Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊണ്ണത്തടി കുറയ്ക്കാം, കരുതലോടെ

obesity

നാലാളുടെ മുന്നിലൂടെ നടക്കേണ്ടിവന്നാൽ ശ്വാസം ഉള്ളിലേക്കെടുത്ത് ഒറ്റനടത്തം. പിന്നെ ആരും കാണുന്നില്ലെന്ന ഉറപ്പിൽ പതിയെ ശ്വാസം വിടും. അതോടെ നിവരുകയായി കുടപോലെ കുടവയർ. ഗ്ലാമറൊക്കെയുണ്ടെങ്കിലും ആത്മവിശ്വാസം കെടുത്തുന്ന കുടവയറിനെ എങ്ങനെയൊക്കെ കുറയ്‌ക്കാം എന്ന നെട്ടോട്ടത്തിലാണ് ഇന്നത്തെ യുവത്വം. രോഗമില്ലാത്ത അവസ്‌ഥയാണ് നല്ല ആരോഗ്യത്തിന്റെ ലക്ഷണമെന്നു കരുതുന്നവരാണേറെ. ‘രോഗമൊന്നുമില്ല. കുടവയർ മാത്രമേയുള്ളൂ...’ എന്ന് ആശ്വസിക്കാൻ വരട്ടെ. ഇന്നു കുടവയർ രോഗാവസ്‌ഥയുടെ ലക്ഷണമാണ്. ഫാസ്‌റ്റ് ഫുഡ് ജീവിതശൈലിമൂലം കുടവയറിനെ സ്‌ഥായിയായ രോഗാവസ്‌ഥയുടെ ഗണത്തിലാണ് ആധുനിക വൈദ്യശാസ്‌ത്രം ഉൾപ്പെടുത്തിയിരിക്കുന്നത്.

കൊഴുപ്പ് വില്ലൻ

അമിതഭക്ഷണവും വ്യായാമക്കുറവുമാണ് കുടവയറിനു പിന്നിലെ വില്ലന്മാർ. വയറിനുള്ളിലും പുറത്തും കൊഴുപ്പ് അടിയുന്നതാണ് ഇതിനു കാരണം. തുടക്കത്തിൽ കുടവയർ ആരും അത്ര കാര്യമാക്കാറില്ലെങ്കിലും നാലുപേർ പറയുമ്പോഴാണ് ഇതേക്കുറിച്ച് ആളുകൾ ബോധവാന്മാരാകുന്നത്. എന്നാൽ, കുടവയർ പല ഗുരുതര രോഗങ്ങളുടെയും ലക്ഷണമാണെന്ന് എത്രപേർക്കറിയാം? കരൾ, വൃക്ക എന്നിവയെ ബാധിക്കുന്ന രോഗങ്ങൾ, ഹൃദ്രോഗം, വയറിനുള്ളിലെ ക്ഷയം, വയറിനുള്ളിലെ വലിയ മുഴകൾ, പാൻക്രിയാസ് തുടങ്ങിയ ഗ്രന്ഥികളിലുണ്ടാകുന്ന അർബുദം തുടങ്ങിയവയുടെ ലക്ഷണമാകാം കുടവയർ. ഇത്തരം രോഗമുള്ളവരുടെ ആമാശയ അറകളിൽ അമിതമായി വെള്ളം കെട്ടിക്കിടക്കുന്നതും കുടവയറുണ്ടാക്കും. മുതിർന്നവരിൽ വയറിനുള്ളിലെ പേശികളുടെ ബലക്കുറവും ചുരുക്കം ചിലരിൽ എൻഡോക്രൈൻ - സിൻഡ്രം എക്‌സ് എന്ന രോഗാവസ്‌ഥയും കുടവയറിനു കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്.

കുടവയറും രോഗലക്ഷണം

യൂറോപ്യൻ കാർഡിയോളജി കോൺഫറൻസിൽ അവതരിപ്പിച്ച റിപ്പോർട്ട് പ്രകാരം ഹൃദ്രോഗ സാധ്യതയുള്ള ഒൻപതു കാരണങ്ങളിൽ അഞ്ചാമത്തേത് കുടവയറാണ്. ജീവിതരീതിയിൽവന്ന മാറ്റങ്ങളും ഫാസ്‌റ്റ് ഫുഡും ഇതിൽ പ്രധാനം. മദ്യപാനം, ഗർഭനിരോധന ഗുളികകൾ, മാനസിക സംഘർഷം, ഇൻസുലിൻ എന്നിവയും കുടവയറുണ്ടാക്കും. ഭക്ഷണം ക്രമീകരിച്ചിട്ടും കുടവയറും വണ്ണവും കുറയുന്നില്ലെങ്കിൽ എൻഡോക്രൈൻ രോഗത്തിനുള്ള സാധ്യതകൂടി പരിശോധിക്കണം.

കുടവയർ എങ്ങനെ കുറയ്‌ക്കാം

കൃത്യമായ വ്യായാമവും ഭക്ഷണ ക്രമീകരണവും മാത്രമാണ് കുടവയർ കുറയ്‌ക്കാനുള്ള ഏകമാർഗം. ദിവസവും ഒരു മണിക്കൂറെങ്കിലും വ്യായാമം ചെയ്യണം. എയ്‌റോബിക്‌സ് വ്യായാമമുറകളും യോഗയും വയർ കുറയ്‌ക്കാൻ ഏറെ പ്രയോജനം ചെയ്യും. നാരുള്ള പച്ചക്കറി, പഴവർഗങ്ങൾ എന്നിവ ഉൾപ്പെടുത്തി അന്നജം കൂടുതലുള്ള ഭക്ഷണം നിയന്ത്രിക്കുന്നതും നല്ലതാണ്. വയറിനുള്ളിലെ കൊഴുപ്പ് നീക്കംചെയ്യുന്ന ചെലവേറിയ ലൈപ്പോസക്ഷൻ ശസ്‌ത്രക്രിയ തുടങ്ങിയ ആധുനിക സംവിധാനങ്ങൾ നിലവിലുണ്ടെങ്കിലും ഭക്ഷണനിയന്ത്രണവും വ്യായാമവും മാത്രമാണ് കുടവയർ കുറയ്‌ക്കുന്നതിനുള്ള ഏക മാർഗമെന്ന് ആരോഗ്യരംഗത്തെ വിദഗ്‌ധരുടെ അഭിപ്രായം.

വയർ കുറയ്‌ക്കാൻ വ്യായാമം

വയർ കുറയ്‌ക്കുന്നതിനുവേണ്ടി മാത്രം കൊച്ചുകുട്ടികൾ ഉൾപ്പെടെ ഫിറ്റ്‌നസ് സെന്ററുകളിൽ കയറിയിറങ്ങുന്നവരുടെ എണ്ണം ഇന്നു വർധിക്കുകയാണ്. ‘ഈറ്റിങ് ഔട്ട്’ ശീലമാക്കിയവരിലും ബേക്കറി പലഹാരങ്ങൾ സ്‌ഥിരമായി കഴിക്കുന്നവരിലുമാണ് കുടവയർ കൂടുതലെന്ന് ഫിറ്റ്‌നസ് പരിശീലകർ പറയുന്നു. വയർ കുറയ്‌ക്കുന്നതിന് പ്രത്യേകം വ്യായാമമുറകളാണ് നൽകുന്നത്.

കാർഡിയോ എക്‌സർസൈസ്

ശരീരത്തിലെ അമിത കൊഴുപ്പ് കത്തിച്ചുകളയുന്ന വ്യായാമമുറയാണിത്. ഓട്ടം, നടത്തം, സൈക്ലിങ്, നീന്തൽ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും. ദിവസവും ഒരു മണിക്കൂറെങ്കിലും ഇത്തരം വ്യായാമം ചെയ്യണം.

മസിൽ ക്രഞ്ചസ്

യന്ത്രങ്ങളുടെ സഹായത്തോടെയുള്ള വ്യായാമമുറകളാണിത്. വയറിനുള്ളിലെ പേശികളുടെ ബലം കൂട്ടുകയാണ് ഇത്തരം വ്യായാമങ്ങളുടെ ലക്ഷ്യം. നിവർന്നുനിന്നശേഷം കൈകൾ കാൽവിരലുകൾ തൊടുന്ന തരത്തിലുള്ള വ്യായാമവും ഗുണം ചെയ്യും.

ഭക്ഷണക്രമം

അന്നജം കൂടുതലുള്ള പഴങ്ങളും കിഴങ്ങുവർഗങ്ങളും കുറയ്‌ക്കുക. ചോക്കലേറ്റ്, ഐസ്‌ക്രീം, ബേക്കറി പലഹാരം തുടങ്ങി കൊഴുപ്പടങ്ങിയതെന്തും പൂർണമായി ഒഴിവാക്കുക. അളവ് കുറച്ച് അത്താഴം കഴിവതും നേരത്തെയാക്കണം. ഭക്ഷണത്തിൽ പച്ചക്കറി കൂടുതൽ ഉൾപ്പെടുത്തണം.

ആയുർവേദത്തിൽ രണ്ടുതരം

ഇംഗ്ലിഷിൽ പോട്ട് ബെല്ലിയെന്ന് അറിയപ്പെടുന്ന കുടവയർ ആയുർവേദത്തിൽ രണ്ടുതരമാണ്. ആരോഗ്യമുള്ളവരിൽ കുടവയറും രോഗാവസ്‌ഥയിലെ കുടവയറും. ഉദരപേശികളിൽ കൊഴുപ്പ് അടിയുന്നതാണ് പോട്ട് ബെല്ലിയുടെ പ്രധാനകാരണം. ഉദരസംബന്ധമായ രോഗമുള്ളവർക്കും ഇതുണ്ടാകും. കുടവയറിന് ചില മരുന്നുകളും ഉദ്ദർത്തനം (കിഴിപ്രയോഗം) പോലുള്ള ചികിൽസ നൽകാറുണ്ടെങ്കിലും സമീകൃത ആഹാരത്തോടൊപ്പം വ്യായാമം ചെയ്യുന്നതു മാത്രമാണ് ശാശ്വതപരിഹാരം നൽകുന്നത്. ദിവസം രണ്ടുനേരം അരവയർ ഭക്ഷണം കഴിക്കുന്നതിനൊപ്പം കാൽവയർ വെള്ളം കുടിക്കുന്നതാണ് ഉത്തമം. മാംസാഹാരം തുടങ്ങി കട്ടിയേറിയ ആഹാരം കഴിക്കുകയാണെങ്കിൽ മറ്റു ഭക്ഷണം ഒഴിവാക്കുന്നതും വയർ കുറയാൻ സഹായിക്കും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.