Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനി താരനെ പേടിക്കേണ്ട

dandruff

കിട്ടാവുന്ന എല്ലാ ബ്രാൻഡുകളുടെയും ഷാംപു ഉപയോഗിച്ചു. ഇനി ഉപയോഗിക്കാൻ ഒരു ഹെയർ ഓയിലും ബാക്കിയില്ല. എന്നിട്ടും തലയിലെ താരൻ അതേപടിയുണ്ട്. പലരുടെയും ഉറക്കം കെടുത്തുന്ന വില്ലനാണു താരൻ. മുടി കൊഴിയാനുള്ള പ്രധാന കാരണങ്ങളിലൊന്നാണു താരൻ. താരൻ അകറ്റാതെ മുടി എത്രയൊക്കെ സംരക്ഷിച്ചാലും യാതൊരു ഫലവുമുണ്ടാകില്ല. താരനുണ്ടാകാനുള്ള പ്രധാന കാരണം തലയോട്ടിയിൽ അഴുക്കുകൾ അടിഞ്ഞുകൂടുന്നതാണ്. മുടി വരളുന്നത് ഒഴിവാക്കാൻ ആഴ്ചയിൽ രണ്ടോ മൂന്നോ പ്രാവശ്യം മുടി കഴുകുന്നതാണു നല്ലതെങ്കിലും വിയർപ്പും മറ്റും കൂടുതലുള്ള കാലാവസ്ഥയിൽ രണ്ടുദിവസം കൂടുമ്പോൾ നിർബന്ധമായും മുടി കഴുകണം. താരൻ അമിതമായാൽ കൺപീലികളിൽവരെ ഉണ്ടാകുമെന്നതിനാൽ തുടക്കത്തിലെ ശ്രദ്ധിക്കുക.

∙ താരനുള്ളവർ ഉപയോഗിക്കുന്ന ഹെയർബ്രഷ് ഒരുകാരണവശാലും ഉപയോഗിക്കരുത്. പില്ലോ കവറിൽ നിന്നു പോലും താരൻ പകരാം.

∙ മുടിയുടെ സ്വഭാവമനുസരിച്ചു നല്ലൊരു ആന്റി ഡാൻഡ്രഫ് ഷാംപുവും കണ്ടീഷണറും ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഷാംപുവിനു പകരമായി ബേക്കിങ് സോഡ ഉപയോഗിക്കുന്നതു താരൻ ഇല്ലാതാക്കാൻ സഹായിക്കും. ഒരു ടേബിൾസ്‌പൂൺ ബേക്കിങ് സോഡ നനഞ്ഞ തലയോട്ടിയിൽ തേച്ച മസാജ് ചെയ്യുക. രണ്ടു മിനിറ്റിനുശേഷം കഴുകിക്കളയാം. രണ്ടാഴ്‌ച തുടർച്ചയായി ഉപയോഗി‘ാൽ താരൻ പൂർണമായും മാറും.

∙ ഒലീവ് ഓയിലും വെളിച്ചെണ്ണയും നാരങ്ങാനീരും ചേർത്തു തലയോട്ടിയിൽ പുരട്ടുന്നതും രാത്രി കിടക്കുന്നതിനുമുൻപു തലയോട്ടിയിൽ ബേബി ഓയിൽ പുരട്ടി രാവിലെ ആന്റി ഡാൻഡ്രഫ് ഷാംപു ഉപയോഗിച്ചു കഴുകിക്കളയുന്നതും താരൻ അകറ്റാൻ നല്ലതാണ്.

∙ തുളസിയിലയും ചെമ്പരത്തിയിലയും പൂവും ചേർത്തരച്ചു തലയോട്ടിയിൽ പുരട്ടിയാൽ താരനകന്നു മുടി വളരും.

∙ ആവണക്കെണ്ണയും ഒലീവ് ഓയിലും ചെറുതായി ചൂടാക്കി തലയോട്ടിയിൽ തേച്ചു പിടിപ്പിക്കുക. ചൂടുവെള്ളത്തിൽ മുക്കിയ ഒരു ടൗവൽ ഉപയോഗിച്ചു തല നന്നായി മൂടുക. 20 മിനിറ്റിനുശേഷം ഷാംപു ഉപയോഗിച്ചു തല കഴുകാം.

∙ ആര്യവേപ്പിലയിട്ടു തിളപ്പിച്ച വെള്ളത്തിൽ തല കഴുകുന്നതും മുട്ട നന്നായി പതപ്പിച്ചു തലയോട്ടിയിൽ പുരട്ടി രണ്ടു മണിക്കൂറിനുശേഷം കഴുകിക്കളയുന്നതും താരൻ അകറ്റാൻ നല്ലതാണ്. ∙ ഒരു കപ്പ് തൈരിൽ ഒരു സ്പൂൺ കുരുമുളക് പൊടിച്ചതു ചേർത്ത് തലയോട്ടിയിൽ തേച്ചുപിടിപ്പിക്കുക. ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയാം.

∙ തലയോട്ടിയിലെ ഫംഗസിനെയും ബാക്ടീരിയയെയും നശിപ്പിക്കാൻ വിനാഗിരി നല്ലതാണ്. തലയോട്ടിയിൽ വിനാഗിരി നന്നായി മസാജ് ചെയ്ത് അര മണിക്കൂറിനു ശേഷം കഴുകിക്കളയാം.

∙ രണ്ടു ടേബിൾസ്‌പൂൺ പയറുപൊടിയും അരക്കപ്പ് തൈരും ചേർത്തു പുരട്ടിയാൽ തലയോട്ടിയിലെ അഴുക്കുകൾ അകന്നു വൃത്തിയാകും.