Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഴക് കുഴിയിൽ വീഴല്ലേ...

face-mark

കുഴികൾ നിറയുന്ന മുഖത്തെ പരിഹസിക്കാൻ ചന്ദ്രനെ കൂട്ടുപിടിക്കുന്ന ആ പഴയ തമാശ പോലും സുന്ദരിമാരെ വേദനിപ്പിക്കുന്നതാണ്. കുഴികൾ മുഖത്തു പടർത്തുന്ന നിരാശയ്‌ക്ക് ആൺപെൺ വ്യത്യാസമില്ല. പട്ടുപോലുളള ചർമമെന്ന അഭിനന്ദനത്തിനായി കൊതിക്കുന്ന എല്ലാവർക്കും മുഖത്ത് കുഴികൾ ജനിക്കുന്നത് അസ്വസ്‌ഥതയാണ് സമ്മാനിക്കുന്നത്. ഏറ്റവും മൃദുലമായ പൂവു പോലെയുളള ചർമത്തിലും ആയിരക്കണക്കിന് സുഷിരങ്ങളുണ്ടെന്നതാണ് വസ്‌തുത. സെബേഷ്യസ് ഗ്ലാൻഡ്‌സ് എന്ന എണ്ണ ഗ്രന്ഥികൾ പ്രവർത്തിക്കുന്നത് ഈ സുഷിരങ്ങൾ വഴിയാണ്. ചർമം ശ്വസിക്കുന്നത് ഈ സുഷിരങ്ങളിലൂടെയാണെന്നു പറയാം.

ആരോഗ്യമുളള ചർമത്തിൽ സുഷിരങ്ങൾ ദൃഷ്‌ടിയിൽപ്പെടാത്ത വിധം സൂക്ഷ്‌മമായിരിക്കും. സുഷിരങ്ങൾക്കുളളിൽ അഴുക്ക്, മൃതകോശങ്ങൾ, മേക്ക് അപ്പ് വസ്‌തുക്കളുടെ അംശങ്ങൾ എന്നിവ അടിയുമ്പോഴാണ് സുഷിരങ്ങൾ കാഴ്‌ചയ്‌ക്കു ഭംഗിയല്ലാത്ത വിധം വലുതാകുന്നത്. സുഷിരങ്ങൾ അടയുകയും അഴുക്കുകൾ പുറന്തളളാനാകാതെ മുഖക്കുരുവും കറുത്ത ആണികളും രൂപപ്പെടുകയും ചെയ്യും. ജലാംശമില്ലാത്ത ചർമം, ശുചിത്വമില്ലായ്‌മ, അമിത എണ്ണമയം, അമിത വിയർപ്പ്, അലർജി, മധുരാംശം കൂടിയ ഭക്ഷണം, പൊടിപടലങ്ങൾ നിറഞ്ഞ അന്തരീക്ഷം, മേക്കപ്പ് എന്നിവ സുഷിരങ്ങൾ രൂപപ്പെടുന്നതിനെ ത്വരിതപ്പെടുത്തുന്നു. സുഷിരങ്ങൾ അടയുമ്പോൾ ചർമത്തിന്റെ ശ്വാസോച്‌ഛ്വാസം തടസപ്പെടുന്നു. ഓക്‌സിജനെ സ്വീകരിക്കാനും കാർബൺ ഡൈ ഓക്‌സൈഡ് പുറന്തളളാനും കഴിയാതെ വരും. അഴുക്കിനെ പുറന്തളളാനും ജലാംശം സ്വീകരിക്കാനും ആവുന്നില്ല. അതോടെ ചർമപ്രശ്‌നങ്ങൾ ഗുരുതരമാകുന്നു.

അടഞ്ഞു വിരൂപമാകുന്ന സുഷിരങ്ങൾ സാധാരണനിലയിലേക്കു കൊണ്ടുവരാൻ കാലതാമസം ഉണ്ടാകും. ചർമത്തിലെ ജലാംശം എപ്പോഴും കാത്തുസൂക്ഷിക്കുകയാണ് ഏറ്റവും പ്രധാനപ്പെട്ട പരിഹാരമാർഗം. വെളളമില്ലാതെ വരുമ്പോൾ സുഷിരങ്ങൾ വരണ്ടു പൊട്ടും. ജലാംശം തുടർച്ചയായി കിട്ടുന്നതോടെ സുഷിരങ്ങൾ സ്വയം പ്രവർത്തന സജ്‌ജമാവുകയും ശുചീകരിക്കപ്പെടുകയും ചെയ്യും. ദിവസത്തിൽ പലപ്രാവശ്യം വെളളം കുടിക്കുന്ന ശീലം വളർത്തിയെടുക്കുക.

സുഷിരങ്ങളെ ആഴത്തിൽ ശുചിയാക്കുകയാണ് അടുത്ത പടി. ഇത് അമിത എണ്ണയെയും മൃതകോശങ്ങളെയും പുറന്തളളി മുഖത്തിന് പുതുശോഭ പകരുന്നു. മുഖം ഭാഗികമായി ശുചിയാക്കിയ ശേഷം മേക്കപ്പ് അണിയുന്നതോടെ അഴുക്കിന്റെ അംശങ്ങൾ സുഷിരങ്ങൾക്കുളളിൽത്തന്നെ നിൽക്കുകയും അത് കൂടുതൽ പ്രശ്‌നമാകുകയും ചെയ്യും. ഡീപ് ക്ലെൻസറുകൾ ഉപയോഗിച്ച് ചർമം ശുചിയാക്കുക. അതിനു ശേഷം ആൽക്കഹോൾ വിമുക്‌തമായ ടോണറുകൾ ഉപയോഗിക്കാം. ടോണറുകൾ കോട്ടൺ തുണിയിൽ മുക്കി മുഖം തുടച്ചെടുക്കുകയാണ് വേണ്ടത്. ഇങ്ങനെ ചെയ്യുമ്പോൾ ചർമം പൂർണമായും ശുചിയാകുന്നു. ഇത് തുടർച്ചയായി ചെയ്യുന്നതോടെ കുഴികൾ നികന്ന് ചർമം പതിയെ സ്വാഭാവിക ഭംഗി വീണ്ടെടുക്കാൻ തുടങ്ങും.