Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെലിയാൻ 7 കിടിലൻ വിദ്യകൾ!

fit-body

ശരീരഭാരം അധികമുള്ള ആർക്കും പരീക്ഷിക്കാവുന്ന ചില ‘മെലിയൽ വിദ്യകൾ’

. 100 ഗ്രാം തേങ്ങ തിരുകിയതിൽ 444 കലോറിയും ഒരു ടേബിൾ സ്‌പൂൺ എണ്ണ(ഏത് എണ്ണയായാലും)യിൽ 135 കലോറിയും ഉണ്ട്!! രണ്ടും അധികം വേണ്ട. നാലംഗ കുടുംബം 20 തേങ്ങ, ഒന്നര കിലോഗ്രാം പാചക എണ്ണയിൽ ഒരു മാസത്തെ ഉപയോഗം നിർത്തുക.

. 100 ഗ്രാം ചിപ്‌സ് പായ്‌ക്കറ്റിൽ 1200 കലോറിയുണ്ട്; ഒരു ജിലേബിയിൽ 600 കലോറിയും. പ്രത്യേകിച്ചു ഗുണമൊന്നുമില്ലാത്ത ഇത്തരം എണ്ണപ്പലഹാരങ്ങളും മധുരപലഹാരങ്ങളും ഉപേക്ഷിച്ചതുകൊണ്ട് ഒരാപത്തും വരാനില്ല. കോള, സിന്തറ്റിക് പാനീയങ്ങളുടെ കാര്യവും അതുതന്നെ. വൈകിട്ട് എണ്ണപ്പലഹാരത്തിനു (ഒരു ഉഴുന്നുവട= 230 കലോറി. അതായത്, മൂന്നു ചപ്പാത്തി/ഒന്നരക്കപ്പ് ചോറിനു സമം) പകരം ഇഡ്‌ഡലിയും ഇടിയപ്പവും (ഒന്നിൽ 80-100 കലോറി) പോലുള്ള വിഭവങ്ങൾ മതി. പൊറോട്ട (270 കലോറി) വേണ്ടേ വേണ്ട.

.ചായയുടെ എണ്ണം നാലിൽ കൂടുതലാണെങ്കിൽ മൂന്നാക്കുക. ഒന്നു പഞ്ചസാരയില്ലാതെയാകട്ടെ. പഞ്ചസാര ചേർത്ത ഒരു പാൽച്ചായയുടെ കലോറി മൂല്യം 125 ആണ്.

.മിതമായ അളവിൽ മൽസ്യ മാംസാദികൾ കറിവച്ച് (സാദാ ചിക്കൻ കറിയിൽ 120 കലോറി മാത്രം) ഉപയോഗിക്കാം. പൊരിച്ചു കഴിക്കണ്ട (ചിക്കൻ ഫ്രൈ രണ്ടു കഷണം= 400 കലോറി). മുട്ട പുഴുങ്ങിക്കഴിക്കാം. സസ്യഭുക്കുകൾ പകരം പയർവഗങ്ങൾ ഉൾപ്പെടുത്തണം. പാട നീക്കിയ പാൽ നിത്യശീലമാക്കുക. പാലിലെ കാൽസ്യം ഡയറ്റിങ്ങിനും നല്ലതാണ്.

.കലോറി മൂല്യം കുറഞ്ഞ പഴങ്ങൾ (പപ്പായ, പേരയ്‌ക്ക, പാളയംകോടൻ പഴം, ഓറഞ്ച്, ആപ്പിൾ) പതിവായി കഴിക്കുക. നേന്ത്രപ്പഴം (270 കലോറി) പോലുള്ളവ എന്നുംവേണ്ട. ചോറിന്റെ അളവ് വളരെക്കൂടുതലാണെങ്കിൽ ഒന്നരക്കപ്പ് ആയി കുറയ്‌ക്കുക, പകരം പച്ചക്കറി സാലഡുകൾ, സൂപ്പ്, തേങ്ങ ചേർക്കാത്ത കറികൾ എന്നിവ പരീക്ഷിക്കുക. പപ്പട(ഒന്നിന് 65 കലോറി)വും അച്ചാറും തൽക്കാലത്തേക്കു മറന്നേക്കൂ.

.വെള്ളത്തിന്റെ അളവ് കൂട്ടി 10 ഗ്ലാസ് ആക്കുക. മോരുവെള്ളം, ഉപ്പിട്ട (തേൻ ചേർത്ത) നാരങ്ങാവെള്ളം എന്നിവയും ഉൾപ്പെടുത്തുക. രണ്ടു മണിക്കൂർ കൂടുമ്പോൾ പാനീയാഹാരവും, നാലു മണിക്കൂർ കൂടുമ്പോൾ കട്ടിയാഹാരവും വേണം. കിടക്കുന്നതിനു രണ്ടു മണിക്കൂർ മുമ്പ് അത്താഴം കഴിച്ചിരിക്കണം.

.ജീവിതശൈലിയും മാറ്റണം. നടപ്പ് വളരെ നല്ലതാണ്. വ്യായാമത്തിനു വേണ്ടി നടക്കണ്ട. നടപ്പ് ജീവിതശൈലിയാക്കിയാൽ മതി. ദിവസം അര മണിക്കൂർ വീതം ആഴ്‌ചയിൽ മൂന്നു ദിവസം (രണ്ടു ദിവസത്തിലധികം ഇടവേള വരാതെ) നടന്നിരിക്കും എന്നു തീരുമാനിക്കുക. ഒരുമിച്ചു നടക്കണ്ട. 10 മിനിറ്റ് വീതം മൂന്നു തവണ നടന്നാൽ മതി. ഓഫിസിനകത്തോ, വീട്ടിലോ, റോഡിലോ എവിടെ വേണമെങ്കിലും.

രണ്ടാഴ്‌ച കൊണ്ട് 10 കിലോഗ്രാം കുറയ്‌ക്കാമെന്നു പറയുന്നവരെ മറന്നേക്കൂ. ആരോഗ്യകരമായ ഡയറ്റിങ്ങിൽ അത്ഭുതവിദ്യകളില്ല. സാവധാനം, ആസൂത്രിതമായി നീങ്ങുക, ലക്ഷ്യം ഉറപ്പ്.