Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുഃഖശനി: കാത്തിരിപ്പിന്റെ ദിനം

Easter Saturday 2017 | Easter 2017 ദുഃഖശനിയാഴ്ച ദിവസം ഒട്ടുമിക്ക ക്രിസ്തീയ ദേവാലയങ്ങളിലും ആഘോഷകരമായ കുര്‍ബാന ഉണ്ടാവില്ല.

''അവിടുന്നു ക്രൂശിക്കപ്പെട്ട സ്ഥലത്ത് ഒരു തോട്ടമുണ്ടായിരുന്നു. ആ തോട്ടത്തില്‍ അതുവരെ ആരെയും സംസ്കരിച്ചിട്ടില്ലാത്ത ഒരു പുതിയ ശവകുടീരമുണ്ടായിരുന്നു. യൂദന്‍മാരുടെ 

ഒരുക്കനാള്‍ ആയിരുന്നതിനാലും ശവകുടീരം സമീപത്തായിരുന്നതിനാലും ഈശോയെ അവര്‍ അവിടെ സംസ്കരിച്ചു. (യോഹ ന്നാന്‍ 19: 40-42) മനുഷ്യനായി ഭൂമിയില്‍ അവതരിച്ച 

ദൈവപുത്രന്‍ മരിച്ചു; അടക്കപ്പെട്ടു. മൂന്നാംനാള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുംവരെ ഈശോയുടെ ശരീരം ആ കല്ലറയില്‍. ദുഃഖശനി, മരിച്ചവനായി കല്ലറയില്‍ കഴിഞ്ഞ ഈശോയുടെ ഒാര്‍മദിവസമാണ്. ഉയിര്‍പ്പിനു മുന്നോടിയായുള്ള അമ്പതുനോമ്പിലെ അവസാന ദിവസം. യേശുവിനോടൊപ്പം ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ വിശുദ്ധിയോടെ കാത്തിരിക്കേണ്ട ദിനം. 

പാപത്തിന്റെ ഇരുളില്‍ നിന്നു വിശുദ്ധിയുടെ വെളിച്ചത്തിലേക്ക് കടക്കാന്‍ തീവ്രമായി പ്രാര്‍ഥിക്കാനാണ് ഈ ദിവസം മാറ്റിവയ്ക്കേണ്ടത്. പാപത്തിലും മരണത്തിലും നിന്ന് നിത്യജീവനിലേക്കും ഉത്ഥാനത്തിലേക്കും പ്രവേശിക്കാന്‍ ഒരുങ്ങണം. ഏറ്റവും ശാന്തമായ ദിവസം എന്നാണ് ദുഃഖശനിയാഴ്ച അറിയപ്പെടുന്നത്. സുവിശേഷങ്ങളില്‍ ഈ ദിവസം 

യേശുവിന്റെ ശിഷ്യന്‍മാരോ മാതാവോ എന്തു ചെയ്തു എന്നതിനെ പറ്റി പരാമര്‍ശമില്ല. എന്നാല്‍ അന്നും അവിടുത്തെ ശത്രുക്കള്‍ അടങ്ങിയിരുന്നില്ല എന്നു മത്തായിയുടെ സുവിശേഷത്തില്‍ വായിക്കാം. ''പിറ്റേദിവസം, പുരോഹിത ശ്രേഷ്ഠരും പ്രീശരും പീലാത്തോസിന്റെ മുമ്പില്‍ ഒരുമിച്ചുകൂടി പറഞ്ഞു: 'പ്രഭോ, ഈ വഞ്ചകന്‍ ജീവിച്ചിരിക്കുമ്പോള്‍ 'മൂന്നു ദിവസങ്ങള്‍ക്കു ശേഷം ഞാന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും എന്നു പറഞ്ഞ കാര്യം ഞങ്ങള്‍ ഒാര്‍മിക്കുന്നു. അതുകൊണ്ട് മൂന്നാം ദിവസം വരെ കല്ലറയ്ക്കു കാവല്‍ ഏര്‍പ്പെടത്താന്‍ കല്‍പന നല്‍കിയാലും; അല്ലാത്തപക്ഷം, അവന്റെ ശിഷ്യന്‍മാര്‍ വന്ന് അവനെ മോഷ്ടിച്ചുകൊണ്ടുപോയ ശേഷം 'അയാള്‍ മരിച്ചവരില്‍ നിന്നു ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു എന്നു 

ജനങ്ങളോടു വിളിച്ചുപറയും; അങ്ങനെ ഒടുവിലത്തെ ഈ വഞ്ചന ആദ്യത്തേതിനേക്കാള്‍ കഷ്ടമായിരിക്കും. പീലാത്തോസ് അവരോടു പറഞ്ഞു: 'നിങ്ങള്‍ക്ക് കാവലിനു ഭടന്‍മാരുണ്ടല്ലോ; പോയി നിങ്ങള്‍ക്ക് ആവുന്നതുപോലെ അതു കാത്തുകൊള്ളുക. അവര്‍ ചെന്ന് കല്ലിനു മുദ്രവച്ചു; കാവല്‍ക്കാരെ നിറുത്തി; അങ്ങനെ കല്ലറ ഭദ്രമാക്കി. (മത്തായി 27: 62-66) 

ഈശോയെ പടയാളികള്‍ തടവിലാക്കിയപ്പോള്‍ പലവഴിക്കു ഒാടിരക്ഷപ്പെട്ട അവിടുത്തെ ശിഷ്യന്‍മാര്‍ വീണ്ടും ഒത്തുചേര്‍ന്നത് ദുഃഖശനിയാഴ്ച ദിവസമാണെന്നു ചില പുസ്തകങ്ങളില്‍ കാണാം. പിറ്റേന്ന് ഈശോ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന വിശ്വാസത്തില്‍ അവര്‍ കാത്തിരുന്നിട്ടുണ്ടാവാം. ഈ കാത്തിരിപ്പു തന്നെയാണ് ക്രിസ്തുവിന്റെ അനുയായികളായ നമ്മളോരോരുത്തരും ദുഃഖശനിയാഴ്ച ദിവസം നടത്തുന്നതും. ഉയിര്‍പ്പ് തിരുനാള്‍ ദിവസം കര്‍ത്താവ് ലോകത്തെ വിധിക്കുവാനായി വീണ്ടും വരുമെന്ന വിശ്വാസം ആദിമ ക്രിസ്ത്യാനികള്‍ക്കിടയിലുണ്ടായിരുന്നു. ദുഃഖശനിയാഴ്ച വൈകുന്നേരം മുതല്‍ പിറ്റേന്നു രാവിലെ വരെ ഉയിര്‍പ്പിനു വേണ്ടി വിശ്വാസികള്‍ കാത്തിരിക്കുന്ന പതിവ് ആദ്യ നൂറ്റാണ്ടുകളിലുണ്ടായിരുന്നു. 

ദുഃഖശനിയാഴ്ച ദിവസം ഒട്ടുമിക്ക ക്രിസ്തീയ ദേവാലയങ്ങളിലും ആഘോഷകരമായ കുര്‍ബാന ഉണ്ടാവില്ല. ദുഃഖശനിയാഴ്ചത്തെ തിരുകര്‍മങ്ങളില്‍ സുവിശേഷവായന, പുതിയ തീയുടെ വെഞ്ചരിപ്പ്, പെസഹാത്തിരി കത്തിക്കല്‍, വെള്ളം വെഞ്ചരിപ്പ് തുടങ്ങിവയാണ് പ്രധാനപ്പെട്ടത്. ജ്ഞാനസ്നാനത്തിനുള്ള ജലം വെഞ്ചരിക്കുന്നത് ഈ ദിവസമാണ്. വലിയ ശനി, ഈസ്റ്റര്‍ ശനി എന്നിങ്ങനെയും ദുഃഖശനി അറിയപ്പെടുന്നു. 

ദുഃഖശനിയാഴ്ച ദിവസം വായിക്കേണ്ട ബൈബിള്‍ ഭാഗങ്ങള്‍

യഹൂദന്‍മാര്‍ക്കിടയിലെ പെസഹാ ആചരണം

ബൈബിളിലെ പഴയനിയമത്തിലുള്ള പുറപ്പാട് പുസ്തകത്തില്‍ പെസഹാ ആചരിക്കേണ്ട വിധത്തെക്കുറിച്ച് ദൈവം മോശയോട് വിശദമായി സംസാരിക്കുന്നുണ്ട്. യഹൂദര്‍ക്കിടയിലെ പെസഹാ ആചരണത്തിന്റെ അടിസ്ഥാനം ബൈബിളിലെ വിവരിച്ചിരിക്കുന്ന ഈ രീതികള്‍ തന്നെയാണ്. 

വിളവെടുപ്പു കാലത്താണ് പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുനാള്‍ ആചരിച്ചു പോന്നിരുന്നത്. ഏഴു ദിവസം നീണ്ടു നില്‍ക്കുന്ന ചടങ്ങുകളായിരുന്നു ഉണ്ടായിരുന്നത്. തങ്ങളുടെ ആദ്യഫലങ്ങള്‍ ദൈവത്തിനു ബലിയര്‍പ്പിച്ചിരുന്ന പതിവ് യഹൂദര്‍ക്കിടയിലു ണ്ടായിരുന്നു. പുറപ്പാട് പുസ്തകത്തില്‍ ഏതു ദിവസങ്ങളാണ് തന്റെ തിരുനാളിനായി തിരഞ്ഞെടു ക്കേണ്ടതെന്നും ദൈവം പറയുന്നുണ്ട്. 

''ഞാന്‍ കല്‍പിച്ചിട്ടുള്ളതു പോലെ അബീബു മാസത്തിലെ ഏഴു നിശ്ചിത ദിവസങ്ങളില്‍ പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം. എന്തെന്നാല്‍, ആ മാസത്തിലാണ് നിങ്ങള്‍ ഈജിപ്ത്തില്‍ നിന്നു പുറത്തുവന്നത്. എന്റെ മുന്നില്‍ വെറും കയ്യോടെ വരരുത്. വയലില്‍ നിന്ന് ആദ്യ ഫലങ്ങള്‍ കൊയ്തെടുക്കുമ്പോള്‍ പുത്തരിപ്പെരുനാളും വര്‍ഷാവസാനം പ്രയത്നഫലം ശേഖറിച്ചുകഴിയുമ്പോള്‍ സംഭരണത്തിരുനാളും ആഘോഷിക്കണം.... (പുറപ്പാട് 23: 15-16)

ബാര്‍ലിയും ഗോതമ്പുമായിരുന്നു ഇസ്രയേലിലെ പ്രധാന കൃഷികള്‍. ബാര്‍ലിയുടെ കൊയ്ത്തുതൊട്ടു ഗോതമ്പിന്റെ കൊയ്ത്തുവരെയുള്ള കാലം ആഘോഷങ്ങള്‍ക്കായി അവര്‍ മാറ്റിവച്ചിരുന്നു. 

സംഖ്യാ പുസ്തകം ഏഴാം അധ്യായത്തില്‍ യഹൂദന്‍മാരുടെ പെസഹാ പെരുനാളിനെപ്പറ്റി വിവരിക്കുന്നുണ്ട്. ജറുസലേം ദേവാലയം എ.ഡി. എഴുപതില്‍ നശിപ്പിക്കപ്പെടുന്നതു വരെ രണ്ടു ലക്ഷത്തിലേറെ തീര്‍ഥാടകര്‍ പെസഹാ ആചരണത്തിനായി ഇവിടെ എത്തിയിരുന്നുവെന്നാണ് കണക്കുകള്‍. കുഞ്ഞാടിനെ കൊന്ന് രക്തം തളിക്കുക, കുടുംബാഗങ്ങള്‍ ഒന്നിച്ചിരുന്നു പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കുക എന്നിവയായിരുന്നു ചടങ്ങുകള്‍. തീര്‍ഥാടകര്‍ എത്തുമ്പോള്‍ അവര്‍ക്കായി ബലിമൃഗ കച്ചവടവുമുണ്ടായിരുന്നു. ക്രിസ്തു ദേവാലയത്തില്‍ നിന്ന് അടിച്ചുപുറത്താക്കിയ കച്ചവടക്കാരില്‍ ഏറിയ പങ്കും ഇതുപോലെ ബലിമൃഗങ്ങളെ വില്‍ക്കുന്നവരായിരുന്നു. 

റോമാ ഗവണ്‍മെന്റിനെ കുറിച്ചുള്ള ഒരു ചരിത്ര ഗ്രന്ഥത്തില്‍ പെസഹാ ആചരണത്തിനെത്തുന്ന തീര്‍ഥാടകരുടെ കണക്കു കൊടുത്തിട്ടുണ്ട്. മൂന്നു ലക്ഷത്തോളം തീര്‍ഥാടകര്‍ എത്തിയതായി പെസഹായ്ക്ക്, 2,56,500 ആടുകളെ ബലിയര്‍പ്പണത്തിനായി ഒരുക്കിയിരുന്നുവെന്നും ഈ കണക്കില്‍ കാണാം. 

ആടിനെ കൊന്ന് അതിന്റെ രക്തം പുരോഹിതന്റെ കൈവശമുള്ള സ്വര്‍ണപാത്രത്തിലേക്ക് ഒഴിക്കുന്നതായിരുന്നു യഹൂദരുടെ ചടങ്ങുകളിലൊന്ന്. ഈ രക്തം പുരോഹിതന്‍ ബലിപീഠത്തില്‍ അര്‍പ്പിക്കും. കൊന്ന ആടിനെ അസ്ഥികളൊന്നും ഒടിക്കാതെ ഉടമസ്ഥരെ ഏല്‍പ്പിക്കും. അവര്‍ അതിനെ പൊരിച്ചെടുത്ത് പിന്നീട് കുടുംബാഗങ്ങളോടൊത്തിരുന്നു ഭക്ഷിക്കും. കുഞ്ഞാടിന്റെ മാംസത്തിനൊപ്പം കൈപ്പുള്ള സസ്യം, പഴങ്ങള്‍, വീഞ്ഞ്, പുളിപ്പില്ലാത്ത അപ്പം എന്നിവയും അവര്‍ ഭക്ഷിച്ചിരുന്നു. 

എഡി 70ല്‍ ജറുസലേം നഗരം നശിപ്പിക്കപ്പെട്ടതോടെ പെസഹാക്കാലത്തെ ഈ തീര്‍ഥാടനവും ആചാരങ്ങളും ആഘോഷങ്ങളല്ലാതെയായി. ചുരുക്കം ചില വിഭാഗങ്ങളുടെ ഇടയില്‍ മാത്രമാണ് ഇന്ന് ഈ വിധത്തില്‍ പെസഹാ ആചരിക്കപ്പെടുന്നത്. 

പുതിയ നിയമത്തിലേക്കു വന്നപ്പോള്‍ ബലിയര്‍പ്പിക്കുന്ന കുഞ്ഞാടായി യേശു സ്വയം മാറി. മനുഷ്യന്റെ പാപങ്ങളുടെ മോചനത്തിനു വേണ്ടി സ്വയം ബലിയര്‍പ്പിച്ച യേശുവിലൂടെയാണ് നമ്മുടെ പെസഹാ ബലിയര്‍പ്പണം ഇന്ന് പൂര്‍ത്തിയാക്കപ്പെടുന്നത്