Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേനലിൽ വാടാതിരിക്കാൻ 5 വഴികൾ

summer-beauty

വേനൽക്കാലത്തെ ഇരുണ്ടതും ജലാംശമില്ലാത്തതുമായ ചർമമാണോ നിങ്ങളെ അലട്ടുന്ന പ്രശ്നം? ഈ പ്രശ്നം പരിഹരിക്കാൻ വിലയേറിയ സൗന്ദര്യവർദ്ധക വസ്തുക്കളുടെയൊന്നും പിന്നാലെ പോകേണ്ട. ഈ പ്രശ്നങ്ങൾക്കുള്ള പ്രതിവിധി നമ്മുടെ അടുക്കളയിൽ തന്നെയുണ്ട്. കടുത്ത വേനലിലും സൗന്ദര്യം കാത്തുസൂക്ഷിക്കാൻ ചില എളുപ്പവഴികളിതാ...

1 ദിവസവും രാവിലെ ചെറുചൂടുവെള്ളത്തിൽ നാരങ്ങാനീരു ചേർത്തു കഴിക്കുന്നത് ചർമം കൂടുതൽ തിളങ്ങാൻ സഹായിക്കും. ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിൻ സിയാണ് ചർമത്തിനു തിളക്കം നൽകുന്നത്. ബാക്ടീരിയകളെയും മൃതകോശങ്ങളെയും നീക്കം ചെയ്യാൻ നാരങ്ങ മുറിച്ചു മുഖത്തുരസിയാൽ മതി. ഇരുണ്ട ചർമം അകറ്റി മുഖത്തിനു തിളക്കം നൽകാൻ ഇതു സഹായിക്കും.

2 വാഴപ്പഴവും പാലും നന്നായി ഉടച്ച് കുഴമ്പു രൂപത്തിലാക്കി മുഖത്ത് പുരട്ടാം. 20 മിനിറ്റ് നന്നായി മുഖം മസാജ് ചെയ്തതിനു ശേഷം ഉണങ്ങുമ്പോൾ തണുത്ത വെള്ളത്തിൽ കഴുകിക്കളയാം. ചർമം സുന്ദരമാകാനും യൗവനം നിലനിർത്താനും വാഴപ്പഴത്തിലടങ്ങിയിരിക്കുന്ന വൈറ്റമിൻ എ, ബി, ഇ എന്നിവ സഹായിക്കും. ആഴ്ചയിൽ രണ്ടു തവണ ഈ മിശ്രിതം ഉപയോഗിച്ചാൽ ചർമം കൂടുതൽ തിളക്കമുള്ളതാകും.

3 ഒരു മുട്ടയുടെ വെള്ളയും 2 ടീസ്പൂൺ തേനും നന്നായി യോജിപ്പിച്ച് ഈ മിശ്രിതം മുഖത്തു പുരട്ടാം. ഉണങ്ങിക്കഴിയുമ്പോൾ ചെറു ചൂടുവെള്ളത്തിൽ കഴുകാം. മുട്ടയുടെ വെള്ള ചർമത്തിലെ മൃതകോശങ്ങളെ അകറ്റുകയും മുഖക്കുരു വരാതെ തടയുകയും ചെയ്യും. എണ്ണമയമകറ്റി ചർമം കൂടുതൽ തിളങ്ങാനും ഇതു സഹായിക്കും. ചർമത്തിലെ ചുളിവുകളും കലകളും നീക്കം ചെയ്യാനും ജലാംശം നിലനിർത്താനും തേനിനു കഴിയും.

4 മഞ്ഞളും തൈരും തേനും യോജിപ്പിച്ചു പേസ്റ്റു രൂപത്തിലാക്കി മുഖത്തു പുരട്ടാം. 15-20 മിനിറ്റിനു ശേഷം നന്നായി തണുത്ത വെള്ളത്തിൽ മുഖം കഴുകാം. ഇരുണ്ട ചർമം അകറ്റാനും ചർമത്തിലെ ജലാംശം നിലനിർത്താനും ആഴ്ചയിൽ രണ്ടു തവണ ഈ മിശ്രിതം ഉപയോഗിക്കുന്നത് നല്ലതാണ്.

5 വേനൽക്കാലത്ത് വെള്ളം ധാരാളം കുടിക്കാൻ ശ്രദ്ധിക്കണം. ചർമത്തിലെ വിഷാംശം നീക്കം ചെയ്ത് ചർമം സുന്ദരമാകാൻ വെള്ളം സഹായിക്കും. ചർമത്തിലെ അഴുക്കും എണ്ണമയവും നീക്കം ചെയ്യാൻ ഇടയ്ക്ക് തണുത്ത വെള്ളത്തിൽ മുഖം കഴുകുന്നത് നല്ലതാണ്. ചൂടു കാലത്ത് ചർമം സംരക്ഷിക്കാൻ ചിലവുകുറഞ്ഞ ഈ മാർഗങ്ങൾ പിന്തുടരാം.