Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണിൽ കണ്ടത് വാരി പൂശരുത്, പണികിട്ടും!

make-up-carefully

സൗന്ദര്യവർധക വസ്തുക്കൾ ഉപയോഗിക്കാത്ത പെൺകുട്ടികൾ ഇന്ന് അപൂർവമാണ്. എന്നാൽ പലർക്കും ഇവയുടെ യഥാർഥ ഉപയോഗക്രമം അറിയില്ല. കണ്ണിൽ കണ്ടതെല്ലാം വാങ്ങിക്കൂട്ടുകയും മനോധർമമനുസരിച്ച് മുഖത്തു വാരിപ്പൂശുകയുമാണ് മിക്കവരും ചെയ്യുക. ഇത് പലപ്പോഴും ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ചില അടിസ്ഥാനകാര്യങ്ങൾ അറിഞ്ഞുവച്ചിരുന്നാൽ സൗന്ദര്യവർധകങ്ങളുടെ ഉപയോഗം എളുപ്പവും കൂടുതൽ ഫലപ്രദവുമാകും.

ഫേസ് ക്രീമുകൾ പല വിധമുണ്ട്. അവയുടെ ഉപയോഗവും വ്യത്യസ്തമാണ്. പകൽ സമയത്തെ ഒരുക്കത്തിന് മുഖത്ത് പുരട്ടുവാൻ അനുയോജ്യം വാനിഷിങ് ക്രീമുകളാണ്. മഞ്ഞുകാലമാണെങ്കിൽ കോൾഡ് ക്രീമുകൾ ഉപയോഗിക്കാം. നറിഷിങ് ക്രീമുകളുടെ ഉപയോഗം ചുളിവുകൾ വീഴുന്നതിൽനിന്നു ചർമത്തെ സംരക്ഷിക്കും. ഡ്രൈ സ്കിൻ ക്രീം വരണ്ട ചർമത്തിനു മൃദുത്വം നൽകും. പിമ്പിൾ ക്രീം മുഖക്കുരു അകറ്റും.

ക്ലെൻസിങ് മിൽക്ക് അല്ലെങ്കിൽ ക്ലെൻസിങ് ലോഷനുകളാണ് മേക്കപ്പ് തുടങ്ങും മുൻപ് ഉപയോഗിക്കേണ്ടത്. അഴുക്കുകൾ നീക്കി ചർമത്തിന് ഇവ ശോഭ നൽകും. ശൈത്യകാലത്ത് ക്ലെൻസിങ് കോൾഡ് ക്രീം ഉപയോഗിക്കാം. ക്ലെൻസിങ് മിൽക്ക് പുരട്ടിയ ശേഷം ആസ്ട്രിൻജന്റ് ലോഷൻ ഉപയോഗിക്കാം. ആസ്ട്രിൻജന്റ് തൊലിയെ അൽപ്പം വരണ്ടതാക്കുന്നതിനാൽ എണ്ണമയമുള്ള ചർമക്കാർക്കാണിത് അനുയോജ്യം. വരണ്ട ചർമമുള്ളവർ സ്കിൻ ടോണിക് ഉപയോഗിക്കുക. മാത്രമല്ല, മേക്കപ്പിനു മുൻപായി മോയ്സ്ചറൈസിങ് ക്രീം പുരട്ടുന്നതും ചർമത്തിന്റെ ഈർപ്പം നിലനിർത്താൻ സഹായകമാകും.

മേക്കപ്പിടുന്നതിനായി ഉപയോഗിക്കുന്ന സാധനങ്ങളാണ് ഫൗണ്ടേഷൻ, ഫേസ് പൗഡർ അല്ലെങ്കിൽ കോംപാക്ട്, റൂഷ് (ബ്ലഷ്), ഐഷാഡോ, ഐലൈനർ, മസ്കാര, ഐബ്രോ പെൻസിൽ, ലിപ്സ്റ്റിക്ക് എന്നിവ. ചർമത്തിനു യോജിച്ച നിറത്തിലുള്ള ഫൗണ്ടേഷൻ മുഖത്തും കഴുത്തിലും പുരട്ടിയ ശേഷം പഫ് ഉപയോഗിച്ചു ഫേസ് പൗഡർ പൂശുക.

വേനൽക്കാലത്ത് ഇതിനു പകരമായി കോംപാക്ട് ഉപയോഗിക്കാം. ഫേസ് പൗഡർ ഇടും മുൻപ് റൂഷും ഐഷാഡോയും പുരട്ടാം. ഇവ രാത്രിയിൽ നടക്കുന്ന വിരുന്നുകളിൽ സംബന്ധിക്കുമ്പോൾ അണിയുകയാണ് ഉത്തമം. കവിളിൽനിന്നു ചെവിയുടെ വശങ്ങളിലേക്കു വേണം റൂഷ് പുരട്ടാൻ. വസ്ത്രത്തിനിണങ്ങുന്ന ഐഷാഡോ അണിയാമെങ്കിലും കടുത്ത നിറങ്ങൾ ഒഴിവാക്കണം. മാത്രമല്ല, ഐഷാഡോ പുരട്ടുമ്പോൾ കൺപോളകളിൽ മാത്രം ഒതുങ്ങി നിൽക്കുകയും വേണം.

കൺപീലികൾ മനോഹരമാക്കാൻ മസ്കാരയും പുരികങ്ങൾക്ക് ആകൃതി നൽകാൻ ഐബ്രോ പെൻസിലും ഉപയോഗിക്കാം. ഓരോരുത്തരുടെയും നിറത്തിനിണങ്ങുന്ന ലിപ്സ്റ്റിക് വേണം ഉപയോഗിക്കാൻ. ലിപ്ലൈനർ ഉപയോഗിച്ച് ചുണ്ടുകൾ ആകൃതിയൊപ്പിച്ചു വരച്ച ശേഷമേ ലിപ്സ്റ്റിക് ഇടാവൂ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.