Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരോഗ്യമുള്ള മു‌ടിക്ക് 5 നാടന്‍ ടിപ്സ്

Hair Representative Image

കാലാവസ്ഥ മാറുന്നതിനനുസരിച്ചു മുടിയുടെ പരിചരണത്തിലും മാറ്റം വരുത്തേണ്ടതുണ്ട്. എന്നുകരുതി മാസാമാസം ബ്യൂട്ടിപാർലറില്‍ പോയി മുടിയെ പരിപാലിക്കാൻ കാശു പൊടിക്കണോ? വേണ്ടേവേണ്ട. അധികം സമയമൊന്നും എ‌ടുക്കാതെ വീട്ടില്‍ തന്നെ ലഭ്യമാകുന്ന ചില പൊടിക്കൈകൾ ഉപയോഗിച്ചു മുടിയുടെ പ്രശ്നങ്ങളൊക്കെ പമ്പ കടത്താം.

ശിരോചർമ്മം വൃത്തിയാക്കാൻ ബേക്കിങ്സോഡ

മു‌ടി ഷാംപൂവിട്ടു കഴുകിയിട്ടും വൃത്തിയായതുപോലെ തോന്നുന്നില്ലേ? എങ്കിൽ ഏറ്റവും മികച്ചതാണു ബേക്കിങ് സോഡ. രണ്ടു ടേബിൾസ്പൂൺ ബേക്കിങ് സോഡ അരക്കപ്പു വെള്ളത്തിൽ ചേർത്തു യോജിപ്പിച്ചു തലയിൽ നന്നായി തേച്ചുപിടിപ്പിക്കുക. പതിനഞ്ചു മിനിറ്റിനു ശേഷം കഴുകിക്കളയാം. മാസത്തില്‍ രണ്ടുതവണയോ അതല്ലെങ്കിൽ എപ്പോഴെല്ലാമാണു നിങ്ങൾക്കു മുടി കൂടുതൽ വൃത്തിയാക്കണമെന്നു തോന്നുന്നത് അപ്പോഴെല്ലാം ഈ രീതി പിന്തുടരാം.

തല ചൊറിച്ചിൽ അകറ്റാൻ ഒലിവ് ഓയിൽ

എല്ലായ്പ്പോഴും തലയിലാകെ ചൊറിച്ചിൽ അനുഭവപ്പെ‌ടുന്നുണ്ടോ? മുടിയിൽ നേരത്തെ ഉപയോഗിച്ച ഉൽപ്പന്നങ്ങളുടെ അലർജി മൂലമോ സമ്മർദ്ദം കൊണ്ടോ വരണ്ട കാലാവസ്ഥ കാരണമോ ഒക്കെ തലയിൽ ചൊറിച്ചിൽ അനുഭവപ്പെട്ടേക്കാം. എങ്കിൽ നിങ്ങളുടെ കേശസംരക്ഷണ അറിവിലേക്കിതാ ഒരു പുതിയ മാർഗം കൂ‌ടി. ഒലിവ് ഓയിലും നാരങ്ങാനീരും ചേർത്തുള്ളൊരു മിശ്രിതമാണ് ചൊറിച്ചിൽ ശമിപ്പിക്കുന്നത്. രണ്ടു ടീസ്പൂൺ നാരങ്ങാനീരിലേക്ക് ഒലിവ് ഓയിലും വെള്ളവും ചേർത്തു തലയിൽ നന്നായി മസാജ് ചെയ്യുക. ഇരുപതു മിനിറ്റിനു ശേഷം കഴുകിക്കളയാം. ചൊറിച്ചിൽ ഇല്ലാതാകും.

മുട്ട നല്‍കും പ്രോട്ടീൻ

മുട്ട എന്നു പറയുമ്പോൾ ഭക്ഷണത്തെക്കുറിച്ചാണു മിക്കവരും ഓർക്കുക. പക്ഷേ ഈ കുഞ്ഞന്‍ മുട്ട കഴിക്കാന്‍ മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും ബെസ്റ്റാണ്. ഹെൽത്തി ഫാറ്റും പ്രൊട്ടീനും ഒക്കെയുള്ള മുട്ട മുടിയുടെ ഒരുവിധം പ്രശ്നങ്ങൾക്കൊക്കെയും പരിഹാരമാണ്. എണ്ണമയമുള്ളതാണു നിങ്ങളുടെ മുടിയെങ്കിൽ മുട്ടയുടെ വെള്ള മാത്രമേ ഉപയോഗിക്കാവൂ, വരണ്ട മുടിയുള്ളളർ മുട്ടയുടെ മഞ്ഞക്കരുവും ഉപയോഗിക്കാം. ഇരുപതു മിനിറ്റോളം മുട്ട നന്നായി തലയിൽ തേച്ചുപിടിപ്പിച്ചു വച്ചതിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയാം, മുടി തഴച്ചുവളരും.

കണ്ടീഷണറാക്കാൻ തൈര്

പ്രോബയോട്ടിക്സ് ധാരാളമായി അടങ്ങിയിട്ടുള്ള തൈര് മുടിവളർച്ചയെ പരിപോഷിപ്പിക്കുന്നതിനൊപ്പം നല്ലൊരു കണ്ടീഷണർ കൂടിയാണ്. അരക്കപ്പ് തൈര് മുടിയിൽ നന്നായി തേച്ചുപിടിപ്പിച്ച് മുടി ഒരു ടവൽ ഉപയോഗിച്ചു പൊതിഞ്ഞു വെക്കുക. പതിനഞ്ചു മിനിറ്റിനുശേഷം കഴുകിക്കളയാം.

ആരോഗ്യം കാക്കും കോക്കനട്ട് ബട്ടർ

മുട്ടയെപ്പോലെ തന്നെ മുടിയുടെ ആരോഗ്യം നിലനിർത്തുന്നതിൽ മുമ്പനാണ് കോക്കനട്ട് ബട്ടര്‍. പ്രോട്ടീനുകൾക്കൊപ്പം ഫാറ്റി ആസിഡുകളും ധാരാളമായുള്ള കോക്കനട്ട് ബട്ടർ അമിതമായ സൂര്യരശ്മികൾ ഏറ്റു മുടിക്കുണ്ടാകുന്ന പ്രശ്നങ്ങളെ ഇല്ലാതാക്കും. ഒരു ടേബിൾസ്പൂണ്‍ കോക്കനട്ട് ബട്ടർ, കണ്ടീഷണർ പുരട്ടുന്നതിനു സമാനമായി തലയിൽ പുരട്ടുക. ആരോഗ്യം മാത്രമല്ല മുടിക്കു നല്ല സുഗന്ധവും നൽകും ഈ കൂൾ ടിപ്.