Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹോട്ട് ഓയിൽ മസാജ് വീട്ടിൽ ചെയ്യാം, മുടി തഴച്ചു വളരട്ടെ

Hot Oil Massage

പുറത്തിറങ്ങുമ്പോൾ മുടി പാറിപ്പറത്തി നടക്കാനാണ് മിക്ക പെൺകുട്ടികൾക്കും ഇഷ്ടം. അമ്മയെങ്ങാനും എണ്ണ തേക്കൂയെന്നു പറഞ്ഞു അരികിലെത്തിയാൽ അപ്പോ ഓടിക്കളയും. പഴയ തലമുറയുടെ ശീലമായിരുന്ന എണ്ണതേച്ചുകുളി ഇന്നത്തെ തലമുറയില്‍ അന്യംനിന്നു പോയിക്കൊണ്ടിരിക്കുകയാണ്. മുടിയിൽ എണ്ണ തേയ്ക്കുന്നതിന്റെ പ്രസക്തിയെന്താണ്? പലർക്കും മുടിയിൽ എണ്ണ തേക്കാൻ മടിയാണ്, പക്ഷേ ആരോഗ്യകരമായ മുടിയുടെ വളർച്ചയ്ക്ക് എണ്ണയുടെ പ്രയോഗം വളരെ ആവശ്യമാണെന്നതാണു സത്യം. മുടിപൊഴിച്ചിലിന് ഒരുത്തമ പരിഹാരിയാണ് ഹോട്ട്ഓയിൽ മസാജ്.

തലയിൽ രക്തചംക്രമണം ഉണ്ടാകാൻ എണ്ണ മസാജ് ചെയ്യുന്നത് നല്ലതാണ്. ഹോട്ട്ഓയിൽ മസാജ് ആണ് പ്രധാനമായും എണ്ണ വച്ചു ചെയ്യാവുന്ന ട്രീറ്റ്മെന്റ്. ഇതിനായി വെളിച്ചെണ്ണ, ഒലിവ് ഓയിൽ, ആല്‍മണ്ട് എണ്ണ എന്നിങ്ങനെ എന്ത് എണ്ണ വേണമെങ്കിലും ഉപയോഗിക്കാം. ആദ്യം എണ്ണ ആവശ്യത്തിന് ഒരു പാത്രത്തിലെടുത്തു ചൂടാക്കുക. തീയിലേക്ക് നേരിട്ടു കാണിച്ചു ഒരിക്കലും എണ്ണ ചൂടാക്കരുത്. പകരം ചൂടുവെള്ളത്തിൽ പാത്രം ഇറക്കി വച്ചു ചൂടാക്കാം.

മുടി നന്നായി ചീകി കെട്ടൊക്കെ കളഞ്ഞു വയ്ക്കുക . ആദ്യം കയ്യുടെ വിരലിന്റെ അഗ്രത്തിൽ ലേശം ചൂടായ എണ്ണയെടുത്തു തലയോട്ടിയിൽ തേക്കുക. വൃത്താകൃതിയിലാണ് തലയിൽ എണ്ണ തേക്കേണ്ടത്. തലയോട്ടിയിൽ മുഴുവനായി എണ്ണ നന്നായി പുരട്ടിക്കഴിഞ്ഞാൽ മുടി പകുത്തിട്ട് മുടികളിൽ എണ്ണ തേക്കണം. എല്ലാ മൂടിയിഴകളിലും എണ്ണ ഉണ്ടാകണം. ഇതിനു ശേഷം മുടിയ്ക്ക് ആവി കൊടുക്കണം. പാർലറുകളിൽ ചെയ്യുന്നതുപോലെ വീട്ടിൽ ചെയ്യാൻ ബുദ്ധിമുട്ടാണെങ്കിൽ ഒരു തുണി നല്ല ചൂടുവെള്ളത്തിൽ മുക്കി പിഴിഞ്ഞു തലയിൽ 25 മിനിട്ടു നേരത്തേക്കു കെട്ടിവെക്കാം. ശേഷം ഇതു വീര്യം കുറഞ്ഞ ഷാമ്പു ഇട്ടു കഴുകി കളയാം.

ടിപ്സ്

ഒരു കോട്ടൺ തുണി കഷ്ണം കൊണ്ടോ അല്ലെങ്കിൽ വിരൽ തുമ്പു കൊണ്ടോ എണ്ണ തലയിൽ തേച്ചു പിടിപ്പിക്കാം. ഓയിൽ മസാജ് രാത്രിയിൽ ചെയ്യാം. രാത്രിയിൽ ഉറങ്ങാൻ പോകുന്നതിന് മുൻപ് ചെയ്തു വച്ചാൽ  അത്രയും നേരം തലയിൽ എണ്ണമയം നില നിന്നു മുടിയ്ക്ക് ആരോഗ്യം വർദ്ധിക്കും .എന്നാൽ എണ്ണ തേച്ചു പുറത്തേക്കു പോകുന്നത് ഒഴിവാക്കണം, എണ്ണ തേച്ച മുടിയിൽ പൊടിയോ മറ്റു മാലിന്യമോ അടിച്ചാൽ അതു പറ്റിയിരിക്കുകയും മുടിയ്ക്ക് അതു കേടുപാടുകൾ ഉണ്ടാക്കുകയും ചെയ്യും. ആഴ്ചയിൽ ഒരിക്കലെങ്കിലും ഇത്തരത്തിൽ ഹോട്ട് ഓയിൽ മസാജ് ചെയ്തു േനാക്കൂ, മുടികൊഴിച്ചിൽ മാറി മുടി തഴച്ചു വളരുന്നതു കാണാം.

 

Your Rating: