Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിസ്റ്റർ അൽഫോൻസ ഫ്രാൻസിസ്കൻ ക്ലാരമഠത്തിൽ

alphonsamma3

സിസ്റ്റർ അൽഫോൻസയുടെ ജീവിതത്തിലെ നിർണായകഘട്ടം ആരംഭിക്കുന്നത് ചങ്ങനാശേരി ഫ്രാൻസിസ്കൻ ക്ലാരമഠത്തിലാണ്. 1888—ൽ ഏഴു സന്യാസിനികൾ ചേർന്നു രൂപം നൽകിയ ഈ മഠമാണ് കേരളത്തിലെ ആദ്യ സന്യാസിനി സഭ. 1928—ൽ ശിരോവസ്ത്രം സ്വീകരിച്ച സിസ്റ്റർ അൽഫോൻസയുടെ ശേഷിച്ച ജീവിതത്തിന്റെ ഭൂരിഭാഗവും ചിലവഴിച്ചത് ഇവിടെയായിരുന്നു.

1936—ൽ നിത്യവ്രത വാഗ്ദാനം(നൊവിഷ്യേറ്റ്) സ്വീകരിച്ചശേഷമുള്ള കാലഘട്ടമാണ് സിസ്റ്റർ അൽഫോൻസയെ വാഴ്ത്തപ്പെട്ടവളെന്നു സഭയും സമൂഹവും പ്രഖ്യാപിക്കുന്നതിനിടനൽകിയ സംഭവങ്ങളിലേക്കു നയിച്ചത്. ഈ കാലഘട്ടത്തിലുണ്ടായ മൂന്നു പ്രധാന സംഭവങ്ങളാണ് ഇതിനടിസ്ഥാനം.

ഒരിക്കൽ സിസ്റ്റർ അൽഫോൻസയ്ക്കു മാരകമായ ഉദരരോഗം പിടിപെട്ടു. ഭക്ഷണം കഴിക്കാനോ പരസഹായത്തോടെയെങ്കിലും എണീറ്റു നടക്കാനോ സാധിച്ചിരുന്നില്ല. ഈ സമയത്താണ് വാഴ്ത്തപ്പെട്ട ചാവറ കുര്യക്കോസ് ഏലിയാസ് അച്ചനോടുള്ള നൊവേനയും മദ്ധ്യസ്ഥ പ്രാർഥനയും അൽഫോൻസയ്ക്കു ലഭിച്ചത്. നൊവേനയും പ്രാർഥനയുമായി വിശ്വാസപൂർവം എട്ടു ദിനങ്ങൾ പിന്നിട്ടുവെങ്കിലും ആരോഗ്യത്തിൽ കാര്യമായ മാറ്റം ഉണ്ടായില്ല.

എന്നാൽ ഒൻപതാം ദിവസം രാത്രിയിൽ ശുഭ്രവസ്ത്രധാരിയായ പുരോഹിതൻ ദർശനം നൽകിയതായും രോഗം സുഖപ്പെടുത്തിയതായും സിസ്റ്ററിന് അനുഭവപ്പെട്ടു. ദർശനത്തിൽ പ്രത്യക്ഷപ്പെട്ടയാൾ ഇങ്ങനെ പ്രതിവചിച്ചുവത്രേ ‘‘ഇന്നു മുതൽ ഈ രോഗം നിന്നെ കഷ്ടപ്പെടുത്തില്ല. എന്നാൽ മറ്റുപലരോഗങ്ങളാലും നീ കഷ്ടപ്പെടും’’ ഇത്രയും പറഞ്ഞ് വൈദികൻ മറഞ്ഞു. തൽനിമിഷം തന്നെ സിസ്റ്റർ സുഖം പ്രാപിച്ചു. തുടർന്ന് രാവിലെ ദിവ്യബലിയിൽ പങ്കെടുക്കുകയും മറ്റു സഹോദരിമാരോടൊപ്പം പ്രഭാത ഭക്ഷണം കഴിക്കുകയും ചെയ്തു.

എന്നാൽ അധികം താമസിയാതെതന്നെ സിസ്റ്റർ മറ്റൊരു രോഗത്തിന്റെ പിടിയിലകപ്പെട്ടു. നിലയ്ക്കാത്ത രക്തസ്രാവമായിരുന്നു അത്. ദീർഘകാലം പല ചികിത്സകൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ആയുർവേദമരുന്ന് കഴിച്ചതിനെ തുടർന്ന് അല്പം ഭേദമുണ്ടായി. തുടർന്ന് സിസ്റ്ററിനു പൂർണ വിശ്രമം നിർദ്ദേശിക്കപ്പെട്ടു. എന്നാൽ ഈരാറ്റുപേട്ടയ്ക്കടുത്തുള്ള വാകക്കാട് നഴ്സറി സ്കൂൾ അധ്യാപികയുടെ അഭാവത്തിൽ പൂട്ടിക്കിടക്കുകയാണ് എന്ന വാർത്ത സിസ്റ്ററിനെ ദുഃഖിപ്പിക്കുകയും സ്വന്തം ആരോഗ്യം വകവയ്ക്കാതെ അവിടേക്കു യാത്ര തിരിക്കുകയും ചെയ്തു.

വാകക്കാടുവച്ച് രോഗം കലശലാകുകയും തുടർന്ന് ഭരണങ്ങാനത്തേക്ക് മടങ്ങുകയും ചെയ്തു. കുന്നുംമലയും താണ്ടിയുള്ള യാത്ര സിസ്റ്ററിനെ കൂടുതൽ അവശയാക്കി. തുടർന്ന് ചങ്ങനാശ്ശേരിയിലേക്കു മാറ്റപ്പെട്ടു. കഠിനമായ രക്തസ്രാവത്തെ തുടർന്ന് ജീവിതത്തിന്റെ അവസാന ദിവസങ്ങൾ കാത്തുകിടന്ന സിസ്റ്റർ വീണ്ടും ചാവറയച്ചന്റെ മദ്ധ്യസ്ഥ തേടുകയും ആദ്യമുണ്ടായപോലുള്ള സൗഖ്യം ദർശനം വഴി സാധിക്കുകയും ചെയ്തു.

മൂന്നാമതായി സിസ്റ്ററിനെ തേടിയെത്തിയ രോഗം കാലിനുണ്ടായ നീരും പഴുപ്പുമായിരുന്നു. ദീർഘകാലത്തെ കഷ്ടതകൾക്കുശേഷം ഈ രോഗത്തിനും അത്ഭുതകരമായ സൗഖ്യം ലഭിച്ചു.

താൻ ദർശനത്തിൽ കണ്ട ദിവ്യപുരുഷന്റെ രൂപം സിസ്റ്ററിന്റെ നിർദ്ദേശപ്രകാരം ചിത്രീകരിച്ചപ്പോഴാണ് അത് ചാവറയച്ചനാണ് എന്ന സത്യം മറ്റുള്ളവരറിഞ്ഞത്. ഈ സംഭവങ്ങളാണ് സിസ്റ്ററിനെ വാഴ്ത്തപ്പെട്ടവൾ എന്ന ഗണത്തിലേക്കു പരിഗണിക്കുന്നതിനു മുഖ്യപങ്കുവഹിച്ചത്.

രോഗം ബാധിച്ച സമയത്ത് അൽഫോൻസയെ മാതൃഗൃഹത്തിലേക്കു മാറ്റാൻ പലരും നിർബന്ധിച്ചെങ്കിലും അന്നത്തെ ചങ്ങനാശേരി രൂപതാ മെത്രാൻ മാർ ജെയിംസ് കാളാശ്ശേരിയുടെ നിർദ്ദേശപ്രകാരമാണ് മഠത്തിൽ തന്നെ താമസിക്കുവാൻ സിസ്റ്ററിന് അവസരം ലഭിച്ചത്.

രോഗബാധിതയായ സിസ്റ്റർ ഉപയോഗിച്ച മുറിയും കട്ടിലും ഈ മഠത്തിൽ ഇന്നു പവിത്രമായി സൂക്ഷിച്ചിരിക്കുന്നു. സിസ്റ്ററിന്റെ നാമകരണത്തിനായി കല്ലറ തുറന്നപ്പോൾ ഭരണങ്ങാനത്തു നിന്നു കൊണ്ടുവന്ന തിരുശേഷിപ്പും ഉൾപ്പെടുത്തി ഇവിടം മ്യൂസിയമാക്കി മാറ്റിയിരിക്കുന്നു. കൂടാതെ ഫ്രാൻസിസ്കാൻ സന്യാസിനി സഭയുടെ വളർച്ചയും ചരിത്രവും ഈ മ്യൂസിയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിരവധി തീർഥാടക സംഘടനങ്ങൾ ദിവസേന ഇവിടം സന്ദർശിക്കുന്നു.

അൽഫോൻസാമ്മയ്ക്കും ഭരണങ്ങാനം സന്യാസിനീ മഠത്തിനും ഒരേ പ്രായം
വാഴ്ത്തപ്പെട്ട അൽഫോൻസാമ്മയ്ക്കും ഭരണങ്ങാനം ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസിനീ മഠത്തിനും ഒരേ പ്രായമാണ്. സഹനത്തിന്റെ വഴിയിലേക്ക് ഒരു ദിവ്യപ്രകാശം പോലെ അൽഫോൻസാമ്മ കടന്നുവന്നത് 1910 ഓഗസ്റ്റ് 19ന്. എഫ്.സി.സി. മഠം ഭരണങ്ങാനത്ത് സ്ഥാപിതമായത് അതേ വർഷം ഒക്ടോബർ 27നും. വാഴ്ത്തപ്പെട്ടവളുടെ ജനനവും മഠത്തിന്റെ സ്ഥാപനവും ഒരുമിച്ചുവന്ന ഈ സദൃശ്യം ദൈവഹിതമായി കരുതുകയാണ് വിശ്വാസി സമൂഹം.ക്രിസ്തുവിന്റെ ആത്മബലിയിൽ സ്വയം സമർപ്പിച്ച ജീവിതമായിരുന്നു അസീസിയിലെ വിശുദ്ധനായ ഫ്രാൻസീസിന്റേത്. ദൈവത്താൽ നയിക്കപ്പെട്ട ആ ജീവിതരീതിയിൽ പ്രഭുകുമാരിയായിരുന്ന ക്ലാര ആകർഷിക്കപ്പെടുകയും ആ ജീവിതമാർഗം പിന്തുടരുകയും ചെയ്തു. ഫ്രാൻസിസ്കൻ സഭയുടെ ആദർശം സ്വീകരിച്ചുകൊണ്ട് സന്യാസ ജീവിതം നയിക്കുന്നവരാണ് ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സിസ്റ്റേഴ്സ്. ലോകമാകമാനം ഏഴായിരത്തിനടുത്ത് എഫ്.സി.സി. സന്യാസിനികളുണ്ടെന്നാണു കണക്കാക്കപ്പെട്ടിരിക്കുന്നത്.

പാലാ കണ്ണാടിയുറുമ്പിൽ 1887ൽ എട്ട് സന്യാസിനികളുമായി എഫ്.സി.സി. മഠം സ്ഥാപിതമായി. അനാഥരെയും രോഗികളെയും ശുശ്രൂഷിക്കലും പാവപ്പെട്ടവർക്ക് അന്നദാനവുമായിരുന്നു ദൈവത്തിന്റെ സന്ദേശവുമായി സമൂഹമധ്യത്തിലേക്ക് ഇറങ്ങിച്ചെന്ന ആ പുണ്യവതികളുടെ പ്രവർത്തന മേഖല. 1902ൽ മണിയംകുന്നിൽ മഠം സ്ഥാപിച്ചു. ആദ്യകാലത്ത് പ്രതിസന്ധികൾ നേരിടേണ്ടിവന്നപ്പോൾ 1910ൽ ഭരണങ്ങാനത്തേക്കു മഠം മാറ്റുകയായിരുന്നു. 1927 മേയ് 27ന് ഏഴാംക്ലാസിൽ ചേർന്നു പഠിക്കാനായി അൽഫോൻസാമ്മ ക്ലാരമഠത്തിലെ ബോർഡിങ്ങിൽ ചേർന്നു. 1928 ഓഗസ്റ്റ് രണ്ടിന് ക്ലാരസഭയിലെ അർഥിനിയായി ശിരോവസ്ത്രം സ്വീകരിച്ചു. 1930 മേയ് 19ന് ഔദ്യോഗികമായി സഭാവസ്ത്രം സ്വീകരിക്കുകയും ചെയ്തു.

ക്ലാരമഠത്തിൽ അൽഫോൻസാമ്മ താമസിച്ചിരുന്ന പഴയ കെട്ടിടം മാറ്റംകൂടാതെ നിലനിർത്തിയിരിക്കുകയാണ്. ചാണകം മെഴുകിയ തറപോലും കോട്ടംതട്ടാതെ സംരക്ഷിച്ചിരിക്കുന്നു. അൽഫോൻസാമ്മയുടെ മുറിയൊഴിച്ച് ബാക്കിഭാഗം ആധുനിക രീതിയിലുള്ള മ്യൂസിയമാക്കി മാറ്റി. ഇവിടെ അൽഫോൻസാമ്മയുമായി ബന്ധപ്പെട്ട ഒട്ടുമിക്ക വസ്തുക്കളും പ്രദർശിപ്പിച്ചിട്ടുണ്ട്. അപൂർവ ചിത്രങ്ങൾ, അൽഫോൻസാമ്മയുടെ കയ്യക്ഷരത്തിലുള്ള എഴുത്തുകൾ, പുസ്തകങ്ങൾ, ഉപയോഗിച്ചിരുന്ന വസ്തുക്കൾ എന്നിവയുൾപ്പെടുന്ന മ്യൂസിയത്തിലൂടെ ഒരുവട്ടം പ്രദക്ഷിണം പൂർത്തിയാക്കുന്ന ഒരാൾക്ക് വാഴ്ത്തപ്പെട്ടവളുടെ ജീവിതം മുൻപിൽ തെളിയുകയാണ്. 

Your Rating: