Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചാരക്കൂട് വിശുദ്ധിയുടെ തീക്കനൽ

alphonsamma7

വിശുദ്ധ കൊച്ചുത്രേസ്യായുടെ ജീവിതവഴികൾ പിന്തുടർന്നു വിശുദ്ധയാകാനാഗ്രഹിച്ച വാഴ്ത്തപ്പെട്ട അൽഫോൻസാമ്മയുടെ ജീവിതവുമായി ഏറെ ബന്ധപ്പെട്ട ചരിത്രമാണ് കോട്ടയം ജില്ലയിലെ മുട്ടുചിറ മുരിക്കൻവീട്ടിലെ ചാരക്കൂടിനുള്ളത്. ‘വിവാഹത്തെ ക്കാൾ മരണം’ എന്ന മനോഭാവം യാഥാർഥ്യമാക്കാൻ തന്റെ ദേഹത്തിൽ വൈരൂപ്യം വരുത്തുക മാത്രമാണെന്നു കരുതിയ വാഴ്ത്തപ്പെട്ടവൾ അതിനുള്ള വഴി കണ്ടെത്തിയത് ഈ ചാരക്കൂട്ടിലെ അണയാത്ത തീയിലൂടെയായിരുന്നു.

അന്നക്കുട്ടിക്കു 13 വയസ്സായപ്പോൾ വളർത്തുഗൃഹമായ മുരിക്കൻവീട്ടിൽ വിവാഹാലോചനകൾ തകൃതിയായി. ഒടുവിൽ ഇക്കാര്യത്തിൽ തീരുമാനവുമെടുത്തു. വിവാഹവേദി യിലേക്കു നയിക്കാനായി ആഭരണങ്ങളുടെ പണിയും ആരംഭിച്ചു. ഈ സമയം തനിക്കു കന്യകാലയജീവിതം നയിക്കാനിടയാക്കണമെന്ന പ്രാർഥന കളിലൂടെ അൽഫോൻസാമ്മ തന്നെ പൂർണമായും അമലോത്ഭവകന്യകയെ ഭരമേൽപിച്ചു. എന്നാൽ, വിവാഹനിശ്ചയത്തിൽ നിന്നു വീട്ടുകാർ പിന്തിരിയാതെ വന്നതോടെ അൽഫോൻസ പ്രാർഥനകൾക്കു ശക്തി വർധിപ്പിച്ചു. പിതാവ് മുട്ടത്തുപാടത്ത് ജോസഫിനെപ്പോലെ മണലിൽ മുട്ടിന്മേൽ നിന്ന് മണിക്കൂറുകളോളം പ്രാർഥിച്ചു.

ഒരുദിവസം രാത്രിമുഴുവൻ അൽഫോൻസാമ്മ കരഞ്ഞുപ്രാർഥിച്ചു. പിറ്റേന്നു രാവിലെ, വീടിന്റെ ഒരുവശത്ത് കൊയ്ത്തുകഴിഞ്ഞു പതിരിട്ടു തീകൊളുത്തിയിരിക്കുന്ന കുഴിയുടെ വക്കത്തുനിന്നു കാൽ തീയിലേക്കിട്ടു ദേഹത്തിനു വൈരൂപ്യം വരുത്താനായിരുന്നു വാഴ്ത്തപ്പെട്ട വളുടെ തീരുമാനം. എന്നാൽ, പെട്ടെന്നു കാൽ താഴുകയാൽ അന്നക്കുട്ടി ഉമിത്തീയിൽ മുട്ടോളം താഴ്ന്നുപോയി. കുഴിയിൽനിന്നു കയറാനുള്ള ശ്രമത്തിൽ കുഴിയിലൂടെ അങ്ങോട്ടുമിങ്ങോട്ടുമോടവേ തലമുടിയുടെ അറ്റവും കരിഞ്ഞു. ദൈവപരിപാലനയാൽ താൻ കരയ്ക്കെത്തപ്പെടുകയായിരുന്നുവെന്ന് അൽഫോൻസാമ്മ പിന്നീടു ഗുരുനാഥനായിരുന്ന ളൂയീസച്ചനോടു പറഞ്ഞതായി പുസ്തകങ്ങളിൽ പ്രതിപാദിക്കുന്നുണ്ട്.

വേദനകൊണ്ടു പുളഞ്ഞപ്പോൾ കാലിൽ തൂത്തതുവഴി തൊലി ഉരിഞ്ഞുപോയി. കാലിൽ കിടന്നു ചുട്ടുപഴുത്ത തള തട്ടാനെ വരുത്തിയാണു നീക്കിയത്. കാൽ വെന്തുനീറിയപ്പോഴും നിശ്ശബ്ദയായി എല്ലാം സഹിച്ച അൽഫോൻസാമ്മ ജീവിതത്തിൽ ഏറ്റുവാങ്ങിയ വേദനകളിൽ ചെറിയൊരു തുടക്കമായിരുന്നു ഇത്. വളർത്തമ്മ മുരിക്കൻ അന്നമ്മയുടെ ത്യാഗപൂർണമായ മാതൃസ്നേഹത്തിനും വാത്സല്യാതിരേകത്തിനും ഉത്തമനിദർശനമായി ചൂണ്ടിക്കാണിക്കപ്പെടുന്ന ഈ സംഭവം അൽഫോൻസാമ്മയുടെ കന്യകാലയ പ്രവേശനത്തിനു വഴിതെളിച്ചു.

വാഴ്ത്തപ്പെട്ടവളുടെ ജീവിതവുമായി ബന്ധപ്പെട്ട ഈ ചാരക്കൂട് അതിപൂജ്യമായി മുരിക്കൻവീട്ടിൽ സംരക്ഷിച്ചുപോരുന്നു. ഉപകാരസ്മര ണാർഥം ചിലരുടെ ചിത്രങ്ങളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ഉമിത്തീയിൽപ്പെട്ട സമയം ചികിത്സിച്ച പാത്രങ്ങളും ചികിത്സയ്ക്കായി ഉപയോഗിച്ചതെന്നു കരുതുന്ന കൽക്കുഴിയുമൊക്കെ ഭക്തർ ഏറെ ഭക്തിപൂർവം വണങ്ങുന്നു. കന്യകാത്വം കാക്കാൻ ഉമിത്തീയിൽ ചാടി കാലുപൊള്ളിച്ച നാൾമുതൽ വിവിധ രോഗപീഡകൾ സഹിച്ച അൽഫോൻസാമ്മ ആതുരരുടെമേൽ അലിഞ്ഞ് അവർക്കു ശാന്തി നൽകാൻ ഇവിടെ മധ്യസ്ഥയാകുകയാണ്.

പൗരസ്ത്യസഭകളുടെ തിരുസംഘം സെക്രട്ടറി കർദിനാൾ എവുജിൻ ടിസറാങ്, കർദിനാൾമാരായ മാർ ആന്റണി പടിയറ, മാർ കുഷിങ്, മാർ ഗ്രേഷ്യസ്, ബിഷപ് മാർ തൂങ്കുഴി, പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ തുടങ്ങി ആത്മീയരംഗത്തെ അനവധി പ്രമുഖർ അൽഫോൻസാമ്മ ബാല്യകൗമാരങ്ങൾ പിന്നിട്ട മുട്ടുചിറ മുരിക്കൻവീടു സന്ദർശിച്ചിട്ടുണ്ട്. നാമകരണ നടപടിയുമായി ബന്ധപ്പെട്ടു മറ്റ് ഒട്ടേറെ പ്രമുഖർ ഇവിടെ എത്തിയിട്ടുണ്ട്.അൽഫോൻസാമ്മ പ്രാർഥിച്ചിരുന്ന മുറിയിൽ പ്രാർഥിക്കുന്നതിനും അമ്മയുടെ കരസ്പർശമേറ്റ വസ്തുക്കൾ വണങ്ങി അനുഗ്രഹം നേടുന്നതിനും ധാരാളംപേർ ഇവിടെ എത്തുന്നുണ്ട്. 
 

Your Rating: