Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അറ്റം പിളരാതെ സൂക്ഷിക്കണോ? മുടി കത്തിച്ചാല്‍ മതി!!!

വെൻഡി ഐൽസി മെഴുകുതിരി പ്രയോഗം ഘട്ടങ്ങളായി. സെലിബ്രിറ്റി ഹെയർ ഡ്രസർ വെൻഡി ഐൽസിന്റെ ബ്ലോഗ് പോസ്റ്റ്

‘നാരങ്ങാവെള്ളം ഉണ്ടാക്കുന്നതിനു മുൻപ് ചെറുനാരങ്ങ മേശമേൽ വച്ച് കൈകൊണ്ട് നന്നായി അമർത്തി ഉരുട്ടിയതിനു ശേഷം പിഴിഞ്ഞാൽ മതി. നല്ല പോലെ നീര് കിട്ടും’ –അഡോൾഫ് ഹിറ്റ്ലർ

ഇമ്മട്ടിലുള്ള ഡയലോഗുകൾ വാട്ട്സാപ്പിലൂടെയും മറ്റും പായാൻ തുടങ്ങിയിട്ട് നാളുകളായി. നാസികൾക്കെതിരെയല്ലാതെ നാരങ്ങയ്ക്കു വേണ്ടി ഹിറ്റ്ലർ ഇതുവരെ സംസാരിച്ചിട്ടില്ലെന്നത് പകൽപോലെ സത്യം. പക്ഷേ ഹിറ്റ്ലറുടെതെന്ന പേരിൽ ഇന്റർനെറ്റിൽ പായുന്ന ആ ടിപ്സിൽ എന്തെങ്കിലും സത്യമുണ്ടോ? ചിലരെങ്കിലും ഇങ്ങനെ ആലോചിച്ചേക്കാം(ഭയങ്കര ബുദ്ധിമാന്മാർ ക്ഷമിക്കണം) ഇന്റർനെറ്റിൽ കാണുന്നത് സത്യമാണോ നുണയാണോ എന്ന് ദൈവത്തിനു പോലും കണ്ടെത്താൻ പറ്റാത്ത കാലമാണ്. ‘തീ കൊണ്ടു കളിക്കുന്ന’ അത്തരമൊരു ഇന്റർനെറ്റ് ടിപ് പക്ഷേ ഇപ്പോൾ സൂപ്പർ ഹിറ്റാണ്.

velaterapia

മുടിയുടെ അറ്റം പിളരുന്ന പ്രശ്നമുള്ളവർക്കു വേണ്ടി ബ്രസീലിയൻ ബ്യൂട്ടീഷ്യന്മാർ കണ്ടെത്തിയ കാൻഡ്ൽ കട്ടിങ് (Velaterapia) ആണു സംഗതി. പേരുപോലെത്തന്നെ കത്തിച്ച മെഴുകുതിരി കൊണ്ട് മുടി ‘മുറിയ്ക്കുന്ന’ വിദ്യ. വർഷങ്ങളായി ബ്രസീലിയൻ സുന്ദരിമാര്‍ പ്രയോഗിക്കുന്ന ഈ സംഗതി അമേരിക്കയിലെ വിക്ടോറിയാസ് സീക്രട്ടിലെ സൂപ്പർമോഡലുകളായ ബാർബറയും അലസാണ്ട്രയും നടത്തിയെന്നു പ്രഖ്യാപിച്ചതോടെയാണ് സൗന്ദര്യാരാധകരുടെ ഇടയിൽ ഹിറ്റായത്. ബ്രസീലിൽ ഇതിനു വേണ്ടി സ്പെഷൽ സലൂണുകളുണ്ട്. പക്ഷേ മറ്റു രാജ്യങ്ങളിൽ ഈ രീതി അധികം പ്രചാരത്തിലില്ലാത്തതിനാൽ പലരോടും ഈ വിദ്യ വീട്ടിൽ ഒരു കാരണവശാലും സ്വയം പ്രയോഗിക്കരുതെന്നും നിർദേശമുണ്ട്. പ്രഫഷണലായവർക്കു മാത്രമേ ഇതു ചെയ്യാനാകൂവത്രേ.

candle-cut

മൊത്തം മുടി ഓരോരോ ചെറിയ സെക്‌‌ഷനുകളാക്കി മാറ്റിയാണ് പ്രക്രിയ. എന്നിട്ട് ഓരോന്നും നീളത്തിൽ എലിവാലു പോലെ ചുരുട്ടും. അതോടെ പിളർന്നിരിക്കുന്ന മുടിയിഴകൾ മാത്രം ഈ എലിവാൽമുടിയിൽ നിന്നു പുറത്തേക്കു തള്ളിനിൽക്കും. തുടർന്ന് മുടിയിലൂടെ നീളത്തിൽ മെഴുകുതിരി നാളം രണ്ടുമൂന്നുതവണ ഓടിക്കുന്നതോടെ പിളർന്ന മുടിയിഴകളെല്ലാം കത്തിപ്പോകും. പക്ഷേ ഇതു ശ്രദ്ധയോടെ ചെയ്തില്ലെങ്കിൽ കയ്യിലിരിക്കുന്ന മുടി മൊത്തമായങ്ങു കരിയും. ഇതിനു ശേഷം ഹെയർ കണ്ടീഷനിങ്ങാണ്. മുടിയുടെ ആരോഗ്യത്തിനു ചേർന്ന വിറ്റാമിനുകളും പ്രോട്ടീനും അമിനോ ആസിഡും കെരാറ്റിനുമെല്ലാം ചേർന്ന കണ്ടീഷനർ ഉപയോഗിച്ചാണിത്. അതുകൂടി കഴിയുന്നതോടെ പിളർന്ന മുടിയറ്റം മാത്രം കത്തിപ്പോകുകയും നിലവിലുണ്ടായിരുന്നയത്ര മുടിയിഴകൾ തന്നെ ഫ്രഷ് ലുക്കോടെ പാറിപ്പറന്നു കിടക്കുകയും ചെയ്യുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെല്ലാം എത്തിച്ചേരുമത്രേ! ഒന്നൊന്നര മണിക്കൂറെടുക്കുന്ന ഈ പരിപാടിക്ക് 150–200 ഡോളറാണ് (ഏകദേശം 9000–12000 രൂപ!!) ബ്രസീലിലെ സലൂണുകളിൽ ഈടാക്കുന്നത്.

മുടി പിളരുന്ന പ്രശ്നങ്ങമുള്ളവർ മൂന്നു മാസത്തിലൊരിക്കൽ മെഴുകുതിരി പ്രയോഗം നടത്തണമെന്നാണ് വിദഗ്ധാഭിപ്രായം. ‘മെഴുകുതിരി മുടിവെട്ടിന്’ യാതൊരു ശാസ്ത്രീയ അടിത്തറയുമില്ല. പക്ഷേ ഇന്റർനെറ്റിലൂടെ ഇതു സംബന്ധിച്ച വിഡിയോകളും മറ്റും ഏറെ പ്രചരിക്കുന്നതിനാൽ ഇത് ഏറെ ഫലപ്രദമാണെന്ന് വിശ്വസിക്കുന്നവരേറെ. സെലിബ്രിറ്റികളെല്ലാം ഇതിനു പിന്നാലെ പോകുന്നതോടെ വിശ്വസിക്കാതിരിക്കാനും വയ്യാത്ത അവസ്ഥ.