സീറോ സുന്ദരിമാരാകാനുള്ള കുറുക്കുവഴിയുടെയുമൊക്കെ സിംബലാണിപ്പോൾ. കാരറ്റ് ജ്യൂസ്, കക്കിരി ജ്യൂസ്, ബീറ്റ്‌റൂട്ട് ജ്യൂസ് അങ്ങനെ സൗന്ദര്യവർധിനികളായ ജ്യൂസുകൾ ഇനിയുമൊട്ടേറെ.

മിക്‌സ്‌ഡ് വെജിറ്റബിൾ ജ്യൂസ് എന്ന പേരിൽ ഡയറ്റീഷ്യന്മാർ നിർദേശിക്കുന്ന എനർജി ഡ്രിങ്കുകളുമുണ്ട്. ഇതൊക്കെ നാച്വറൽ ആണെന്ന സമാധാനമെങ്കിലുമുണ്ട്. ‘‘വൗ, ഞാൻ ഇന്നൊരു സോഫ്‌റ്റ് ഡ്രിങ്ക് മാത്രമേ കഴിച്ചുള്ളൂ’’ എന്നു സിനിമാ സ്‌റ്റൈലിൽ പറയുമ്പോൾ ആരെങ്കിലും അതിന്റെ കുഴപ്പങ്ങളുണ്ടോ ചിന്തിക്കുന്നു ?എന്താണിത്ര കുഴപ്പമെന്നാണു ചോദ്യമെങ്കിൽ കേട്ടോളൂ, ഭാരം കൂടും. എന്താ ഞെട്ടിയോ ?

ചെറുപ്പത്തിലേ കണ്ണു വേണേ

കുഞ്ഞു ജനിക്കുന്നതിനുമുൻപേ അതിന്റെ സൗന്ദര്യം സംരക്ഷിക്കാൻ പെടാപ്പാട്. അപ്പോൾ പിന്നെ ജനിച്ചാലത്തെ കാര്യം പറയണോ? നമ്മുടെ കുട്ടിക്കാലത്തു ജ്യൂസൊന്നും ആരും തന്നില്ല, എന്നാൽ ഇരിക്കട്ടെ ആറുമാസമാകുമ്പോഴേ കുഞ്ഞിനു ഫ്രൂട്ട് ജ്യൂസ് എന്നു ചിന്തിക്കുന്നവരുണ്ടാകും. പ്ലീസ്, അരുത്. ഫ്രൂട്ട് ജ്യൂസുകൾ അമിതമായി ഉപയോഗിച്ചാൽ പല്ലു ചീത്തയാകും, വണ്ണം കൂടും, വയറിളകും. കുട്ടികൾക്കു വയറ്റിൽ മറ്റ് അസ്വസ്‌ഥതകളുമുണ്ടാകും. അതുകൊണ്ടു കുട്ടികളെ ജ്യൂസ് അഡിക്‌ട് ആക്കരുത്. ആവശ്യത്തിനു മാത്രം നൽകാം. ജ്യൂസിന്റെ ഗുണങ്ങളൊന്നും മറക്കുന്നില്ല, പക്ഷേ കൂടുതൽ കൊടുത്താൽ കുട്ടികൾ മറ്റ് ആഹാരമൊന്നും കഴിക്കാതെയാകും. ഈറ്റിങ് ഡിസോഡർ നന്നേ ചെറുപ്പത്തിലെ ഇവരെ പിടികൂടുകയും ചെയ്യും.

ജ്യൂസ് ക്രേസി ടീനേജ്

ഐശ്വര്യറായ് ജ്യൂസ് കുടിക്കുന്നു, പ്രിയങ്ക ചോപ്ര ജ്യൂസ് കുടിക്കുന്നു, നമ്മുടെ മിസ് ഇന്ത്യ പാർവതി ഓമനക്കുട്ടൻ ജ്യൂസ് കുടിക്കുന്നു... ജാങ് ജാങ്... മാം, ഐ വാണ്ട് ജ്യൂസ് ആൻഡ് ജ്യൂസ് ഒൺലി എന്നു കൊഞ്ചുന്നവർ കേട്ടോളൂ...ഓറഞ്ച് ജ്യൂസ് 80, മുന്തിരി ജ്യൂസ് 110, ലെമൺ ലൈം 70, പൈനാപ്പിൾ ജ്യൂസ് 100, ആപ്പിൾ ജ്യൂസ് 90. എല്ലാം കലോറികളുടെ കണക്കാണ്. അതും ഒരു ഗ്ലാസ് അഥവാ 200 മില്ലിലിറ്ററിലെ കലോറിയുടെ അളവ്. അപ്പോൾ ദിവസം രണ്ടും മൂന്നും ജ്യൂസടിച്ചാലോ ?

പഞ്ചസാരയും വെള്ളവും ചേർത്തു ജ്യൂസടിക്കുമ്പോൾ പഴങ്ങൾക്ക് ഇത്രയും മാറ്റമോ എന്നു ചോദിച്ചിട്ടു കാര്യമില്ല. ഉള്ളതുതന്നെ. പഞ്ചസാരയുടെ ഉപയോഗം കൂടുന്നതു കൊണ്ടുള്ള ആരോഗ്യപ്രശ്‌നങ്ങൾ വേറെയും. അതേന്നെ, കണ്ടാൽ എന്തൊരു പാവം. പല നിറങ്ങളിൽ, നല്ല ഭംഗിയുള്ള കണ്ണാടി ഗ്ലാസിൽ സ്‌റ്റൈലോടെയിരിക്കുന്ന പാവം ജ്യൂസ് ഇത്രയും വണ്ണം വയ്‌പിക്കുമോ എന്ന ശങ്കയാണോ ഇപ്പോഴും ? വേനൽക്കാലമല്ലേ, നല്ല ദാഹമുണ്ടാകും, ജ്യൂസ് ഇഷ്‌ടം പോലെ കുടിക്കുന്നുമുണ്ടാകും. നല്ല ചിൽഡ്, മിനറൽ വാട്ടർ കുടിച്ചോളൂ.. കക്ഷിക്കു കലോറിയേ ഇല്ല.

ഡയറ്റ് സോഡയും വെയ്‌റ്റ് ഗെയ്‌നും

മാർക്കറ്റിൽ ഡയറ്റ് ഡ്രിങ്കുകൾക്ക് ഇപ്പോൾ എന്താ വെയ്‌റ്റ്. നടിമാർ പുകഴ്‌ത്തുന്നു, വാങ്ങുന്നവർ പിന്നെ മറ്റൊന്നും വേണ്ടെന്നു വീമ്പു പറയുന്നു. എന്നാൽ ഡയറ്റ് ഡ്രിങ്ക് സ്‌ഥിരമായി ഉപയോഗിക്കുന്നവർക്ക് ഈറ്റിങ് ഡിസോഡർ ഉണ്ടാകുമെന്നും ഭാരം കൂടുമെന്നുമാണു പുതിയ പഠനങ്ങൾ തെളിയിക്കുന്നത്.

ജ്യൂസ് ഡയറ്റും ആരോഗ്യ പ്രശ്‌നങ്ങളും

‘‘വണ്ണം കുറയാൻ ഇതാ എളുപ്പ മാർഗം. ഒരുമാസം ജ്യൂസ് ഡയറ്റ് മാത്രം ശീലിക്കൂ. വിദഗ്‌ധോപദേശത്തിന് ഓൺലൈനിൽ പണമടയ്‌ക്കുക’’ കാണാറില്ലേ ഇത്തരം പരസ്യങ്ങൾ. ക്രമാതീതമായ വണ്ണമുള്ളവർക്കു പെട്ടെന്നു തൂക്കം കുറയാൻ ജ്യൂസ് ഡയറ്റ് നല്ലതുതന്നെ. ജ്യൂസ് ഡയറ്റ് എന്നാൽ ജ്യൂസ് മാത്രം കുടിച്ചു ജീവിക്കുക എന്നർഥം. എന്നാൽ ഡയറ്റീഷ്യന്റെ നിർദേശപ്രകാരം നമ്മുടെ ആരോഗ്യസ്‌ഥിതി നോക്കിമാത്രമേ ഈ ഡയറ്റിലേക്കു മാറാവൂ. ആമാശയത്തിലേക്കു കട്ടിയുള്ള ഭക്ഷണം കുറെക്കാലം ചെല്ലാതിരുന്നാലുള്ള കുഴപ്പങ്ങളും തുടക്കത്തിലേ പരിഹരിച്ചു പോകണം. ഇതൊക്കെ ആരു കേൾക്കുന്നു? കരീനയെപോലെ ഫ്ലാറ്റ് വയറും മെലിഞ്ഞ ദേഹവും കൊതിക്കുന്ന കുട്ടികൾ പറയുന്ന കാലാവധിക്കപ്പുറവും ജ്യൂസ് ഡയറ്റ് തുടരുന്നു. മൾട്ടി വിറ്റമിൻ ടാബ്‌ലറ്റ് കഴിച്ച് ആരോഗ്യം നിലനിർത്താൻ ശ്രമിക്കുന്നു. അപകടമാണൈന്നോർക്കണേ... ഇതിനൊപ്പം കടുത്ത വ്യായാമം കൂടിയായാൽ പ്രഷറിൽ വ്യതിയാനം വന്ന് എവിടെയെങ്കിലും തലചുറ്റി വീഴും, ഷുവർ.

സോഫ്‌റ്റല്ല, ഹാർഡ്

പേര് സോഫ്‌റ്റ് ഡ്രിങ്കെന്ന്. പക്ഷേ, വീര്യം വളരെ കൂടുതൽ. സോഫ്‌റ്റ് ഡ്രിങ്കുകളിൽ കലോറിയും പഞ്ചസാരയും വളരെ കൂടുതലാണ്. പ്രിസർവ് ചെയ്യാനും ഗ്യാസ് ഉണ്ടാക്കാനുമായി ഉപയോഗിക്കുന്ന പദാർഥങ്ങൾ ആരോഗ്യത്തിനു ദോഷവും. ഫ്രുട്ട് ജ്യൂസെന്ന പേരിൽ പായ്‌ക്കറ്റുകളിൽ കിട്ടുന്ന ഫ്ലേവേഡ് സംഗതി ഉപയോഗിക്കുകയേ ചെയ്യരുതെന്നു വിദഗ്‌ധരുടെ മുന്നറിയിപ്പ്.

പഴമുള്ളപ്പോൾ ജ്യൂസെന്തിന് ?

ഓറഞ്ച് ഓറഞ്ചായി തന്നെ കഴിച്ചാൽ പോരെ? അതിനെ ജ്യൂസ് ആക്കണമെന്ന് എന്താണിത്ര നിർബന്ധം? നാരുകളടങ്ങിയ പഴങ്ങൾ ഫ്രഷായി കഴിക്കുന്നതു ദഹനം സുഗമമാക്കും. ശരീരത്തിനു കുളിർമയേകും. വണ്ണം കൂട്ടുകയുമില്ല. സ്‌റ്റൈലിനു വേണ്ടി ജ്യൂസ് ഓഡർ ചെയ്യും മുൻപ് ഇതോർമിക്കാം.