Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അകാലനരയെ തോല്പിക്കാം

Gray Hair

ഇന്നത്തെ യുവതലമുറയെ ഏറ്റവും അധികം അലട്ടുന്ന പ്രശ്നങ്ങളില്‍ ഒന്നാണ് അകാലനര. അകാലനര യാഥാര്‍ത്ഥ്യത്തില്‍ ശരീരത്തിനുണ്ടാകുന്ന അനാരോഗ്യകരമായ അവസ്ഥയെയാണ് പ്രതിഫലിപ്പിക്കുന്നത്. ശരിയല്ലാത്ത ആഹാര രീതിയും ,മാനസിക പിരിമുറുക്കവും ,പാരമ്പര്യവും, തലമുടിയുടെ സംരക്ഷണ കുറവും ഒക്കെ അകാലനരക്ക് കാരണമാകുന്നു. ഭക്ഷണത്തില്‍ നിന്നും കിട്ടേണ്ട പോഷകങ്ങളുടെ കുറവ് മുടിയെ നന്നായി ബാധിക്കും, അയണിന്‍റെയും വിറ്റാമിന്‍ ബിയുടെയും കുറവ് നരയ്ക്കു കാരണമാകാം. ഇവയൊക്കെ അടങ്ങിയ നല്ല ആഹാരം കഴിക്കുന്നത്‌ അകാലനരക്ക് ഒരു പ്രതിവിധിയാണ്. കൂടാതെ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പ്രതിവിധികള്‍ പറയാം.

ഇന്ന് തലമുടിയില്‍ എണ്ണ തേച്ചു കുളിക്കുന്നവര്‍ കുറഞ്ഞു വരുകയാണ്, ആഴ്ചയില്‍ ഒരിക്കല്‍ എങ്കിലും എണ്ണ ചെറുതായി ചൂടാക്കി തലയോട്ടിയില്‍ തേച്ചു പിടിപ്പിച്ചിട്ടു, ശീവക്കായ് പൊടിയോ പയറുപൊടിയൊ കടലമാവോ അതുമല്ലെങ്കില്‍ ഏതെങ്കിലും വീര്യം കുറഞ്ഞ ഷാമ്പൂവോ ഉപയോഗിച്ചു കഴുകി കളയണം. അകാലനര അകറ്റാന്‍ സഹായിക്കുന്ന വളരെ ലളിതമായ ഒരു ഔഷധ എണ്ണ വീട്ടിലുണ്ടാക്കുന്ന വിധം പറയാം.ഒരു കപ്പു വെളിച്ചെണ്ണ എടുക്കുക, അതിലേക്കു ഒരുപിടി മൈലാഞ്ചി ഇല അരച്ചതും ,ഒരു പിടി കറിവേപ്പില അരച്ചതും ചേര്‍ത്തു ചെറു തീയില്‍ ചൂടാക്കുക, ഇലകള്‍ കറുപ്പ് നിറമാകുന്ന വരെ ചൂടാക്കണം. എണ്ണ അരിച്ചെടുത്ത് വയ്ക്കാം അല്ലങ്കില്‍ മുകളില്‍ നിന്നും തെളിച്ചെടുത്തും തലയില്‍ തേയ്ക്കാം. ഒരു രാത്രി മുഴുവന്‍ തലയില്‍ കിടന്നിട്ടു പിറ്റേ ദിവസം കഴുകി കളയുന്നതാണ് നല്ലത്. ഈ എണ്ണ പതിവായി ഉപയോഗിച്ചാല്‍ അകാലനരയ്ക്ക് മാറ്റമുണ്ടാവുകയും തലമുടി കറുത്തു വരുകയും ചെയ്യും. വെളിച്ചെണ്ണയ്ക്ക് പകരം ആല്‍മണ്ട് ഓയിലും ഉപയോഗിക്കാം.

ഇനി തലയിലും മുടിയിലും ഇടാവുന്ന ഒരു നാച്ചുറല്‍ പായ്ക്ക് കൂടി പറയാം, ഒരു പിടി ഉണക്ക നെല്ലിക്ക ഒരു ഇരുമ്പ് ചീനച്ചട്ടിയില്‍ ഇട്ടു രണ്ടു കപ്പു വെള്ളമൊഴിച്ച് തിളപ്പിക്കുക, വെള്ളം പകുതിയാകുമ്പോള്‍ അതെടുത്തു മാറ്റി വയ്ക്കുക , പിറ്റേദിവസം ഈ വെള്ളം അരിച്ചെടുത്ത് വയ്ക്കുക. രണ്ടു സ്പൂണ്‍ തേയില അര കപ്പു വെള്ളത്തില്‍ ഇട്ടു നന്നായി തിളപ്പിച്ചു തണുത്തതും അതിലേക്കു ഒഴിക്കുക, ഇതില്‍ കറിവേപ്പില അരച്ചതും ഒരു സ്പൂണ്‍ ഉലുവ പൊടിയും ചേര്‍ത്ത് നല്ല കുഴമ്പു പരുവത്തിലാക്കി തലയോട്ടിയിലും മുടിയിലും അപ്ലൈ ചെയ്യണം ഒരു മണിക്കൂര്‍ കഴിഞ്ഞു കഴുകി കളയാം. കൂടുതല്‍ മുടിയുള്ളവര്‍ ആവശ്യമുള്ള അളവിനനുസരിച്ച് സാധനങ്ങള്‍ എടുക്കണം.

പതിവായി കുറച്ചു നാള്‍ ഈ എണ്ണയും പായ്ക്കും ഉപയോഗിക്കയാണെങ്കില്‍ അകാലനര മാറി കരുത്തു തിളങ്ങുന്ന തലമുടി സ്വന്തമാക്കാം. ഓര്‍ക്കുക ഭാരതീയരുടെ സൗന്ദര്യ സങ്കല്‍പ്പത്തില്‍ കറുത്തു തിളങ്ങുന്ന തലമുടിക്ക് നല്ല ഒരു സ്ഥാനമുണ്ട്....

കടപ്പാട്:

നിത്യ, ലുക്സ് ബ്യൂട്ടി പാര്‍ലര്‍, ഗൗരീശപട്ടം, തിരുവനന്തപുരം, Mob.9847270200.