Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിശുദ്ധിയിലേക്കുള്ള വഴി

room-bhm

സഹനത്തിന്റെ സൗരഭ്യം ആദ്യം തിരിച്ചറിഞ്ഞതു കുട്ടികളാണ്. ‘കഴിഞ്ഞ ദിവസം മരിച്ച ആ അമ്മയുടെ കബറിട ത്തിൽ പോയി പ്രാർഥിച്ചാൽ ചോദിക്കുന്നതെല്ലാം സാധിക്കും’ എന്ന അവരുടെ വർത്തമാനങ്ങളെ കുട്ടിക്കളിയായേ മുതിർന്നവർ കണ്ടുള്ളൂ.

പക്ഷേ, സഹപാഠികളുടെ വാക്കുകൾ നിഷ്കളങ്കരായ കൂട്ടുകാർ വിശ്വസിച്ചു. അവർ രാവിലെയും ഉച്ചയ്ക്കും ക്ലാസിന്റെ ഇടവേളകളിലുമൊക്കെ അൽഫോൻസാമ്മ യുടെ കബറിടത്തിൽ പോയി കുഞ്ഞുമനസ്സിന്റെ നൊമ്പരങ്ങൾ പങ്കുവച്ചു. ആഗ്രഹങ്ങൾ പറഞ്ഞു മെഴുകുതിരികൾ കത്തിച്ചു. അദ്ഭുതകരമായ ആഗ്രഹ നിവൃത്തികളുടെ പരിമളം ഭരണങ്ങാനത്തും പരിസര പ്രദേശത്തും പടർന്നു. അനുഭവ സാക്ഷ്യങ്ങളുമായി മുതിർന്നവരും ര ംഗത്തു വന്നതോടെയാണു നിജസ്ഥിതി അന്വേഷിക്കാൻ പാലാ രൂപത തീരുമാനിച്ചത്. വിശുദ്ധ പദവിയിലേക്കു നടപടികൾ തുടങ്ങിവയ്ക്കാൻ തക്ക കാര്യങ്ങളുണ്ടോ എന്ന് അന്വേഷിക്കാനായി അന്നത്തെ രൂപതാധ്യക്ഷൻ മാർ സെബാസ്റ്റ്യൻ വയലിൽ മോൺ. ജെ.സി. കാപ്പനെ ചുമതലപ്പെടുത്തി.

അൽഫോൻസാമ്മയുടെ നിർമല ജീവിതവും അവരുടെ കല്ലറയ്ക്കു ചുറ്റുമുള്ള സമാശ്വാസ സാന്നിധ്യവും കൂടെ ജീവിച്ചവരുടെ സാക്ഷ്യങ്ങളും ഉൾക്കൊള്ളുന്ന വിശദ റിപ്പോർട്ടുമായാണു മോൺസിഞ്ഞോർ തിരിച്ചു രൂപതയുടെ പടികയറിയത്. റിപ്പോർട്ട് സമഗ്രമായി പഠിച്ചു സംശയനിവൃത്തി വരുത്തിയ വയലിൽ പിതാവ് നാമകരണ നടപടികൾ തുടങ്ങാൻ റോമിലേക്കു ശുപാർശ ചെയ്തു. ഇൗ ശുപാർശയുടെ വെളിച്ചത്തിൽ റോമിൽ ഫാ. ഫോർത്തൂണാന്തോ ഷിപ്പിയോണിനെ പോസ്റ്റുലേറ്ററായും പാലായിൽ മോൺ. ജെ.സി. കാപ്പനെ വൈസ് പോസ്റ്റുലേറ്ററായും നിയമിച്ചു നാമകരണ നടപടി ആരംഭിച്ചു.

ഭക്തിപാരവശ്യത്തിൽ ആളുകൾ ഭാവനയിൽനിന്നു കഥകൾ സൃഷ്ടിക്കും. വിശുദ്ധരുടെ വിശുദ്ധിയിൽ ഒരു പോറൽപോലും വീഴാൻ ഇടയാകരുതെന്നു നിർബന്ധമുള്ള കത്തോലിക്കാ സഭ കർശന വ്യവസ്ഥകളുടെ മതിൽക്കെട്ടുകളാണു വിശുദ്ധ പദവിക്കു മുന്നിൽ തീർത്തിരിക്കുന്നത്. എല്ലാ ഘട്ടങ്ങളും വിജയകരമായി അതിജീവിക്കുന്നവരേ പരമോന്നതമായ ആ സഭാപദവിയിൽ എത്തുകയുള്ളൂ.

വ്യവസ്ഥകളുടെ ഭാഗമായി രൂപീകരിച്ച രൂപതാ കോടതി പൗരസ്ത്യ തിരുസംഘത്തിന്റെ സെക്രട്ടറി കർദിനാൾ ടിസറാങ് 1953 ഡിസംബർ രണ്ടിനു ഭരണങ്ങാനത്ത് ഉദ്ഘാടനം ചെയ്തു. ഫാ. റോമയോ തോമസായിരുന്നു പ്രധാന ജഡ്ജി. പ്രാഥമിക റിപ്പോർട്ടുകൾ ഇൗ കോടതി ശരിവച്ചു. 1955ൽ രണ്ടാമത്തെ രൂപതാ കോടതിയും രൂപീകരിച്ചു. ഇൗ കോടതി 1957 ഏപ്രിൽ 13നു കബറിടം തുറന്നു തെളിവുകൾ പരിശോധിച്ചു.

1960ൽ വീണ്ടും രൂപതാ കോടതി സ്ഥാപിച്ചു. സിസ്റ്റർ അൽഫോൻസയുടെ ജീവിത വിശുദ്ധി സംബന്ധിച്ചു പഴുതില്ലാത്ത അന്വേഷണം നടത്തുന്നതിൽ ജാഗ്രത പാലിച്ച കോടതികൾ ആദ്യ ഒൻപതു വർഷംകൊണ്ട് 822 തവണ സമ്മേളിച്ചു. 126 പേരെ വിശദമായി വിസ്തരിച്ചു. റിപ്പോർട്ടിന്റെ വലിപ്പം പതിനായിരം പേജ്! ബിഷപ് മാർ വയലിൽ റിപ്പോർട്ട് അംഗീകരിച്ചശേഷം 1962 ഒക്ടോബറിൽ റോമിൽ എത്തിച്ചുകൊടുത്തു. ഇതിനിടെ ഫാ. ഷിപ്പിയോണിന്റെ മരണത്തെ തുടർന്ന് ഫാ. അന്തോണിയോ കൈരോളി പോസ്റ്റുലേറ്ററായി സ്ഥാനം ഏറ്റിരുന്നു.

റോമിലെ വിദഗ്ധ സമിതി റിപ്പോർട്ട് പരിശോധിച്ചശേഷം നാമകരണത്തിനുള്ള അടുത്ത നടപടിയായി രൂപതയിൽ അപ്പസ്തോലിക കോടതി ആര ംഭിക്കാൻ 1979 ജനുവരി ആറിനു നിർദേശിച്ചു. 1980 ജൂലൈ 19ന് ആരംഭിച്ച കോടതി 146 സിറ്റിങ്ങുകളിലായി 46 സാക്ഷികളെക്കൂടി വിസ്തരിച്ചു. പിറ്റേവർഷം അവസാനത്തോടെ റോമിൽ റിപ്പോർട്ട് നൽകി. റോമിലെ സമിതി വർഷങ്ങളെടുത്തു റിപ്പോർട്ട് പഠിക്കുകയും സംശയങ്ങൾ ദൂരികരിക്കുകയും ചെയ്തശേഷം ‘അൽഫോൻസാമ്മയുടെ ജീവിതം വീരോചിതമായ പുണ്യങ്ങൾ നിറഞ്ഞതാണെ’ന്നു പ്രഖ്യാപിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ 1984 നവംബർ ഒൻപതിന് അൽഫോൻസാമ്മയ്ക്കു ധന്യ എന്ന പദവി നൽകി.

അൽഫോൻസാമ്മയുടെ മധ്യസ്ഥത വഴി നടന്ന രോഗശാന്തികളുടെ നിജസ്ഥിതി അന്വേഷിക്കലാണു കോടതി അടുത്ത ഘട്ടത്തിൽ ചെയ്തത്. മൂന്നെണ്ണമാണ് അന്തിമ പരിഗണനയ്ക്കു വന്നത്. ഇവ ദൈവ ശാസ്ത്രജ്ഞരുടെയും ഡോക്ടർമാരുടെയും സംഘം പരിശോധിച്ചു, ബന്ധുക്കളെയും നാട്ടുകാരെയും ചികിത്സിച്ചിരുന്ന ഡോക്ടർമാരെയും വിസ്തരിച്ചു. ഇതിൽ കാഞ്ഞിരപ്പള്ളി അത്തിയാലിൽ കുഞ്ഞേട്ടന്റെ ജന്മനാ വളഞ്ഞിരുന്ന കാല് അൽഫോൻസാമ്മയോടുള്ള പ്രാർഥനയ്ക്കുശേഷം നിവർന്നത് അദ്ഭുതമായി സമിതി അംഗീകരിച്ചു. 1985 ജൂലൈ ആറിന് ഇത് അദ്ഭുത രോഗശാന്തിയായി ഒൗദ്യോഗികമായി പ്രഖ്യാപിച്ചു. 1986 ഫെബ്രുവരി എട്ടിനു ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ കോട്ടയത്തുവച്ച് അൽഫോൻസാമ്മയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു.

വാഴ്ത്തപ്പെട്ടവളെന്ന പ്രഖ്യാപനത്തിനുശേഷം വീണ്ടും അദ്ഭുതം നടന്നെന്ന് സഭ അംഗീകരിച്ചെങ്കിൽ മാത്രമേ നാമകരണത്തിന്റെ അടുത്തഘട്ടം ആര ംഭിക്കുകയുള്ളൂ. അതിനു നിമിത്തമാകാനുള്ള ഭാഗ്യം കോട്ടയം ജില്ലയിലെ മണ്ണാറപ്പാറ ഒഴുത്തൊട്ടിയിൽ ഷാജി-ലിസി ദമ്പതികളുടെ മകൻ ജിനിലിനായിരുന്നു. ജന്മനാ വശങ്ങളിലേക്കു തിരിഞ്ഞിരുന്ന ജിനിലിന്റെ രണ്ടു കാൽപാദവും ഭരണങ്ങാനത്ത് അൽഫോൻസാമ്മയുടെ കല്ലറയിൽ കിടത്തി പ്രാർഥിക്കുന്നതിനിടെ നിവർന്നു. ഇൗ അദ്ഭുതത്തെക്കുറിച്ച് അന്നത്തെ വൈസ് പോസ്റ്റുലേറ്റർ ഫാ. ഫ്രാൻസിസ് വടക്കേലിനെ അറിയിച്ചു. അദ്ദേഹം ഇൗ വിവരം റോമിലേക്ക് അറിയിച്ചു. നാമകരണ നടപടികളുടെ അടുത്തഘട്ടം തുടങ്ങാനുള്ള അനുവാദം 2002 ജനുവരി 24നു മാർ ജോസഫ് പള്ളിക്കാപ്പറമ്പിലിനു റോമിൽനിന്നു ലഭിച്ചു.

മോൺ. ജോസഫ് മറ്റത്തിന്റെ അധ്യക്ഷതയിൽ കൂടിയ കോടതി തുടർച്ചയായി 42 ദിവസം സമ്മേളിച്ചു. 40 സാക്ഷികളിൽനിന്നും 12 ഡോക്ടർമാരിൽനിന്നും തെളിവെടുത്തു. സെപ്റ്റംബർ 30ന് അദ്ഭുതം സംബന്ധിച്ചുള്ള സാക്ഷിമൊഴികൾ പെട്ടിയിലാക്കി മുദ്രവച്ചു. ഇത് ഒക്ടോബർ 10നു റോമിലെത്തിച്ചു. ഇത് അവിടെ വീണ്ടും ഡോക്ടർമാരുടെ സമിതിക്കു വിട്ടു. അവർ രേഖകൾ പരിശോധിച്ചു. 2006 മാർച്ച് 23ന് അഞ്ചു ഡോക്ടർമാരടങ്ങുന്ന മെഡിക്കൽ കൗൺസിൽ ജിനിലിന്റെ കാൽ നിവർന്നത് അദ്ഭുതമാണെന്ന് അംഗീകരിച്ചു. തിയോളജിക്കൽ കൗൺസിലാണു പിന്നീടു രേഖകൾ പരിശോധിച്ചത്. അവരും അത്ഭുതം അംഗീകരിച്ചു. പിന്നീടു മെത്രാന്മാരുടെയും കർദിനാൾമാരുടെയും കൗൺസിൽ പരിശോധിച്ച് 2007 ജനുവരി 10നു രോഗശാന്തി അംഗീകരിച്ചു. 2007 ജൂൺ ഒന്നിനു ബനഡിക്ട് പതിനാറാമൻ മാർപാപ്പ അദ്ഭുതം അംഗീകരിച്ച് ഒപ്പുവച്ചു. 2008 ഒക്ടോബർ 12ന് റോമിൽ മാർപ്പാപ്പ അൽഫോൻസാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ചു.
 

Your Rating: