Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സര്‍വ്വമംഗള മംഗല്യ ശിവേ സര്‍വ്വാര്‍ഥ സാധികേ

by സ്വന്തം ലേഖകൻ
Attukal Pongala

'ഓം ജയന്തീ മംഗളാ കാളീ ഭദ്രകാളീ കപാലിനീ ദുര്‍ഗ്ഗാ ക്ഷമാ ശിവാ ധാത്രീ സ്വാഹാ സ്വധാ നമോസ്തുതേ'

ദേവീ സ്തുതി ആറ്റുകാലിനു ഉണര്‍ത്തു പാട്ടായി ഒഴുകി വരുന്നു. പുണ്യം തേടിയുള്ള ഒരു വര്‍ഷത്തെ കാത്തിരിപ്പ് സഫലമാകാന്‍ ഇനി നിമിഷങ്ങൾ മാത്രം. ഫെബ്രുവരി 23 നാണ് ഈ വര്‍ഷം പൊങ്കാല. കുംഭച്ചൂടിലും ഭക്തിയുടെ കുളിര്‍മഴ പെയ്യുന്ന ആ ദിനത്തില്‍ ഭക്തലക്ഷങ്ങള്‍ അമ്മയുടെ സവിധത്തിലേക്ക് ഒഴുകിയെത്തും. അമ്മയുടെ പരമകാരുണ്യത്തിനു മുന്നില്‍ പെണ്‍മക്കളെല്ലാം നാമജപത്തോടെ പൊങ്കാലയിടും. എങ്ങും നിറയുന്ന അമ്മേ... മഹാമായേ... എന്ന സ്തുതികള്‍. അപ്പോള്‍ ഭക്തിസാന്ദ്രമായ ഹൃദയങ്ങള്‍ ഒരേ താളത്തില്‍ ഇങ്ങന ഉരുവിടും.

'സര്‍വ്വമംഗള മംഗല്യ ശിവേ സര്‍വ്വാര്‍ഥ സാധികേ ശരണ്യേ ത്യംബകേ ഗൗരീ നായാണീ നമോസ്തുതേ'

തലമുഴുവന്‍ വെള്ളികെട്ടിയ മുത്തശ്ശിയും ചെറുപ്പക്കാരികളും എല്ലാം അമ്മയുടെ മുന്നില്‍ പിഞ്ചുപൈതങ്ങളാകും. 'പൊങ്കാലയിട്ടാല്‍, അമ്മയെ കണ്ടാല്‍, ദുഃഖങ്ങള്‍ അകലും എന്നെ സംബന്ധിച്ചിടത്തോളം മനസ്സ് ഇത്രയധികം ശാന്തമാക്കുന്ന മറ്റൊരനുഭവമില്ല...' ഭക്തി നിറഞ്ഞ വാക്കുകളില്‍ തൊഴുകൈകളോടെ മണക്കാട്ടുകാരി ഉഷാദേവി പറയുന്നു.

'അമ്മ എനിക്ക് ദേവി മാത്രമല്ല. പെറ്റമ്മയെപ്പോലെ തന്നെയാണ്. ആറ്റുകാലമ്മച്ചിയോട് ഞാന്‍ പ്രാര്‍ഥിക്കുന്നത് എന്റെ അമ്മയോടു സംസാരിക്കുന്നതു പോലെ തന്നെയാണ്. തെറ്റു ചെയ്യുമ്പോള്‍ വഴക്കു പറഞ്ഞാലും പെറ്റമ്മ പൊറുക്കില്ലേ.' ഇതു പറയുമ്പോള്‍ ഉഷയുടെ കണ്ണുകള്‍ ഭക്തിപാരവശ്യത്താല്‍ നനഞ്ഞു.പൊങ്കാല ദിവസം സൂര്യനും മുന്‍പേ തിരുവനന്തപുരം ഉണരും. അന്നു തലസ്ഥാന നഗരിക്ക് അണിഞ്ഞൊരുങ്ങിയ സുന്ദരിയുടെ മുഖമാകും. ബസ് സ്റ്റാന്‍ഡുകളിലും റയില്‍വേസ്റ്റേഷനിലും സൂചി കുത്താനിടമില്ലാത്ത പോലെ സ്ത്രീകളുടെ തിരക്ക്.

ശതസൂര്യപ്രഭയാര്‍ന്ന ആറ്റുകാലമ്മയ്ക്ക് സന്താന സൌഭാഗ്യത്തിനായി, മംഗല്യത്തിനായി, ഉദ്യോഗലബ്ധിക്കായി, ഇഷ്ടകാര്യസാധ്യത്തിനായി അങ്ങനെ പലവിധ പ്രാര്‍ഥനകളുമായാണ് സ്ത്രീകള്‍ പൊങ്കാലയിടുന്നത്. പൊങ്കാലയിടുമ്പോള്‍ ദേവിക്കു സ്വയം നൈവേദ്യമര്‍പ്പിക്കുന്നു എന്നാണ് സങ്കല്‍പ്പം.

കുംഭമാസത്തിലെ കാര്‍ത്തിക നക്ഷത്രത്തില്‍ ഉത്സവം തുടങ്ങി ഒന്‍പതാം ദിവസമാണ് ലോകപ്രശസ്തമായ പൊങ്കാല. ക്ഷേത്രത്തിനരികില്‍ പൊങ്കാലയിടാനായി മൂന്നു ദിവസം മുന്‍പേ അടുപ്പുകൂട്ടി കയര്‍കൊണ്ട് അതിരുതിരിച്ച് പേരെഴുതി സ്ഥലം റസര്‍വ് ചെയ്യുന്നവരും ഉണ്ട്. ക്ഷേത്രപരിസരത്തെ വീടുകളുടെ മുറ്റത്തും ദിവസങ്ങള്‍ക്കു മുന്‍പേ പൊങ്കാലക്കാര്‍ അവകാശം സ്ഥാപിച്ചിരിക്കും. ക്ഷേത്രാങ്കണത്തില്‍ നിന്നു തുടങ്ങുന്ന അടുപ്പുകള്‍ തലേ ദിവസം തന്നെ കിലോമീറ്ററുകള്‍ താണ്ടും. നാലു വശത്തും ആളിക്കത്തുന്ന തീനാളങ്ങള്‍. മുകളില്‍ കത്തി ജ്വലിക്കുന്ന കുംഭസൂര്യന്‍. പഞ്ചാഗ്നി മധ്യേ നിന്ന് ഉടലും മനവും തപിപ്പിച്ച് അന്നപൂര്‍ണ്ണേശ്വരിയായ ആറ്റുകാലമ്മയ്ക്കു നിവേദ്യം തയ്യാറാക്കുമ്പോള്‍ അലിഞ്ഞുപോകുന്നത് മനസ്സിലെ അഹന്തയും വിദ്വേഷങ്ങളും ദുരിതങ്ങളും.

'അമ്മയുടെ ഇഷ്ടവഴിപാടാണ് പൊങ്കാല. ഒരിക്കല്‍ ഗള്‍ഫില്‍ ബിസിനസ് നടത്തുന്ന ഒരു കുടുംബം ഇവിടെ വന്നു. അവര്‍ നഷ്ടം സംഭവിച്ച് ആകെ തകര്‍ന്ന അവസ്ഥയിലായിരുന്നു. ഞാനവരോട് അമ്മയ്ക്കു പൊങ്കാലയിടാന്‍ പറഞ്ഞു. പൊങ്കാല കഴിഞ്ഞു പത്തു ദിവസത്തിനുശേഷം അവരുടെ ഫോണ്‍ കോള്‍ വന്നു. നഷ്ടമായ തുക തിരികെ കിട്ടിയെന്നും കൂടുതല്‍ ബിസിനസുകള്‍ വന്നുകൊണ്ടിരിക്കുന്നുവെന്നുമുള്ള സന്തോഷവാര്‍ത്തയാണു കേട്ടത്. ഇതേപോലെ എത്രയോ അനുഭവങ്ങള്‍.' അമ്മയുടെ മഹാകാരുണ്യത്തെക്കുറിച്ച് പറഞ്ഞ് ക്ഷേത്രം മേല്‍ശാന്തി ഗോശാല വാസുദേവന്‍ നമ്പൂതിരി ഒരു നിമിഷം ഭക്തിയില്‍ മിഴിപൂട്ടി നിന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.