Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചര്‍മം തിളങ്ങി സുന്ദരിയാവാൻ നാരങ്ങ !

Lime Representative Image

നാരങ്ങാനീരിൽ നിന്ന് പ്രഭാതം ആരംഭിച്ചാലോ? നെറ്റി ചുളിക്കേണ്ട, വെയിൽ കൊണ്ടു വാടി തളർന്ന് എത്തുമ്പോഴേക്കും ആദ്യ ചോദ്യം നാരങ്ങാവെളളം കിട്ടുമോ? ദാഹമകറ്റി ശരീരത്തിന് നവോന്‍മേഷം നല്‍കുന്നതിൽ ചെറുനാരങ്ങയുടെ മിടുക്ക് പറയേണ്ടതില്ല. വിറ്റാമിൻ സി യുടെ കലവറയായ ചെറുനാരങ്ങയ്ക്കു ഗുണങ്ങൾ ഏറെയാണ്. അതിരാവിലെ ചെറുചൂടുവെളളത്തിൽ ചെറു നാരങ്ങാനീരും തേനും സമം ചേർത്തു കഴിക്കുന്നതു ആന്തരികാവയവങ്ങൾക്ക് ഉണർവേകുന്നു.

എങ്ങനെയൊക്കെ ശ്രദ്ധിച്ചിട്ടും ശരീരഭാരം കുറയുന്നില്ല എന്നതാണ് യുവതിയുവാക്കളുടെ ഇപ്പോഴത്തെ മുഖ്യ പ്രശ്നം. ടിവി പരസ്യങ്ങളിൽ കാണുന്ന ഒട്ടുമിക്ക മരുന്നുകളും പരീക്ഷിച്ചു ഫലം ശൂന്യം! അപ്പോഴും ചെറുനാരങ്ങയെ ഓർക്കുന്നില്ല. ശരീരഭാരം കൊണ്ട് അലോസരപ്പെടുന്നവർക്കു ചെറുനാരങ്ങാ നീര് ഉത്തമമാണ്. വെറും വയറ്റിൽ നേർപ്പിച്ച ചെറുനാരങ്ങാനീരു സേവിക്കുന്നത് ശരീരത്തിൽ അടിഞ്ഞു കൂടിയ കൊഴുപ്പിനെ ദ്രവീകരിച്ചു കലോറി കുറയ്ക്കുന്നു. അതോടൊപ്പം ശരീരഭാരം താരതമ്യേന കുറക്കാനും സഹായിക്കുന്നു..

അതിശയിപ്പിക്കുന്ന പ്രകൃതിദത്തമായ ക്ലെൻസർ കൂടിയായ ചെറുനാരങ്ങ ചർമത്തിന് ശോഭയും ആരോഗ്യവും കണ്‍തടങ്ങള്‍ക്ക് വെൺമയും പ്രദാനം ചെയ്യുന്നു, കൂടാതെ കഫ–നിര്‍ദോഷ രോഗങ്ങള്‍ക്കുളള ഔഷധം കൂടിയാണിത്. ചെറുനാരങ്ങ രണ്ടായി പിളർന്ന് കൈമുട്ടിലും കാൽമുട്ടിലും ഉരുമ്മി നോക്കൂ വ്യത്യാസം കണ്ടറിയാം, വരണ്ട ചർമം നീക്കി മിനുസവും തിളക്കവുമേകാൻ ചെറുനാരങ്ങയോളം മികച്ച മരുന്നില്ല. പാദങ്ങളുടെ സൗന്ദര്യത്തിനും ചെറുനാരങ്ങ കേമൻ തന്നെ. ശരീരസൗന്ദര്യം കാത്തു സൂക്ഷിക്കാനായി മാസംതോറും പാർലറുകളിൽ കയറിയിറങ്ങുന്നതിനു പകരം ഔഷധവും ആരോഗ്യവും സൗന്ദര്യം നിറഞ്ഞു കൂടിയ ചെറുനാരങ്ങ മാത്രം ഉപയോഗിച്ചു നോക്കൂ ഫലം മനസിലാക്കാം.

ചര്‍മത്തിലടങ്ങിയിരിക്കുന്ന അമ്ലത്തിന്റെയും ക്ഷാരത്തിന്റെയും അല്ലെങ്കിൽ എണ്ണയുടെയും ഈർപ്പത്തിന്റെയും അളവിലുളള അസന്തുലിതാവസ്ഥയിൽ നിന്നാണ് ചർമ പ്രശ്നങ്ങൾ ഉടലെ ടുക്കുന്നത്. കൃത്രിമ സുഗന്ധവും പ്രിസർവേറ്റിവുകളും ചേർത്തു നിർമിക്കുന്ന ക്രീമുകൾ ഉപയോഗിക്കുന്നതിലുപരി ചെറു നാരങ്ങയും പഞ്ചസാരയും യോജിപ്പിച്ച് മുഖത്തു പുരട്ടുന്നത് മുഖകാന്തി വർദ്ധിക്കും.

സൗന്ദര്യ വിഷയങ്ങളിലും ആരോഗ്യകരമായ ഭക്ഷണങ്ങളിലും ചെറുനാരങ്ങയുടെ കഴിവ് എത്രമാത്രമാണെന്ന് മനസിലായല്ലോ. ശരീരത്തിന്റെ പ്രതിരോധ ശക്തി വർധിപ്പിച്ച് ബാക്ടീരിയക്കെതിരെ ശക്തമായി പ്രതികരിക്കാനും ചെറുനാരങ്ങയ്ക്കു കഴിവുണ്ട്. നവോന്മേഷം പകർന്നു നൽകുന്ന ചെറുനാരങ്ങ നേർപ്പിച്ചുപയോഗിക്കുന്നതാണ് നല്ലത്; അല്ലെങ്കിൽ ചെറു നാരങ്ങയിലെ അമ്ലരസം ഉദരത്തിലെ ശ്ലേഷ്മ ചർമത്തെ അലോസരപ്പെടുത്തി വയറ്റില്‍ എരിച്ചിൽ ഉണ്ടാക്കും. നേർപ്പിക്കാതെയുളള ചെറുനാരങ്ങയുടെ ഉപയോഗം പല്ലിന്റെ ഇനാമലിനു വിപരീതമായി ബാധിക്കും. ചെറു നാരങ്ങയെ ചെറുതായി തളളിക്കളയല്ലേ, ചെറുതെങ്കിലും ഗുണം വലുതാണെ.