Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിലാവിന്റെ ഒരു തുള്ളി

thiruseship

നിലാവിന്റേത് സൗമ്യദ്യുതിയാണ്. പകലിന്റെ തീക്ഷ്ണ മായ പ്രകാശപ്പൊലിമ കഴിഞ്ഞു പരന്നൊഴുകുന്ന പൂനിലാവ് വലിയൊരു സമാശ്വാസമാകുന്നു. ജീവിതത്തിന്റെ വെയിൽച്ചൂടേറ്റു തളർന്നുവീഴുന്നവർക്ക് എപ്പോഴെങ്കിലുമൊക്കെ ആത്മാവിലേക്കു കിനിഞ്ഞിറ ങ്ങുന്ന സാന്ത്വനം ലഭിക്കാൻ അവകാശമുണ്ടെന്നത് പ്രകൃതിനിയമമാണ്; ദൈവിക നിയോഗമാണ്. നാനാതരം ജീവിതവ്യഥകൾകൊണ്ട് ഉരുകുന്നവർക്ക് ആശ്വാസവും സാന്ത്വനവുമാകാൻവേണ്ടി ദൈവം തിരഞ്ഞെടുത്തു സവിശേഷമായ വരങ്ങൾ നൽകി, ചില കാലങ്ങളിൽ ചിലരെ അയയ്ക്കാറുണ്ട്. ജീവിതമെന്ന മഹാപ്രവാഹം അനുസ്യൂതമായിരിക്കണമെങ്കിൽ അങ്ങനെ ചില സാന്നിധ്യങ്ങൾ കൂടിയേ തീരൂ. വിശ്വാസിസമൂഹത്തിന്റെ മനസ്സിൽ എത്രയോ മുൻപുതന്നെ വിശുദ്ധപദവിയിൽ പ്രതിഷ്ഠിതയായിക്കഴിഞ്ഞിരിക്കുന്ന അൽഫോൻസാമ്മ അങ്ങനെ തിരഞ്ഞെടുക്കപ്പെട്ട വരിൽ ഒരുമഹതിയാണ്.

 മുപ്പത്താറു കൊല്ലം മാത്രമേ ഈ ഭൂമിയിൽ ആ കന്യകയ്ക്കു ജീവിതകാലമായി ലഭിച്ചുള്ളൂ.  ജനനത്തിനു മുൻപുതന്നെ ഒരു പരീക്ഷണവസ്തുവാകാൻ അൽഫോൻസയുടെ പ്രാണനെയും ശരീരത്തെയും ദൈവം വിട്ടുകൊടുത്തിരുന്നോ എന്നു തോന്നിപ്പോകും. അൽഫോൻസ ഗർഭസ്ഥശിശുവായിരിക്കേ, അമ്മയുടെ കാലിൽ ഒരു പാമ്പ് കയറി ചുറ്റിയതിനാൽ ഭയചകിതയായ ആ അമ്മ കിടപ്പിലാവുകയും കാലമെത്താത്ത ഒരു കുഞ്ഞിനു ജന്മം നൽകുകയുമായിരുന്നല്ലോ. (ഒത്തിരിക്കാലം മുൻപ്, ഏദൻ തോട്ടത്തിലും ഒരു സർപ്പത്തിന്റെ ഇടപെടലുണ്ടാകുന്നുണ്ട് എന്നു നാം ഓർമിക്കുന്നു.

നന്മയുടെ മുകുളങ്ങളെ വിടരാൻ അനുവദിക്കില്ലെന്ന ശാഠ്യത്തിനു ചരിത്രകാലത്തിനപ്പുറത്തേക്കും നീളമുണ്ടെന്നു നാം തിരിച്ചറിയുന്നു.) മാതൃസാന്നിധ്യത്തിന്റെ ചൂരും ചൂടും ഒരു ഘട്ടംവരെയെങ്കിലും ശിശുവിന് അനുപേക്ഷണീയമാണ്. എന്നാൽ അന്നക്കുട്ടിക്കു നിഷേധിക്കപ്പെട്ടതായിരുന്നു ആ വകയൊക്കെ. നിസ്സഹായനായിരുന്ന പിതാവിന്റെ വാൽസല്യവും വളരെയൊന്നും അനുഭവിക്കാനായില്ല. കാരണം, പിന്നീട് അവൾ പരിപാലിക്കപ്പെടുന്നത് മാതൃസഹോദരിയുടെ ഉത്തരവാദിത്തബോധജന്യമായ കർശന ശിക്ഷണത്തിൻ കീഴിലാണ്. കൗമാരം പിന്നിടാറായപ്പോഴേക്കു വീണ്ടും പരീക്ഷണം: അഭൗമമെന്നു തന്നെ വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ശാലീനസൗന്ദര്യം ദാമ്പത്യജീവിതത്തിന്റെ പ്രലോഭനങ്ങളിലേക്കുള്ള സമ്മർദമായെത്തി അൽഫോൻസയെ വേട്ടയാടി.

മുൻപേ തന്നെ തനിക്കായി അവൾ മനസ്സിൽ സൂക്ഷിച്ചിരുന്ന കന്യകാലയ പ്രവേശനമെന്ന സ്വപ്നത്തിലേക്ക് അവൾ ഒടുവിൽ എത്തിയത് ഒത്തിരി അഗ്നിപരീക്ഷകളെ അതിജീവിച്ചിട്ടാണ്. വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ജീവിതാദർശം സ്വീകരിച്ച് ഏറെക്കുറെ സമാനമായൊരു ജീവിതാവസ്ഥയുപേക്ഷിച്ച് ഫ്രാൻസിസിന്റെ ശിഷ്യയായിത്തീർന്ന് വിശുദ്ധ ജീവിതം നയിച്ചവളാണ് ക്ലാര. ക്ലാരസഭ ആ വിശുദ്ധ രൂപംകൊടുത്ത സന്യാസിനീസമൂഹമാണ്. ആ സമൂഹത്തിലാണ് അൽഫോൻസ അംഗമായത്. ക്രൈസ്തവ സന്യാസിനികൾ ആവശ്യം പാലിക്കേണ്ടിയിരിക്കുന്ന വ്രതത്രയത്തിൽ ഒന്നായ ദാരിദ്യ്രത്തോട് അങ്ങേയറ്റം പ്രതിജ്ഞാബദ്ധത പുലർത്താനാവുന്ന ഒരു സാഹചര്യമായിരുന്നു അവൾ ചേരുന്ന കാലത്ത് ഭരണങ്ങാനം ക്ലാരമഠത്തിലേത്.

മഹായുദ്ധമുളവാക്കിയ വറുതിയും കഷ്ടപ്പാടുകളും എവർക്കും അനുഭവിക്കേണ്ടിവന്ന സാഹചര്യം ആ ചുറ്റുപാടിൽ എത്തപ്പെട്ട അൽഫോൻസ എന്ന നവസന്യാസിനി വിട്ടുമാറാത്ത ചില രോഗങ്ങൾ കാരണം മേലധികാരികൾക്കും സഹസന്യാസിനിമാർക്കും കുറച്ചൊക്കെ ബാധ്യതയായിത്തന്നെ അനുഭവപ്പെട്ടു കാണുമെന്നു തീർച്ച. എങ്കിലും തന്റെ നൈസർഗികമായ സ്നേഹവ്രതം കൊണ്ട് ക്രമേണ അവൾ ഏവർക്കും പ്രിയങ്കരിയായി മാറി. പ്രപഞ്ചത്തെയാകെ ഉൾക്കൊള്ളാൻ കഴിയുന്നൊരു സ്നേഹം അവളുടെ ഹൃദയത്തിലുണ്ടായിരുന്നു എങ്കിലും ഭൗതിക സുഖങ്ങളുടെ ആ കുറവിനെക്കുറിച്ചുള്ള അവബോധം കുട്ടിക്കാലത്തു തന്നെ അവൾ ആർജിച്ചിരുന്നു. ആരുമില്ലാത്തവർക്കു ദൈവമുണ്ട് എന്ന തിരിച്ചറിവ് ശരീര മനസ്സുകളുടെ വ്യാകുലതകൾ അവൾ ദൈവത്തിനു സമർപ്പിച്ചു. ഇന്ന് സമർപ്പിത ജീവിതമെന്നു നാം കേൾക്കുകയും പറയുകയും ചെയ്യുമ്പോൾ ആ പദത്തിന്റെ അർഥവ്യാപ്തി എത്രയേറെയുണ്ടെന്നു ചിന്തിക്കാറുണ്ടോ എന്നു സംശയമുണ്ട്.

ഇന്നത്തെ ഭൗതികജീവിത സാഹചര്യത്തിൽ വായ്ത്തല മടങ്ങിയ ഒരു പ്രയോഗമായി അത് മാറിക്കൊണ്ടിരി ക്കുന്നു എന്നതും ചിന്തനീയമാണ്. അൽഫോൻസാമ്മയെ സംബന്ധിച്ചടത്തോളം സമ്പൂർണമായും ദൈവത്തിനു സമർപ്പിച്ച ജീവിതമായിരുന്നു അവളുടേത്. ദൈവാർച്ചനയ്ക്കായി സമർപ്പിക്കപ്പെട്ടവളാണു താനെന്നും ദൈവത്തിന് ഇഷ്ടപ്പെട്ടവളാകണമെങ്കിൽ സ്വയം ത്യജിക്കാൻ തനിക്കു കഴിയണമെന്നും ഉള്ള ബോധ്യം ആ കന്യകയ്ക്കുണ്ടായിരുന്നു.

മനസ്സുകളെയും അവയുടെ സഹനങ്ങളെയും മറന്ന് പ്രാണനെ ദൈവത്തിലേക്കു ചേർത്തണയ്ക്കാൻ പഠിച്ചവളായിരുന്നു അൽഫോൻസാമ്മ. മറ്റുള്ളവർക്കു ദൃശ്യമാകാത്ത ദൈവദർശനം അവൾക്കു സിദ്ധിച്ചിരുന്നത് ഇൗ അവസ്ഥയിലാണ്. ആ അലൗകികതയോടവൾ സല്ലപിച്ചു. പുറംലോകത്തിന്റെ ദൃഷ്ടിയിൽ മനോവിഭ്രംശം എന്നുപോലും തോന്നിക്കുമാറുള്ള ഒരു മാനസികാവസ്ഥ ഇടയ്ക്കിടെ അവൾക്കുണ്ടായിരുന്നുവെന്നതിനും കാരണമതാണ്. പക്ഷേ, അപ്പോഴെല്ലാം സ്വർഗീയമായ ശാന്തിയും ചൈതന്യവും അവളുടെ മുഖത്തെ ദീപ്തമാക്കിയിരുന്നു.

കത്തിച്ച ഒരു മെഴുകുതിരിത്തുണ്ടുമായി മഠത്തിന്റെ ഇടനാഴിയിലെ ഇരുളിനെ വകഞ്ഞൊതുക്കി നടന്നു വരുന്ന ഒരു കന്യാസ്ത്രീയുടെ ചിത്രം ഇതെഴുതുന്നയാളുടെ ഉൾക്കണ്ണുകളിലുണ്ട്. അൽഫോൻസാമ്മയെ ഞാൻ നേരിൽ കണ്ടിട്ടില്ല. എന്നാൽ തന്റെ ശയ്യയിൽനിന്നു വിഷമിച്ചെഴുന്നേറ്റ്, താൻ എപ്പോഴൊക്കെയോ ശേഖരിച്ചുവച്ച മെഴുകുതിരിക്കഷണങ്ങൾ സഹസന്യാസിനിമാർക്കു വെളിച്ചത്തിന് ഉപകരിക്കുന്നതിനു സമ്മാനിക്കാൻ മുഖത്തൊരു പുഞ്ചിരിയുമായി മെല്ലെ നടന്നുനീങ്ങുന്ന ആ കന്യാസ്ത്രീയുടെ തെളിവാർന്ന മുഖം എനിക്കു കാണാം. ഇൗ ചിത്രത്തിനു പ്രതീകാത്മകമായ ഒരു അപാരഭംഗിയുണ്ടെന്നും ഞാനറിയുന്നു. ആ മെഴുകുതിരിവെട്ടത്തിന്റെ സൗമ്യകിരണങ്ങൾ ആത്മാവിൽ ഏറ്റുവാങ്ങുവാൻ ലോകത്തിനു കഴിയട്ടെ എന്നു പ്രാർഥിക്കുന്നു. കാരണം, ആ വെളിച്ചം സ്വർഗത്തിലെ നിലാവിന്റെ ഒരു തുള്ളിയാണല്ലോ.

(അൽഫോൻസാമ്മയുടെ ജീവചരിത്രകാരനാണു ലേഖകൻ) 

Your Rating: