Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നീണ്ട് ഇടതൂർന്ന മുടി, 6 കിടിലൻ ടിപ്സ്

Hair Representative Image

വേനൽക്കാലമെത്തിയതോടെ സൗന്ദര്യസംരക്ഷണം പലർക്കും ഒരു പ്രശ്നം തന്നെയാണ്. ചർമ്മത്തിന്റെ മിനുമിനുപ്പും ഭംഗിയും നഷ്ടപ്പെടാതിരിക്കാന്‍ പെടാപ്പാടു പെ‌ടുകയാണ് പലരും. എന്നാൽ സൂര്യതാപത്തിൽ നിന്നും ചർമ്മത്തിനു മാത്രമല്ല സുരക്ഷ വേണ്ടത്. ചൂടും പൊടിയും തലമുടിക്കുണ്ടാക്കുന്ന പ്രശ്നങ്ങളും അവഗണിച്ചു കൂടാ. വേനൽക്കാലത്തെ കേശസംരക്ഷണത്തിനുള്ള ചില മാർഗ്ഗങ്ങള്‍ നോക്കാം-

മുടി മൂടി വയ്ക്കാം

ചൂടുകാലത്ത് അധികസമയം പുറത്തിറങ്ങി ജോലിചെയ്യുന്നവർ തലമുടിയുടെ കാര്യത്തിൽ ഏറെ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. കാരണം നേരിട്ട് സൂര്യകിരണങ്ങളേൽക്കുന്നത് മുടിക്ക് കൂടുതൽ ദോഷം ചെയ്യും. അതിനാൽ സ്കാർഫോ തൊപ്പിയോ ഉപയോഗിച്ച് മുടിക്ക് സംരക്ഷണം നൽകാം. അൾട്രാവയലറ്റ് കിരണങ്ങളിൽ നിന്നും മുടിക്ക് സംരക്ഷണം നൽകേണ്ടത് വേനൽക്കാലത്ത് അത്യാവശ്യമാണ്.

ഇറുക്കമുള്ള ഹെയർസ്റ്റൈൽ വേണ്ട

സാധാരണയായി ഇറുക്കമുള്ള ഹെയർസ്റ്റൈലാണ് നിങ്ങൾ പിന്തുടരുന്നതെങ്കിൽ വേനൽക്കാലത്ത് അതൊന്ന് മാറ്റിപ്പിടിക്കാം. കാരണം വേനലിൽ അത്തരം ഹെയർസ്റ്റൈലുകൾ മുടിക്ക് നന്നല്ല. വേനൽചൂടേറ്റ് ഈർപ്പം നഷ്ടപ്പെടുന്ന ശിരോചർമ്മത്തിൽ നിന്നും മുടി വേഗത്തിൽ വേരറ്റു പോകാൻ ഇത് കാരണമാകും. അൽപ്പം ഉയർത്തി എന്നാൽ അയവുള്ള രീതിയിൽ മുടി പിന്നിയിടുന്നതായിരിക്കും വേനൽക്കാലത്ത് ഉചിതം. കാരണം കാറ്റേറ്റ് മുടിയുടെ അഗ്രം പിളരാതെ ഇരിക്കുന്നതിനും ഇത് സഹായിക്കും.

മുടിക്കും വേണം സൺസ്ക്രീൻ സംരക്ഷണം

വേനലിൽ ചർമ്മത്തിനു മാത്രമല്ല തലമുടിക്കും സൂര്യരശ്മികളില്‍ നിന്നും സംരക്ഷണം നൽകേണ്ടതുണ്ട്. സൺസ്്ക്രീനുകൾ അടങ്ങിയ കണ്ടീഷണറുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. അവ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. എന്നാൽ വീട്ടിൽ തിരികെയെത്തുമ്പോൾ മുടി കഴുകാൻ മറക്കുകയും അരുത്.

ഡ്രൈയറുകളുടെ ഉപയോഗം കുറയ്ക്കാം

മുടി ഉണക്കാനായി സ്ഥിരമായി ഡ്രൈയർ ഉപയോഗിക്കുന്നവർ വേനൽക്കാലത്ത് ശ്രദ്ധിക്കേണ്ടതുണ്ട്.. കാരണം. സൂര്യതാപമേറ്റ് വരണ്ട മുടിയിൽ അധികം ചൂടേൽപ്പിക്കുന്നത് മുടി കൊഴിച്ചിവൽ വർദ്ധിക്കാനും മുടി വേഗത്തിൽ പൊട്ടാനും കാരണമാകും.

അമിതമായ കെമിക്കൽ ഉപയോഗം വേണ്ട

മുടിക്ക് ഏറ്റവും വേഗത്തിൽ കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുള്ളത് വേനൽക്കാലത്താണ്. അതുകൊണ്ടുതന്നെ ഹയർക്രീമുകളിലും മറ്റും അടങ്ങിയിരിക്കുന്ന രാസപദാർത്ഥങ്ങൾ ഈ കാലാവസ്ഥയിൽ മുടിക്ക് ഗുണത്തേക്കാളുപരി ദോഷം ചെയ്യും. ഹെയർക്രീമുകളുടെ ഉപയോഗം കുറച്ച് വെളിച്ചെണ്ണ തലയിൽ തേച്ചുപിടിപ്പിക്കുന്നത് ഈ വേനലിൽ ശീലമാക്കാം. ശിരോചർമ്മത്തിനും മുടിക്കും അത് ഒരുപോലെ ഗുണം ചെയ്യും.‌‌

ഷാംപൂ ഉപയോഗിക്കുമ്പോൾ

വേനൽക്കാലത്ത് ഷാംപൂ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഷാംപൂവിന്റെ ഉപയോഗം മൂലം മുടി അധികം വരണ്ടതായാൽ ചൂടുകൂടി ഏൽക്കുന്നതോടെ അത് തലമുടിക്ക് കൂടുതൽ കേടുപാടുകൾ ഉണ്ടാകുന്നതിനും വളരെ വേഗത്തിൽ പൊട്ടിപോകുന്നതിനും കാരണമാകും. അതിനാൽ വീര്യം കുറഞ്ഞ ഷാംപൂ മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കുക. അഴുക്കും പൊടിയും അടിഞ്ഞു കൂടി താരൻ വർദ്ധിക്കാനുള്ള സാധ്യതയുള്ളതിനാൽ ആഴ്ചയിലൊരിക്കലെങ്കിലും ഷാംപൂ ഉപയോഗിക്കുന്നത് ഗുണം ചെയ്യും.