Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്രിസ്മസ് സ്മരണകൾ...

എൽസി യോഹന്നാൻ ശങ്കരത്തിൽ
by എൽസി യോഹന്നാൻ ശങ്കരത്തിൽ
Author Details
christmas

വെളുപ്പാൻ കാലത്ത് ഉറക്കച്ചടവോടെ ചെരുപ്പിടാത്ത കൊച്ചുകാലുകൾ പെറുക്കി വച്ച് കല്ലും മണ്ണും നിറഞ്ഞ പാതയിലൂടെ ക്രിസ്മസ് ശുശ്രൂഷകൾക്കായി രണ്ടര മൈലുകൾ അകലെയുള്ള ദേവാലയത്തിലേക്കുള്ള യാത്ര ഇന്നും ഓർമയിൽ നിറയുന്നു. ചൂട്ടുകറ്റ കത്തിച്ചു പിടിച്ച് മുതിർന്നവരുടെ നേതൃത്വത്തിൽ ആ യാത്ര തുടരുമ്പോഴേക്കും അയൽക്കാരും ഒപ്പം ചേരുന്നതിനാൽ യാത്രയിലെ അംഗസംഖ്യ ഏറിവരും. അർധരാത്രിയിലെ ചെറുതണുപ്പും നേരിയ നിലാവും തീർഥയാത്രാ സംഘത്തിന്റെ ക്രിസ്മസ് ഗാനാലാപവും ആനന്ദപ്രദമായ അനുഭവമായിരുന്നു.

ദേവാലയത്തിലെ തീജ്വാലാ ശുശ്രൂഷയ്ക്കു മുമ്പേ എത്താനായുള്ള ആവേശത്തോടെയാണ് യാത്ര. ദേവാലയത്തിന്റെ പടിഞ്ഞാറുഭാഗത്തു മുറ്റത്തൊരുക്കിയ കുരിശാകൃതിയിലുള്ള കുഴിയിലെ തീജ്വാലയിലേക്കിടുവാനായി ഓശാനപ്പെരുന്നാളിനു വീട്ടിലേക്കു കൊണ്ടുപോയ കുരുത്തോല കയ്യിൽ കരുതിയിരുന്നത്. കുരുത്തോല ജ്വാലയിൽ ഇട്ട് അടുത്ത് നിന്ന് ആ തീകായുന്ന ആനന്ദം ഒന്നു വേറെ തന്നെ. മുതിർന്നവരുടെ കയ്യിൽ മാത്രമേ അന്നൊക്കെ ആരാധനാപ്പുസ്തകങ്ങൾ ഉണ്ടായിരുന്നുള്ളു. കുട്ടികൾ കേട്ടു ചൊല്ലും. അടുക്കും ചിട്ടയുമൊന്നുമറിയാതെ അങ്ങു പാടും. ദേവാലയത്തിൽ കയറ്റുപാ നിരത്തിയിട്ടുണ്ടാവും. കുട്ടികൾ ചിലരൊക്കെ മൂലകളിൽ മെല്ലെ സുഖനിദ്രയിലാഴും. നേരം വെളുക്കുന്നതിനു മുൻപ് ക്രിസ്മസ് ശുശ്രൂഷകൾ കഴിഞ്ഞുള്ള മടക്കയാത്രയ്ക്ക് ആവേശം കൂടുതലായിരുന്നു. മടക്കയാത്രയ്ക്ക് വേഗം കൂടുതലാണ് . വീട്ടിലെത്തുമ്പോൾ അപ്പവും താറാവുകറിയും കേക്കും കഴിക്കാമെന്ന ആശയും വിശപ്പുമാണ് വേഗതയ്ക്ക് പിന്നിൽ. പള്ളിയിൽ പോയിട്ടുവരുമ്പോഴേയ്ക്കു കഴിക്കാൻ രാവിലെ പാലപ്പവും കറിയുമുണ്ടെന്നു പറഞ്ഞാണ് രാത്രിയിൽ യാത്രയാകുന്നത്.

വൈദ്യുതിയും പൈപ്പുവെള്ളവും ടെലഫോണും ഒന്നും എത്തിനോക്കിയിട്ടില്ലാത്ത തെക്കൻ കേരളത്തിലെ മനോഹരമായ നാട്ടിൻപുറമായിരുന്നു അത്. വയലേലകളിലെ ഞാറ്റുപാട്ടും, കാളപൂട്ടും, തോട്ടിലെ നീരാട്ടിന്നോളവും പ്രഭാതങ്ങളെ ഉണർത്തിയ കിളികളുടെ കളകൂജനാരവവും അലയടിച്ച ഗ്രാമം. പാടങ്ങളും തെങ്ങും കമുകും കപ്പയും നിറഞ്ഞ കൃഷിത്തോപ്പുകളും സ്നേഹവും കഠിനാധ്വാനവും കൈമുതലായുള്ള ജനങ്ങളും. സാന്ധ്യാ ശാന്തതയിൽ മിന്നാമിനുങ്ങു വെട്ടം പോലെ കത്തിയിരുന്ന മണ്ണെണ്ണ വിളക്കുകളും, ഭവനങ്ങളിൽ നിന്നു കേൾക്കുന്ന രാമനാമജപവും, പ്രാർഥനകളും, ബാങ്കുവിളികളും ഗ്രാമീണവിശുദ്ധി വിളിച്ചോതിയിരുന്നു.

സ്കൂളിൽ ക്രിസ്മസ് അവധി ലഭിക്കുന്നതിനുവേണ്ടി കുട്ടികൾ കൊതിയോടെ നോക്കിയിരുന്ന കാലം. അവധി കിട്ടിയാലുടൻ ഈറയും ഈർക്കിലും ചീകി വർണക്കടലാസ് അരിമാവു പശയുണ്ടാക്കി ഒട്ടിച്ച് സ്റ്റാർവിളക്കുകളും മറ്റും ഉണ്ടാക്കുക വീട്ടിലെയും അയൽ വീട്ടിലെയും കുട്ടികളുടെ ഹരമായിരുന്നു. തോരണങ്ങളൊട്ടിച്ച് മുറ്റവും പരിസരവും ഒരുക്കി യേശുക്കുഞ്ഞിന്റെ വരവേൽപ്പിനായുള്ള ആഘോഷം. ഇരുപത്തഞ്ചു ദിവസത്തെ നോമ്പാചരണത്തോടെയുള്ള കാത്തിരിപ്പാണ്. മാട്ടിറച്ചിയും താറാവുകറിയും കോഴിക്കറിയും ഒക്കെ കൊതിയൂറ്റുന്ന വിഭവങ്ങളായി. ഗ്രാമത്തിലെങ്ങും ഇറച്ചിവെട്ടിന്റെയും ഒരു ചെറിയ മേളതന്നെയായിരുന്നു ക്രിസ്മസ്. ഇന്നത്തെപ്പോലെ ബേക്കറിസാധനങ്ങളൊന്നും ലഭ്യമല്ലാതിരുന്ന ഗ്രാമഭവനങ്ങളിൽ കേക്കുണ്ടാക്കലും മിക്ക ഭവനങ്ങളിലെയും അമ്മമാരും മക്കളും ചേർന്നുള്ള ഒരു വിനോദം തന്നെയായിരുന്നു.

വലിയ നോമ്പു വീടലിനും ക്രിസ്മസിനും നല്ല മൂരിക്കുട്ടന്മാരെ അറുത്ത് ഒരു പങ്ക് ഇറച്ചി അഥവാ രണ്ടു കിലോഗ്രാമിനു രണ്ടു രൂപയിൽ താഴെ വില വച്ച് ചെറിയ മൂലക്കച്ചവടങ്ങൾ നടക്കുമ്പോൾ അന്നൊക്കെ അവിടേക്ക് തിരക്കോടെ ആളുകളെത്തും. ആ നല്ല പച്ചയിറച്ചി കറിവയ്ക്കുമ്പോഴുള്ള സൗരഭ്യ.ം അയൽ വീടുകളിലേക്കും വ്യാപിക്കുമ്പോഴേക്കും നാവിൽ കൊതിയൂറിയാണ് സമയം പോക്കുക. തലേദിവസം വൈകിട്ട് വീട്ടുമുറ്റത്തെ തെങ്ങു ചെത്തി കള്ളുമായി വരുന്ന ചെത്തുകാരന്റെ പക്കൽ നിന്നും അപ്പത്തിനുള്ള കള്ളുവാങ്ങിക്കൊണ്ടുവരവും, ക്രിസ്തുമസിന് ചില വീടുകളിൽ ഗൃഹനാഥന്മാർ അൽപമൊന്നു മിനുങ്ങാനും തലേ ദിവസമേ കുറച്ചു പാനീയം കരുതിയിരിക്കും. ആകെ ഒരു ഉത്സവപ്രതീതിയും തകൃതിയും. അടുത്ത ബന്ധുക്കളുടെ വരവും ക്രിസ്മസ് ദിനത്തിൽ ഉണ്ടാകുമെന്നതുകൊണ്ട് കുറച്ചേറെ ഭക്ഷണം തയ്യാറാക്കിയിട്ടുണ്ടാവും.

ഫോൺ വിളിച്ച് നേരത്തേ കൂട്ടി അറിയിക്കാനുള്ള സൗകര്യം ഇല്ലാതിരുന്നതിനാൽ ആര് എപ്പോഴെത്തും എന്നൊന്നും പ്രതീക്ഷിക്കാതെ പെട്ടെന്നാണ് വിരുന്നുകാർ വന്നെത്തുക. അന്നൊക്കെ വീടു നിറയെ കുട്ടികളായിരുന്നു ഓരോ വീട്ടിലും. വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എന്തായാലും കുട്ടികൾ മത്സരിച്ചു കഴിച്ചിരുന്നതും, വീട്ടുജോലികൾ ഓരോരുത്തരുടെയും പങ്ക് മടികൂടാതെ ചെയ്തിരുന്നതും മാതാപിതാക്കൾക്ക് സമാധാനം നൽകിയിരുന്നു. പരസ്പര സ്നേഹം, മുതിർന്നവരോടുള്ള ബഹുമാനം വീട്ടിലെ വിഷമതകൾ അറിഞ്ഞു ജീവിക്കുവാനുള്ള മനസ്‍, വെവ്വേറെ മുറികളിലല്ലാതെ ഉള്ള സ്ഥലത്തു കിടന്നുറങ്ങുകയും, രാത്രിയും രാവിലെയും മാതാപിതാക്കളോടൊപ്പം തറയിൽ നിരത്തിയിട്ട പുൽപ്പായിലിരുന്ന് മെഴുകുതിരി കത്തിച്ച് ഒരുമിച്ചു പ്രാർഥിക്കുകയും, വീട്ടിലുള്ളത് പരസ്പരം പങ്കുവയ്ക്കുകയും വളരെ മിതമായി മാത്രം ഉണ്ടായിരുന്ന വസ്ത്രങ്ങൾ സ്വയം കഴുകി ഉണക്കി ചിരട്ടക്കരി കത്തിച്ചിട്ട ഓട്ടുതേപ്പുപെട്ടികൊണ്ടു തേച്ച് ഉപയോഗിക്കുകയും ഒക്കെ ചെയ്തിരുന്ന ആ ഒരു കാലം.

ഇന്ന് ആധുനികതയുടെ അതിപ്രസരത്തിൽ നോമ്പിന്റെയും ക്രിസ്മസിന്റെയും വിശുദ്ധിക്കും ആചരണങ്ങൾക്കും മങ്ങലേറ്റിറ്റുണ്ടോ എന്നു സംശയിക്കുന്നു. ഈ ക്രിസ്മസ് ദിനങ്ങൾ സന്തോഷവും സമാധാനവും വിനയവും ദൈവഭക്തിയും നമ്മിൽ നിറയ്ക്കട്ടെ!

അനുഗ്രഹവും ആനന്ദവും നിറഞ്ഞ ക്രിസ്മസും പുതുവത്സരാശംസകളും എല്ലാ മാന്യ വായനക്കാർക്കും നേരുന്നു...

കന്യകാ മലർത്തയ്യാൾ മധുപം തീണ്ടാത്തൊരാ മാനവാസ്പർശയായ കാനന സല്ലതിക വിശ്വേശ വരെ തീർത്തോരഭൗമ ഗർഭം പൂണ്ടു വിശ്വപ്രദീപ്തദിവ്യ ശീകരൻ ജന്യനായി

സർവ്വേശനുന്നതത്തിൽ മഹത്വം മഹിയിങ്കൽ ദൈവപ്രസാദമാർന്ന മർത്യർക്കു സംപ്രീതിയും ദൈവമേ പാപികളാം ഞങ്ങളുമർത്ഥിപ്പിതേ ഭവ്യദായകാ കൃപ ഞങ്ങളിൽ കാട്ടീടുകേ!

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.