Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമഭാവനയുടെ വിശ്വാരാധന

chakkulathukavu pongala

എല്ലാ മനസുകളും ചക്കുളത്തുകാവിലമ്മയുടെ സ്തുതികളാൽ നിറയുന്ന ദിനം. എല്ലാ നാവുകളിലും ദേവിയുടെ നാമം മാത്രം ഉച്ചരിക്കപ്പെടുന്ന അപൂർവനാൾ. ചക്കുളത്തുകാവിലമ്മയ്ക്കു ഭക്തർ സർവസ്വവും അർപ്പിക്കുന്ന പുണ്യദിനമാണു വൃശ്ചിക മാസത്തിലെ തൃക്കാർത്തിക. സ്ത്രീകളുടെ ശബരിമലയെന്നു വിശ്വപ്രസിദ്ധിയാർജിച്ചിട്ടുള്ള ചക്കുളത്തുകാവിലേക്ക് ഇന്ത്യയുടെ വിവിധഭാഗങ്ങളിൽനിന്നു ലക്ഷക്കണക്കിനു ഭക്തജനങ്ങളാണു പൊങ്കാലദിവസം എത്തിച്ചേരുന്നത്.

ചക്കുളത്തുകാവ് സ്ഥിതി ചെയ്യുന്ന നീരേറ്റുപുറം ഗ്രാമവും പരിസരപ്രദേശങ്ങളും മാത്രമല്ല, എടത്വാ, തകഴി, മാന്നാർ, ചെങ്ങന്നൂർ, കല്ലിശേരി, പുളിക്കീഴ്, തിരുവല്ല തുടങ്ങി അറുപതോളം കിലോമീറ്റർ ചുറ്റളവിലാണു പൊങ്കാല അടുപ്പുകൾ നിരക്കുക. തമിഴ്നാട്, ആന്ധ്രാപ്രദേശ്, കർണാടക എന്നീ അയൽ സംസ്ഥാനങ്ങളിൽനിന്നും വിദേശരാജ്യങ്ങളിൽനിന്നുമുള്ള ചക്കുളത്തുകാവിലമ്മയുടെ ഭക്തരും പൊങ്കാലയർപ്പിക്കാൻ എത്തിച്ചേരും. വിപുലമായ ഒരുക്കങ്ങളാണു കാർത്തിക പൊങ്കാല നിവേദ്യം അർപ്പിക്കാനെത്തുന്ന ഭക്തജനങ്ങൾക്കായി ചക്കുളത്തുകാവ് ക്ഷേത്ര ഭാരവാഹികൾ ഒരുക്കിയിരിക്കുന്നത്.

ചക്കുളത്തുകാവിലേക്കുള്ള വീഥിയുടെ ഇരുപുറങ്ങളിലുമായി പൊങ്കാലയർപ്പിക്കുന്നതിനുള്ള സൗകര്യങ്ങളുണ്ട്. കർപ്പൂര, ചന്ദന ഗന്ധങ്ങളും ശാന്തി മന്ത്രങ്ങളും നിറയുന്ന ഭക്തിയുടെ പരകോടിയിൽ ആചാര അനുഷ്ഠാനങ്ങളോടെ പൊങ്കാലക്കലങ്ങളിൽ പൊങ്കാല നിവേദ്യം തയാറാകും. ഇതു ജീവിതത്തിലെ എല്ലാ പാപങ്ങൾക്കും ശമനമുണ്ടാക്കുമെന്നാണു ഭക്തജനങ്ങൾ വിശ്വസിക്കുന്നത്. പൊങ്കാലയടുപ്പുകളിൽ നിന്നുയരുന്ന ധൂപങ്ങൾ നാടിനെയാകെ വിമലീകരിക്കും. 1981ൽ ക്ഷേത്രത്തിലുണ്ടായ അത്ഭുതകരമായ ഒരു സംഭവത്തെത്തുടർന്നാണു വൃശ്ചികത്തിലെ തൃക്കാർത്തിക ചക്കുളത്തുകാവിൽ വിശേഷദിവസമായി കൊണ്ടാടുന്നത്.

ആ വർഷത്തിലെ ഒരു വെള്ളിയാഴ്ച ദിവസം പുലർച്ചെ ഏതാനും ഭക്തജനങ്ങൾ ദർശനഭാഗ്യംതേടി ശ്രീകോവിലിനു മുൻപിൽ ധ്യാനനിമഗ്നരായി നിൽക്കുമ്പോൾ ശ്രീകോവിലിന്റെ ഭാഗത്തുനിന്നു സുഗന്ധവാഹിയായ പുകയും ഒരു പ്രഭാവലയവും ദർശിച്ചു. വിവരമറിഞ്ഞെത്തിയ പൂജാരി നടതുറന്നപ്പോൾ കണ്ട കാഴച എല്ലാവരെയും അതിശയിപ്പിച്ചു. ശ്രീകോവിലിലെ വിളക്കുകളെല്ലാം കത്തി നിൽക്കുന്നു.

തേജോവലയത്തോടുകൂടിയ ദേവീവിഗ്രഹം കുങ്കുമലേപനാദി ആഭരണങ്ങളും തിരുവായുധങ്ങളും ധരിച്ചു കാണപ്പെട്ടു. സാക്ഷാൽ ദേവി തന്നെ പ്രത്യക്ഷപ്പെട്ടിരിക്കുകയാണോയെന്നു ഭക്തജനങ്ങൾക്കു സംശയമായി. കുറച്ചു നിമിഷം നീണ്ടുനിന്ന ഈ പ്രതിഭാസം ദേവപ്രശ്നത്തിലേക്കു നയിച്ചു. പ്രശ്നത്തിൽ വൃശ്ചികമാസത്തിലെ തൃക്കാർത്തിക അമ്മയുടെ വിളയാട്ട ദിവസമാണെന്നു കണ്ടെത്തി. ഇതേത്തുടർന്നാണു തൃക്കാർത്തിക ദിവസം ക്ഷേത്രത്തിൽ വിവിധ പൂജാദി കർമങ്ങളോടുകൂടി ആഘോഷിക്കുന്നത്.

ലോകമെമ്പാടുമുള്ള ഭക്തജനങ്ങൾ അഭീഷ്ടസിദ്ധിക്കായി അനുഷ്ഠിച്ചുവരുന്ന പൊങ്കാലയിടുമ്പോൾ ഭക്തജനങ്ങളിൽ ഒരാളായി ചക്കുളത്തമ്മയും ഉണ്ടെന്നു വിശ്വസിക്കപ്പെടുന്നു. ലോകത്തു മറ്റെവിടെയും കാണാനാകാത്ത സവിശേഷതയാണു ചക്കുളത്തുകാവിൽ സ്ത്രീകൾക്കു നൽകപ്പെടുന്ന പ്രാമുഖ്യം. സ്ത്രീകളുടെ ശബരിമലയെന്ന വിശേഷണം തന്നെ ഈ പ്രാധാന്യത്തിനു തെളിവാണ്. ആദിപരാശക്തിയായ ദേവിയുടെ ചൈതന്യം നിറഞ്ഞുനിൽക്കുന്ന പൊങ്കാലദിവസം ആ ദിവ്യചടങ്ങിന്റെ ദർശനംപോലും സർവാഭീഷ്ടദായകമാണെന്നാണു വിശ്വാസം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.