Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊറിയൻ പെൺകുട്ടികളുടെ സൗന്ദര്യത്തിനു പിന്നിൽ?

Korean Beauty

ഒരു സിനിമയിൽ മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രം കൊച്ചുവെളുപ്പാൻകാലത്തു തന്നെ തട്ടിക്കുടഞ്ഞെഴുന്നേറ്റു കണ്ണാടിയിൽ നോക്കി ചില കോപ്രായങ്ങൾ കാട്ടുന്നത് ഓർമയില്ലേ? അതു കാണുമ്പോഴൊക്കെ മലയാളികൾ ചിരിച്ചു മറിഞ്ഞു. എങ്കിൽ ഒരു രഹസ്യം പറയട്ടെ, കൊറിയൻ സുന്ദരികളുടെ പ്രധാന സൗന്ദര്യ രഹസ്യം കണ്ണാടി നോക്കിയുള്ള ഈ കലാപരിപാടിയാണ്.

1.മാ മാ മി മീ ടെക്നിക്ക്

രാവിലെ എഴുന്നേൽക്കുമ്പോൾ മുഖത്തെ പേശികൾ വളരെ റിലാക്സ്ഡ് ആയിരിക്കും. ഈ സമയത്ത് കണ്ണാടിയിൽ നോക്കി മാ മാ മി മീ മു മൂ മം. എന്നു പത്തുവട്ടം അടുപ്പിച്ചു പറഞ്ഞാൽ മുഖത്തെ പേശികൾക്ക് അന്നത്തേക്കു വേണ്ട വ്യായാമം ലഭിച്ചു കഴിഞ്ഞു.

2. വെള്ളത്തിലാണ് കാര്യം

വെള്ളത്തിലാണ് സൗന്ദര്യം എന്നാണു കൊറിയക്കാർ വിശ്വസിക്കുന്നത്. രാവിലെ ഉറക്കമുണർന്നാൽ ആദ്യം ചെയ്യുന്നതു തന്നെ ഒരു കപ്പ് തണുത്ത വെള്ളത്തിൽ മുഖം കഴുകുകയാണ്. ദിവസവും ചുരുങ്ങിയത് എട്ടു ഗ്ലാസ് വെള്ളം കുടിക്കുകയും ചെയ്യും.

3. 4—2—4 ടെക്നിക്ക്

എല്ലാ ദിവസവും 4 മിനിട്ട് നേരം മുഖം ഏതെങ്കിലും ക്ലെൻസർ ഉപയോഗിച്ചു വൃത്തിയാക്കും. പിന്നെ 2 മിനിട്ടു നേരം ഏതെങ്കിലും ഓയിൽ കൊണ്ടു മസാജ് ചെയ്യുക.4 മിനിട്ട് കഴിഞ്ഞു ഐസ് ക്യൂബ് കൊണ്ട് ഒരു വട്ടം കൂടി മസാജ് ചെയ്ത്, കോട്ടൺ ടവൽ കൊണ്ട് മുഖം വൃത്തിയായി തുടച്ച് അനുയോജ്യമായ മോയിസ്ചറൈസർ പുരട്ടുക. റോസ് വാട്ടർ തണുപ്പിച്ച് ഐസ് ക്യൂബാക്കി മസാജ് ചെയ്യുന്ന രീതിയും ഇവർക്കുണ്ട്.

4. ഉറക്കം നിർബന്ധം

ദിവസവും ഏറ്റവും ചുരുങ്ങിയത് 8 മണിക്കൂർ ഉറങ്ങും. കഴിയുമെങ്കിൽ ഉച്ചയുറക്കത്തിനും സമയം നീക്കി വയ്ക്കും. എന്നും കൃത്യസമയത്താണ് ഇവർ ഉറങ്ങുന്നതും ഉണരുന്നതും. ഇതു മൂലം നല്ല ഉറക്കം ലഭിക്കുകയും ചെയ്യും.

5. മേക് അപ് ആവശ്യത്തിനു മാത്രം

അത്യാവശ്യ സമയങ്ങളിൽ മാത്രമേ മുഖത്ത് കൃത്രിമമായ മേക് അപ് ഇടാറുള്ളു. ഉദാഹരണത്തിന് പാർട്ടികൾക്കും കല്യാണാവശ്യങ്ങൾക്കും മറ്റും. അടുത്ത വീട്ടിൽ പോകുമ്പോഴും കടയിൽ ഷോപ്പിങ്ങിനു പോകുമ്പോഴും മേക് അപ് സ്വാഭാവിക മുഖസൗന്ദര്യം നഷ്ടപ്പെടുത്താറില്ലെന്നു ചുരുക്കം.

6 സംരക്ഷണം ശരീരം മുഴുവൻ

സൗന്ദര്യം മുഖത്താണെന്നാണു മലയാളികളുടെ വിശ്വാസം. എന്നാൽ കൊറിയൻ പെൺകുട്ടികൾ അവരുടെ മുഖത്തിനു നൽകുന്ന അതേ സംരക്ഷണം കാൽവിരലിൽ വരെ നൽകും. ക്ലെൻസിങ്, മോയിസ്ചറൈസിങ്, മസാജിങ് തുടങ്ങിയ സൗന്ദര്യപരിചരണങ്ങൾ ശരീരം മുഴുവൻ ചെയ്യുന്നതാണു കൊറിയൻ രീതി.

കൊറിയൻ ചലച്ചിത്രങ്ങളിലെ നായികമാരെ കാണുമ്പോൾ ഇനി അവരുടെ സൗന്ദര്യത്തോട് അസൂയ തോന്നേണ്ട കാര്യമില്ല. ഒന്നു ശ്രമിച്ചാൽ മലയാളിപ്പെൺകുട്ടികൾക്കും സ്വന്തമാക്കാവുന്നതേയുള്ളൂ ഈ സൗന്ദര്യം. അല്ലേ?