Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈണം നിറയുന്ന ക്രിസ്മസ് രാത്രികൾ

Christmas

' ഡിസംബർ ' ആര്‍ദ്രമായൊരു ഈണം ഒാരോ രാവിലും ഒളിപ്പിച്ചുവച്ച മാസം. മഞ്ഞിലും മനസ്സിലും നിറഞ്ഞ്, ഉയര്‍ന്നുചെന്ന് ക്രിസ്മസ് താരങ്ങളെ തൊടുന്നുവല്ലോ ആ ഈണം...

പാതിരാക്കുര്‍ബാനയുടെ നനുത്ത സംഗീതത്തിന്റെയും കാരള്‍ സംഘങ്ങളുടെ ബാന്റു മുഴക്കത്തിന്റെയും ഈണം നിറയുന്ന രാത്രികള്‍. നൊസ്റ്റാള്‍ജിയ എന്ന ക്ളീഷേ തന്നെ ഉപയോഗിച്ച് ഒാര്‍മകളെ റീവൈന്‍ഡ് ചെയ്തെടുത്താല്‍ ആ ഈണങ്ങളെ ഇപ്പോഴും കേള്‍ക്കാം. തണുപ്പുള്ള രാത്രികളില്‍ അടഞ്ഞു പോകുന്ന കണ്ണുകള്‍ ബലമായി പിടിച്ചു നിര്‍ത്തി, മൂടിപ്പുതച്ചു കിടന്നുറങ്ങാനുള്ള ആഗ്രഹത്തിനും മേലയായി കാരള്‍ സംഘങ്ങളുടെ പാട്ടുകള്‍ ആവേശമായി നിറഞ്ഞുനിന്ന ഒരു കാലമുണ്ട്.

പുല്‍ക്കൂടിനും നക്ഷത്രവിളക്കുകള്‍ക്കുമിടയില്‍ അവരുടെ പാട്ടുകള്‍ക്കും മേളത്തിനും കാതോര്‍ത്തിരിക്കുന്ന കാലം. കാരള്‍ സംഘത്തിന്റെ പാട്ടുശബ്ദം അടുത്തടുത്തു വരുമ്പോള്‍ വീടിനു മുന്നിലേക്കോടും. 'ജിങ്കിള്‍ ബെല്‍സ് ജിങ്കിള്‍ ബെല്‍സ് അങ്കിള്‍ സാന്താക്ളോസ് കം..... കം.... ' വര്‍ഷങ്ങളെത്ര കഴിഞ്ഞാലും ഭ്രമിപ്പിക്കുകയും മോഹിപ്പിക്കുകയും ചെയ്യുന്ന അതേ പാട്ട്.

മധുര നാരങ്ങാമിഠായി അലിഞ്ഞില്ലാതാകുമ്പോഴും ഒാര്‍മ ശേഷിപ്പിക്കുന്ന മൃദുമധുരംപോലെ, മേളങ്ങള്‍ തീര്‍ന്നു സാന്താക്ളോസും സംഘവും പടിയിറങ്ങുമ്പോഴുള്ള നഷ്ടബോധം ഇപ്പോഴും മഞ്ഞിനീണമുള്ള നുറുങ്ങു പാട്ടുശകലങ്ങളായി മനസ്സില്‍. യഹൂദയായിലെ ഒരു ഗ്രാമത്തിലും.....ശാന്തരാത്രി തിരു രാത്രിയും പാടി ശബ്ദാഘോഷം അടുത്ത വീട്ടിലേക്കു പോകും. പിന്നെ ദൂരെ നേര്‍ത്തില്ലാതാകും. ശാന്തവും സുന്ദരവുമായ ആ രാത്രി മാത്രം ശേഷിക്കും...പിന്നെ കാത്തിരിപ്പാണ്. വീണ്ടും അവരെത്തുമെന്നുള്ള കാത്തിരിപ്പ്.

സമയം തെറ്റുന്നതിനു മുന്‍പു പാതിരാക്കുര്‍ബാനയ്ക്കെത്താന്‍ ഇടവഴിയിലൂടെ ഒാടുമ്പോള്‍ മഞ്ഞിനും കിതപ്പിനുമിടയില്‍ സൗമ്യമായ ഈണങ്ങളുള്ള പാട്ട് പള്ളിയില്‍ നിന്ന് ഒഴുകിയെത്തും. ഡിസംബര്‍ തുടങ്ങുമ്പോഴേ പള്ളിയില്‍ ക്വയര്‍ സംഘത്തിന്റെ പരിശീലനം ആരംഭിക്കും. പിന്നെ ക്രിസ്മസ് അടുക്കുമ്പോള്‍ രാവും പകലുമായി പരിശീലത്തിന്റെ ആവേശം പള്ളിയില്‍ നിറയും.

പാതിരാക്കുര്‍ബാനയുടെ എല്ലാപ്പാട്ടുകളും പുല്‍ക്കൂട്ടിലെ ഉണ്ണിയേശുവിനായി തൂവലുപോലെ സൗമ്യമായ ഇൌണത്തില്‍ പാടുന്നു. 'കാവല്‍ മാലഖമാരോട് കണ്ണടയ്ക്കരുതേ താഴെ പുല്‍ത്തൊട്ടിയില്‍ രാജരാജന്‍ മയങ്ങുന്നു' എന്നു പാടി പൈതലാം യേശുവിനെ ഉമ്മവച്ചുണര്‍ത്തുന്ന പാട്ടുകള്‍. കാലത്തിന്റെ കാതില്‍ സ്നേഹം എന്നോ മുതല്‍പാടുന്ന ഉണര്‍ത്തുപാട്ടുകള്‍.

ചില പാട്ടുകള്‍ ഒാര്‍മയുടെ കയത്തില്‍ ആണ്ടു കിടന്നിട്ടു പെട്ടെന്നു പൊങ്ങി വരുമ്പോള്‍ അത്ഭുതം തോന്നും. ഒാരോ വീട്ടിലും പാട്ടുകള്‍ പാടിത്തീര്‍ത്തു കാരള്‍ സംഘം പടിയിറങ്ങുമ്പോള്‍ പാടുന്ന പാട്ട് അടുത്തിടെ മമ്മൂട്ടിയും സംഘവും 'ലൌഡ് സ്പീക്കര്‍' സിനിമയില്‍ ചിരിച്ചുല്ലസിച്ചു പാടുന്നതു കേട്ടപ്പോള്‍ മനസില്‍ ഒരേ സമയം ആഹ്ലാദവും വിങ്ങലും.

ചില പാട്ടോര്‍മകള്‍ ചില നേരങ്ങളില്‍ ഒരുപോലെ സങ്കടവും സന്തോഷവും തോന്നിപ്പിക്കുന്നത് എന്തുകൊണ്ടാവാം? കേട്ട പാട്ടുകള്‍ മധുരതരം, കേള്‍ക്കാത്തവ അതിമധുരതരമെന്നു പറയാറില്ലേ?? ഇല്ല.. കേട്ട പാട്ടുകള്‍ തന്നെയാണ് അതിമധുരതരം.ഒാര്‍മകളുടെ നനുത്ത സ്പര്‍ശമുള്ള ഈ ക്രിസ്മസ് പാട്ടുകള്‍ ഇനിയെത്ര ഡിസംബര്‍ രാത്രികളില്‍ കേട്ടാലും മതി വരില്ല. ഇനിയൊരു ക്രിസ്മസ് ഈണത്തിനു വേണ്ടി കാതോര്‍ത്തിരിക്കുന്ന കുട്ടിക്കാലം ഉണ്ടാകില്ലെങ്കിലും ഒാരോ വര്‍ഷവും ഒാര്‍മപ്പെടുത്തലുകളായി ആമധുര സംഗീതം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷ തന്നെ, ഉണ്ണിയേശുവിന്റെ ജനനം പോലെ, എത്ര സൗമ്യവും ദീപ്തവും. ശരിയായിരിക്കും. ക്രിസ്മസ്, സംഗീതവുമാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.