Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എല്ലാ "ഡേ"യ്ക്കും അതിന്റെതായ അർത്ഥമുണ്ട് ദാസാ...

Dyvia Jose ഇറ്റലിയിലെ സുഹൃത്തുക്കൾക്കൊപ്പം ദിവ്യ

എന്തൂട്ട് ഫ്രണ്ട്ഷിപ്പ് ഡേ..

നമുക്ക് എല്ലാ ദിവസവും സൗഹൃദം ആഘോഷിക്കാനുള്ളതല്ലേ....?

അല്ലെങ്കിൽ  ചില ദിനങ്ങളിലേയ്ക്ക് മാത്രമായി ഒതുക്കണോ...?

പഴയ സൗഹൃദങ്ങളെ മിനുക്കി മിനുക്കി തിളക്കമുള്ളതായി തീർക്കുകയും...

ഓരോ ദിവസവും ആകസ്മികമായി നമ്മുടെ ജീവിതത്തിലേയ്ക്ക്  ഇടിച്ചു കയറി വന്ന് പ്രകാശം പരത്തുകയും ചെയ്തു കൊണ്ടിരിക്കുകയും ചെയ്യുന്ന ഒത്തിരി ഒത്തിരി സുഹൃത്തുക്കളുള്ളപ്പോ, ഓരോ ദിവസവും ആഘോഷമല്ലേ..? എന്ന ചില പിൻതിരിപ്പൻ ചിന്താഗതികളെ തലയ്ക്കുള്ളിലിട്ട് വിസ്തരിച്ചു കഴിഞ്ഞപ്പോ ഒന്ന് തോന്നി..

എല്ലാ "ഡേ"യ്ക്കും അതിന്റെതായ അർത്ഥമുണ്ട് ദാസാ... എന്ന്.

എന്നാപ്പിന്നെ എന്റെ ചില സുഹൃത്തുക്കളെ തന്നെ പരിചയപ്പെടുത്തി കൊണ്ട് അവർക്കെല്ലാം വേണ്ടി ഈ ദിനത്തിൽ ഈ കുറിപ്പ് ഡെഡിക്കേറ്റ് ചെയ്യുന്നു.

ഏറ്റവും ആദ്യത്തെ സുഹൃത്ത് ...

അത് എന്റെ അനിയൻ ഡാർവിൻ തന്നെയാണ്.

ഒരു പത്തു പതിനഞ്ചു വയസ്സുവരെ ഞങ്ങള്‍ ദിവ്യയും ഡാർവ്വിനും സോറി..കീരിയും പാമ്പും പോലെയായിരുന്നു.

കോളജിലെ ആദ്യ ദിവസത്തെ റാഗിങിൽപ്പെട്ടു വെള്ളത്തിൽ വീണു നനഞ്ഞ കോഴി (സാധാരണ കോഴി)യെപ്പോലെയിരിക്കുന്ന അവനോട് ആദ്യമായി ഒരു സഹതാപം തോന്നി..

ഒരു സഹോദരിയെപ്പോലെ  ആശ്വസിപ്പിച്ചു ചേർത്ത് നിർത്തിയപ്പോൾ.. 24/7 വിശ്വസിച്ച് കൂടെ നിർത്താൻ പറ്റിയ ഒരു സുഹൃത്തായി അവൻ മാറുകയായിരുന്നു.

പിന്നീടങ്ങോട്ട്... ഇന്നോളം ഒരു നല്ല ചങ്ങായിയായി കക്ഷി കൂടെ ഉണ്ട്.

ഇനിയുള്ള സുഹൃത്തുക്കളുടെ വിശേഷങ്ങൾ പറയാം. സോൾമേറ്റ് എന്നു പറയാൻ. വളരെക്കുറച്ച് സുഹൃത്തുക്കളേ ഉള്ളൂ.. നമ്മുടെ കുറ്റങ്ങളും കുറവുകളും വാശികളും കള്ളത്തരങ്ങളും എല്ലാം മനസ്സിലാക്കി നമ്മുടെ കൂടെ നിൽക്കുന്നവർ.

അവരോടൊക്കെ എനിക്ക് വലിയ ബഹുമാനമാണ്...

കാരണം എന്നെത്തന്നെ എനിക്കു പിടിക്കാറില്ല.

അപ്പോഴാണ് എന്നെ സഹിക്കുന്ന അവരോടൊക്കെ ഒരു സ്നേഹം തോന്നുന്നത്. ചിലപ്പോൾ മാസങ്ങൾ കഴിഞ്ഞായിരിക്കും സംസാരിക്കുന്നത്..

ബർത്ഡേകളോ ആനിവേഴ്സറികളോ ഒന്നും വിളിച്ച് പരസ്പരം ആശംസിക്കാൻ പോലും മറന്ന് പോകും.

എന്നാലും പിന്നീട് ഫോൺ വിളിക്കുമ്പോൾ ദാണ്ടെ ഇന്നലെ നമ്മൾ സംസാരിച്ച് നിറുത്തിയിടുത്ത് നിന്ന് എന്ന പോലെ പരിഭവമോ പരാതികളോ ഇല്ലാതെ സംസാരിച്ച് തുടങ്ങാൻ പറ്റുന്നവർ .

പിന്നിടുള്ള ചില സുഹൃത്തുക്കൾ.. ആണ്ടിലും സംക്രാന്തിക്കുമൊക്കെ ഗെറ്റുഗെദർ പ്ലാൻ ചെയ്ത് ബ്ലൂ പ്രിന്റ് തയ്യാറാക്കി ഒത്ത് കൂടുന്നവർ...

ഇങ്ങനെ കൂടുമ്പോൾ വീണ്ടും പഴയ ബഞ്ച്മേറ്റ്സ് ആയി മാറി സ്കൂളിലെയും കോളേജിലേയും പറഞ്ഞ് പറഞ്ഞ് തേയ്മാനം വന്ന കഥകൾ വീണ്ടും പറഞ്ഞ്...

വയറ് വേദനിക്കുന്നതു വരെ ചിരിച്ചും...വയറ് നിറച്ച് ഭക്ഷണവും കഴിച്ച് അടുത്ത ഒത്തുചേരല്‍ വരെ ഹൃദയത്തോട് ചേർത്തു വയ്ക്കാനുള്ള ഓർമ്മകളുമായി പടിയിറങ്ങുന്നവർ..

പുറമേ പരുക്കരെന്ന് ഭാവിച്ചാലും..ഒരു പ്രശ്നമുണ്ടായാൽ നമ്മളെക്കാൾ ദുർബലരായി മാറുകയും നമ്മുടെ കൂടെയിരുന്ന് നമ്മെ ആശ്വസിപ്പിക്കുകയും ചെയ്യുന്നവർ..

ഇച്ചിരെ പൈസ വേണമെന്ന് മുക്കിയും മൂളിയും അവതരിപ്പിക്കാൻ ശ്രമിച്ചു തുടങ്ങുമ്പോഴേയ്ക്കും. എത്ര വേണം എന്ന് പറഞ്ഞ് അമ്പരപ്പിക്കുന്നവർ...

വീട്ടിൽ ഒരു നല്ല കറിയുണ്ടാക്കിയാൽ പങ്ക് പകുത്ത് തരുന്നവർ..നമ്മുടെ ചെറിയ കാര്യങ്ങളിൽ പോലും തിരക്കുകളിൽ നിന്ന് ഓടി വന്ന് ശ്രദ്ധ പതിപ്പിക്കുന്നവർ...

ഒരിക്കലും കണ്ടിട്ടില്ലാത്ത എത്രയോ നല്ല സുഹൃത്തുക്കളെ ഈ ഫേസ്ബുക്കിൽ പരിചയപ്പെട്ടു. അവരുടെ ജീവിതത്തിലെ വലിയ സന്തോഷങ്ങളിൽങ്ങളിൽങ്ങളിൽ.. നമ്മളെയും ഓർത്തു.

സ്വന്തം പുസ്തകങ്ങൾ അയച്ച് തന്ന് സ്നേഹം പ്രകടിപ്പിച്ചവർ... പുസ്തകങ്ങൾ സമ്മാനമായി തന്നവർ....

ഇഷ്ടം കൊണ്ട് ഞാൻ പുസ്തകങ്ങൾ സമ്മാനമായി അയച്ച് കൊടുത്തവർ..... തിരക്കുകളിൽ നിന്ന് ഒരു നോക്ക് കാണാനായി ഓടി വന്ന്... സ്നേഹിക്കുന്നവർ...

യാത്രകളിൽ പരിചയപ്പെട്ടവർ... അത് പറയുമ്പോൾ ഇറ്റലിയിലെ "സിസിലി" എന്ന ദ്വീപിൽ നിന്നും സുഹൃത്തായി കിട്ടിയ "ലൂപോ മാരിയാനോ " യും അവരുടെ സുഹൃത്ത് ലൂപോ യെയും ഓർമ്മ വരുന്നു. 2009 ൽ ഒരു പ്രമുഖ ടൂർ ഏജൻസിയുടെ പാക്കേജിൽ നാല് ദിവസത്തെ യാത്രയിലെ രണ്ടാം ദിവസം അയർലണ്ടിലെ ഏറ്റവും മനോഹരമെന്ന് വിശേഷിപ്പിക്കാവുന്ന കൗണ്ടി കെറിയിലെ കില്ലാർണി എന്ന സ്ഥലത്ത് വച്ചാണ് പരിചയപ്പെടുന്നത്.

ഒരു മേശയ്ക്കിരുവശവുമിരുന്ന് ഐറിഷ് ബ്രേക്ക്ഫാസ്റ്റിനോടൊപ്പം തുടങ്ങി വച്ച സൗഹൃദം എട്ടു വർഷത്തോളമായി തുടരുന്നു. ഫേസ്ബുക്കിലൂടെയാണ് പ്രധാനമായും വിശേഷങ്ങൾ പങ്ക് വയ്ക്കുന്നത്. മലയാളത്തിൽ ഞാൻ കുറിക്കുന്ന ചെറിയ കുറിപ്പുകൾ "See translation " ഓപ്ഷൻ വച്ച് വായിച്ച് നോക്കിയും... അല്ലാതെയും ഒക്കെ റെസ്പോണ്ട് ചെയ്യും. ഇടയ്ക്കിടെ ചില മെസേജുകൾ. അവരുടെ വീട്ടിലേയ്ക്കു ചെല്ലണം എന്ന് ഇടയ്ക്കിടെ പറയും. ഒരു സർപ്രൈസ് വിസിറ്റ് നടത്തി അവരെ ഞെട്ടിച്ച് കളയണം.

ഈ ഫ്രണ്ട് ഷിപ്പ് ഡേയ്ക്കും അന്നെടുത്ത ഫോട്ടോകളും വച്ച് ആശംസ പറയാനായി മാരിയാനോ വരും. അതിനു മുമ്പേ..... മാരിയാനോയ്ക്കും... ബാക്കി എല്ലാവർക്കും..... സൗഹൃദ ദിനാശംസകൾ..!

Read more: Malayalam Lifestyle Magazine