Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചങ്കാണ് ആ സുഹൃത്ത് : അമല റോസ് കുര്യൻ

Amala Rose Kurian അമല റോസ് കുര്യൻ

സൗഹൃദദിനമെന്നു കേൾക്കുമ്പോൾ മനസ്സിലേക്ക് ഓടിയെത്തുന്നത് നമ്മോട് ഒരുപാടു ചേർന്നു നിന്ന ഏറ്റവും അടുത്ത സുഹൃത്തുക്കളെയാണ്. നഴ്സറി കാലങ്ങളിൽ കരഞ്ഞുകൊണ്ട് അമ്മയുടെ കൈപിടിച്ച് മടിയോടെ ക്ലാസിൽ കയറുമ്പോൾ അരികിൽ നമ്മുടെ കണ്ണാടിയെന്ന പോലെ ഇതേ കണ്ണീരും ഏങ്ങലടിയുമായി ഇരിപ്പുണ്ടാവും ഒരാൾ. 

ഏങ്ങലടികൾക്കിടെ അറിയാതെ പരസ്പരം ശ്രദ്ധിച്ചുപോയ ഒരെബേഞ്ചിലെ അയൽവാസിയാകും നമ്മുടെ ആദ്യസുഹൃത്ത്, പിന്നീട് അതൊരു ക്ലാസ്മുറി മുഴുവനും നിറയും. അന്ന് ഞാനും ശ്രദ്ധിച്ചിരുന്നു കൂട്ടത്തിൽ ഏങ്ങലടിച്ചു തളർന്നിരുന്ന ആ മുഖത്തെ. മാളു എന്ന ചെല്ലപ്പേരുകാരി ഇന്നും എന്റെ നല്ലൊരു സുഹൃത്താണ്. 

പിന്നീടുള്ള ഓരോ കാലഘട്ടങ്ങളും പലപല സുഹൃത്തുക്കളെ നൽകിയെങ്കിലും ആയിടയ്ക്കു പരിചയപ്പെട്ട ഒരു 'ഉണ്ണിയാർച്ച' സുഹൃത്തിനെ ഓർക്കുന്നു. കക്ഷി എന്റെ അയൽപക്കക്കാരിയാണ്, ഒരേ ഇടവകക്കാരിയും, ട്യൂഷൻ ക്ലാസ് സഹപാഠിയുമൊക്കെയാണ്. അവളായിരുന്നു അന്നത്തെ എന്റെ ബെസ്റ്റ്ഫ്രണ്ട്. കാലഘട്ടങ്ങൾ അങ്ങനെ കൊഴിഞ്ഞുപോയെങ്കിലും സ്കൂൾ ജീവിതം എനിക്കെന്നും മിസ് ചെയ്തിരുന്നു. കലാകാരിയായിരുന്ന എനിക്ക് ക്ലാസ് കട്ട് ചെയ്ത് വിവിധതരത്തിലുള്ള മൽസരങ്ങളിലും പരിപാടികളിലുമൊക്കെ പങ്കെടുക്കുന്നത് ഹരമായിരുന്നു. അന്നൊക്കെ പാട്ടുകളും ഡാന്‍സും മൽസരങ്ങളുമൊക്കെയായിരുന്നു എന്റെ ഉറ്റസുഹൃത്ത്. 

ജീവിതം അങ്ങനെ പോകെ ദാ വരുന്നു ഒരു പുതിയ ട്വിസ്റ്റ്, മലയാളം ഇനി മുതൽ രണ്ടു പേപ്പറുകൾ. അക്ഷരങ്ങൾ എന്റെ തൊട്ടടുത്തിരുന്ന് സംസാരിക്കുന്നു, എന്റെ തലയ്ക്കു ചുറ്റും ഒരു ഓറ തീർത്ത് തിളങ്ങുന്നു എന്നു തിരിച്ചറിഞ്ഞ കാലം. ആ കാലത്താണ് നൃത്തത്തിനും അഭിനയത്തിനുമൊപ്പം എഴുത്തും വായനയും എന്റെ ഉറ്റസുഹൃത്തുക്കളായത്. ഒടുവിൽ പത്താംക്ലാസ് ജീവിതം അവസാനിക്കുമ്പോൾ ഒരിക്കലും മറക്കില്ല, നീയാണ് ജീവിതത്തിലെ ബെസ്റ്റ് ഫ്രണ്ട് എന്നൊക്കെ ഓട്ടോഗ്രാഫിൽ എഴുതി തകർത്ത ചില ചങ്കുകൾ ആ കടലാസിലെന്നപോലെ മനസ്സിലും ചിതലരിച്ചു പോയി. ചിലർ മനസ്സിൽ അവശേഷിച്ചെങ്കിലും ചിലരൊക്ക പുതിയൊരു ലോകത്തിലേക്കു പോയി, അതാരുടെയും കുറ്റമല്ല, മറിച്ച് അതാണു യാഥാർഥ്യം എന്നു കാലം തെളിയിക്കുകയായിരുന്നു. 

ഹയർസെക്കൻറന്ററി കാലങ്ങൾ അധ്യാപികമാരെ വരെ സുഹൃത്തുക്കളെപ്പോലെ കണ്ട കാലമായിരുന്നു. ഭയമില്ലാതെ അധ്യാപകരോട് എന്തും തുറന്നു പറയാനുള്ള സ്വാതന്ത്രം കൂടി ലഭിച്ച കാലം, അധ്യാപകര്‍ക്കും ഒരു നല്ല സുഹൃത്താവാം എന്നു മനസ്സിലാക്കിത്തന്ന കാലം. കോളജ് കാലങ്ങളിലും ജീവിതത്തിൽ സ്വാധീനം ചെലുത്തിയ ഒട്ടേറെ സുഹൃത്തുക്കൾ ഉണ്ടായിരുന്നു. നഷ്ടമായി എന്നോർത്തിട്ടും തിരികെ കിട്ടിയ സൗഹൃദങ്ങൾക്കും ജീവിതത്തിൽ സാക്ഷിയായിട്ടുണ്ട്. 

പക്ഷേ ഇക്കാലമത്രയും എന്റെ ജീവിതത്തിലുണ്ടായ ഒരു അമൂല്യമായ സൗഹൃദമുണ്ട്. േസാദ്ദേശ്യപരമായി ഇത്രയും നേരം മറച്ചുവെച്ചതും ഇനി പറയാൻ പോകുന്നതുമായ ഒരു നീണ്ടകാലസൗഹൃദം. ഒന്നും ഒളിച്ചവുവെക്കാതെ എല്ലാ കാര്യങ്ങവും പങ്കുവെക്കുന്ന എന്റെ ഉറ്റസുഹൃത്ത്, എ​ന്നെ ഏറ്റവും കൂടുതൽ വഴക്കുപറഞ്ഞിട്ടുള്ള, ഉപദേശിച്ചിട്ടുള്ള, അടി തന്നിട്ടുള്ള സുഹൃത്ത്, ഞാൻ പറയാതെ തന്നെ എന്നെ മനസ്സിലാക്കിയ കണ്ണിൽ നോക്കി എന്നെ വായിക്കുന്ന മൈൻഡ് റീഡിങ് എക്സ്പേർട്ട് കൂടിയായ സുഹൃത്ത്. ഞാൻ ഏറ്റവും കൂടുതൽ വഴക്കു കൂടിയിട്ടുള്ള, ഞാൻ വീഴുന്ന സന്ദർഭങ്ങളിലെല്ലാം താങ്ങിനിർത്തിയിരുന്ന സുഹൃത്ത്. ആരുടെ കൈപിടിച്ചു സ്കൂളിൽ പോയോ അതേ കൂട്ടുകാരി, 

ചോറു വാരിത്തരാനാണെങ്കിലും ചൂരൽ കഷായം തരാനാണെങ്കിലും എനിക്കു നേരെ കൈനീട്ടിയ എന്റെ ഉറ്റസുഹൃത്ത്. തല്ലുകയും തലോടുകയും ചെയ്ത ചങ്കായ, ചങ്കിടിപ്പായ ആ സുഹൃത്ത് എന്റെ അമ്മയാണ്. സൗഹൃദങ്ങൾ സ്വമേധയാ വന്നുചേരുന്നതാണ്. ആതിന്റെ വിത്തുകൾ ആദ്യം മുളയ്ക്കേണ്ടത് സ്വന്തം കുടുംബത്തിൽ നിന്നു തന്നെയാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്..

Read more: Malayalam Lifestyle Magazine