Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ഒരു ക്ഷമ പറഞ്ഞാല്‍ തീരാവുന്ന പിണക്കമേ ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നുള്ളൂ'

Vasuki Gowri വാസുകി ഗൗരി

ഇന്ന്  അസീബ് എഴുതിയ ആ ഓര്‍മ്മക്കുറിപ്പ് വായിച്ചപ്പോള്‍ അറിയാതെ എന്‍റെ മനസ്സ് പഴയ ചില സ്മരണകളിലേക്ക് ഊളിയിട്ടുപോയി… 2012' ഞാന്‍ മുഖപുസ്തകത്തില്‍ വന്ന സമയം. അന്ന് ട്രാന്‍സ് ആയിട്ടുള്ള ആള്‍ക്കാരുടെ ധാരാളിത്തം ഇന്നത്തെപ്പോലെ ഇല്ലേയില്ല...അതില്‍ മലയാളികള്‍ നന്നേ കുറവ്. ഉള്ളതില്‍ ആരെയും എനിക്ക് പരിചയവുമുണ്ടായിരുന്നില്ല. അപ്പോഴാണ് 'അനു ബോസ്' എന്നപേരില്‍ എനിക്കൊരു റിക്വസ്റ്റ് വന്നത്. ആദ്യമായി ഒരു സമാനമനസ്കയെ മുഖപുസ്തകത്തില്‍ കണ്ടെത്തിയ എന്‍റെ ആശ്വാസം അതിരില്ലാത്തതായിരുന്നു.

കുശലാന്വേഷണങ്ങളില്‍ തുടങ്ങിയ സൗഹൃദം ഫോണ്‍നമ്പര്‍ കൈമാറി പലപ്പോഴും ദീര്‍ഘനേരം സംസാരിക്കുന്ന നിലവരെയെത്തി. വളരെ മൃദുവായും സാവധാനത്തിലുമായിരുന്നു അവരുടെ സംസാരം. ഉന്നതവിദ്യാഭ്യാസമുണ്ടായിട്ടും ഒരു പ്രൈവറ്റ് കോളജില്‍ ടീച്ചര്‍ ആയി ഒതുങ്ങിപ്പോകുന്നതിലുള്ള നിരാശയും ആണുടലില്‍ ഒതുക്കിയമര്‍ത്തിവച്ചിരിക്കുന്ന സ്ത്രീയുടെ വിഹ്വലതകളും, വിദ്യാര്‍ഥികള്‍ക്കു മുന്നില്‍ പലപ്പോഴും താനൊരു പരിഹാസപത്രമാകുന്നുണ്ടോയെന്ന ആശങ്കകളും അനു ഒരു സഹോദരിയോടെന്നപോലെ പങ്കുവച്ചു. മാസങ്ങള്‍ കടന്നുപോയി. ഒരിക്കല്‍ വിളിച്ചപ്പോള്‍ ഗുരുവായൂര്‍ വരെ പോകുന്നു., ഇനി പോയിവന്നശേഷമേ വിളിക്കൂ എന്നു ഞാന്‍ പറഞ്ഞു.  ഉടന്‍തന്നെ അനു എന്തായാലും നീ എറണാകുളം വഴിയല്ലേ പോകുന്നത്...നമുക്കു കാണാം...നിന്നെക്കാണാന്‍ എനിക്കും ആഗ്രഹമുണ്ട് എന്നു പറയുകയുണ്ടായി. അങ്ങനെ ഞാന്‍ പാലാരിവട്ടത്തു ചെല്ലാമെന്നു ഏറ്റു. ഒരു കമ്പ്യൂട്ടര്‍ സ്ഥാപനം ആണെന്നാണ് എന്‍റെ ഓര്‍മ്മ...ഞാന്‍ കൃത്യസമയത്ത് തന്നെ അവിടെയെത്തിചേര്‍ന്നു. ഫേസ്ബുക്കില്‍ പരിചയപ്പെട്ട ഒരാളെ ആദ്യമായി കാണാന്‍ പോവുകയാണ്...അതും എന്നെപ്പോലെയുള്ള ഒരുവള്‍. ഒരുക്കം ഒട്ടും കുറച്ചില്ല ഞാന്‍. ഉള്ളതില്‍ ഏറ്റവും നല്ല വസ്ത്രങ്ങള്‍ ആണ് ധരിച്ചത്. ദേഹത്തോട് ചേര്‍ന്നുകിടന്ന ടീ-ഷര്‍ട്ട്‌ നു മേല്‍ പഞ്ഞിനാരുകള്‍ കൊണ്ടു നെയ്ത മനോഹരമായ ഒരു സ്റ്റാള്‍ കൂടി ചുറ്റാന്‍ മറന്നില്ല. 

ആ വലിയ കെട്ടിടത്തിനു താഴെ ഒതുങ്ങിക്കൂടി നില്‍ക്കുന്ന കൃശഗാത്രിയായ മനുഷ്യജീവിയാണ് ആ മനോഹരശബ്ദത്തിനുടമ എന്ന് ഞാന്‍ മനസ്സിലാക്കി. ചെറിയ, ആകാംക്ഷയും ഭീതിയും നിറഞ്ഞ കണ്ണുകള്‍, നീളമില്ലാത്ത ഇടതൂര്‍ന്ന മുടി, വെളുത്തു കൊലുന്നനെയുള്ള ദേഹത്തിനു ഒട്ടും ചേരാത്ത അയഞ്ഞ പാന്റ്സും കുപ്പായവും, സ്വതന്ത്രമല്ലാത്ത അംഗചലനങ്ങള്‍...' അനുബോസ്' എന്ന എന്‍റെ ആദ്യത്തെ ഫേസ്ബുക്ക്‌-സുഹൃത്തിനെ ഞാന്‍ വിശദമായിത്തന്നെ വീക്ഷിക്കുകയായിരുന്നു. എന്‍റെ ഷാമ്പൂ ചെയ്തു മിനുസപ്പെടുത്തിയ മുടിയിലും കഴുത്തില്‍ ചുറ്റിയ സ്റ്റാളിലും അനു അത്ഭുതത്തോടെ നോക്കിക്കൊണ്ട്‌ ചോദിച്ചു...''നീ ഇങ്ങനാണോ വീട്ടില്‍ നിന്ന് ഇവിടെവരെ വന്നത്...? അതെ...എന്തേ? എന്‍റെ മറുചോദ്യത്തിനു 'നിന്‍റെ ധൈര്യം ഞാന്‍ സമ്മതിച്ചിരിക്കുന്നു' എന്നാണ് അവള്‍ പ്രതിവചിച്ചത്. ഞാന്‍ ഉറക്കെ ചിരിച്ചുകൊണ്ട് ചോദിച്ചു... അനു നീയെന്തിനാ ഇങ്ങനെ ഭയക്കുന്നത്? നമ്മള്‍ ആരുടെയും ചിലവിലല്ലല്ലോ ജീവിക്കുന്നത്? നീ എന്നെക്കാളും എത്രയോ പഠിച്ചതാണ്...അല്‍പ്പംകൂടി ബോള്‍ഡ് ആകൂ... അവര്‍ എല്ലായ്പ്പോഴും അങ്ങനെയായിരുന്നു...അദൃശ്യമായ എന്തിനെയൊക്കെയോ ഭയപ്പെട്ടിരുന്നു.

കുടുംബത്തിലും തന്‍റെ നില പരുങ്ങലില്‍ ആണെന്നും, അധ്യാപനവൃത്തിയും അധികനാള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ബുദ്ധിമുട്ടാണെന്നുമുള്ള ആകുലതകള്‍ പറയുമ്പോള്‍തന്നെ 'ഐ.പി.എസ്' എന്നൊരു ലക്ഷ്യം തന്‍റെ മനസിലുണ്ടെന്നും അതിനായി നീ ഗുരുവായൂരപ്പനോട് പ്രാര്‍ഥിക്കണമെന്നും എന്നോടു പറയുകയുണ്ടായി. ആ നീണ്ടു മെലിഞ്ഞ ഭംഗിയുള്ള കൈകളില്‍ പിടിച്ചു എല്ലാം ശരിയാകും...നീ ധൈര്യമായിരിക്കൂ എന്ന് പറഞ്ഞുകൊണ്ട് ഞാന്‍ യാത്ര ചോദിച്ചു. അന്നായിരുന്നു ഞാന്‍ ആദ്യമായും അവസാനമായും അനുബോസ് എന്ന സുഹൃത്തിനെ കണ്ടത്. 

പിന്നീടുള്ള തിരക്കുകളില്‍ ഞങ്ങള്‍ രണ്ടുപേരും അവരവരുടേതായ വഴികളില്‍ സഞ്ചരിച്ചു...വിളികള്‍ കുറഞ്ഞു...വല്ലപ്പോഴുമുള്ള മെസ്സജുകള്‍...പിന്നെപ്പിന്നെ അതുമില്ലാതായി. വര്‍ഷങ്ങള്‍ കടന്നുപോയി. ഒരിക്കല്‍ എന്തോ ഒരു നിസ്സാര കാരണത്തിന് ഞങ്ങള്‍ തമ്മിലൊരു വാഗ്വാദം നടന്നു. ക്ഷിപ്രകോപിയായ ഞാന്‍ കഠിനമായ വാക്കുകള്‍ തന്നെ പ്രയോഗിച്ചു. അതവരെ വേദനിപ്പിച്ചു എന്ന തിരച്ചറിവ് വന്നപ്പോഴേക്കും അനു എന്നെ ബ്ലോക്ക്‌ ചെയ്തുകഴിഞ്ഞിരുന്നു. ഞങ്ങള്‍ പരസ്പരം വിളിക്കാനോ പിണക്കം തീര്‍ക്കാനോ ശ്രമിച്ചില്ല. ചിലസമയം ചെറിയ ഈഗോകള്‍ നമ്മെ അടക്കിഭരിക്കുന്നു. ദീര്‍ഘകാലമായുള്ള സൗഹൃദങ്ങള്‍ ഒരുനിമിഷംകൊണ്ട് അസ്തമിച്ചേക്കാം. ഒന്ന് വിളിച്ചു ഒരു ക്ഷമ പറഞ്ഞാല്‍ തീരാവുന്ന പിണക്കമേ ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നുള്ളൂ.

വര്‍ഷങ്ങള്‍ കടന്നുപോയിരിക്കുന്നു. എന്‍റെ സ്വത്വം ഞാനിന്നു തിരിച്ചറിഞ്ഞുകഴിഞ്ഞിരിക്കുന്നു. സ്നേഹസുരഭിലമായ ഒരുപാടു സൗഹൃദങ്ങളുടെ സമൃദ്ധിയില്‍ വിരാജിക്കുമ്പോഴും 'അനുബോസ്' എന്ന എന്‍റെ ആദ്യത്തെ സുഹൃത്തിനെ., ആദ്യമായി ഞാന്‍ നേരില്‍കണ്ട എന്‍റെ സഹോദരിയെ ഇന്നും ഓര്‍മ്മയില്‍ സൂക്ഷിക്കുന്നു., നിന്‍റെ ആകുലതകളെ...ചഞ്ചലമായിരുന്ന നിന്‍റെ മനോഗതികളെ...പരിഹാസശരങ്ങള്‍ക്കിടയിലും തന്‍റെ ലക്ഷ്യത്തിലേക്ക് മുന്നേറണമെന്ന അടിയുറച്ച ആ നിശ്ചയദാര്‍ഢ്യത്തെ...! നന്മകള്‍ മാത്രം നേര്‍ന്നുകൊണ്ട്.

-മുന്‍കോപക്കാരിയായ നിന്‍റെ പഴയ കൂട്ടുകാരി

അനുവിനെക്കുറിച്ച് ഗൗരിയുടെ സുഹൃത്ത് അസീബ് ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ്

കോളജിൽ പഠിക്കുമ്പോ ഒപ്ടിമൈസേഷൻ എന്ന പേപ്പർ എടുത്തിരുന്ന ഒരദ്ധ്യാപകനുണ്ട്‌. ഉമേഷ്‌. കൃത്യസമയത്ത്‌ ക്ലാസിൽ വരും, ലളിതമായി വ്യക്തതയോടെ ക്ലാസെടുക്കും, ഭംഗിയുള്ള കയ്യക്ഷരത്തിൽ കാൽകുലേഷൻസ്‌ ബോർഡിൽ എഴുതും, സൗമ്യമായി എല്ലാവരോടും ഇടപെടും, എങ്ങനെ ഞങ്ങൾ പ്രതികരിച്ചാലും പരിഭവങ്ങളില്ലാതെ പുഞ്ചിരിച്ച്‌ ക്ലാസ്‌ വിട്ടിറങ്ങും.

പക്ഷേ, മേൽപറഞ്ഞ ഗുണങ്ങൾക്കപ്പുറം ഞങ്ങൾക്ക്‌ കണാനും ശ്രദ്ധിക്കാനും പരിഹസിച്ച്‌ ചിരിക്കാനും ചിലത്‌ അയാൾ നീക്കിവക്കുമായിരുന്നു. ആണുടലിലും ആൺ വേഷങ്ങളിലും ഒളിപ്പിച്ച്‌ പെണ്ണിനെപ്പോലെ, അതിഭയങ്കരമായ സ്ത്രൈണത അയാൾക്കുണ്ടായിരുന്നു, എത്ര ഒളിപ്പിക്കാൻ ശ്രമിച്ചാലും അത്‌ പുറത്ത്‌ വന്നിരുന്നു.

ഞങ്ങൾ കൂട്ടുകാരുടെ സ്വകാര്യതയിൽ പലപ്പോഴും അങ്ങേരെ ഒമ്പതെന്നും, ചാന്തുപൊട്ടെന്നും വിളിച്ച്‌ പരിഹസിച്ച്‌ ചിരിച്ചിട്ടുണ്ട്‌, ഭീകരമായി അനുകരിച്ചിട്ടുണ്ട്‌, കൂട്ടുകാരികളോട്‌ 'പുള്ളിയെ നിനക്കാലോചിക്കട്ടെ' എന്ന് ചോദിച്ചിട്ടുണ്ട്‌, അവരതിനെ അവജ്ഞയോടെ തള്ളിയിട്ടുണ്ട്‌, ഒരിക്കലും അങ്ങേർ തികഞ്ഞ ആണല്ലെന്ന് ഉറപ്പിച്ചിട്ടുണ്ട്‌.

പിന്നീടെപ്പഴോ, പുള്ളി കോളേജ്‌ വിട്ടു. ഒരിക്കൽ പോലും കോളേജ്‌ റെക്കോർഡ്സിലോ, ബയോ ഡേറ്റയിലോ, സ്വയം തന്നെയോ താനൊരു ട്രാൻസ്ജെൻഡർ ആണെന്ന് അടയാളപ്പെടുത്താനുള്ള ധൈര്യം അന്ന് പുള്ളിക്കുണ്ടായിരുന്നില്ല. ഉണ്ടായിരുന്നെങ്കിൽതന്നെ, അധികൃതരോ, ഞാനടക്കമുള്ള വിദ്യാർത്ഥികളോ അംഗീകരിക്കുകയോ ചെയ്യുമായിരുന്നില്ല.

കുറച്ച്‌ നാൾ മുൻപേ ഞാൻ പുള്ളിയെ ടിവിയിൽ കണ്ടു. ഉമേഷ്‌ എന്ന പേരില്ല, നരച്ച ആൺ വേഷമില്ല. കടും നിറങ്ങളിൽ എല്ലാം തികഞ്ഞ പെണ്ണിനെപ്പോലെ, സുന്ദരിയായി, അനു എന്ന പേരു സ്വീകരിച്ച്‌, ക്ലാസെടുക്കുമ്പോഴൊന്നും ഇല്ലാതിരുന്ന കോൺഫിഡൻസോടെ അവർ സംസാരിക്കുന്നു. ഉറപ്പിനായി അന്വേഷിച്ചപ്പോഴാണ്, തികഞ്ഞ ആണല്ലെന്ന ഞങ്ങളുടെ പരിഹാസത്തിന്റെ മുഖത്തടിച്ച്‌ താനൊരു ട്രാൻസ്ജെൻഡർ ആണെന്ന പ്രഖ്യാപനം അവർ നടത്തിയിരിക്കുന്നു എന്നറിഞ്ഞത്‌.

ഞെട്ടലിനപ്പുറം, ചില അസ്വസ്ഥമാക്കുന്ന ചോദ്യങ്ങൾ ഉള്ളിലുണ്ടായത്‌.

എത്രനാൾ അവൾ കാത്തിരുന്നുകാണും..?

ആണിനും പെണ്ണിനും മാത്രം കോളമുള്ള ആപ്ലിക്കേഷൻ ഫോമുകളിൽ ആണെന്നടയാളപ്പെടുത്തുമ്പോൾ അവളുടെ വിരലുകൾ എത്രനാൾ വിറച്ചുകാണും..?

ആണിനേയും പെണ്ണിനേയും തിരിച്ചിരുത്തുന്ന ക്ലാസ്മുറികളിൽ അവളെത്രമാത്രം ആൺ വശങ്ങളിൽ നിന്ന് അപ്പുറത്തേക്ക്‌ കണ്ണെറിഞ്ഞുകാണും.?

എനിക്ക്‌ നിർവ്വചിക്കാൻ അറിയാത്ത ഏതൊക്കെ പ്രണയങ്ങൾ അവൾ ആഗ്രഹിച്ചുകാണും.?

തികഞ്ഞ ആണിനേയും പെണ്ണിനേയും മാത്രം കാണുന്ന കണ്ണുകളിൽ നിന്നവൾ എത്രയോടിയൊളിച്ചുകാണും..?

മനസിനും ശരീരത്തിനും ആണളവിട്ട്‌ തയ്പ്പിച്ചവ അഴിച്ച്‌ വച്ചവൾ എത്രനാൾ നഗ്നമായി കണ്ണാടിക്കുമുൻപിൽ നിന്ന് നെടുവീർപ്പിട്ടുകാണും..?

പാകമായ മനസും ശരീരവും തുറന്ന് കാണിക്കുന്ന ദിനങ്ങളെ പ്രതീക്ഷിച്ചെത്രനാൾ അവൾ കാത്തിരുന്നുകാണും..?

ഇപ്പോ കൊച്ചി മെട്രോയിൽ 23 ട്രാൻസ്ജെൻഡറുകൾക്ക്‌ ഗവൺമന്റ്‌ ജോലി നൽകിയിരിക്കുന്നു. നമ്മളിൽ പലർക്കും കേൾക്കുമ്പോഴുള്ള ആശ്ചര്യത്തിനും ഫേസ്ബുക്കിൽ അഭിവാദ്യമർപ്പിച്ചിടുന്ന പോസ്റ്റുകളുടെ എണ്ണത്തിനുമപ്പുറം എന്നെ സന്തോഷിപ്പിക്കുന്നത്‌, താനെന്തെന്ന് വെളിപ്പെടുത്തിയാൽ ജോലിയും ജീവിതവും വഴിമുട്ടുമെന്ന് ഭയന്ന്, തന്റെ ഐഡന്റിറ്റി മറച്ച്‌ വച്ച്‌, എനിക്കും എന്റെ സഹപാഠികൾക്കും ക്ലാസെടുത്ത അദ്ധ്യാപകനെ, പിന്നീട്‌ സ്വാതന്ത്യപ്രഖ്യാപനം നടത്തിയ ട്രാൻസ്ജെൻഡറായ 'അവളെ' അറിയാവുന്നതുകൊണ്ട്‌ കൂടിയാണ്.

അധികം പിറകിലല്ലാത്ത ഒരു ന്യു ഇയർ രാത്രി, ഇതേ സഹപാഠികൾക്കൊപ്പം ഫോർട്ടുകൊച്ചിയിൽ കൂടുമ്പോൾ ട്രാൻസ്ജെൻഡറുകളെ കണ്ട്‌ ഓടിമാറിയതിൽ നിന്ന്,

അവരെ ഒമ്പതെന്നും, ചന്തുപൊട്ടെന്നും ഹിജഡകളെന്നും വിളിച്ചിരുന്നതിൽ നിന്ന്,

കണ്ടുചിരിക്കാൻ, പരിഹസിക്കാൻ ദൈവമുണ്ടാക്കിയ ജീവികളാണവരെന്ന വിശ്വാസത്തിൽ നിന്ന്,

ലൈംഗികചുവയും അക്രമവും നിറം ചാർത്തി കേട്ടിരുന്ന കൂട്ടുകാരുടെ കഥകളിൽ നിന്ന്,

അവരെ മാറ്റി ആണിനും പെണ്ണിനുമൊപ്പം അവർക്ക്‌ ഇടത്തായൊ വലത്തായോ ഇടയിലായോ ഒരേ വരിയിൽ, ഒരേ നിരയിൽ നിർത്താൻ ഞാൻ, എന്നെ പിന്നീടെപ്പഴോ തിരുത്തിയിരിന്നു.

എന്നെയും നിന്നെയും ഭയന്ന് അവനിലൊളിച്ച അവളും അവളിലൊളിച്ച അവനും ഈ ലോകത്തോട്‌ അവരെന്താണെന്ന് വിളിച്ചുപറയട്ടെ.

ഓരോ നിമിഷവും പാകപ്പെടുന്ന, മനുഷ്യരാവുന്ന നമ്മൾ അവരെ അധികം വൈകാതെ ചേർത്ത്‌ നിർത്തട്ടെ.

ഏറെ അഭിമാനത്തോടെ ഞാൻ പറയട്ടെ, രാഷ്ട്രീയ പ്രഖ്യാപനം നടത്തട്ടെ,

'എന്നെ എറ്റവും നന്നായി പഠിപ്പിച്ച അദ്ധ്യാപകരിൽ ഒരാൾ ട്രാൻസ്ജെൻഡർ ആയിരുന്നു, അല്ലെങ്കിൽ ഞാൻ ഒരു ട്രാൻസ്ജെൻഡറുടെ സ്റ്റുഡന്റ്‌ ആയിരുന്നു. അറിവും ആശയവും വിത്തിൽ നിന്ന് നാമ്പിട്ട്‌ ഓരോ ദിനവും വളരുന്ന ഒന്നായതുകൊണ്ട്‌ തന്നെ, ഞാൻ എപ്പോഴും അതേ ട്രാൻസ്ജെൻഡറിന്റെ സ്റ്റുഡന്റ്‌ ആയിരിക്കുകയും ചെയ്യും.'

ഈ കൊച്ചു കേരളത്തെ അതിന്റെ എല്ലാ കുറവുകളോടെയും പ്രണയിച്ചുകൊണ്ട്‌, 

ഞാൻ ആദ്യമായി സംസാരിച്ച, സ്പർശിച്ച, ചേർന്ന് നിന്ന ട്രാൻസ്ജെൻഡർ വ്യക്തിയെ ഓർത്തുകൊണ്ട്‌.

Read more: Malayalam Lifestyle Magazine