Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരുത്തോടെ കാർകൂന്തൽ

hair

മുടികൊഴിച്ചിൽ എന്ന പ്രശ്നം ഒരിക്കലെങ്കിലും നേരിടാത്തവരുണ്ടാവില്ല. മുടി കൊഴിച്ചിലുണ്ടായാൽ മുടി വളരാനുള്ള ഏതെങ്കിലും മരുന്നു പുരട്ടിയാൽ യാതൊരു ഫലവും ലഭിക്കില്ല. മുടി കൊഴിച്ചിലിനുള്ള കാരണമെന്തെന്നു കണ്ടെത്തി അതു പരിഹരിച്ചു ഭേദമാക്കുകയാണ് ആദ്യം വേണ്ടത്.

മാനസിക സമ്മർദം, ചില തരം അസുഖങ്ങൾ, ചില മരുന്നുകൾ, പോഷകങ്ങളുടെ അഭാവം, അമിതമായി സൂര്യപ്രകാശമേൽക്കുന്നത്, രാസവസ്തുക്കളടങ്ങിയ ട്രീറ്റ്മെന്റ് എന്നിവ മുടിയുടെ ആരോഗ്യത്തെ തകരാറിലാക്കും. ഈ പ്രശ്നങ്ങളെ അകറ്റി നിർത്തിയാൽ മുടിയുടെ ആരോഗ്യം വീണ്ടെടുക്കാനാവും.

∙ ശിരോചർമം എപ്പോഴും വൃത്തിയാക്കി വയ്ക്കാൻ ശ്രദ്ധിക്കണം. ശിരോചർമം വൃത്തിയായി സൂക്ഷിച്ചാൽ മാത്രമേ മുടിയുടെ ആരോഗ്യം കാത്തു സൂക്ഷിക്കാൻ കഴിയൂ. മുടിയുടെ സ്വഭാവത്തിനു ചേരുന്ന ഷാംപൂ ഉപയോഗിക്കുക. ആഴ്ചയിൽ രണ്ട് തവണ മൈൽഡ് ഷാംപൂ ഉപയോഗിച്ചു മുടി വൃത്തിയാക്കിയ ശേഷം കണ്ടീഷണർ ഉപയോഗിച്ചു മുടി കഴുകണം.

∙ പ്രോട്ടീൻ അടങ്ങിയ ഭക്ഷണം ധാരാളമായി കഴിക്കുക. പഴങ്ങൾ, പച്ചക്കറികൾ, പാൽ, പാലുൽപന്നങ്ങൾ എന്നിവ ധാരാളമായി കഴിക്കുക. ശരീരത്തിൽ ഇരുമ്പിന്റെ അഭാവം മുടി കൊഴിച്ചിലിന് ഇടയാക്കും. ഇരുമ്പ് അടങ്ങിയ ഭക്ഷണം ധാരാളമായി കഴിക്കുന്നതു മുടിയുടെ ആരോഗ്യം വർധിപ്പിക്കും. ചീര ഉൾപ്പെടെയുള്ള ഇലക്കറികളിൽ അയൺ അടങ്ങിയിട്ടുണ്ട്. സിങ്ക് അടങ്ങിയ ഭക്ഷണം കഴിക്കുന്നതു മുടി കൊഴിച്ചിൽ അകറ്റാനും മുടി നരയ്ക്കുന്നതു തടയാനും സഹായിക്കും. തവിട് നീക്കാത്ത ധാന്യം, കക്കയിറച്ചി എന്നിവയിൽ ധാരാളം സിങ്ക് അടങ്ങിയിട്ടുണ്ട്.

വൈറ്റമിൻ ബിയുടെ അപര്യാപ്തത താരൻ, മുടികൊഴിച്ചിൽ ഇവയ്ക്കു കാരണമാകും. തവിട് നീക്കാത്ത ധാന്യത്തിൽ വൈറ്റമിൻ ബി അടങ്ങിയിട്ടുണ്ട്. വൈറ്റമിൻ സി ഹെയർ ഫോളിക്കിളിലേക്കുള്ള രക്ത ചംക്രമണത്തെ ത്വരിതപ്പെടുത്തും. ധാരാളം പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിലുൾപ്പെടുത്തുക. വൈറ്റമിൻ ഇ മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തും. തവിട് നീക്കാത്ത ധാന്യങ്ങൾ, മുട്ട, വെജിറ്റബിൾ ഓയിൽ ഇവയിൽ വൈറ്റമിൻ ഇ ധാരാളമടങ്ങിയിട്ടുണ്ട്. കോപ്പറിന്റെ അപര്യാപ്തത മൂലവും മുടികൊഴിച്ചിൽ ഉണ്ടാവാം. കശുവണ്ടിപ്പരിപ്പ്, പാൽ, ബീൻസ് എന്നിവയിൽ കോപ്പർ അടങ്ങിയിട്ടുണ്ട്.

∙ ദിവസവും കുറഞ്ഞത് 12 ഗ്ലാസ് വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം.ചർമത്തിന്റെ നിറം വർധിപ്പിക്കാൻ പ്രകൃതിദത്തമായ പരിഹാരം നിർദേശിക്കാമോ? മൈൽഡ് ആയ ബേബി സോപ്പോ ക്ലെൻസറോ ഉപയോഗിച്ചു മുഖം വൃത്തിയാക്കുക. റോസ് വാട്ടറോ വെള്ളരിയുടെ നീരോ ഉപയോഗിച്ചു ടോൺ ചെയ്യുക. ഇതു ചർമത്തിനു മൃദുത്വവും തിളക്കവും നൽകും. ഇതിനുശേഷം ഒരു ചെറിയ കഷണം കാരറ്റ് അരച്ചു കുഴമ്പാക്കുക. ഇതിൽ ഒരു തക്കാളിയുടെ ഉള്ളിലെ കുഴമ്പും രണ്ടോ മൂന്നോ ചെറിയ സ്പൂൺ നാരങ്ങാനീരും മൂന്നോ നാലോ മല്ലിയില അരച്ചതും ചേർക്കുക. സെൻസിറ്റീവ് സ്കിൻ ഉള്ളവർ നാരങ്ങാനീര് മൂന്നോ നാലോ തുള്ളി ചേർത്താൽ മതി. രണ്ട് ചെറിയ സ്പൂൺ പാൽ കൂടി ചേർത്ത് ഈ മിശ്രിതം പതിനഞ്ച് മിനിറ്റ് നേരം ഫ്രിഡ്ജിൽ വച്ചതിനു ശേഷം മുഖത്തും കഴുത്തിലും തേച്ചു പിടിപ്പിക്കുക. പതിനഞ്ച് മിനിറ്റ് കഴിഞ്ഞു കഴുകി വൃത്തിയാക്കണം. ആഴ്ചയിൽ ഒരിക്കൽ ഈ പായ്ക്ക് ഇട്ടാൽ ചർമത്തിന്റെ നിറം വർധിക്കും.

Super Tips

∙ നെല്ലിക്ക തണലിൽ ഉണക്കിയെടുക്കുക. ഇത് വെളിച്ചെണ്ണയിൽ ഇട്ട് കാച്ചിയെടുക്കുക. ഈ എണ്ണ തേയ്ക്കുന്നതു മുടി വളരാൻ സഹായിക്കും.

∙ നാല് വലിയ സ്പൂൺ നെല്ലിക്കാ നീരിൽ സമം നാരങ്ങാനീര് ചേർത്തു ശിരോചർമത്തിൽ പുരട്ടി ഇരുപത് മിനിറ്റ് കഴിഞ്ഞു കഴുകിക്കളയണം. ഇതു മുടികൊഴിച്ചിൽ അകലാൻ സഹായിക്കും.

അംബികാപിള്ള ഹെയർ സ്റ്റൈലിസ്റ്റ് മേക്കപ്പ് ആർട്ടിസ്റ്റ്