Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൃദയാക്ഷരങ്ങള്‍ ചാലിച്ച സ്നേഹവുമായി ക്രിസ്മസ് കാര്‍ഡുകള്‍

Christmas

അശാന്തമായ ലോകകുടുംബത്തിനു മുഴുവന്‍ പ്രതീക്ഷയുടെ നക്ഷത്രങ്ങള്‍ സമ്മാനിച്ച മാജിക് ആയിരുന്നു തിരുപ്പിറവി. ആ പ്രതീക്ഷയുടെ ഒാര്‍മപോലും നമ്മെ പ്രകാശമുള്ളവരാക്കുന്നു. വീണ്ടുമൊരു ക്രിസ്മസ്.. നാട് ഒരുങ്ങിക്കഴിഞ്ഞു; ബെത്‌ലഹേം പോലെ. ക്രിസ്മസ് നല്‍കുന്ന പ്രതീക്ഷയുടെ വെട്ടം എങ്ങും പ്രസരിക്കട്ടെ എന്ന പ്രാര്‍ഥനയോടെ വീടുകള്‍ക്കു മുന്നിലൊക്കെ നക്ഷത്രവിളക്കുകള്‍... പങ്കുവയ്ക്കപ്പെടുന്ന മധുരം.. കൈമാറുന്ന ആശംസകള്‍.. ഹാപ്പി ക്രിസ്മസ്...

തണുപ്പു വാരിച്ചുറ്റി ഡിസംബര്‍ എത്തുമ്പോഴേ നമുക്കു തിടുക്കമാണ്; പ്രിയപ്പെട്ടവര്‍ക്കൊക്കെ ആശംസകള്‍ നേരാന്‍. എണ്ണമറ്റ ആശംസാ കാര്‍ഡുകളും ഒരുക്കി വിപണി ഉണരും. ഒരു വിരല്‍സ്പര്‍ശം കൊണ്ടുമാത്രം ലോകത്തിന്റെ ഏതു കോണിലേക്കും ആശംസകളെ പറത്തിവിടാന്‍ നമുക്കിന്നു കഴിയും. പക്ഷേ, മൊബൈലിന്റെയോ സോഷ്യല്‍ മീഡിയയുടെയോ വളര്‍ച്ചയൊന്നും ക്രിസ്മസ് കാര്‍ഡുകളുടെ ഗ്ളാമറിനെ ബാധിച്ച മട്ടില്ല. അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം, ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്കു സമാധാനം; കാലങ്ങള്‍ക്കു മുന്‍പ് മാലാഖമാര്‍ പാടിയ ശാന്തിഗീതവും പേറി ക്രിസ്മസ് കാര്‍ഡുകള്‍ യാത്ര തുടരുന്നു. മനസ്സുപോലെ വെളുത്ത പ്രതലത്തില്‍ ഹൃദയാക്ഷരങ്ങള്‍ ചാലിച്ച സ്നേഹവുമായി ക്രിസ്മസ് കാര്‍ഡുകള്‍ ദൂതുപോകാന്‍ തുടങ്ങിയിട്ടു കാലമൊരുപാടായി.

1843ല്‍ ലണ്ടനിലാണ് വ്യാവസായിക അടിസ്ഥാനത്തില്‍ ആദ്യമായി ക്രിസ്മസ് ആശംസാ കാര്‍ഡുകള്‍ പ്രിന്റ് ചെയ്തതെന്നു ചരിത്രം. ആയിരത്തോളം കാര്‍ഡുകളാണത്രേ അന്ന് അച്ചടിച്ചത്. എന്നാലിന്ന്, ഒന്നര നൂറ്റാണ്ടിനിപ്പുറം കോടിക്കണക്കിനു രൂപയുടെ വിറ്റുവരവുള്ള വമ്പന്‍ വിപണിയാണ് കാര്‍ഡുകളുടേത്. മറ്റെന്തൊക്കെ മാര്‍ഗങ്ങളുണ്ടെങ്കിലും കാര്‍ഡുകളുടെ കൂട്ടില്ലെങ്കില്‍ ആശംസകള്‍ പൂര്‍ണമാവില്ല എന്നാണു നമ്മുടെ വിശ്വാസം.

വൈവിധ്യങ്ങളാണ് ക്രിസ്മസ് കാര്‍ഡ് വിപണിയുടെ കാതല്‍. സാദാ കാര്‍ഡുകള്‍ മുതല്‍ കാരള്‍ പാടുന്ന കാര്‍ഡുകള്‍ വരെ കടയിലുണ്ട്. ഇടയ്ക്ക് സാദാ കാര്‍ഡുകളുടെ താരമൂല്യം അല്‍പം ഇടിഞ്ഞെങ്കിലും ഇപ്പോള്‍ അതുമാറി. സിംപിളായ കുഞ്ഞന്‍ കാര്‍ഡുകള്‍ തേടിയെത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി പ്രാദേശിക വ്യാപാരികള്‍ സാക്ഷ്യപ്പെടുത്തുന്നു.

രണ്ടുമൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് വിപണി ഒരല്‍പം ക്ഷീണിച്ചെങ്കിലും ഇപ്പോള്‍ തിരിച്ചുവരവിന്റെ പാതയിലാണ്. കുറേയേറെ കുടുംബങ്ങളുടെ ആശ്രയവും അന്നവും കൂടിയാണ് കാര്‍ഡ് വിപണി. ഈ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ എണ്ണം തീരെ ചെറുതല്ല. കാര്‍ഡിന് വേണ്ടി നാം ചെലവാക്കുന്ന ഒാരോ രൂപയും ചിലരുടെയൊക്കെ ക്രിസ്മസ് നിറമുള്ളതാക്കുന്നു എന്നു ചുരുക്കം. മെറി ക്രിസ്മസ്....

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.