Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുവത്വം ആഘോഷിക്കൂ, അതാണ് ചങ്ക്സിന്റെ പോളിസി: ഒമർ ലുലു

Omar Lulu ഒമർ ലുലു, ചങ്ക്സിലെ താരങ്ങൾ

ഫ്രണ്ട്ഷിപ്പ് ഡേയുടെ പശ്ചാത്തലത്തിലാണ് സൗഹൃദം ആഘോഷമാക്കുന്ന ചങ്ക്സ് എന്ന സിനിമ റിലീസ് ചെയ്തിരിക്കുന്നത്. ആദ്യദിനം മുതല്‍ സിനിമ നല്ല തിയേറ്റര്‍ റിപ്പോര്‍ട്ടുകള്‍ നല്‍കിത്തുടങ്ങിയ സന്തോഷത്തില്‍ സംവിധായകന്‍ ഒമര്‍ ലുലു തന്റെ സൗഹൃദദിന ചിന്തകള്‍ പങ്കുവയ്ക്കുന്നു.

''സൗഹൃദത്തിന്‍റെ രീതികള്‍ ഒക്കെ മാറിയല്ലോ. ഓപ്പണ്‍ ആയി സംസാരിക്കുന്ന,പെരുമാറുന്ന സൗഹൃദങ്ങള്‍ ആണ് ഇപ്പോഴുള്ളത്. വെറുതെ സ്നേഹിക്കുക മാത്രമല്ല. കൂട്ടുകാര്‍ തമ്മില്‍  അങ്ങോട്ടും ഇങ്ങോട്ടും പണി കൊടുക്കുക തുടങ്ങി എല്ലാം ചെയ്യും. പണ്ടത്തെ സിനിമകളില്‍ ഒക്കെ കാണുന്ന ‘ഫീല്‍ ഗുഡ്’ ഫ്രണ്ട്ഷിപ്പ് ഉണ്ടല്ലോ. അതില്‍ ഒരു ഔപചാരികതയുണ്ട്. യഥാര്‍ഥ ജീവിതത്തില്‍ കൂട്ടുകാര്‍ തമ്മില്‍ അങ്ങനെയല്ലല്ലോ. അങ്ങോട്ടും ഇങ്ങോട്ടും പണി കൊടുക്കും, കളിയാക്കും.

പിറന്നാൾ ആഘോഷിക്കുന്നതു പോലും കേക്ക് മുഖത്തു വാരിത്തേച്ചിട്ടൊക്കെയാണ്. സൗഹൃദത്തിന്റെ രീതികള്‍ മൊത്തത്തില്‍ മാറി. ഈ മൂഡില്‍ പറയുന്ന ഒരു സിനിമയാണ് ചങ്ക്സ്. ഫ്രണ്ട്ഷിപ്പ് ആഘോഷമാക്കുന്ന ചങ്ക്സ് ആണ് ഇവിടെയുള്ളത്. വ്യക്തിജീവിതത്തില്‍ എനിക്ക് ഒരുപാടു ചങ്ക്സ് ഉണ്ട്. എന്‍റെ ആദ്യചിത്രം ഹാപ്പി വെഡ്ഡിങ്ങിലും സൗഹൃദവും അതിന്‍റെ എക്സ്റ്റെൻഷന്‍ ആയ പ്രണയവും തന്നെയായിരുന്നു വിഷയം.

ചങ്ക് എന്ന വാക്ക് പൊതുവേ സൗഹൃദത്തിലും അപ്പുറം അടുപ്പമുള്ള ഒരു വാക്കാണ്‌. കൂട്ടുകാരന്‍ എന്നതിനപ്പുറമാണ് ചങ്ക്. ഈ ചങ്ക് ചിലപ്പോള്‍ കൂട്ടുകാരാകാം.ചിലപ്പോള്‍ മാതാപിതാക്കളാകാം.ചിലപ്പോള്‍ ഭാര്യയാവാം. ഇവരില്‍ ആരാണ് ശരിക്കുമുള്ള ചങ്ക് എന്നതാണ് ഈ ചിത്രത്തിന്‍റെ ഒരു പ്രമേയം. ആ അന്വേഷണത്തിനുള്ള ഉത്തരവും അവിടെയുണ്ടാവും. സൂപ്പര്‍ സ്റ്റാര്‍സ് ഒന്നുമില്ലാതെ ചങ്ക്സ് തിയേറ്ററുകളില്‍ നിന്ന് നല്ല റിപ്പോര്‍ട്ടുകള്‍ തരുന്നതിന്റെ ഒരു സന്തോഷത്തിലാണ് ഞാനും എന്‍റെ ചങ്ക്സും.

യുവത്വം ആഘോഷിക്കുക, ലൈഫില്‍ ഈ ഒരുസമയം ഇപ്പോഴേ ഉള്ളൂ എന്നറിയുക. രാഷ്ട്രീയത്തിന്റെയോ ആശയങ്ങളുടെയോ ഒന്നും പേരില്‍ കലപില കൂടാതെ യുവത്വവും സൗഹൃദവും ആഘോഷിക്കുക. ഫ്രീ ബേര്‍ഡ്സ് ആയി സ്നേഹിച്ച് ആഘോഷിച്ചു കഴിയുക, എല്ലാവര്‍ക്കും ഫ്രണ്ട്ഷിപ്പ് ദിന ആശംസകള്‍''.

Read more: Malayalam Lifestyle Magazine