Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്രിസ്മസിന് കേക്കില്ലാതെ എന്ത് ആഘോഷം?

by സ്വന്തം ലേഖകൻ
christmas

ക്രിസ്മസിന് കേക്കില്ലാതെ എന്ത് ആഘോഷം? തിരുപ്പിറവിയുടെ ആഘോഷങ്ങള്‍ക്ക് അകമ്പടിയേകാന്‍ കേക്കോളം വേറൊന്നില്ല. മധുരത്തിന്റെ മാത്രമല്ല, സന്തോഷത്തിന്റെയും വിശ്വാസത്തിന്റെയും കൂടി അനുഭവമാണ് ക്രിസ്മസ് കേക്ക് പ്രദാനം ചെയ്യുന്നത്.

കേക്കിന്റെ പിറവി സംബന്ധിച്ച് വ്യക്തമായ ചരിത്രരേഖകളൊന്നുമില്ല. ഏതായാലും കേക്കിന് നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ളതായി ചരിത്രകാരന്‍മാര്‍ പറയുന്നു. യൂറോപ്പില്‍ പ്രചാരത്തിലുണ്ടായിരുന്ന ഒരു ലഘുഭക്ഷണമാണത്രെ പിന്നീട് കേക്കായി പരിണമിച്ചത്. ഗോതമ്പുകൊണ്ടാണ് ഇവ ഉണ്ടാക്കിയിരുന്നത്. രുചിയിലും രൂപത്തിലും ഇന്ന് കാണുന്നതില്‍നിന്ന് ആദ്യ കാലങ്ങളിലെ കേക്കുകള്‍ ഏറെ വ്യത്യസ്തമായിരുന്നു. ബ്രഡ്ഡുപോലുള്ള വസ്തുവില്‍ തേനും ഉണക്കമുന്തിരിയും നട്ട്സും ചേര്‍ന്നതാണ് അക്കാലത്തെ കേക്കുകള്‍.

ബേക്കിങ്ങിലൂടെ ആദ്യമായി കേക്ക് പിറവിയെടുത്തത് ഈജിപ്തിലാണെന്ന് വിശ്വസിക്കുന്നു. ഐസിങ്ങോടുകൂടിയ വട്ടത്തിലുള്ള കേക്കിന്റെ ജനനം 17ാം നൂറ്റാണ്ടില്‍ യൂറോപ്പിലാണ്. നല്ലയിനം ഗോതമ്പ് ഉപയോഗിച്ച് മൊരിച്ചാണ് ആദ്യ കാലങ്ങളില്‍ കേക്ക് ഉണ്ടാക്കിയിരുന്നത്.

ഇനി കാര്യത്തിലേക്ക് കടക്കാം ക്രിസ്മസ് കേക്ക്. ഇംഗീഷ് പാരമ്പര്യമാണ് ക്രിസ്മസ് കേക്കിനുള്ളത്. പ്ളം പോറിഡ്ജ് എന്ന ഭക്ഷ്യവസ്തുവാണ് ക്രിസ്മസ് കേക്കായി രൂപാന്തരം പ്രാപിച്ചത്.ഓട്സ് കുറുkക്കിക്കില്‍ ഉണക്കമുന്തിരിയും മറ്റും ചേര്‍ത്താണ് പ്ളം പോറിഡ്ജ് ഉണ്ടാക്കിയിരുന്നത്. നോമ്പിനുശേഷം, ക്രിസ്മസിന് തലേന്ന് വയറിനെ പാകപ്പെടുത്താനാണ് ഇൌ ഭക്ഷണം ആദ്യകാലങ്ങളില്‍ ഉപയോഗിച്ചിരുന്നത്. വര്‍ഷങ്ങള്‍ക്കുശേഷം ഈ മിശ്രിതത്തിലെ ഓട്സിനുപകരം ബട്ടറും ഗോതമ്പും മുട്ടയും ചേര്‍ത്ത് പ്ളം കേക്ക് രൂപംകൊണ്ടു. കാലക്രമേണ ഇതിന്റെ കൂടെ ഉണങ്ങിയ പഴങ്ങളും സുഗന്ധദ്രവ്യങ്ങളും ചേര്‍ന്നതോടെ കേക്ക് ഏറെ നാള്‍ ഇരിക്കുമെന്ന സ്ഥിതിയിലായി. കിഴക്കുനിന്ന് ബേത്ലഹേമില്‍ ഉണ്ണിയേശുവിനെ കാണാനെത്തിയ വിദ്വാന്‍മാര്‍ സമ്മാനമായി കൊണ്ടുവന്ന സുഗന്ധവ്യഞ്ജനങ്ങളുടെ പ്രതീകമായിട്ടാണ് ഇവ കേക്കില്‍ ചേര്‍ക്കുന്ന്. ഇതാണ് ക്രിസ്മസ് കേക്കിന്റെ പിറവിയുടെ പിന്നിലെ കഥ. കേക്കിന്റെ ചേരുവകള്‍ പിന്നീട് പലതിനും വഴിമാറി ആധുനിക ക്രിസ്മസ് കേക്കിന് രൂപം നല്‍കി.

പന്ത്രണ്ടാം നൂറ്റാണ്ടില്‍ ഫ്രാന്‍സിലാണ് യൂറോപ്യന്‍ ക്രിസ്മസ് കേക്കുകളുടെ പിറവിയെന്ന് കരുതുന്നു. അക്കാലത്ത് ക്രിസ്മസിന്റെ പന്ത്രണ്ടാം നാള്‍, അതായത് ജനുവരി 5നാണ് കേക്ക് മുറിക്കുന്നത്. 'ലിറ്റില്‍ ക്രിസ്മസ്' എന്ന പേരിലാണ് ആ ആഘോഷം അറിയപ്പെട്ടിരുന്നത്. വിദ്ധ്വാന്‍മാര്‍ യേശു ജനിച്ചതറിഞ്ഞ് 12ാം നാള്‍ ബേത്ലഹേമില്‍ വന്ന് ഉണ്ണിയെ കണ്ടത്ിന്റെ ഓര്‍മ പുതുക്കലാണ് 'ലിറ്റില്‍ ക്രിസ്മസ്'.

പൊന്നും മൂറും കുന്തിരക്കവുമടക്കം നിരവധി സുഗന്ധദ്രവ്യങ്ങള്‍ ഉണ്ണിയേശുവിന് സമ്മാനിച്ചാണ് വിദ്വാന്‍മാര്‍ യാത്രയായത്. ഈ വസ്തുക്കള്‍ ഉപയോഗിച്ച് ഉണ്ടാക്കുന്ന വിശിഷ്ട വിഭവമായാണ് കേക്കിനെ കണ്ടിരുന്നത്. കേക്കിനു പുറത്തെ ഐസിങ്ങിനു പിന്നിലും ഒരു കഥയുണ്ട്. ഉണ്ണിയേശുവിനെ കൊല്ലാന്‍ പദ്ധതിയിട്ടിരുന്ന യഹൂദ്യയിലെ ഹെരോദാ രാജാവിന്റെ കൂട്ടാളികളുടെ കണ്ണില്‍പെടാതെ വളഞ്ഞ വഴികളിലൂടെയായിരുന്നല്ലോ വിദ്വാന്‍മാരുടെ യാത്ര. ഈ യാത്രയെയാണ് ഐസിങ്ങുകൊണ്ട് ഉദ്ദേശിക്കുന്നത്.

ബന്ധുക്കളും സുഹൃത്തുക്കളും ഏതെങ്കിലും വീട്ടില്‍ ഒത്തുകൂടി കേക്ക് മുറിക്കുന്ന ചടങ്ങ് ഇതിന്റെ ഭാഗമായി പിന്നീട് മാറി. ക്രിസ്മസിനുശേഷം 12ാം ദിവസം മുറിക്കുന്ന കേക്കായതിനാല്‍ ഈ കേക്കിന് ട്വല്‍ത്ത് നൈറ്റ് കേക്ക് എന്ന പേരും കൈവന്നു. 'ലിറ്റില്‍ ക്രിസ്മസിനോടനുബന്ധിച്ച് ഒട്ടേറെ രസകരമായ ചടങ്ങുകളും നടന്നിരുന്നു. അന്ന് മുറിക്കുന്ന കേക്കിനുള്ളില്‍ ഒരു ബീന്‍ ഒളിപ്പിച്ചുവച്ചിട്ടുണ്ടാവും. അത് ലഭിക്കുന്ന വ്യക്തിയാവും അന്നത്തെ ആഘോഷത്തിന്റെ പ്രധാനി. ലാറ്റിനമേരിക്കയില്‍ ഇതിലും രസകരമായ ചടങ്ങാണ് ആഘോഷത്തിന് മാറ്റുകൂട്ടിയത്. ഉണ്ണിയേശുവിന്റെ ഒരു രൂപം കേക്കിനുള്ളില്‍ ഒളിപ്പിച്ചുവെയ്ക്കും. അത് ലഭിക്കുന്ന ആളാണ് അടുത്ത വര്‍ഷത്തെ ലിറ്റില്‍ ക്രിസ്മസിന് ആതിഥേയത്വം വഹിക്കേണ്ടത്.

പരമ്പരാഗത സ്കോട്ടിഷ് ക്രിസ്മസ് കേക്കാണ് വിസ്കി ഡാന്‍ഡി. കേക്കിന്റെ പ്രധാന ഘടകത്തിലേക്ക് ഉണക്കമുന്തിരിയും ചെറിയും സ്കോച്ച് വിസ്കിയും ചേര്‍ത്താണ് ഇവ ഉണ്ടാക്കുന്നത്. ആപ്പിള്‍ ക്രീം കേക്കാണ് മറ്റൊരു ക്രിസ്മസ് വിഭവം. ആപ്പിള്‍, മുട്ട, പഴങ്ങള്‍, ഉണക്കമുന്തിരി, ചീസ്, ക്രീം എന്നിവ ചേര്‍ത്താണ് ഇവയുണ്ടാക്കുന്നത്. മിന്‍സ് മീറ്റ് കേക്കാണ് മറ്റൊരു തരം. ഇതില്‍ മിന്‍സ് ചെയ്ത ഇറച്ചി, ഗോതമ്പ്, മുട്ട, തുടങ്ങിയവ അടങ്ങിയിരിക്കും. ജപ്പാനില്‍ ഫ്രോസ്റ്റ് ചെയ്ത സ്പഞ്ച് കേക്കാണ് പ്രചാരത്തിലുള്ളത്. ഇതില്‍ സ്ട്രോബറി, ചോക്ക്ലെറ്റ്, മറ്റ് ഉണങ്ങിയ പഴങ്ങള്‍ എന്നിവ ചേര്‍ക്കും. നട്ട്സ് ചേര്‍ത്ത യെല്ലോ പൌണ്ട് കേക്കും പരമ്പരാഗത രീതിയിലുള്ള ബ്രിട്ടീഷ് ഫ്രൂട്ട് കേക്കും ആണ് ഫിലിപ്പന്‍സിലെ പ്രധാന ക്രിസ്മസ് കേക്കുകള്‍. ഇവ പിന്നീട് ബ്രാന്‍ഡിയിലോ റമ്മിലോ മുക്കിവെയ്ക്കും. ഇതോടൊപ്പം പാം ഷുഗര്‍ സിറപ്പും റോസ് വാട്ടറോ ഓറഞ്ച് സിറപ്പോ ചോര്‍ക്കും. കേടുകൂടാതെ ഏറെ നാളിരിക്കും എന്നതാണ് ഈ 'മഞ്ഞ കേക്കിന്റെ' പ്രത്യേകത. ഇത് ചിലപ്പോള്‍ അടുത്ത ക്രിസ്മസിനോ ഈസ്റ്ററിനോ ആയിരിക്കും ഉപയോഗിക്കുക.

ക്രിസ്മസ് കേക്കിന്റെ പിറവിക്കു പിന്നില്‍ ബേത്ലഹേമില്‍ ഉണ്ണിയേശുവിനെ കാണാനെത്തിയ വിദ്ധ്വാന്‍മാരുമായി ബന്ധമുണ്ടെന്ന് പറഞ്ഞല്ലോ. അപ്പോള്‍ അവരുടെ വരവിനെ ഓര്‍മപ്പെടുത്താന്‍ ഒരു കേക്ക് തന്നെയായാല്ലോ. അതാണ് കിങ്സ് കേക്ക്. പരമ്പരാഗതരീതിയില്‍ ഉണ്ടാക്കുന്ന ഈ കേക്കിന് മൂന്നു നിറങ്ങളുണ്ടാവും പച്ച, പര്‍പ്പിള്‍, സ്വര്‍ണ നിറങ്ങള്‍. സ്വര്‍ണനിറം ശക്തിയെയും പച്ച വിശ്വാസത്തെയും പര്‍പ്പിള്‍ നീതിയെയും പ്രതിനിധീകരിക്കുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.