Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുടികൊഴിച്ചിലിന് ഗുഡ്ബൈ, 6 രഹസ്യക്കൂട്ടുകൾ ഇതാ!

hair-tips

ചൂടുകാലമെത്തിയതോടെ ഇനി മുടികൊഴിച്ചിലും രൂക്ഷമാകും. വിയർപ്പു തുള്ളികൾ ശിരോചർമ്മത്തിലിരുന്ന് താരനും പെരുകുന്നത് മുടിയിഴകളെ ചില്ലറയൊന്നുമല്ല ബാധിക്കുന്നത്. മുടികൊഴിച്ചിലിനു ശമനം കിട്ടാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ആറ് എളുപ്പവഴികൾ ഇതാ..

oil

1) എണ്ണ അത്യുത്തമം

ചെറുചൂടിൽ എണ്ണ തലയിൽ തേച്ചുപിടിപ്പിക്കുന്നതാണ് ഒന്നാമത്തേതും പ്രധാനവുമായ മാർഗ്ഗം. എണ്ണ തേച്ചു നന്നായി മസാജ് ചെയ്യുന്നതോടെ പോഷക ഗുണങ്ങൾ ഒരോ മുടിയിഴകൾക്കും ലഭിക്കുന്നു. വേരു മുതൽ മുടിക്ക് ബലം ലഭിക്കാൻ ഇത് സഹായകരമാണ്. ആഴ്ചയിൽ ഒന്നെങ്കിലും ശിരോചർമ്മത്തിൽ നന്നായി എണ്ണ തേച്ചു പിടിപ്പിക്കണം.

gooseburry

2) നെല്ലിക്കയിലുണ്ട് വൈറ്റമിൻ

മുടിയിഴകളുടെ ഏറ്റവും നല്ല സുഹൃത്താണ് നെല്ലിക്ക. വൈറ്റമിൻ എ ധാരാളം അടങ്ങിയ നെല്ലിക്ക മുടി കൊഴിച്ചിൽ നിയന്ത്രിക്കാൻ സഹായിക്കും. ഒരു ടേബിൾ സ്പൂൺ നെല്ലിക്ക അരച്ചെടുത്തത് ഒരു ടേബിൾ സ്പൂൺ നാരങ്ങ നീരുമായി യോജിപ്പിക്കണം. ഉറങ്ങുന്നതിനു മുൻപായി ഈ മിശ്രിതം ശിരോചർമ്മത്തിൽ തേച്ചു പിടിപ്പാക്കാം. ഇനി ഒരു ഷവർ ക്യാപ്പ് കൊണ്ടോ ടവ്വൽ കൊണ്ടോ മുടിയിഴകൾ മൂടി വച്ച് ഉറങ്ങാൻ കിടന്നോളൂ. രാവിലെ ഷാംപൂ ഉപയോഗിച്ച് തല കഴുകാം. ഒരൊറ്റയാഴ്ചയിൽ മാറ്റം അനുഭവിച്ചറിയാം.

fenugreek-seeds

3) ഉലുവ ഉത്തമം

മുടിയുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്ന ഗുണങ്ങൾ ഉലുവയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. താരനെ പ്രതിരോധിക്കാൻ ഉലുവ അത്യുത്തമമാണ്. ഒരു കപ്പ് ഉലുവ വെള്ളത്തിലിട്ട് ഒരു രാത്രി കുതിരാൻ അനുവദിക്കുക. രാവിലെ ഇത് അരച്ച് പേസ്റ്റു രൂപത്തിലാക്കി ശിരോചർമ്മത്തിൽ പുരട്ടുക. മുക്കാൽ മണിക്കൂറിനു ശേഷം മുടി കഴുകാം. ഒരു മാസം തുടർച്ചയായി ഉപയോഗിച്ചാൽ താരനും മുടികൊഴിച്ചിലും നിശ്ശേഷം മാറും.

onion

4) ഉള്ളി നിസാരമല്ല!

ഉള്ളിയിലടങ്ങിയിരിക്കുന്ന സൾഫർ ഘടകം മുടിയുടെ വേരുകളിലേക്ക് രക്തയോട്ടം വർദ്ധിപ്പിക്കുന്നതിന് സഹായകരമാണ്. ശിരോചർമ്മത്തിനെ അണുബാധയിൽ നിന്നു രക്ഷിക്കാനും ഉള്ളിയുടെ നീരിന് കഴിവുണ്ട്. ഉള്ളി നന്നായി ചതച്ച് നീരു പിഴിഞ്ഞെടുക്കുക. ഇത് നേരിട്ട് ശിരേചർമ്മത്തിൽ പുരട്ടാം. അരമണിക്കൂറിനു ശേഷം വിര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് തല കഴുകിക്കോളൂ. ഉള്ളിനീരും കറ്റാർ വഴയുടെ നീരും അൽപ്പം ഒലിവ് ഓയിലും സമം ചേർത്ത് ശിരോചർമ്മത്തിൽ പുരട്ടുന്നതും ഗുണം ചെയ്യും. ആഴ്ചയിൽ രണ്ടു മൂന്നു തവണ ഇതു തുടരാം.

kattar-vazha

5) കാർകൂന്തലിന് വേണം കറ്റാർ വാഴയുടെ കൂട്ട്

മുടിയുടെ വളർച്ചയ്ക്കും പരിപാലനത്തിനും ഉത്തമമാണ് കറ്റാർവാഴ. കറ്റാർവാഴയുടെ നീരെടുത്ത് നേരിട്ട് ശിരോചർമ്മത്തിൽ തേയ്ക്കണം. കറ്റാർ വാഴയുടെ പോഷകങ്ങൾ ശിരോചർമ്മത്തിൽ ആഗിരണം ചെയ്യാനായി ഏതാനും മണിക്കൂറുകൾ അനുവദിക്കണം. അതിനു ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകാം. ആഴ്ചയിൽ മൂന്നു താലു തവണ ഇതു തുടർന്നാൽ മുടി കൊഴിച്ചിൽ മാറി മുടി തഴച്ചു വളരുന്നത് കാണാം.

hibiscus

6) ചെമ്പരത്തി

മുടിയുടെ സംരക്ഷണത്തിനുള്ള ഏറ്റവും നല്ല പ്രകൃതിദത്ത മാർഗങ്ങളിലൊന്നാണ് ചെമ്പരത്തി. 10 ചെമ്പരത്തിപ്പൂക്കൾ എടുത്ത് രണ്ടു കപ്പു വെളിച്ചെണ്ണയിൽ ഇട്ടു കരിനിറമാകുന്നതു വരെ ചൂടാക്കാം. ഈ എണ്ണ പാത്രത്തിലെടുത്ത് വച്ച് ആഴ്ചയിൽ രണ്ടൊ മൂന്നോ തവണ കിടക്കുന്നതിനു മുമ്പായി തലയിൽ തേച്ചു പിടിപ്പിക്കണം. കാലത്ത് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. മുടിയുടെ വളർച്ചയ്ക്കും ആരോഗ്യത്തിനും മുടി കൊഴിച്ചിൽ അകലുന്നതിനും ഇത് അത്യുത്തമമാണ്.