Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുട്ടോളം മുടി, 10 എളുപ്പവഴികൾ!

Hair

പുതുപുത്തൻ ട്രൻഡുകൾക്കനുസരിച്ച് ഹെയർ സ്റ്റൈലുകൾ മാറ്റി മാറ്റി പരീക്ഷിക്കുമ്പോഴും ഇടതൂർന്ന നീളമുള്ള കാർകൂന്തൽ അന്നും ഇന്നും പെൺമനസ്സുകളുടെ സൗന്ദര്യസങ്കൽപ്പങ്ങളുടെ ഭാഗമാണ്. ആരും കൊതിക്കുന്ന നീളൻ മുടിയാണോ നിങ്ങളുടെ സ്വപ്നം? എങ്കിലിതാ നിങ്ങൾ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങള്‍

1) മുടിയുടെ ആരോഗ്യത്തിന് എണ്ണ

Hair

മറ്റേതൊരു ശരീര ഭാഗത്തേയും പോലെ മുടിയുടെ ആരോഗ്യത്തിനും കൃത്യമായ പോഷണം അത്യാവശ്യമാണ്. ആഴ്ചയിൽ രണ്ടു തവണ എങ്കിലും മുടിയിൽ നന്നായി എണ്ണ തേയ്ക്കണം. ചെറു ചൂടിൽ എണ്ണ തലയിൽ തേച്ചുപിടിപ്പിക്കുന്നത് മുടിക്ക് ബലം കിട്ടാനും വളർച്ച ത്വരിതപ്പെടുത്താനും അത്യുത്തമമാണ്.

2) ദിനവും മസാജ് ചെയ്യാം

hair-massage

ദിനവും മസാജ് ചെയ്യുന്നതിലൂടെ തലയിലെ രക്തയോട്ടം വർദ്ധിക്കുന്നു. ഇത് മുടിയുടെ വളർച്ചയ്ക്ക് ഏറെ സഹായകരമാണ്. വെളിച്ചെണ്ണയോ ആൽമണ്ട് ഓയിലോ ഉപയോഗിച്ച് മസാജ് ചെയ്യാം. ലാവണ്ടർ ഓയിൽ ഉപയോഗിക്കുന്നതും മുടി വളരാൻ സഹായിക്കും.

3) ഷാംപൂ എന്നും വേണ്ട

Hair

ഷാംപൂ ഉപയോഗിക്കുന്നതിലൂടെ ശിരോചർമ്മത്തിലും മുടിയിഴകളിലും അടിഞ്ഞു കൂടിയിട്ടുള്ള അഴുക്ക് നീക്കം ചെയ്യപ്പെടും. ഇതുമൂലം എണ്ണയും പോഷകാംശങ്ങളും മുടിയുടെ വേരുകളിലെത്തുകയും ചെയ്യും. എന്നാൽ ദിനംപ്രതിയുള്ള ഷാംപൂവിന്റെ ഉപയോഗം ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുന്നത്. മുടി വരളുന്നതിനും ആരോഗ്യം നഷ്ടപ്പെടുന്നതിനും തന്മൂലം മുടിയിഴകൾ വേഗം പൊട്ടിപ്പോകുന്നതിനും വളർച്ച തടയുന്നതിനും കാരണമാകും.

4) ഷാംപൂവിന് കണ്ടീഷണർ നിർബന്ധം

Hair

മുടിയിൽ ഷാംപൂ ഇട്ടു കഴിഞ്ഞാൽ കണ്ടീഷണർ ഉപയോഗിക്കണമെന്നത് പലരും മുഖവിലക്കെടുക്കാതിരിക്കുകയാണ് പതിവ്. എന്നാൽ മുടി വരളാതെ ഈർപ്പം പിടിച്ചു നിര്‍ത്തി സംരക്ഷിക്കുന്നതിന് കണ്ടീഷണർ അത്യാവശ്യമാണ്. അന്തരീക്ഷ മാലിന്യങ്ങളും സീര്യരശ്മികളും മുടിയുടെ ആരോഗ്യത്തെ ബാധിക്കാതെ ഒരു പരിധി വരെ കാക്കാനും കണ്ടീഷണറുകൾക്കു സാധിക്കുന്നു. പോഷണത്തെ ശിരോചർമ്മത്തിൽ തന്നെ തടഞ്ഞു നിർത്തുന്നതു വഴി മുടിയുടെ വളർച്ച ത്വരിതമാകുകയും ചെയ്യും.

5) മുടിയെ നോവിക്കാതെ തോർത്താം

Hair

കുളികഴിഞ്ഞ് മുടി ഉണക്കാൻ പരുക്കൻ തുണികൾ ഉപയോഗിക്കാതെ ശ്രദ്ധിക്കാം. മുടിയിഴകൾക്ക് കേടുപാടുണ്ടാകാതിരിക്കാൻ മ‍ദുലമായ തുണിതന്നെ ഉപയോഗിക്കണം. അധികം അമർത്തി തോർത്തുന്നത് മുടിയുടെ അഗ്രം പിളരുന്നതിന് കാരണമാകും. ഇത് വളർച്ചയെ തടയും.

6) അകമുള്ള പല്ലുകളുള്ള ചീപ്പ് ഉപയോഗിക്കാം

Hair

നനഞ്ഞ മുടി വേഗത്തിൽ പൊട്ടാനുള്ള സാധ്യതയുള്ളതിനാൽ കുളികഴിഞ്ഞ ഉടനെ മുടി ചീകുന്നത് ഒഴിവാക്കണം. അകലമുള്ള പല്ലുകളോടുകൂടിയ ചീപ്പ് ഉപയോഗിക്കുന്നതാണ് ഉത്തമം. മുടിയുടെ അഗ്രഭാഗം മുതൽ ചീകിത്തുടങ്ങാം. ‍ജട പിടിക്കാതിരിക്കാൻ ഇതു സഹായിക്കും.

7) അഗ്രം വെട്ടി സംരക്ഷിക്കാം

Hair

യാത്ര ചെയ്യുമ്പോഴും മറ്റും മുടിയുടെ അഗ്രം പിളരാനുള്ള സാധ്യത ഏറെയാണ്. അതിനാൽ ആറാഴ്ച കൂടുമ്പോൾ മുടിയുടെ അഗ്രം വെട്ടി പരിപാലിക്കണം. ഇത് മുടിയുടെ വളർച്ച ത്വരിതപ്പെടുത്താൻ ഏറെ സഹായിക്കും.

8) ചൂടുതട്ടുന്ന ഉപകരണങ്ങൾ ഉപയോഗിക്കാതിരിക്കാം

hair-drier

മുടി സ്ട്രയിറ്റൺ ചെയ്യുന്നതിനും ഉണക്കുന്നതിനുമൊക്കെയായി കൃത്രിമ മാർഗ്ഗങ്ങൾ ഉപയോഗിക്കുന്ന പ്രവണത ഏറിവരുന്നുണ്ട്. എന്നാൽ ഇവയുടെ ഉപയോഗം മുടിക്ക് ദോഷം മാത്രം ചെയ്യുന്ന ഒന്നാണ്. ശിരോചർമ്മത്തിലും മുടിയിഴകളിലും അമിതമായ ചൂടോൽക്കുന്നതോടെ ആരോഗ്യം നഷ്ടപ്പെട്ട് മുടിയുടെ വളർച്ച തടസ്സപ്പെടുന്നു. ഹെയർസ്റ്റൈലുകൾ പരീക്ഷിക്കുമ്പോൾ സ്വാഭാവിക രീതികൾ മാത്രം തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.

9)പോണിടെയിലും പണിതരും

Hair

മുടി ഉയർത്തിക്കെട്ടിവയ്ക്കുന്ന പോണിടെയിൽ സ്റ്റൈൽ ഏവർക്കും പ്രിയപ്പെട്ടതു തന്നെ. എന്നാൽ മുടി വലിഞ്ഞു മുറുകുന്ന തരത്തിലുള്ള ഇത്തരം രീതികൾ മുടിയുടെ വളർച്ചയെ തടയുമെന്നു മാത്രമല്ല ശിരോചർമ്മത്തിൽ അമിതമായ സ്ട്രസ്സ് നൽകി മുടിയിഴകൾക്ക് വേഗത്തിൽ കേടുപാടുണ്ടാക്കുന്നവ കൂടിയാണ്. മുടിയിഴകൾക്കും തലയ്ക്കും ആയാസം തോന്നാത്ത ഹെയർ സ്റ്റൈലുകൾ പരീക്ഷിക്കാൻ ശ്രദ്ധിക്കാം.

10) തലയിണകൾ മുടിക്കും ഇണങ്ങട്ടെ

Hair

മുടിയുടെ വളർച്ചയ്ക്ക് തലയിണകൾക്കുമുണ്ട് കാര്യം. കോട്ടൺ കവറുകളോടു കൂടിയ തലയിണകൾ മുിയിഴകൾക്കു നല്ലതല്ല. മുടിയിലെ ജലാംശം നിലനിർത്താൻ സാറ്റൺ കവറുകൾ ഉപയോഗിക്കുന്നതാണ് ഉത്തമം. സാറ്റൺ, സിൽക്ക് തുണിത്തരങ്ങൾ മൃദുലമായവ ആയതിനാല്‍ മുടിയിഴകൾക്ക് പരിക്കേൽക്കാതിരിക്കാനും ജട കെട്ടാതിരിക്കാനും അവ സഹായിക്കും. ഉറങ്ങാൻ നേരം വലിഞ്ഞു മുറുകാത്ത തരത്തിൽ കെട്ടി വയ്ക്കുന്നതും മുടുയുടെ വളർച്ചയെ സഹായിക്കും.