Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

താരനെ പമ്പ ക‌ടത്താൻ ഒരു നാടൻ മരുന്ന്

Hair Representative Image

ഹെയർ സ്പാ, ഹോട്ട് ഓയിൽ മസാജ് തുടങ്ങിയവ െചയ്തിട്ടും താരൻ കുറഞ്ഞില്ലേ? വിഷമിേക്കണ്ട. താരന്‍ പൂർണമായും പരിഹരിക്കാൻ സാധിക്കും. എട്ട് ഇലകൾ ചേർന്ന ഡാൻഡ്രഫ് ട്രീറ്റ്മെന്റിലൂടെ. താരനകറ്റാൻ സാധാരണ ചെയ്യുന്ന കെമിക്കൽ ട്രീറ്റ്മെന്‍റുകള്‍ മുടിയുടെ അറ്റം പിളരുക, വരൾച്ച തുടങ്ങിയ പാർശ്വഫലങ്ങൾ ഉണ്ടാക്കാനുള്ള സാധ്യതയേറെയാണ്. എന്നാൽ നമ്മുടെ തൊടിയിൽ നിന്നു ലഭിക്കുന്ന എട്ട് ഇലകൾ (അഷ്ടപത്രി) ഉപയോഗിച്ച് ചെയ്യുന്ന ഹെർബൽ ട്രീറ്റ്മെന്റ് പാർശ്വഫലങ്ങളില്ലാതെ താരനകറ്റും. മുടിയുടെ വളർച്ച കൂട്ടാനും ഭംഗി നിലനിർത്താനും സഹായിക്കുകയും െചയ്യും.

പായ്ക്ക് ഉണ്ടാക്കുന്ന വിധം

തുളസിയില, മൈലാഞ്ചിയില, കീഴാർനെല്ലി, കറ്റാർവാഴ, കറിവേപ്പില, കയ്യോന്നി, ഉലുവയില, പുതിനയില എന്നിവ തുല്യ അളവിൽ അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. അര ചെറിയ സ്പൂണ്‍ ലെമൺ ഓയിലുമായി ചേര്‍ത്ത് ഈ കൂട്ടിൽ ചേർത്ത് പത്തു മിനിറ്റ് വയ്ക്കുക.

ഉപയോഗിക്കുന്ന വിധം

∙ ചീപ്പ് തലയോട്ടിയിൽ ചേർത്ത് അഞ്ച് മിനിറ്റ് തുടർച്ചയായി മുടി ചീകുക.

∙ വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി നന്നായി കഴുകിയ ശേഷം ഡ്രയർ ഉപയോഗിച്ച് പാതി ഉണക്കിയെടുക്കണം.

∙ ഇനി പായ്ക്ക് തലയോട്ടിയിൽ നല്ലതുപോലെ തേച്ചു പിടിപ്പിച്ചതിനുശേഷം 45 മിനിറ്റ് കഴിഞ്ഞ് മുടി വൃത്തിയായി കഴുകി ഉണക്കുക.

ഹോം കെയർ

ട്രീറ്റ്മെന്റിനുശേഷം ഹോംകെയർ ചെയ്യേണ്ടത് ആവശ്യമാണ്. ചീപ്പുകൊണ്ട് തലയോട്ടിയിൽ അമർത്തി ചീകിയതിനുശേഷം ഒരു മുട്ടയുടെ വെള്ളയും പത്ത് തുള്ളി നാരങ്ങാനീരും ചേർന്ന മിശ്രിതം തലയോട്ടിയിൽ നന്നായി തേച്ചുപിടിപ്പിച്ച് 20 മിനിറ്റിനു ശേഷം മുടി നന്നായി കഴുകി വൃത്തിയാക്കണം. ട്രീറ്റ്മെന്റ് ചെയ്തതിനുശേഷം ആഴ്ചയിൽ ഒരുതവണ ഇങ്ങനെ ചെയ്യുന്നത് താരനെ പാടെ ഇല്ലാതാക്കാൻ സഹായിക്കുന്നു. എല്ലാ പ്രായക്കാർക്കും ഏതു തരത്തിലുള്ള ചർമമുള്ളവർക്കും ഒരുപോലെ ചെയ്യാവുന്ന ട്രീറ്റ്മെന്റാണിത്.

താരനകറ്റുന്നതിനോടൊപ്പം മുടികൊഴിച്ചിൽ, മുടിയുടെ വരൾച്ച എന്നീ പ്രശ്നങ്ങൾ തടയാനും മുടിയുടെ വളർച്ച കൂട്ടാനും ഈ കൂട്ടു സഹായിക്കുന്നു. ട്രീറ്റ്മെന്റിനുശേഷം രണ്ടാഴ്ചത്തേക്ക് തലയിൽ ഈ എണ്ണ തേക്കാൻ പാടില്ല. അതു കഴിഞ്ഞ് രണ്ടാഴ്ച കൂടുമ്പോൾ ഒരു തവണ എന്ന രീതിയിൽ എണ്ണ പുരട്ടാം. എന്നാൽ എണ്ണ പുരട്ടി ഒരു മണിക്കൂറിനുശേഷം വീര്യം കുറഞ്ഞ ഷാംപു ഉപയോഗിച്ച് എണ്ണമയം പൂർണമായും കളഞ്ഞ് മുടി വൃത്തിയാക്കണം. ട്രീറ്റ്മെന്റ് ചെയ്യാൻ ഏകദേശം ഒന്ന്– ഒന്നര മണിക്കൂർ സമയം വേണ്ടി വരും. താരൻ പൂർണമായി അകറ്റാന്‍ കൂടുതല്‍ തവണ െചയ്യേണ്ടി വരും.

താരനകറ്റാൻ പൊടിക്കൈകൾ

∙ആര്യവേപ്പിന്റെ ഇല അരച്ച് പേസ്റ്റ് രൂപത്തിലാക്കി തലയോട്ടിയിൽ തേച്ചു പിടിപ്പിച്ച് 10 മിനിറ്റിനുശേഷം കഴുകിക്കളയുക.

∙ആര്യവേപ്പിന്റെ ഇല ഇട്ടു തിളപ്പിച്ച വെള്ളം ഉപയോഗിച്ച് മുടി കഴുകുന്നതും താരനകറ്റാൻ നല്ലതാണ്.

∙ഓറഞ്ചിന്റെ തൊലി നാരങ്ങാനീരും ചേർത്ത് അരച്ചെടുക്കുക. ഈ മിശ്രിതം തലയോട്ടിയിൽ തേച്ച് പിടിപ്പിച്ച് അരമണിക്കൂറിനകം വീര്യം കുറഞ്ഞ ഷാംപു ഉപയോഗിച്ച് കഴുകുക.താരന്റെ ശല്യം കുറയും.

∙പുളിയുള്ള തൈര് ഒരു പാത്രത്തിലെടുത്ത് ഒന്നു രണ്ടു ദിവസം വയ്ക്കുക.(ഫ്രിഡ്ജിൽ വയ്ക്കരുത്) നല്ല രീതിയിൽ പുളിച്ചതിനുശേഷം മുടിയിൽ മാസ്ക് പോലെ തേച്ച് പിടിപ്പിക്കുക.ഒരു മണിക്കൂർ കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകി വൃത്തിയാക്കുക.

വിവരങ്ങള്‍ക്കു കടപ്പാട് : ഡെന്നിസ് ബാബു, എക്സൽ ബ്യൂട്ടിപാർലർ, തൃപ്പൂണിത്തുറ