Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഭീഷ്ടവരദായകനായ ഏറ്റുമാനൂരപ്പൻ

ettumanoor temple festival 2015

ഏതൊരു ഭക്തനെയും സംബന്ധിച്ചിടത്തോളം അത്യധികം മഹനീയവും മനസ്സിനു കുളർമയും സമാധാനവും നല്‍കുന്ന ഒരനുഭവമാണ് ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ഉൽസവം. പാപങ്ങളെല്ലാം ഏറ്റുപറഞ്ഞാൽ കേൾക്കുകയും പൊറുക്കുകയും ചെയ്യുന്ന ദേവനാണ് ഏറ്റുമാനൂരപ്പൻ‍ എന്നാണ് ഭക്തരുടെ ഉറച്ച വിശ്വാസം.

ആസ്ഥാനമണ്ഡപത്തിൽ ഏഴരപ്പൊന്നാനകളുടെ അകമ്പടിയോടു കൂടി ഭഗവാൻ ദർശനം നൽകുന്ന സമയത്ത് ഭക്തർ സ്വർ‍ണ്ണക്കുടത്തിൽ കാണിക്ക സമർ‍പ്പിക്കുമ്പോൾ പാപങ്ങൾ ഏറ്റുപറയുന്നതോടൊപ്പം മനഃശുദ്ധി കൈവരുവാനുള്ള ഒരു പ്രതിജ്ഞകൂടി എടുക്കുകയാണ്. ഇതിലൂടെ പാപത്തിൽ നിന്ന് യഥാർഥ മോചനം ലഭിക്കുന്നു എന്നതാണ് പരമമായ സത്യം. അതുകൊണ്ടുതന്നെ ആസ്ഥാനമണ്ഡപത്തിലെ ഏഴരപ്പൊന്നാന ദർശനം എന്തുകൊണ്ടും വളരെ പ്രാധാന്യമർഹിക്കുന്നു.

ഭജനം, പ്രദോഷവ്രതം എന്നീ രണ്ടു വിശിഷ്ടമായ ശിവസേവകൾ സർവാഭീഷ്ടസിദ്ധികൾക്കും ഉപകരിക്കുന്നതാണ്. ഭജനമിരിക്കുന്നവർ അഹിംസ, സത്യം, മനഃശുദ്ധി, ഇന്ദ്രിയനിഗ്രഹം തുടങ്ങിയ കാര്യങ്ങളിലും സൽക്കർമ്മങ്ങളിലും ഏറെ ശ്രദ്ധാലുക്കളായിരിക്കണം. ഭജനമിരിക്കുന്ന ഒാരോ ദിവസവും പാലിക്കേണ്ട ചിട്ടകൾ യഥാക്രമം ക്ഷേത്രാചാരക്രമമനുസരിച്ച് ഭക്തിയോടും ശ്രദ്ധയോടുംകൂടി പാലിച്ചിരിക്കണം. ശിവപ്രീതിക്കുവേണ്ടി ദേവീദേവന്മാർപോലും പ്രദോഷദിവസം വ്രതമനുഷ്ഠിക്കുന്നു എന്നാണ് ഐതിഹ്യം.

ഒരു ഭക്തന് പ്രപഞ്ചത്തിലെ മുപ്പത്തിമുക്കോടി ദൈവങ്ങളിലും കൂടാതെ തന്റെ ഉള്ളിലേക്കു കടന്നുവരുന്ന മറ്റു ദൈവങ്ങളിലും വിശ്വാസമുണ്ടായാൽപ്പോലും തനിക്ക് തന്നോടുതന്നെ വിശ്വാസമില്ലെങ്കിൽ മോക്ഷം എന്നത് സാധ്യമാവുകയില്ല എന്ന പരമമായ സത്യം നമ്മെ പഠിപ്പിച്ച സ്വാമി വിവേകാനന്ദൻറെ വാക്കുകൾ നാം ഇവിടെ സ്മരിക്കേണ്ടതാണ്. ഇതുതന്നെയാണ് ഭഗവദ്ഗീതയിൽ ഭഗവാന്‍ ശ്രീകൃഷ്ണൻ അര്‍ജുനന് നല്‍കുന്ന ഉപദേശം. ഈശ്വരാരാധനയിലൂടെ നാം കൈവരിക്കേണ്ടത് സമ്പൂർണ്ണമായ സമർപ്പണമായിരിക്കണം. ലൗകിക ജീവിത സാഹചര്യത്തിൽ ധർമമേത്, അധർമമേത് എന്നു തിരിച്ചറിയാനാവാതെ ഉഴറുന്ന നമുക്ക് ധർമ്മത്തിൻറെ മാർഗത്തിലേക്ക് എത്തിച്ചേരാന്‍ ഈശ്വരോപാസന മാത്രമാണ് കരണീയമായുള്ളത്. ഭഗവദ്ഗീത രണ്ടാം അധ്യായത്തിലെ ഏഴാമത്തെ ശ്ളോകം വളരെയേറെ ശ്രദ്ധേയമാണ്.

കാർപണ്യദോഷോപഹതസ്വഭാവ: പൃച്ഛാമി ത്വാം ധർമസമ്മൂഢചേതാ: യത് ശ്രേയഃ സ്യാന്നിശ്ചിതം ബ്രൂഹിതന്മേ ശിഷ്യസ്ത്യേപ്ളഹം ശാധിമാം ത്വാം പ്രപന്നം.

ശോകമോഹ പാരവശ്യങ്ങളാൽ തളർന്ന് ചഞ്ചലമനസ്കനായി ധർമവും അധർമവും തിരിച്ചറിയാനാകാതെ ജയമോ തോല്‍വിയോ നല്ലത് എന്നു നിശ്ചയാക്കാനാവാത്ത വിഷമാവസ്ഥയിൽ വില്ലാളിവീരനായ അർജുനൻ ഭഗവാൻ കൃഷ്ണന്റെ തൃപ്പാദങ്ങളിൽ തന്നെ സമ്പൂർണ്ണമായി സമർപ്പിക്കുന്ന അവസ്ഥയാണ് ഇവിടെ പ്രകടമാകുന്നത്.

ഇതേ സമർപ്പണമായിരിക്കണം ഏറ്റുമാനൂരപ്പന്റെ അനുഗ്രഹം തേടുന്ന ഒാരോ ഭക്തനും അനുവർത്തിക്കേണ്ടത്. ഇങ്ങനെയുള്ള ഭക്തരുടെ പാപങ്ങളെയാണ് ഏറ്റുപറഞ്ഞാൽ ഏറ്റുമാനൂരപ്പൻ പൊറുക്കുന്നത്. ഈശ്വരാനുഗ്രഹം പ്രാപ്തമാകണമെങ്കിൽ കാമം, ക്രോധം, മതം, ലോഭം, ദംഭം (അഹങ്കാരം), മാത്സര്യം എന്നീ വികാരങ്ങൾ ഉപേക്ഷിക്കാൻ‍ സാധിക്കണം.

തികഞ്ഞ മനഃശുദ്ധിയും ക്ഷമയും കഠിനപ്രയത്നവും ഉണ്ടെങ്കിൽ മാത്രമേ ജീവിതത്തിൽ വിജയം കൈവരിക്കുവാൻ സാധിക്കുകയുള്ളൂ.

ഒാം നമഃശിവായ എന്ന പഞ്ചാക്ഷരീ മന്ത്രം ജപിക്കുന്ന ഒാരോ ഭക്തനും ഏറ്റുമാനൂരപ്പൻറെ കൃപാകടാക്ഷങ്ങൾ‍ ലഭിക്കുമാറാകട്ടെ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.