Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിങ്ങളീ ഭൂമിയിലെ ഇല്ലായിരുന്നെങ്കിൽ നിശ്ചലം ശൂന്യമീ ജന്മം...

Dinsha Dileep ദിൻഷ ദിലീപ്

കണ്ണകി എന്ന സിനിമയിൽ മനോഹരമായൊരു ഗാനമുണ്ട്. 'എന്നു വരും നീ' എന്ന് തുടങ്ങുന്നത്. കേൾക്കാനിമ്പമുള്ള പ്രണയഗാനമാണെങ്കിലും അതിൽ ഇങ്ങനെ ചില വരികളുണ്ട്.

'വെറുതേ കാണാൻ 

വെറുതേ ഇരിക്കാൻ 

വെറുതേ വെറുതേ ചിരിക്കാൻ 

തമ്മിൽ വെറുതേ വെറുതേ മിണ്ടാൻ'. ഈ വരികളെക്കുറിച്ച് എന്നും ഞാനോർക്കാറുള്ളത് സുഹൃത്തുക്കളുമായി ബന്ധിപ്പിച്ചുകൊണ്ടാണ്. ഒന്നിനും വേണ്ടിയല്ലാതെ വെറുതേ ഒരുമിച്ചാവുമ്പോൾ ഒന്നിച്ചു കൂടുമ്പോൾ ചിരിച്ചും മിണ്ടിയുമങ്ങനെ നേരമളന്നു ജീവിക്കുന്നതിന്റെ വ്യർഥതയിൽ നമ്മൾ നമ്മെ പരസ്പരം വീണ്ടെടുക്കുന്ന ഇടങ്ങളാണ് സൗഹൃദതത്തിന്റേത്. അവിടെ ജാതി, മത, വർഗ്ഗ, വർണ വ്യത്യാസങ്ങളില്ലാതെ കക്ഷി രാഷ്ട്രീയമില്ലാതെ നമ്മൾ പൊങ്ങച്ചങ്ങളിൽ നിന്ന് ആർഭാടങ്ങളിൽ നിന്ന് വിവസ്ത്രരാക്കപ്പെട്ട് ഉൾത്തുടിപ്പുള്ള മനുഷ്യരായി മാറുന്നത് ഈ സൗഹൃദത്തിലുലാവുമ്പോൾ മാത്രമാണ്. അവിടെ എന്റേതും നിന്റേതുമായി ഒന്നും അവശേഷിക്കുന്നില്ല. നമ്മുടേതെന്ന പാരസ്പര്യത്തിലേക്ക് അവ വളരുന്നു. ഗൃഹാതുരമായ ഓർമ്മകളുടെ കൂട്ടത്തിൽ പന്തിഭോജനം എന്ന വാക്കിനപ്പുറത്തേക്ക് കയ്യിട്ടുവാരിയും നക്കിത്തുടച്ചും കാലിയാക്കിയ ചോറ്റുപാത്രങ്ങളുടെ വൈവിധ്യമാര്‍ന്ന മണവും രുചിയുമൊക്കെ എന്നെന്നും ഹൃദ്യമാകുന്നതും മറ്റൊന്നും കൊണ്ടല്ല. 

ഇ-കാലത്തും സൗഹൃദം അതിന്റെ ചൂടും ചൂരും നിലനിർത്തുന്നുണ്ട് നവമാധ്യമങ്ങളിലൊക്കെത്തന്നെ ഒരുപാട് സൗഹൃദക്കൂട്ടായ്മകൾ സജീവമായി നിലനില്‍ക്കുന്നുണ്ട്. പടലപ്പിണക്കങ്ങളും ചെളിവിരിയെറിയലുകളും മൂലം കൂട്ടായ്മകൾ തകരുന്നത് കണ്ടിട്ടുണ്ടെങ്കിലും സ്നേഹത്തിന്റെ ശക്തമായ ഭാഷയിൽ സംവദിക്കുന്ന ദൃഢമായ ബന്ധങ്ങൾ കാത്തു സൂക്ഷിക്കുന്ന കൂട്ടായ്മകളും അനവധിയുണ്ട്. സാമൂഹിക രാഷ്ട്രീയ പ്രതിബദ്ധത പുലർത്തുകയും സമകാലികമായ സംഭവങ്ങളിൽ തത്സമയം പ്രതികരിക്കാനും പ്രതിഷേധിക്കാനുമൊക്കെ ഈ സുഹൃത്‌വലയങ്ങൾക്ക് അനായാസേന കഴിയുന്നു. പാർട്ടി പരിപാടികൾക്ക് അണികളെ കൂട്ടാൻ ഓടിനടക്കേണ്ട ഗതികേട് ഇത്തരത്തിലുള്ള സൗഹൃദക്കൂട്ടായ്മകൾക്കില്ല. കാരണം ഇവിടെ സൗഹൃദത്തിനു പകരം സൗഹൃദം മാത്രമേ വിനിമയം ചെയ്യപ്പെടുന്നുള്ളൂ. സ്നേഹത്തിന്റെ ഭാഷയിലെഴുതിയുണ്ടാക്കിയ ഉടമ്പടികൾ മാത്രമേ പാലിക്കപ്പെടുന്നുള്ളൂ..... 

സൈബർ ലോകത്തിനപ്പുറത്തേക്ക് കാതങ്ങൾ താണ്ടി സമ്മാനപ്പൊതികളുമായി പ്രിയപ്പെട്ട സുഹൃത്തിനെ കാണാൻ വരുന്നു.പലപ്പോഴും ജീവിതത്തിന്റെ ഓരോ സൂക്ഷ്മപരിസരങ്ങളിലും ഈ കൂട്ടുകാരിങ്ങനെ നിരന്തര സാന്നിധ്യമായി മാറുന്നു. ദേശകാലങ്ങളുടെ അതിർത്തികൾ ഭേദിച്ച് അവ സൗഹൃദതരംഗങ്ങളായി ഹൃദയങ്ങളിലേക്ക് ഒഴുകി നടക്കുന്നു. ഈ ആശയം തന്നെ മനോഹരമായ ഒരു ഇമേജറി തീർക്കുകയാണിവിടെ.  

അനാദിയായ ഒരു യാത്ര പോലെ ജീവിതമിങ്ങനെ കാലവേഗത്തിൽ സഞ്ചരിക്കുമ്പോൾ വിരസത തോന്നാത്തവർ ഭാഗ്യവാന്മാർ എന്തെന്നാൽ അവരുടെ യാത്രകൾക്കിടക്ക് സൗഹൃദത്തിന്റെ ദ്വീപുകൾ തെളിഞ്ഞു കാണപ്പെടുന്നു. ആനന്ദാതിരേകത്തോടെ അവരെ പുണർന്നുകൊണ്ട് നിങ്ങളാ വരികൾ വീണ്ടും പാടുന്നു 'നിങ്ങളീ ഭൂമിയിലെ ഇല്ലായിരുന്നെങ്കിൽ നിശ്ചലം ശൂന്യമീ ജന്മം.....'

മറവിയുടെ ക്ലാവ് പിടിച്ച് അതിവിദൂര വിസ്മൃതിയിൽ ആണ്ടുപോയിട്ടുണ്ട് ചിലർ. ഇടയ്ക്കെങ്കിലും തേച്ചു മിനുക്കിയെങ്കിൽ വെട്ടിത്തിളങ്ങുമായിരുന്നവ. എന്നെങ്കിലും കാണുമ്പോൾ പറയാൻ ബാക്കിവെച്ച ചിലതുണ്ട്. 

നോക്കൂ 

നീ എപ്പോഴെങ്കിലും ഓർക്കുന്നുവോ 

പണ്ട് നാം ആ പുളിമരച്ചോട്ടിൽ 

എത്രയോ നേരമങ്ങനെ 

വെറുതേയിരുന്നത്... 

അധികം അകലെയല്ലാത്ത 

ചില്ലകളിലേക്ക് നീയെന്നെ 

കൈപിടിച്ച് കയറ്റിയത് 

പലപ്പോഴും മരത്തിലുരസി 

എന്റെ കൈ മുറിയും 

മുകളിലേക്കുള്ള കയറ്റത്തിലെന്റെ 

കുഞ്ഞുടുപ്പിന്റെ തുന്നൽ വിടും 

എന്നാലും നമ്മൾ 

ഒരുകണ്ണടച്ച് 

മറുകണ്ണുകൊണ്ടാ-

പ്പുളിയൊക്കെത്തിന്നും 

സ്കൂള്‍ കഴിഞ്ഞ 

എല്ലാ വൈകുന്നേരങ്ങളിലും 

നമ്മളാ പുളിമരച്ചോട്ടിലിരുന്ന് 

നമ്മുടെ കല്യാണച്ചെക്കന്മാരേക്കുറിച്ച് 

നീണ്ട ചർച്ചയിലേർപ്പെടും. 

തേക്കിൻതൈകളിലെ വലിയ ഇലകൾ പൊട്ടിച്ച് 

അതിനുമീതെ കിടന്ന് 

മാനത്തുനോക്കി 

ആദ്യരാത്രിയിലുടുക്കേണ്ട 

പട്ടുസാരിയുടെ നിറത്തെച്ചൊല്ലി 

ഘോരഘോരമായി തർക്കിക്കും 

നമ്മുടെ എല്ലാ സ്വപ്നങ്ങളേയും 

അതിലംഘിച്ചുകൊണ്ട് 

നിന്നെ നിന്റമ്മയും 

എന്നെ എന്റമ്മയും 

കൂവിവിളിക്കും. 

അവസാനം നാം പിന്നെയും പിണങ്ങും 

ഒടുവിലൊരു കരാറടിസ്ഥാനത്തിൽ 

മുകളിലെ അമ്പിളിയമ്മാവനേയും കൂട്ടി 

നീയങ്ങ് പോകും. 

അങ്ങനെ ഓരോ രാത്രികളേയും 

പരസ്പരം പങ്കുവെച്ച് 

നമ്മള് പിരിയും...

ഒരിക്കല്‍കൂടി 

നീ വരുമോ 

നിന്റെ കുഞ്ഞിനെയുറക്കി 

ഭർത്താവിനോട് നുണ പറഞ്ഞ് 

ആ പുളിമരച്ചുവട്ടിലേക്ക്.. 

ആരോ വെട്ടിമാറ്റിയ 

മരത്തിന്റെ 

വേരുകളെങ്കിലും 

നമുക്ക് തപ്പിയെടുക്കാം... 

ഇങ്ങനെ ഭൂതകാലത്തിലെവിടെയോ നഷ്ടപ്പെട്ടവളേക്കുറിച്ചെഴുതുമ്പോൾ ഒരു വലിയ അസ്വാസ്ഥ്യം. ഈ വേദനകളേയും സൗഹൃദമെന്ന് പേരു ചൊല്ലി വിളിക്കുയാണ്. കർക്കിടകത്തിന്റെ പതിനെട്ടാം പെരുക്കത്തോടൊപ്പം ഓർമ്മപ്പെയ്ത്തുകളുടെ മേളവും ഇങ്ങനെ ഇവിടെ സമഞ്ജസമായി സമ്മേളിക്കുന്നു. 

മിഥ്യാഭിമാനങ്ങളുടെ ജാഡയഴിച്ചുവെച്ച് ഒന്നു കെട്ടിപ്പിടിച്ച് കരയാൻ, ചെറിയ ചെറിയ സന്തോഷങ്ങൾ പോലും വലിയ വലിയ ഉത്സവങ്ങളാക്കി മാറ്റാൻ പ്രിയ്യപ്പെട്ടവളേ /പ്രിയ്യപ്പെട്ടവനേ നിന്നെ സുഹൃത്തെന്നുതന്നെ പേരു ചൊല്ലി വിളിക്കുയാണ്. പ്രണയം ഉദാത്തമായ നിർവൃതിയാകുന്നതുപോലെ ഹൃദയത്തിൽ നിന്ന് ഹൃദയത്തിലേക്ക് നുരഞ്ഞു പൊന്തുന്ന വാചാലതയുടെ ഉന്മാദത്തിന്റെ ലഹരിയാണ് സൗഹൃദമെന്ന് ഞാനിവിടെ അടയാളപ്പെടുത്തിക്കോട്ടേ!

Read more: Malayalam Lifestyle Magazine