Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഹല്യയെന്ന ശില

column5

പക്ഷേ, ആ കല്ല് വിശ്വാസവഞ്ചനയുടെ പ്രതീകമായിരുന്നു. ഗംഗാതീരത്തു ഗൗതമമുനിയുടെ പർണശാലയ്ക്കടുത്തു മണ്ണിലമർന്ന ആ കല്ലിന് ഒരു കഥ പറയാനുണ്ടായിരുന്നു. ഭർത്താവില്ലാത്ത നേരത്ത് അന്യപുരുഷനെ കിടപ്പറയിലേക്കു വരുത്തിയ അഹല്യയെന്ന സുന്ദരിക്കു കിട്ടിയ ശാപത്തിന്റെ കഥ.

പക്ഷേ, ‘ഭർത്താവിന്റെ രൂപത്തിൽ തന്റെ കിടപ്പറയിലെത്തിയതു ഭർത്താവു തന്നെയെന്നു കരുതി’ എന്ന ന്യായമുണ്ട് അഹല്യയുടെ പക്ഷത്ത്. എങ്കിലും ആ ന്യായത്തിനുമപ്പുറത്തേക്കു നീളുന്നു ഗൗതമമുനിയുടെ ശാപവചനം.

“കാമകിങ്കരേ, ശിലാരൂപവും കൈക്കൊണ്ടു നീ

രാമപാദാബ്ജം ധ്യാനിച്ചിവിടെ വസിക്കേണം...” എന്നായിരുന്നു അഹല്യയ്ക്കു ഭർത്താവായ ഗൗതമമുനിയിൽനിന്നു കിട്ടിയ ശാപം.

തന്റെ ഭാര്യയുടെ കിടപ്പറയിലേക്കു തന്റെ വേഷത്തിൽ ഒളിഞ്ഞുകയറിയ ദേവേന്ദ്രനു വധശിക്ഷ വിധിക്കുന്നില്ല സദാചാരത്തിന്റെ മൂർത്തീരൂപമായ ഗൗതമൻ.

“സഹസ്രഭഗനായിഭവിക്ക ഭവാനിനി

സ്സഹിച്ചീടുക ചെയ്ത ദുഷ്കർമഫലമെല്ലാം”

‘നീ ആയിരം ജനനേന്ദ്രിയങ്ങൾ ഉള്ളവനായിത്തീരട്ടെ, ചെയ്ത ദുഷ്ടത്തരങ്ങൾക്കെല്ലാം സഹിക്കുക തന്നെ വേണം’ എന്നാണു ദേവേന്ദ്രനു നൽകിയ ശിക്ഷ. ഇതിലും കടുത്ത ശിക്ഷയെന്തുണ്ട്?

അറിഞ്ഞോ അല്ലാതെയോ പാപം ചെയ്ത അഹല്യക്കു നൂറ്റാണ്ടുകൾ ശിലയായിക്കഴിയേണ്ടിവന്നു. എങ്കിലും ഉള്ളുരുകിയ പ്രാർഥനകൾക്കൊടുവിൽ ശാപമോക്ഷം ലഭിച്ചു-സാക്ഷാൽ ശ്രീരാമചന്ദ്രന്റെ പാദസ്പർശത്തിലൂടെ. മഹാപാപത്തിന്റെ ശില പോലും പുണ്യം പകരുന്ന ദേവതയാകും, ഈശ്വരസ്പർശത്തിലൂടെ...
ഭക്തിയുടെയും യുക്തിയുടെയും രാമായണം 

Your Rating: