Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചക്കുളത്തുകാവ് ക്ഷേത്രചരിത്രം

chakkulathukavu pongala

തിരുവല്ല എടത്വാ റൂട്ടിൽ നീരേറ്റുപുറം ജംഗ്ഷനടുത്താണ് ചക്കുളത്തുകാവ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടെ ശ്രീകോവിലിനു മേൽക്കൂരയില്ല. ദേവി വനദുർഗയാണ്. ഇവിടുത്തെ ദേവി അക്ഷരാർഥത്തിൽ വിളിപ്പുറത്തമ്മയാണെന്ന് അനുഭവസ്ഥർ പറയുന്നു. ഇന്നത്തെ ചക്കുളത്തുകാവിന്റെ പണ്ടത്തെ അവസ്ഥ ഭയാനകമാണ്. ക്ഷേത്രം സ്ഥിതി ചെയ്യുന്ന പ്രദേശം ഘോരസർപ്പങ്ങൾ നിറഞ്ഞ വനമായിരുന്നു. വൻമരങ്ങളും വവള്ളിപ്പടർപ്പുകളും തിങ്ങിനിറഞ്ഞ വനത്തിലേക്ക് സൂര്യരശ്മികൾ പോലും എത്തിനോക്കാൻ മടിച്ചു. നട്ടുച്ചയ്ക്കുപോലും ചെകിടടപ്പിക്കുന്ന ശബ്ദവും നരിച്ചീറിന്റെ ചിറകടിയുമൊക്കെ അന്തരീക്ഷത്തെ ഭയാനകമാക്കി.

അതുകൊണ്ടു തന്നെ ആരും ഇവിടേക്ക് പ്രവേശിച്ചിരുന്നില്ല. നെൽക്കതിരുകളുടെ ഗന്ധം നിറഞ്ഞ നീരേറ്റുപുറം. ഇരുവഴിയിലൂടെ ഒഴുകിയെത്തുന്ന പമ്പയാറിനും മണിമലയാറിനും നടുക്ക് കാർഷിക സമൃദ്ധി നിറഞ്ഞ ഗ്രാമം. നീരേറ്റുപുറത്തിനു പറയാനുള്ളത് ഒരായിരം എതെിഹ്യകഥകളാണ്. അതു വിശ്വാസമാവാം. ഭക്തിയുടെ നിറവിൽ പലരും നെയ്തെടുത്തതാവാം. പക്ഷേ നീരേറ്റുപുറത്തിന്റെ നാട്ടുകഥകൾ പകർന്നുനൽകുന്നത് ദേവീ ചൈതന്യത്തിന്റെ പവിത്രതയാണ്. ചക്കുളത്തുകാവുമായി ബന്ധപ്പെട്ടാണ് നീരേറ്റുപുറത്തിന്റെ ചരിത്രവുമുറങ്ങുന്നത്.

പണ്ട് ഇൗപ്രദേശമാകെ കൊടുംകാടായിരുന്നു. മൃഗങ്ങളെ വേട്ടയാടി ജീവിക്കുന്ന വേടനും വേടത്തിയും ഒരിക്കൽ ഇൗ കാട്ടിലെത്തി. വേടനുനേരെ അപ്രതീക്ഷിതമായി ഒരു പാമ്പ് ചീറിയടുത്തു. പാമ്പിൽനിന്നു രക്ഷനേടാൻ വേടൻ തന്റെ കോടാലി ആഞ്ഞുവീശി. മുറിവേറ്റ പാമ്പ് കാട്ടിനുള്ളിലേക്കു വേഗത്തിൽ ഇഴഞ്ഞുനീങ്ങി. നോവിച്ച പാമ്പിനെ വെറുതെവിട്ടാൽ അതു തിരികെയെത്തി ആക്രമിക്കുമെന്ന് വേടൻ ഭയന്നു.

പാമ്പിനെ തിരഞ്ഞ് വേടനും നടന്നു. വനമധ്യത്തിലെ കുളത്തിന്റെ കരയിൽ ഒരു പുറ്റിനുമുകളിൽ വേടൻ മുറിവേറ്റ പാമ്പിനെ കണ്ടു. വേടൻ വീണ്ടും കോടാലിയെടുത്ത് ആഞ്ഞുവെട്ടിയെങ്കിലും പാമ്പിനു മുറിവേറ്റില്ല. പെട്ടെന്ന് പാമ്പ് അപ്രത്യക്ഷമായി. വെട്ടേറ്റു പൊട്ടിയ ചിതൽപ്പുറ്റിനുമുകളിൽ ഒരു ചോരപ്പാട് അവശേഷിച്ചു. ചിതൽപ്പുറ്റ് പിളർന്ന് ജലം പ്രവഹിക്കാൻ തുടങ്ങിയപ്പോൾ വേടൻ അമ്പരന്നു. അപ്പോൾ വേടനുമുന്നിൽ സന്യാസിവേഷത്തിൽ നാരദമുനി പ്രത്യക്ഷപ്പെട്ടു. പുറ്റിലെ ജലപ്രവാഹം അവസാനിച്ച് തേനും പാലുമൊഴുകിവരുമെന്ന് സന്യാസി പറഞ്ഞു. തേനും പാലും ഒഴുകിനിറഞ്ഞ കുളത്തിലെ വെള്ളത്തിനു ചക്കരയുടെ മധുരമായിത്തീർന്നു.

പുറ്റിനുള്ളിൽ വനദുർഗ ജലശയനത്തിലായിരുന്നുവെന്നും ആ ജലമാണ് പുറത്തേക്കൊഴുകിയതെന്നും സന്യാസി വേടനോടു പറഞ്ഞു. പുറ്റിനകത്തുനിന്ന് വനദുർഗയുടെ വിഗ്രഹം പുറത്തെടുത്ത് നാട്ടിനിർത്തി. വനദുർഗയെക്കണ്ട് നമസ്കരിച്ച വേടൻ തലയുയർത്തി നോക്കുമ്പോൾ സന്യാസി അപ്രത്യക്ഷനായിരുന്നു. വേടനും കുടുംബവും ഏറെക്കാലം വനദുർഗയെ പ്രാർഥിച്ച് കാടിനു നടുവിൽ കഴിഞ്ഞു. ചക്കരയുടെ മധുരമുള്ള വെള്ളമുള്ളതിനാൽ കുളത്തിനു ചക്കരക്കുളമെന്നു പേരുവന്നു. ചക്കരക്കുളത്തുകാവ് എന്ന പേരു ലോപിച്ചാണ് ചക്കുളത്തുകാവ് ഉണ്ടായതെന്ന് വിശ്വാസം. വേടൻ കാടൊഴിഞ്ഞ ശേഷം പട്ടമനയില്ലത്തു നമ്പൂതിരിമാർ കാവിന്റെ മേൽനോട്ടമേറ്റെടുത്ത് ശ്രീകോവിൽ പണിതു. പുറ്റിൽനിന്നു ജലമൊഴുകിയതിനാൽ നീരേറ്റിയ പുരം എന്ന വിശേഷണത്തിൽനിന്നാണ് ദേശത്തിന് നീരേറ്റുപുറം എന്ന പേരു ലഭിച്ചതെന്ന് എതെിഹ്യം.

ചക്കുളത്തുകാവിലെ പൊങ്കാല ചടങ്ങിനു പിറകിലും ഒരു ഐതിഹ്യമുണ്ട്. ക്ഷേത്രത്തിന്റെ ഉദ്ഭവത്തിനു കാരണക്കാരായ വേടനും കുടുംബവും ഈ വനത്തിൽ താമസിച്ചിരുന്നു. മൺകലങ്ങളിൽ ആഹാരം പാകം ചെയ്തു ഭക്ഷിച്ചിരുന്ന അവർ ആദ്യം ദേവിക്കു നൽകിയ ശേഷമാണു ബാക്കിയുള്ള ആഹാരം ഭക്ഷിച്ചിരുന്നത്. ഒരു ദിവസം വിറകുശേഖരിക്കുവാൻ പോയ അവർക്കു സമയത്തു തിരിച്ചെത്താൻ കഴിഞ്ഞില്ല. ഇതുമൂലം ദേവിക്കു ഭക്ഷണം നൽകുവാനും സാധിച്ചില്ല. പശ്ചാത്താപ വിവശരായ അവർ ദേവീപാദത്തിൽ സാഷ്ടാംഗം വീണു മാപ്പപേക്ഷിച്ചു. പിന്നീട് അമ്മയ്ക്ക് ആഹാരം പാകംചെയ്യാൻ അടുപ്പിനടുത്തെത്തിയപ്പോൾ നിറയെ ചോറും കറികളും കായ്കനികളും കണ്ടു. ഇതു ദേവിതന്നെ പാകം ചെയ്തതെന്ന വിശ്വാസമുണ്ടായ വേടനും വേടത്തിയും ഉറക്കെ അമ്മയെ വിളിച്ചു പ്രാർഥിച്ചു. ഇൗ കഥയാണ് ചക്കുളത്തുകാവിലെ പൊങ്കാലയ്ക്കു പിന്നിൽ. പൊങ്കാലയിടുമ്പോൾ ഭക്തജനങ്ങളിൽ ഒരാളായി ചക്കുളത്തമ്മയും ഉണ്ടെന്നു വിശ്വസിക്കപ്പെടുന്നു. ക്ഷേത്രത്തിലെ വൃശ്ചിക തൃക്കാർത്തിക ആഘോഷത്തിനും ഒരു കഥയുണ്ട്. 1981 മാർച്ച് 30ന് ക്ഷേത്രത്തിലുണ്ടായ ഒരു സംഭവത്തെത്തുടർന്നാണു വൃശ്ചികത്തിലെ തൃക്കാർത്തിക വിശേഷദിവസമായി കൊണ്ടാടുന്നതത്രേ.

അന്നു പുലർച്ചെ ഭക്തജനങ്ങൾ എത്തിയപ്പോൾ ശ്രീകോവിലിന്റെ ഭാഗത്ത് സുഗന്ധവാഹിയായ പുകയും ഒരു പ്രഭാവലയവും ദർശിച്ചു. വിവരമറിഞ്ഞെത്തിയ പൂജാരി നടതുറന്നപ്പോൾ ശ്രീകോവിലിലെ വിളക്കുകളെല്ലാം കത്തി നിൽക്കുന്നതു കണ്ടു. തേജോവലയത്തോടുകൂടിയ ദേവീവിഗ്രഹം കുങ്കുമലേപനാദികളും ആഭരണങ്ങളും തിരുവായുധങ്ങളും ധരിച്ചു കാണപ്പെട്ടതായും കഥകളുണ്ട്. ദേവപ്രശ്നത്തിൽ വൃശ്ചികമാസത്തിലെ തൃക്കാർത്തിക അമ്മയുടെ വിളയാട്ട ദിവസമാണെന്നു കണ്ടു. ഇതേത്തുടർന്നാണു തൃക്കാർത്തിക ദിവസം ക്ഷേത്രത്തിൽ വിവിധ പൂജാദി കർമങ്ങളോടുകൂടി ആഘോഷിക്കുന്നത്. 1981ൽ ക്ഷേത്ര ജീർണോദ്ധാരണം നടത്തി. അഷ്ടബാഹുക്കളോടു കൂടിയ വനദുർഗയുടെ സ്വരൂപവിഗ്രഹം ഇപ്പോൾ മൂലവിഗ്രഹത്തോടു ചേർത്ത് പ്രതിഷ്ഠിച്ചിട്ടുണ്ട്. ശിവൻ, ശാസ്താവ്, വിഷ്ണു, ഗണപതി, മുരുകൻ, യക്ഷി, സർപ്പദൈവങ്ങൾ, നവഗ്രഹങ്ങൾ തുടങ്ങിയ ഉപദേവ പ്രതിഷ്്ഠകളും നടത്തിയിട്ടുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.