Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുഃഖങ്ങള്‍ സമര്‍പ്പിക്കാനുമുള്ള ധന്യവേള

by സ്വന്തം ലേഖകൻ
attukal-pongala-07

മനസ്സിലെ പൊങ്കാലയൊരുക്കം എത്രയോ മുന്‍പ് തുടങ്ങുന്നതാണ്. പൊങ്കാലത്തീയതി യുമായി അതിനു ബന്ധമേയില്ല. സത്യത്തി ല്‍, ഒരു പൊങ്കാലപ്പിറ്റേന്നു തന്നെ അടുത്ത പൊങ്കാലയ്ക്കു മനസ്സില്‍ കോപ്പുകൂട്ടിത്തുട ങ്ങുക തന്നെയാണ്. ഒരിക്കല്‍ പൊങ്കാല പുണ്യം നുകര്‍ന്നവര്‍ക്ക് പൊങ്കാലയെന്നത് മനസ്സിലെ കെടാനാളമാകുന്നു. എന്നും ദീപ്തമാണ് ആ അനുഭവം. ആ ഊര്‍ജം പിന്‍പറ്റിയേ ഒാരോ ദിനവും പുലരുന്നുള്ളു. ജന്മം തന്നെ ആറ്റുകാലമ്മയ്ക്കു സമര്‍പ്പിച്ച വര്‍ക്ക് പൊങ്കാലയെന്നാല്‍ ജീവിതത്തില്‍ നിന്ന് അടര്‍ത്തി മാറ്റാനാകാത്തതാണ്. ഒരു വര്‍ഷത്തെ ഏറ്റവും പുണ്യമേറിയ ദിനമാകുന്നു അവര്‍ക്ക് ആറ്റുകാല്‍ പൊങ്കാല.

നിത്യജീവിതത്തിന്റെ യാതനകളില്‍ തളരുന്നവര്‍ക്ക്, ദുരിതങ്ങളില്‍ മനസ്സു നീറുന്നവര്‍ക്ക്, ജീവിത പന്ഥാവിലെ കഠിനദുഃഖങ്ങളില്‍ മനസ്സു പതറുന്നവര്‍ക്ക്, അമ്മയെ ഏറ്റവും അടുത്തറിയാനും ദുഃഖങ്ങള്‍ ആ കാല്‍ക്കല്‍ സമര്‍പ്പിക്കാനുമുള്ള ധന്യവേളയാണ് പൊങ്കാല നാള്‍. പൊങ്കാലയുടെ ആധ്യാത്മിക തലം, നാനാര്‍ഥങ്ങള്‍ എന്തുമാകട്ടെ, ഭക്തര്‍ക്ക് അത് ആറ്റുകാല്‍ ദേവിയുമായുള്ള മുഖാമുഖം തന്നെയാണ്. പൊങ്കാലയുടെ ഒാരോ നിമിഷവും ദേവി അടുത്തുണ്ടെന്ന പോലെ തന്നെയാണ് അനുഭവം. ദേവി എല്ലാം വീക്ഷിച്ചുകൊണ്ട് അരികെത്തന്നെയുണ്ട്, സമര്‍പ്പണം അറിയുന്നുണ്ട്, അകക്കണ്ണീര്‍ കാണുന്നുണ്ട് അമ്മയുടെ ഭക്തര്‍ക്ക് ഉറപ്പാണത്.

അതുകൊണ്ടു തന്നെ പൊങ്കാല യഥാര്‍ഥ ഭക്തര്‍ക്ക് വാക്കുകളാല്‍ വിവരിക്കാന്‍ പറ്റാത്ത അനുഭൂതിയും നിറവുമാണ്. സമസ്ത ദുഃഖങ്ങളും ദേവിയുടെ കാല്‍ക്കല്‍ വയ്ക്കുകയാണ്. അമ്മയുടെ അളവറ്റ അനുഗ്രഹധാര ഏറ്റുവാങ്ങുകയാണ്. അത് കോടി ജന്മത്തിന്റെ ധന്യതയാണ് പകരുക. അതുകൊണ്ടു തന്നെ പറയാം, ആറ്റുകാല്‍ പൊങ്കാലയ്ക്ക് പകരം വയ്ക്കാന്‍ മറ്റൊന്നില്ല. കുംഭം പിറക്കുമ്പോഴേ പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങളുടെ ചര്‍ച്ച തുടങ്ങും ഒാരോ ഭക്തഗൃഹ ത്തിലും. ഒാരോ സ്ത്രീയും പൊങ്കാലയുടെ ചൈതന്യം ഏറ്റുവാങ്ങി ഉല്‍കൃഷ്ടതയെ അറിയുന്ന നാളുകള്‍. മനസ്സ് എത്രയോ നാള്‍ മുന്‍പേ നോമ്പു നോറ്റു തുടങ്ങിയതല്ലേ..

ഈ വര്‍ഷത്തെ പൊങ്കാലയ്ക്ക് വീട്ടില്‍നിന്നു പോകുന്നതാരൊക്കെയെന്ന കണക്കെടുപ്പ്. അയല്‍പക്കക്കാരുടെയും സുഹൃത്തുകളുടെയും പങ്കാളിത്തം ഉറപ്പാക്കലാണ് അടുത്ത പടി. പൊങ്കാലയിടാന്‍ നിശ്ചയിക്കുമ്പോള്‍ത്തന്നെ മനസ്സില്‍ അപാരമായ ഊര്‍ജം അനുഭവിക്കാന്‍ കഴിയുമെന്ന് ഭക്തരുടെ അനുഭവമാണ്.. നാളുകളെണ്ണി കാത്തിരിക്കുന്നതിനുമുണ്ട് സുഖം. ദേവിയെ കാപ്പുകെട്ടി കുടിയിരുത്തി ആറ്റുകാലില്‍ ഉല്‍സവത്തുടക്കമിടുമ്പോഴേക്കും മനസ്സ് ദേവീദര്‍ശനത്തിനായി കുതികൊള്ളും. ഉല്‍സവ നാളുകള്‍ ആറ്റുകാലില്‍ തിരക്ക് മൂര്‍ച്ഛിക്കുന്ന കാലമാണെങ്കിലും പൊങ്കാലയ്ക്കു മുന്നേ അമ്മയെ കണ്ടു തൊഴല്‍ പലര്‍ക്കും തെറ്റിക്കാനാവാത്ത ചിട്ടയാണ്.

പൊങ്കാലയൊരുക്കങ്ങള്‍ പലരും കാലേകൂട്ടി തുടങ്ങും. പുത്തന്‍ കലം വാങ്ങുന്നതു മുതല്‍ ആഴ്ചകള്‍ മുന്‍പേ ഒരുക്കം തുടങ്ങുന്നവരുണ്ട്. പൊങ്കാലയ്ക്കുടുക്കാന്‍ പലതരത്തിലും വിലയിലുമുള്ള പൊങ്കാല സാരികള്‍ കിട്ടുമെങ്കിലും നല്ല കേരളീയ വേഷത്തില്‍ പൊങ്കാലയ്ക്കെത്തുന്നതാണ് പലര്‍ക്കുമിഷ്ടം. വെങ്കലം, സ്റ്റീല്‍ പാത്രങ്ങള്‍ പൊങ്കാലയില്‍ പ്രത്യക്ഷപ്പെടുമെങ്കിലും പ്രിയം മണ്‍കലങ്ങള്‍ക്കു തന്നെ. നൂറ്റൊന്നു പൊങ്കാല നേര്‍ച്ചയുള്ളവര്‍ക്കെല്ലാം അത്രയും മണ്‍കലങ്ങള്‍ തന്നെ വേണം. പൊങ്കാലയ്ക്കുളള സാധനങ്ങള്‍ ഇപ്പോള്‍ റെഡിമെയ്ഡ് കിറ്റുകളില്‍ സുലഭം. പക്ഷേ പരമ്പരാഗത ഭക്തര്‍ക്ക് എല്ലാം സ്വന്തം കയ്യാല്‍ തയാറാക്കണമെന്ന നിര്‍ബന്ധമുണ്ട്.

പൊങ്കാലയ്്ക്ക് അരിയും ശര്‍ക്കരയും തേങ്ങയും ഏലക്കയും ഒരുക്കണം. തെരളി നിവേദ്യത്തിന് തെരളിയിലകള്‍ സംഘടിക്കണം. അരി വറുത്തു പൊടിച്ച് സ്വയം തയാറാക്കുന്നത് റെഡിമെയ്ഡ് പൊടിയേക്കാള്‍ ഏറെ നന്ന്. മണ്ടപ്പുറ്റ് നിവേദിക്കുന്നവരും ഏറെയുണ്ട്. ശിരോരോഗങ്ങളുടെ ശമനത്തിനാണ് ദേവിക്ക് മണ്ടപ്പുറ്റ് വഴിപാട് നേരുന്നത്. പയര്‍ വറുത്തുപൊടിച്ചതും അരിപ്പൊടിയും ശര്‍ക്കരയും തേങ്ങയും പഴവും ഏലക്കയും ചേര്‍ത്തു കുഴച്ചാണ് മണ്ടപ്പുറ്റ് ഉണ്ടാക്കുക. ഈ മിശ്രിതം ഉരുളകളാക്കി അതില്‍ മൂക്കും കണ്ണുമൊക്കെ അടയാളപ്പെടുത്തും. ശിരസ്സിന്റെ പ്രതിരൂപമാണ് ഈ വിഭവത്തിനുള്ളത്. പലരും വെള്ളനിവേദ്യവും ഒരുക്കാറുണ്ട്. പിന്നെ കൊതുമ്പും ചൂട്ടും കെട്ടുകളാക്കി വയ്ക്കുന്നതോടെ പൊങ്കാലയ്ക്കുള്ള ഒരുക്കം ഏറെക്കുറെ പൂര്‍ത്തിയായി.

പൊങ്കാലത്തലേന്ന് ഉറക്കമില്ലാത്തതാണ്. സൂര്യോദയത്തിന് എത്രയോ മുന്‍പു പുറപ്പെടും. മൂന്നും നാലും ദിവസവും മുന്‍പ് ക്ഷേത്രപരിസരത്ത് അടുപ്പുകളൊരുക്കി ധന്യമുഹൂര്‍ത്തം കാത്തിരിക്കുന്ന വരുമുണ്ട്. അവര്‍ക്കെല്ലാം ദേവിയെ തൊട്ടടുത്ത് കണ്ടുകൊണ്ട് പൊങ്കാലയര്‍പ്പിക്കാന്‍ കഴിയുമെന്ന സുകൃതമുണ്ട്. പൊങ്കാലയടുപ്പില്‍ തീ പകരുന്നത് മിക്കപ്പോഴും പത്തുമണിക്കു ശേഷമാകും. അതുവരെ അടുപ്പു കല്ലുകള്‍ വാങ്ങി അടുപ്പൊരുക്കുക, വെള്ളം പിടിച്ചു വയ്ക്കുക, തെരളിക്കും മണ്ടപ്പുറ്റിനുമുള്ള കൂട്ട് തയാറാക്കി ഒരുക്കിവയ്ക്കുക തുടങ്ങിയ ജോലികളുണ്ട്. എല്ലാം ഒന്ന് ഒരുക്കിക്കഴിഞ്ഞാല്‍ ആറ്റുകാലമ്മയെ തൊഴാന്‍ ഒാട്ടമാണ്. തീപകരും മുന്‍പ് അമ്മയെ കണ്ട് അനുഗ്രഹം വാങ്ങാന്‍ തിരക്കിനിടയിലൂടെ നടന്നും ഒാടിയുമൊക്കെ ഏറെപ്പേര്‍ എത്താറുണ്ട്.

പൊങ്കാലനാളില്‍ അനന്തപുരിക്ക് മറ്റൊന്നുമില്ല. പൊങ്കാല, പൊങ്കാല മാത്രം.. മുക്കല്ല് വയ്ക്കാവുന്ന ഒാരോ തുണ്ട് തറയും പൊങ്കാലയുടെ സുകൃതമറിയും. ആറ്റുകാല്‍ ക്ഷേത്രസന്നിധിയുടെ പത്തു കിലോമീറ്റര്‍ ചുറ്റളവോളം ഇപ്പോള്‍ പൊങ്കാലയടുപ്പുകള്‍ നിരക്കാറുണ്ട്. ഒാരോ ചെറുകവലകളിലും ദേവിയുടെ അലങ്കരിച്ച ചിത്രമൊരുക്കി പൂജകള്‍ നടക്കും. എങ്ങും കൊടിതോരണങ്ങള്‍. അന്നപാനാ ദികള്‍ ഉപേക്ഷിച്ചാണ് ഉത്തമഭക്തരുടെ പൊങ്കാല. ജലപാനം പോലും പൊങ്കാലനിവേദ്യത്തിനു ശേഷം മാത്രം. മനസ്സില്‍ 'സര്‍വമംഗള മംഗല്യ ശിവേ സര്‍വാര്‍ഥ സാധികേ...' എന്നു തുടങ്ങുന്ന പ്രാര്‍ഥന മാത്രം. അടുപ്പുകള്‍ അഗ്നിയെ തൊടുമ്പോള്‍ നഗരാകാശം കോടിപ്രാര്‍ഥനകളുടെ ശക്തിയറിയും.

പിഴവുകള്‍ കൂടാകെ പൊങ്കാല നിവേദ്യം സാര്‍ഥകമാകാന്‍ ദേവിയുടെ അനുഗ്രഹവും പ്രീതിയും കൂടിയേ തീരൂ. പ്രാര്‍ഥന നിറഞ്ഞ മനസ്സുമായി അനുഗ്രഹം തൊട്ടറിഞ്ഞ്, കണ്ണുകളില്‍ ഈറന്‍ പൊടിഞ്ഞാണ് ഒാരോ സ്ത്രീയും പൊങ്കാല തയാറാക്കുക. അവരുടെ മനസ്സില്‍ നിറഞ്ഞു ജ്വലിക്കുന്നത് അമ്മ മാത്രം. അമ്മയുടെ അനുഗ്രഹത്തില്‍ മനസ്സ് ദുഃഖങ്ങളെ കഴുകിയെടുക്കു മ്പോള്‍ ഒരു പൊങ്കാല കൂടി പിന്നിട്ടു. നിറഞ്ഞ മനസ്സില്‍ പിന്നെ അടുത്ത പ്രതീക്ഷ മറ്റൊന്നുമല്ല; അടുത്ത തവണ വീണ്ടുമെത്തുമെന്ന് വാക്ക് ദേവിക്കു നല്‍കി കോടിപുണ്യവുമായി മടക്കം..

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.