Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആറ്റുകാൽ തെക്കതിൽ നിന്ന് ലോകം നിറഞ്ഞ മഹാശക്തി!

attukal

മുല്ലു വീട്ടിൽ കാരണവർ ഭദ്രദീപം കൊളുത്തി കുടിയിരുത്തിയ അമ്മ. കൊല്ലവർഷം 1072ൽ ജസ്റ്റിസ് ആറ്റുകാൽ ഗോവിന്ദപ്പിള്ളയുടെ നേതൃത്വത്തിൽ പുതുക്കിപ്പണിത ക്ഷേത്രം.

ദക്ഷിണ ഭാരതത്തിലെ മഹാക്ഷേത്രങ്ങളിൽ ഒന്നായ ആറ്റുകാൽ ഭഗവതി ക്ഷേത്രം ഇന്ന് അഖില ലോക പ്രശസ്തി നേടി ദേവീമാഹാത്മ്യം വിശ്വാഭിമുഖം വിളിച്ചറിയിക്കുന്നു. അനന്തപുരിയുടെ മഹിമാതിരേകം കൈക്കുടന്നയിൽ ഒതുക്കുന്ന ആറ്റുകാൽ ഗ്രാമം അഖിലാണ്ഡേശ്വരിയായ ജഗന്മാതാവിന്റെ സാന്നിധ്യംകൊണ്ട് ഐശ്വര്യത്തിന്റെ മണിത്തൊട്ടിലായിരിക്കുന്നു. ഗിന്നസ് ബുക്കിൽ ഇടംതേടിയ ആറ്റുകാൽ പൊങ്കാല ഭക്തകോടികളുടെ ആത്മാവിൽ വികാരമായി അലിഞ്ഞുചേരുന്നു. ഭക്തലക്ഷങ്ങളെ ആത്മനിർവൃതിയിൽ അലിയിച്ച് ഒരു പൊങ്കാല മഹോൽസവംകൂടി.

അനന്തപുരത്തെ ഒരു ഉൾനാടൻ ഗ്രാമമായിരുന്ന ആറ്റുകാലിൽ ജഗന്മാതാവിന്റെ അധിവാസം ഉണ്ടായതിനെപ്പറ്റി പല ഐതിഹ്യങ്ങളും ചരിത്രവഴികളും കഥകളും സാഹിത്യരചനകളും പലവഴിയിൽ സൂചനകൾ നൽകുന്നുണ്ട്. എന്നാൽ ക്ഷേത്രസംബന്ധമായി പ്രചരിച്ചിട്ടുള്ള പരമ്പരാഗതമായ വിശ്വാസവും ആചാരപ്രകാരമുള്ള വഴികളും മറ്റൊരു ഐതിഹ്യത്തെ സാക്ഷാത്കരിക്കുന്നു. ആറ്റുകാൽ ഭഗവതി കണ്ണകിയുടെ അംശാവതാരമായ ജഗന്മാതാവ് തന്നെയാണ്. മധുരാപുരി ചുട്ടെരിച്ചു പാണ്ടിരാജാവിനെ സകുലം വധിച്ചു സംഹാരരുദ്രയായി തമിഴകം ഉപേക്ഷിച്ചു വഞ്ചിരാജ്യ തലസ്ഥാനമായ മഹോദയപുരത്തേക്കുള്ള യാത്രാവേളയിൽ അമ്മ ആറ്റുകാലിൽ വിശ്രമിച്ചു.

മുല്ലു വീട്ടിൽ കാരണവരുടെ ആതിഥ്യം സ്വീകരിച്ച അമ്മ ആറ്റുകാലിൽ കുടിയിരുന്നു എന്നാണു ക്ഷേത്രോൽപത്തി സംബന്ധിച്ച പ്രബല വിശ്വാസം. ക്ഷേത്രോൽപത്തി ഗവേഷണം നടത്തിയവരും പണ്ഡിതന്മാരും എത്തിച്ചേരുന്നതും ഇവിടെത്തന്നെയാണ്. അവരുടെ സഞ്ചാരവഴിയിൽ ചില പ്രത്യേകതകൾ ഉണ്ടെന്നുമാത്രം.മുല്ലു വീട്ടിൽ കാരണവർ ഭദ്രദീപം കൊളുത്തി കുടിയിരുത്തിയ അമ്മയ്ക്കു പച്ചപ്പന്തൽ കെട്ടി ആസ്ഥാനം ഉറപ്പിച്ചു. അതാണ് ആറ്റുകാലിലെ തെക്കതായത്. കൊല്ലവർഷം 1072ൽ ജസ്റ്റിസ് ആറ്റുകാൽ ഗോവിന്ദപ്പിള്ളയുടെ നേതൃത്വത്തിൽ പുതുക്കിപ്പണിത ക്ഷേത്രത്തിന്റെ ചിത്രം ഇന്നും പഴമയുടെ ഓർമയിൽ തെളിച്ചമാകുന്നു. അവിടെനിന്നു നാടിനും നാട്ടാർക്കും ഐശ്വര്യവും സർവാഭീഷ്ടങ്ങളും വാരിച്ചൊരിഞ്ഞ് അമ്മ കാണപ്പെട്ട ദൈവമായി ഭക്തലക്ഷങ്ങളെ ആനന്ദ ലഹരിയിലാഴ്ത്തി ഇന്നത്തെ നിലയിലെത്തി നിൽക്കുന്നു.

ആറ്റുകാൽ പഴമയും ഇന്നത്തെ അവസ്ഥയും ജീവിതപഥത്തിൽ നേരറിവായി കണ്ടിട്ടുള്ള എനിക്ക് ആ പാവനചരിത്രം അദ്ഭുതത്തോടെയും ഭക്ത്യാദരങ്ങളോടെയും മാത്രമേ ഓർമിക്കാൻ കഴിയുന്നുള്ളു. പ്രാപഞ്ചിക ജീവിതത്തിലെ തീരാദുഃഖങ്ങളിൽ നിന്നും വ്യാധികളിൽ നിന്നും കരകയറാനും അഭീഷ്ടസിദ്ധി കൈവരാനും സംതൃപ്തമായ ജീവിതം കെട്ടിപ്പടുക്കാനും പരമശാന്തിയും മോക്ഷവും നേടുന്നതിനും ഭക്തലക്ഷങ്ങൾ അമ്മയുടെ തൃപ്പാദങ്ങളിൽ സർവവും സമർപ്പിക്കുന്നു.

ആറ്റുകാൽ സന്നിധിയിൽ വിവിധങ്ങളായ പൂജാവിധികളുണ്ട്. കുംഭത്തിലെ കാർത്തിക നാൾതൊട്ടു 10 ദിവസമാണു പൊങ്കാല ഉൽസവം. ഒൻപതാംദിവസം ലോക പ്രശസ്തമായ പൊങ്കാല. ഉൽസവാരംഭത്തിൽ കൊടുങ്ങല്ലൂരിൽ നിന്ന് അമ്മയെ ആനയിച്ചു കാപ്പ് കെട്ടി കുടിയിരുത്തും. തോറ്റംപാട്ട് ഒൻപതാം ദിവസംവരെ പിന്നിടുമ്പോൾ പാണ്ടിമന്നന്റെ വധം കഴിയുന്നു. ചെണ്ടമേളവും വായ്ക്കുരവയും മുഖരിതമാകുമ്പോൾ പൊങ്കാല അടുപ്പുകളിൽ അഗ്നിപകരും. വിമാനത്തിൽ പുഷ്പവൃഷ്ടിയോടെ പൊങ്കാല നിവേദ്യം. ആത്മനിർവൃതിയിൽ ജനലക്ഷം വീടുകളിലേക്ക്.

താലപ്പൊലിയും കുത്തിയോട്ടവും മണക്കാട് എഴുന്നള്ളത്തും തുടർന്നുള്ള ചടങ്ങുകൾ. മറ്റൊരു പ്രധാന വഴിപാട് വിളക്കുകെട്ടാണ്. പത്താംദിവസം രാവിലെ മണക്കാട് ശാസ്താ ക്ഷേത്രത്തിലെ പൂജ കഴിഞ്ഞു ദേവി തിരിച്ചെഴുന്നള്ളും. ദീപാരാധനയോടെ ചൂരൽക്കുത്തഴിച്ചു കുത്തിയോട്ട ബാലന്മാർ മടങ്ങും. അന്നു രാത്രി തോറ്റംപാട്ടിന്റെ ബാക്കി പാടും. അവസാനത്തിൽ കാപ്പഴിച്ച് കുടിയിളക്കി അമ്മയെ യാത്രയാക്കും. അർധരാത്രി കുരുതിയോടെ ഉൽസവം അവസാനിക്കും.

ആറ്റുകാൽ ക്ഷേത്രത്തിലെ ഭരണച്ചുമതല ജില്ലാ കോടതി അംഗീകരിച്ച ട്രസ്റ്റിന്റെ മേൽനോട്ടത്തിലാണ്. ഭരണവഴിയിൽ എത്തിപ്പെടുന്നവർ അധികാരികളാകുന്നില്ല. അമ്മയുടെ ദാസന്മാരായി അമ്മയെ പരിചരിക്കുകയാണ് അവർ. എല്ലാം നടത്തുന്നതും നിവർത്തിക്കുന്നതും അമ്മയാണ്.

(ലേഖകൻ കെ.പി. രാമചന്ദ്രൻ നായർ പലതവണകളിലായി 16 വർഷം സെക്രട്ടറിയായും മൂന്നു വർഷം പ്രസിഡന്റായും മൂന്നു വർഷം ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോഴും ചെയർമാനായി തുടരുകയാണ്. ലേഖകൻ സെക്രട്ടറിയായിരുന്ന 1997ലാണ് ആറ്റുകാൽ പൊങ്കാല ഗിന്നസ് വേൾഡ് റെക്കോർഡിൽ സ്ഥാനംപിടിച്ചത്. സിൻഡിക്കറ്റ് ബാങ്കിൽ മാനേജർ തസ്തികയിൽ നിന്നു വിരമിച്ചു. എൻഎസ്എസ് പ്രതിനിധി സഭാംഗവും അഖില ഭാരത അയ്യപ്പ സേവാസംഘം ആറ്റുകാൽ ശാഖയിലെ പ്രസിഡന്റുമാണ്)

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.