Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചക്കുളത്തമ്മയുടെ മൂലചരിത്രം

chakkulathukavu pongala

സുംഭനിസുംഭന്മാരെപ്പറ്റിയുള്ളതാണീ കഥ. ബ്രഹ്മദേവന്റെ വരപ്രസാദത്താൽ അജയ്യരായി വാഴുന്ന സുംഭനിസുംഭന്മാർ അയോനിജയായ സ്ത്രീയുമായുള്ള യുദ്ധത്തിലൂടെ മാത്രമേ തങ്ങൾക്കു മരണം സംഭവിക്കുകയുള്ളൂ എന്ന വരമാണ് അവർക്ക് ലഭിച്ചത്. അങ്ങനെ ഒരു വലിയ അസുരസാമ്രാജ്യത്തിന്റെ അനിഷേധ്യ ശക്തികളായി അവർ വാഴുകയാണ്. ദേവാസുര യുദ്ധത്തിൽ തോൽവിയടഞ്ഞ് പാതാളത്തിൽ ഒളിച്ചുവാണിരുന്ന എല്ലാ അസുരന്മാരെയും അവർ വീണ്ടും പ്രതാപവാന്മാരാക്കി. വീരപരാക്രമികളായിരുന്ന ചണ്ഡമുണ്ഡ സഹോദരന്മാർ പോലും അവരുടെ സേവകന്മാരായി അതുല്യനായ രക്തബീജൻ അവരുടെ പ്രധാന സേനാനായകത്വം അംഗീകരിച്ചു. രക്തബീജന്റെ ഓരോ തുള്ളി രക്തത്തിൽ നിന്നും അവനെപ്പോലെ ഒരാൾക്കൂടി ഉണ്ടാകുമെന്നതാണ് സത്യം.

തുടർന്നുണ്ടായ അതിഭയങ്കരമായ ദേവാസുര യുദ്ധത്തിൽ സുംഭനിസുംഭന്മാർ ജയം നേടുന്നു. ഇന്ദ്രാദിദേവകളും ദേവനാരികളും ഗന്ധർവ കിന്നര പുരുഷന്മാരുമൊക്കെ ഭൂലോകത്തിലെ വനാന്തരങ്ങളിൽ അഭയം തേടി. അതിദൈന്യമായ ഈ സ്ഥിതി കണ്ട നാരദൻ, ദേവന്മാരുടെ ശോച്യാവസ്ഥയിൽ പിതാവായ ബ്രഹ്മദേവനോട് സങ്കടം ഉണർത്തിക്കുന്നു. ഉയർച്ചയും താഴ്ചയുമൊക്കെ പ്രകൃതിയുടെ അനിവാര്യമായ നിയമമാണെന്ന സത്യം ബ്രഹ്മാവ് നാരദനെ ഓർമിപ്പിക്കുന്നു. ഇന്ദ്രാദികളെ ആപത്തിൽ നിന്നും രക്ഷിക്കുവാൻ പരാശക്തിയായ ദേവിക്കല്ലാതെ സാധ്യമല്ലെന്ന് ബ്രഹ്മദേവൻ അറിയിക്കുന്നു. അങ്ങനെ അമരന്മാർ ഹിമവൽഗിരി തടത്തിലെത്തി പരാശക്തിയെ പ്രാർഥിക്കുന്നു. സർവാഭരണവിഭൂഷിതയായി സർവശക്തി സമന്വിതയായ ശ്രീ പാർവതീദേവി ദേവന്മാരുടെ മുമ്പിൽ പ്രത്യക്ഷയായി പ്രാർഥനാ നിരതയായി നിൽക്കുന്ന ദേവന്മാർക്ക് ദേവി ശക്തിയും ശരണവും വാഗ്ദാനം ചെയ്യുന്നു. അങ്ങനെ ദേവിയുടെ ശരീരത്തിൽനിന്നും ജ്വലിച്ചുയരുന്ന കാർമേഘവർണമായ മറ്റൊരു ചൈതന്യമായി മാറുന്നു. ഈ ചൈതന്യമത്രേ ഭദ്രകാളി.

കാനനത്തിൽ ഒരു പൊന്നൂഞ്ഞാലിൽ ഏകയായി ആടി രസിച്ചുകൊണ്ടിരുന്ന ദേവിയെ ചണ്ഡമുണ്ഡന്മാർ കണ്ടു. അലൗകികമായ ആ സൗന്ദര്യം അവരെ ആകർഷിച്ചു. ആ സുന്ദരിയെക്കുറിച്ചുള്ള വർണനകളുമായി അവർ സുംഭന്മാരുടെ അടുത്തെത്തി. അവരുടെ വർണനകളിൽ മതിമറന്ന സുംഭൻ തന്റെ മന്ത്രിയായ സുഗ്രീവനെ വിവാഹാഭ്യർഥനയുമായി ദേവിയുടെ അടുത്തേക്കയച്ചു. താനുമായി യുദ്ധം ചെയ്ത് യുദ്ധത്തിൽ തന്നെ പരാജയപ്പെടുത്തുന്ന പുരുഷനെ മാത്രമേ താൻ വിവാഹം ചെയ്യുകയുള്ളൂ എന്നായിരുന്നു ദേവിയുടെ മറുപടി.

അങ്ങനെ ദേവിയുമായുള്ള യുദ്ധത്തിനായി സുംഭൻ ധൂമ്രലോചനനെ നിയോഗിക്കുന്നു. യുദ്ധത്തിൽ ദേവി ധൂമ്രലോചനനെ നിഗ്രഹിക്കുന്നു. ഇതിൽ കോപിഷ്ടരായ സുംഭനിസുംഭന്മാർ ദേവിയുമായേറ്റുമുട്ടാൻ ചണ്ഡമുണ്ഡന്മാരെ നിയോഗിച്ചു. വമ്പിച്ച ചതുരംഗപ്പടയോടുകൂടി പാഞ്ഞടുക്കുന്ന ആ സേനയെക്കണ്ട് ദേവിയുടെ കണ്ണുകളിൽ കോപാഗ്നി ആളിപ്പടർന്നു. രക്തവർണം നിറഞ്ഞ കണ്ണുകളും നാവുമായി ദേവി അവരെ എതിരിട്ടു. അസ്ത്രങ്ങളെയും ആനകളെയും അസുരപ്പടകളെയും ഒന്നടങ്കം വായിലിട്ടു വിഴുങ്ങിക്കൊണ്ട് രണഭൂവിൽ ദേവി നിറഞ്ഞുനിന്നു. സമസ്തസൈന്യങ്ങളെയുംഒടുക്കി ചണ്ഡമുണ്ഡന്മാരെയും വധിച്ച ദേവിക്ക് അങ്ങനെ ചണ്ഡകി എന്നും ചാമുണ്ഡി എന്നും പേരു ലഭിച്ചു.

തുടർന്നു നടന്നത് രക്തബീജനുമായുള്ള അതിഭയങ്കര യുദ്ധമാണ്. ഓരോ തുള്ളി രക്തത്തിൽ നിന്നും പുനർജനിച്ച രക്തബീജന്മാരെയും ദേവി തന്റെ വായിലാക്കി വിഴുങ്ങി. കോപിഷ്ടനായി മുമ്പോട്ടു ചാടിയ നിസുംഭന്റെ ഗളം ഛേദിച്ച് അവന്റെ ശിരസ്സ് ഭഗവതി ദൂരെ തെറിപ്പിച്ചു. അനുജന്റെ മരണവാർത്തയറിഞ്ഞ സുംഭൻ അന്തിമ പോരാട്ടത്തിനായി രണഭൂവിലെത്തി. വിവിധ ആയുധങ്ങൾ ധരിച്ച പതിനായിരം കൈകളോടു കൂടിയ ഒരു ഘോര അസുരനായി അവൻ പ്രത്യക്ഷപ്പെട്ടു. ചണ്ഡിക അവന്റെ പതിനായിരം കരങ്ങളും ഖണ്ഡിച്ച് ചുഴറ്റിക്കറക്കി ഭൂമിയിലേക്കെറിഞ്ഞു. പിന്നീട് തന്റെ ശൂലത്താൽ അവനെ നിഗ്രഹിച്ച് ഭദ്രകാളി മൂലപ്രകൃതിയായ ദുർഗയിൽ മറഞ്ഞു.

നഷ്ടപ്രതാപങ്ങൾ വീണ്ടെടുത്ത ദേവന്മാർ മനമുരുകി അമ്മയെ പ്രകീർത്തിച്ചു. അവിടെ പ്രത്യക്ഷനായ നാരദമുനി സൃഷ്ടിസ്ഥിതി സംഹാരകർമങ്ങൾക്ക് ശക്തിയും സാക്ഷിയുമായി ദേവി പ്രപഞ്ചത്തിൽ എല്ലായിടവും നിറഞ്ഞുനിൽക്കുമെന്ന് പ്രവചിച്ചു. സർവേശ്വരിയുടെ ചൈതന്യസ്ഫുരണങ്ങളിൽ ദീപ്തിമത്തായ ഒരംശമാണ് നീരേറ്റുപുറം ചക്കുളത്തുകാവിൽ കുടികൊള്ളുന്ന ദുർഗ്ഗാ ഭഗവതി എന്നാണ് സങ്കൽപം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.