Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ സ്നേഹ സൗഹൃദദിനത്തിലോർക്കാൻ നിങ്ങൾക്കുണ്ടോ, ദേ ഇതുപോലൊരു ചങ്ക് ബ്രോ!!

Friendship Day പത്തുപന്ത്രണ്ട് വർഷം പ്രേമിച്ച് ഒടുവിൽ വേറൊരുത്തൻ കാമുകിയെയും കെട്ടിക്കൊണ്ടു പോയത് ഓർത്ത് സെന്റിയടിച്ച്, ഒരു ഫുള്ളും തീർത്ത് കരഞ്ഞോണ്ടിരിക്കുമ്പോഴായിരിക്കും ആ കൂട്ടുകാരന്റെ വരവ്...

പഠിത്തമൊക്കെ കഴിഞ്ഞ്, കെട്ടി കുഞ്ഞുകുട്ടി പരാധീനങ്ങളായി നടക്കുന്ന കാലത്തും മനസ്സിൽ മായാതെ ഒരു കൂട്ടുകാരൻ മാത്രം പഞ്ചാബിഹൗസിലെ രമണനെപ്പോലെ നിറചിരിയോടെ നിൽപുണ്ടാകും; പഞ്ചാബികളുടെ സകലമാന തുണിയും അലക്കിക്കഴിഞ്ഞ് ‘ഇച്ചിരി ചോറ് കിട്ടോ?’ എന്നും ചോദിച്ച് അടുക്കളപ്പുറത്തു നിൽക്കുമ്പോൾ ആ മുഖത്തുണ്ടായിരുന്ന അതേ ചിരിയോടെ. നമുക്കെല്ലാവർക്കും കാണും അതുപോലെ ഓർമയിൽ ‘പ്രകാശം പരത്തി’ നിൽക്കുന്ന ഒരു കൂട്ടുകാരൻ. സന്തോഷിക്കാൻ ഓരോരുത്തർക്കും ഓരോരോ കാരണമുണ്ടെന്നു പറയുന്നതു പോലെ കാലമേറെക്കഴിഞ്ഞിട്ടും ആ കൂട്ടുകാരന്റെ അല്ലെങ്കിൽ കൂട്ടുകാരിയുടെ ഓർമ മാഞ്ഞുപോകാതിരിക്കാൻ ഓരോരുത്തർക്കും കാരണങ്ങൾ പലതായിരിക്കും. സോഷ്യൽമീഡിയ ട്രോളിങ്ങുകാർക്കിടയിൽ ‘കുപ്രസിദ്ധരായ’ അത്തരം ചില കിടിലങ്ങളെ(?) കുറിച്ചാണ് ഇനി...

ഞാനുണ്ട് ചങ്കേ കൂടെ...

പത്തുപൈസേടെ വിവരമുണ്ടാകില്ല, പോരാഞ്ഞിട്ട് എടുത്തു ചാട്ടക്കാരനും. പക്ഷേ നമുക്ക് എന്ത് പ്രശ്നമുണ്ടെങ്കിലും ചങ്ക് പറിച്ചുകൊടുക്കാനൊരുങ്ങി മുന്നിൽത്തന്നെയുണ്ടാകും. പക്ഷേ ശുദ്ധന്‍ ദുഷ്ടന്റെ ഫലം ചെയ്യുമൊന്നൊക്കെ പറയുന്നതു പോലെ മിക്ക പ്രശ്നങ്ങളിലും ഇവന്റെ കൂടെ ഇടപെട്ട് അടിയുടെ പൊടിപൂരമായിരിക്കും ഫലം. അങ്ങനെ കയ്യും കാലുമൊടിഞ്ഞ് ആശുപത്രിയിൽ കിടക്കുമ്പോഴും തൊട്ടപ്പുറത്തെ ബെഡിൽ മേലാസകലം ബാൻഡേജുമിട്ട് കിടന്ന് അവന്‍ പറയും– ‘ഞാനുണ്ടെടാ മുത്തേ നിന്റെ കൂടെ...!’

ദേ ഒരു മാന്യൻ

നമ്മുടെ സകല തോന്ന്യാസത്തിനും കൂടെത്തന്നെയുണ്ടാകും. ചിലപ്പോൾ ബീഡി വലിക്കാനും ഷാപ്പിൽ കയറി കള്ളടിക്കാനും നമ്മെ പഠിപ്പിച്ചതും അവനായിരിക്കും. കക്ഷിയുടെ കൂടെ നടന്ന് ‘പെൺപിള്ളേരുടെ വായിനോക്കി’ എന്ന ചീത്തപ്പേരു വരെ കേട്ടിട്ടുണ്ടാകും. അമ്മാതിരി പൂവാലനുമായിരിക്കും. പക്ഷേ എന്നെങ്കിലും നമ്മുടെ വീട്ടുകാർക്ക് ഇവനെ പരിചയപ്പെടുത്തിക്കൊടുത്താൽ നമ്മൾ പോലും ഞെട്ടിപ്പോകും–അത്രയേറെ മാന്യനായിരിക്കും കക്ഷി അവരുടെ മുന്നിൽ! ആ മാന്യത കണ്ട് ഒരുപക്ഷേ അമ്മയോ അച്ഛനോ ചോദിച്ചെന്നും വരാം– ‘ഡാ, നമ്മുടെ നീതൂന് വേണ്ടി ഇവനെ ആലോചിച്ചാലോ?’(നീതു സ്വന്തം സഹോദരിയായിരിക്കെ നാം തലകറങ്ങി വീഴുക സ്വാഭാവികം മാത്രം)

കണ്ടു പഠിക്കെടാ അവനെ...!

ഒരുപക്ഷേ നമ്മൾ ഏറ്റവും കൂടുതൽ കേട്ടിട്ടുള്ള ഒരു ഡയലോഗ്. കാഴ്ചയിൽ നമ്മുടെയത്ര ഗ്ലാമറുണ്ടാകില്ല. ബൈക്ക് പോയിട്ട് ഒരു സൈക്കിളോടിക്കാൻ പോലും അറിയില്ല. ക്ലാസിൽ ആരോടും മിണ്ടുകയുമില്ല. പക്ഷേ ഒടുക്കത്തെ പഠിപ്പിസ്റ്റായിരിക്കും. അതിനാൽത്തന്നെ ക്ലാസ്ഫസ്റ്റും. ചിലപ്പോൾ നമ്മുടെ അയൽക്കാരനുമായിരിക്കും. അങ്ങനെയെങ്കിൽ തീർന്നു– ‘കണ്ടു പഠിക്കെടാ അവനെ...’ എന്ന ഡയലോഗിന്റെ പൂരമായിരിക്കും പിന്നെ വീട്ടിൽ.

അവളു പോട്ടെ അളിയാ...

പത്തുപന്ത്രണ്ട് വർഷം പ്രേമിച്ച് ഒടുവിൽ വേറൊരുത്തൻ കാമുകിയെയും കെട്ടിക്കൊണ്ടു പോയത് ഓർത്ത് സെന്റിയടിച്ച്, ഒരു ഫുള്ളും തീർത്ത് കരഞ്ഞോണ്ടിരിക്കുമ്പോഴായിരിക്കും ആ കൂട്ടുകാരന്റെ വരവ്. പത്തുപന്ത്രണ്ട് വർഷത്തിനിടെ മണിക്കൂറിൽ ഒന്നെന്നവണ്ണം പ്രേമിച്ച് സകലതും പൊട്ടി പാളീസായിരിക്കുന്ന ആ ‘ഒരുവൻ’. കണ്ടു പഠിക്കേണ്ട മുതലാണത്. ചുമലിൽ കയ്യിട്ട് അവൻ പറയുമെന്നത് ഉറപ്പാണ് ‘നിനക്ക് അവളെ വിധിച്ചിട്ടില്ലളിയാ. നോക്കിക്കോ ഒരു സൗമ്യ പോയാൽ നൂറു ദിവ്യ വരും പുറകെ..’ 

നമുക്ക് സമാധാനം കിട്ടാൻ അതുമതി, വലിയ സമാ...ധാനം!

friendship-day-2 സ്വന്തം കാമുകി തേച്ചിട്ടു പോയാൽ പോലും ഇത്രേം സങ്കടം വരില്ല. അങ്ങനെയും ‘ചതിക്കുന്ന’ ഒരു കൂട്ടുകാരനുണ്ട്. കൊല്ലം മുഴുവൻ സകല കന്നന്തിരിവുകളും കാണിച്ച് ഒപ്പം നിൽക്കും. അവനെ വിശ്വസിച്ച് ക്ലാസ് കട്ട് ചെയ്തും മാവിൽ കല്ലെറിഞ്ഞും ബൈക്കിൽ ചുറ്റിയടിച്ചും കാന്റീനിൽ കത്തിവച്ചും സമയം കളയും...

ഇവനാണിവിടത്തെ ആസ്ഥാന കോഴി!

ചിലപ്പോൾ നാം ഒരു പെണ്‍കുട്ടിയുടെ മുഖത്തു പോലും നോക്കുന്ന ആളായിരിക്കില്ല! പക്ഷേ ഏതെങ്കിലും പെൺകൂട്ടത്തിനിടയിൽ എന്നെങ്കിലും ഗതികേടിന് പെട്ടുപോയാൽ കൂടെയുള്ള ആ ‘ഒരു കൂട്ടുകാരൻ’ പറയും– ‘ഇവന്ണ്ടല്ലാ, ഇവനാണ് ഞങ്ങടെ ക്ലാസിലെ ആസ്ഥാന കോഴി...’ പെൺപിള്ളേരടെ മുന്നിലിട്ട് നമ്മളെ നാറ്റിക്കാൻ വേണ്ടി മാത്രമായിട്ട് ദൈവം ഭൂമിയിലേക്ക് ചവിട്ടി വിട്ടതാണോ ഇവനെയെന്ന് ആരും ആത്മഗതം കൊണ്ടുപോകുന്നവരാണ് ഇത്തരക്കാർ.

ഏയ്, ഞാൻ കഴിക്കൂല (പക്ഷേ കൊറിക്കും)

സകല കള്ളുകുടിക്കൂട്ടത്തിലുമുണ്ടാകും പച്ചവെള്ളം പോലും ചവച്ചു കുടിക്കുന്ന ഒരു പാവം. ഒന്നടിച്ചാൽ നൂറുകൊല്ലം വരെ അധികം ജീവിക്കാൻ പറ്റുന്ന മദ്യമാണെന്നു പറഞ്ഞാൽ പോലും ‘ങേഹേ..’ കക്ഷി തൊടൂല്ല. പക്ഷേ അവനെയാണ് ഏറ്റവും പേടിക്കേണ്ടത്. കാരണം ഒരു പത്തുപേർ വിചാരിച്ചാലും തിന്നു തീര്‍ക്കാൻ പറ്റാത്തത്ര മിക്സ്ചര്‍, ചിപ്സ്, ചിക്കൻ, ബീഫ് ഫ്രൈ ഇത്യാദി ടച്ചിങ്സുകൾ ഒറ്റയിരുപ്പിന് തിന്നു തീർക്കും ലവൻ. പിന്നെ മദ്യപാനികൾക്ക് തൊട്ടുകൂട്ടാൻ പച്ചവെള്ളം മാത്രം മിച്ചം!

എന്തൊരു പാടായിരുന്നല്ലേ!

സ്വന്തം കാമുകി തേച്ചിട്ടു പോയാൽ പോലും ഇത്രേം സങ്കടം വരില്ല. അങ്ങനെയും ‘ചതിക്കുന്ന’ ഒരു കൂട്ടുകാരനുണ്ട്. കൊല്ലം മുഴുവൻ സകല കന്നന്തിരിവുകളും കാണിച്ച് ഒപ്പം നിൽക്കും. അവനെ വിശ്വസിച്ച് ക്ലാസ് കട്ട് ചെയ്തും മാവിൽ കല്ലെറിഞ്ഞും ബൈക്കിൽ ചുറ്റിയടിച്ചും കാന്റീനിൽ കത്തിവച്ചും സമയം കളയും. പക്ഷേ കൊല്ലപ്പരീക്ഷയുടെ റിസൽട്ട് വരുമ്പോൾ അവനായിരിക്കും ക്ലാസ് ഫസ്റ്റ്. നിങ്ങൾക്കാകട്ടെ എഴുതിത്തീര്‍ക്കാൻ രാജപ്പന്റെ സപ്ലികൾ ഇനിയും ബാക്കി എന്ന അവസ്ഥയും. ഇതേ ലവൻ തന്നെയായിരിക്കും പരീക്ഷയ്ക്കിടെ എന്തെങ്കിലും ചോദിച്ചാൽ ‘ഒരക്ഷരം മനസിലാവുന്നില്ല ബ്രോ’ എന്ന് കണ്ണുനിറച്ചു കാണിക്കുന്നതും. പരീക്ഷ കഴിഞ്ഞു വന്നിട്ട് ‘ഇമ്മാതിരി ദുരിതം പിടിച്ചൊരു ക്വസ്റ്റ്യൻ പേപ്പർ ഞാനെന്റെ ജീവിതത്തിൽ കണ്ടിട്ടില്ല’ എന്ന് പറഞ്ഞ് ആരെങ്കിലും പേപ്പർ കീറിക്കളയുന്നുണ്ടെങ്കിൽ ഓർത്തോ– ‘ചന്തു ചതിക്കും മക്കളേ...’

നിന്നെക്കൊണ്ട് പറ്റും ബ്രോ...

കണക്കുപരീക്ഷയുടെ തലേന്ന് പഠിച്ചത് ഫിസിക്സ്. അതറിഞ്ഞപ്പോഴേക്കും പാതിരാത്രിയായി; നാളെ തോൽക്കുമെന്നുറപ്പ്. ഇനിയിപ്പോൾ ഒരൊറ്റ വഴിയേ ഉള്ളൂ രക്ഷപ്പെടാൻ, ക്വസ്റ്റ്യൻ പേപ്പർ ഇരിക്കുന്ന പ്രിന്‍സിപ്പാളിന്റെ മുറിക്ക് തീയിടുക. പ്ലാൻ നടപ്പാക്കാൻ പറ്റുമോ എന്നറിയാൻ ചങ്കിനെ വിളിക്കും. വേറെ വല്ലവരുമാണെങ്കിൽ പറയും ‘നീ കക്ഷത്തില് വല്ല ഉള്ളീം വച്ച് പനി അഭിനയിക്കടാ...’ എന്ന്. പക്ഷേ ഈ സ്പെഷൽ ഐറ്റം മാത്രം പറയും– ‘നീ പോ അളിയാ, നിന്നെക്കൊണ്ട് അതു പറ്റും. നിന്നെക്കൊണ്ട് മാത്രമേ അത് പറ്റൂ...’ ഒരിക്കലും നടക്കാത്ത കാര്യമാണെങ്കിലും നമ്മളെ അതിലേക്ക് തള്ളിവിടുന്ന ആ കൂട്ടുകാരനെ ഓർക്കുമ്പോഴുണ്ടല്ലോ, നാം ചിലപ്പോൾ സെൻട്രൽ ജയിലിലായിരിക്കാനും മതി!

എന്റെ ഡ്യൂക്കിന്റെ ബ്രേക്ക് പൊട്ടിയിരിക്കാ!

ഇവൻ ഡ്യൂക്കേ ഓടിക്കൂ, പക്ഷേ കോളജിലേക്ക് കൊണ്ടുവരാൻ ഡാഡി സമ്മതിക്കില്ല. ചന്തയിൽ ചിക്കൻ വാങ്ങാൻ പോകണമെങ്കിൽ ഇവന് ബിഎംഡബ്ല്യു നിർബന്ധം. കാമുകിമാരാണെങ്കിൽ ‘എന്നെയൊന്നു പ്രേമിക്കോ’ എന്നും ചോദിച്ച് പുറകിൽ ക്യൂ നിൽക്കാണ്. പോരാത്തതിന് നാട്ടിലെ സകല ക്വട്ടേഷൻകാരുമായിട്ട് കമ്പനിയും. വീട്ടിലൊരു ഛോട്ടാ സൈക്കിൾ പോലും ഇല്ലാത്തവനായിരിക്കും ഈ ചങ്ക്. പക്ഷേ വാ തുറന്നാൽ പിന്നെ ദാ ഇതുപോലെ തള്ളിന്റെ പൊടിപൂരമായിരിക്കുമെന്നു മാത്രം... 

തീർന്നിട്ടില്ല; എപ്പോൾ ഫോട്ടോയെടുത്താലും പുറകിൽ വന്നു നിന്ന് കൊമ്പു വയ്ക്കുന്നവൻ, സെൽഫിയെടുത്ത് സ്വന്തം മുഖം നന്നായാൽ മാത്രം എഫ്ബിയിൽ പോസ്റ്റുന്നവൻ, സകലരും ഇഷ്ടമാണെന്നു പറയുന്ന സിനിമ ഇഷ്ടമല്ലെന്നു പറയുന്നവൻ...ഇങ്ങനെ പലതരം ‘സ്പെഷൽ’ കൂട്ടുകാർ പാരാവാരം പോലങ്ങിനെ പരന്നു കിടക്കുകയാണ്. ഇതിലൊന്നും പെടാത്ത തരം കൂട്ടുകാരെപ്പറ്റിയും പറയാനുണ്ടാകും ഓരോരുത്തർക്കും. അവരെപ്പറ്റി നിങ്ങൾക്കു തന്നെ എഴുതാം – ഈ സ്േനഹ സൗഹൃദദിനത്തിൽ, കമന്റ് ബോക്സ് അത്തരം ഓർമകൾ കുറിക്കാനായി ഞങ്ങൾ തുറന്നിടുകയാണ്...ഹാപ്പി ഫ്രണ്ട്ഷിപ് ഡേ ചങ്ക്സ്!

Read more: Malayalam Lifestyle Magazine