Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പള്ളി സ്ഥാപനവും എട്ടുനോമ്പാചരണവും

Manarcadu Church

ദിവ്യദർശനാടിസ്ഥാനത്തിൽ സ്ഥാപിത മായ മണർകാട് വി മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ: കേരളത്തിന്റെ തലസ്ഥാനമായിരുന്ന മഹാദേവർപട്ടണത്തിൽ (ഇന്നത്തെ കൊടുങ്ങല്ലൂർ) വളരെയധികം നസ്രാണി കൾ പാർത്തിരുന്നു. യഹൂദന്മാർക്കും മുസ്ലീങ്ങൾക്കും ഇടയിൽ വ്യാപാരകുത്ത കയെ സംബന്ധിച്ചുണ്ടായ മത്സരങ്ങളിൽ മഹാദേവർ പട്ടണം അഗ്നിക്കിരയാകുകയും നസ്രാണികൾ വ്യാപാരസൗകര്യത്തെക്ക രുതി നദീമുഖങ്ങളോട് അടുത്തസ്ഥലങ്ങളിലേക്ക് കുടിയേറിപാർക്കുകയും ചെയ്തു. കുടിയേറ്റക്കാരിൽ ഒരു വിഭാഗം തിരുവഞ്ചൂർ, മണർകാട്, മാലം, കുഴിപ്പുരയിടം, വെള്ളൂർ, പാമ്പാടി, തോട്ടയ്ക്കാട്, മീനടം, പുതുപ്പള്ളി, വാഴൂർ, അമയന്നൂർ മുതലായ കരകളിൽ താമസിക്കുകയും കൃഷി, വ്യാപാരം മുതലായ തൊഴിലുകളിൽ ഏർപ്പെടുകയും ചെയ്തു.

ചേരമൻ പെരുമാളിന്റെ നാട്ടുരാജ്യങ്ങളിൽ ഒന്നായിരുന്നും തെക്കുംകൂറിൽ മണർകാട് പ്രദേശവും ഉൾപ്പെട്ടിരുന്നു. തെക്കുംകൂറിന്റെ തലസ്ഥാനങ്ങളിൽ ഒന്ന് ചങ്ങനാശേരിയും മറ്റേത് കോട്ടയവും ആയിരുന്നു. തെക്കുംകൂറിന്റെ വിവിധ ശാഖകളിൽ ഒന്നായിരുന്ന ഇടത്തിൽ തമ്പുരാക്കന്മാർ ആണ് മണർകാട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഭരണം നടത്തിയിരുന്നത്. ഇഞ്ചയും ചൂരലും കുറുമുള്ളും പിടിച്ച് കാടായി കിടന്നിരുന്ന ഈ പ്രദേശം ഹിംസ്ര ജന്തുക്കളുടെ അധിവാസകേന്ദ്രമായിരുന്നു.

കുടിയേറ്റക്കാരിൽ ഏതാണ്ട് 12ഓളം ക്രിസ്ത്യാനികുടുംബങ്ങൾ ഉണ്ടായിരുന്നു. കുടിയേറ്റ ക്രിസ്ത്യാനികൾക്ക് ആരാധനയിൽ സംബന്ധിക്കുന്നതിനും വി കുദാശകൾ അനുഷ്ഠിക്കുന്നതിനും ഒരു ദേവാലയം ഉണ്ടാക്കണമെന്ന ആഗ്രഹത്തോടെ പിതാക്കന്മാർ ഒന്നിച്ചുകൂടി പ്രാർഥനയിലും ഉപവാസത്തിലും കഴിച്ചു കൂട്ടുകയും തുടർച്ചയായി ഇങ്ങനെ 7 ദിവസം ആചരിച്ചപ്പോൾ അവർക്ക് ഓരോരുത്തർക്കും ഇതുസംബന്ധിച്ച് ദർശനം ഉണ്ടാവുകയും ചെയ്തു. മാനും മീനും എയ്യാവുന്നതും ഇഞ്ചയും ചുരലും പടർന്നുകിടക്കുന്നതുമായ കാട്ടിൽ വെളുത്ത പശുവും കിടാവും കിടക്കുന്നത് കാണുന്നസ്ഥലത്ത് ദേവാലയം പണിയുക. ഇതായിരുന്നു ദർശനം. തങ്ങൾക്ക് എല്ലാവർക്കും ഒരേ ദർശനം ഉണ്ടായി എന്നത് അവരെ അത്ഭുതപ്പെടുത്തി. ദർശനത്തിൽ കണ്ട പശുവിനെയും കിടാവിനെയും അന്വേഷിച്ച് ഇറങ്ങിയ പിതാക്കന്മാർ ഇപ്പോഴത്തെ വലിയപള്ളിയുടെ സ്ഥലത്ത് പശുവിനെയും കിടാവിനെയും കണ്ടെത്തി.

ദർശനത്തിന്റെ പൊരുൾ മനസിലാക്കിയ പിതാക്കന്മാർ പശുവിനെയും കിടാവിനെയും കണ്ട സ്ഥലത്ത് വി ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും നാമത്തിൽ ദേവാലയം സ്ഥാപിക്കുകയും അതേത്തുടർന്ന് എല്ലാ വർഷവും വി ദൈവമാതാവിന്റെ നാമത്തിൽ 8 ദിവസം നീണ്ടുനിൽക്കുന്ന എട്ടുനോമ്പ് ആചരിച്ച് വരികയും ചെയ്യുന്നു. അനുഗ്രഹീതമായ എട്ടുനോമ്പ് ആചരണത്തിന്റെ ഉത്ഭവം മണർകാട് പള്ളിയിൽ നിന്നുമാണ്. പിതാക്കന്മാർക്ക് ലഭിച്ച ദർശനത്തിന്റെ ഓർമ നിലനിർത്തിക്കൊണ്ട് എല്ലാവർഷവും സെപ്റ്റംബർ 7—ാം തീയതി ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം തുറന്നുകൊടുക്കുന്ന നടതുറക്കൽ ചടങ്ങ് ഈ ദേവാലയത്തിലെ മാത്രം പ്രത്യേകതയാണ്.

പരിശുദ്ധ അമ്മയുടെ അനുഗ്രഹം നേടി നൂറ്റാണ്ടുകൾക്ക് മുമ്പുതന്നെ ഭക്തജനങ്ങൾ ഈ ദേവാലയത്തിൽ എട്ടുനോമ്പിനെത്തിയിരുന്നു. ഫാ ബർണാഡിന്റെ മാർത്തോമാ ക്രിസ്ത്യാനികൾ, ഇ എം ഫിലിപ്പിന്റെ മാർത്തോമാ ശ്ലീഹായുടെ ഇന്ത്യൻ സഭ, ഹെർമൻ ഗുണ്ടാർട്ടിന്റെ കേരളപഴമ എന്ന ഗ്രന്ഥങ്ങളിലും ട്രാവൻകൂർ സ്റ്റേറ്റ് മാനുവലിലും ഇതുസംബന്ധിച്ച് പരാമർശമുണ്ട്.

1836 സെപ്റ്റംബറിൽ എട്ടുനോമ്പുകാലത്ത് നവീകരണ ലക്ഷ്യങ്ങളോടെ മണർകാട് പള്ളിയിലെത്തിയ ജോസഫ് പീറ്റ് എന്ന ആഗ്ലിക്കൽ മിഷനറി ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു.

മണർകാട് പള്ളിയിൽ കന്യകമറിയാമിന്റെ പുകഴ്ചക്കുവേണ്ടി നോൽക്കുന്ന ഒരു പ്രത്യേക നോമ്പ് ഉണ്ടെന്നറിഞ്ഞാണ് ഞാൻ അവിടെ എത്തിയത്. ഇതിൽ നിന്നും അവരെ പിൻതിരിപ്പിക്കുന്നതിനുവേണ്ടി ഞാൻ മണർകാട് പള്ളിയിൽ എത്തിയപ്പോൾ ദേവായത്തിനകത്തും പുറത്തുമായി 2000—ൽ അധികം ആളുകൾ സമ്മേളിച്ചിരുന്നു. ആളുകൾ പള്ളിയിൽ താമസിക്കുകയും ചില പ്രത്യേക ഭക്ഷണങ്ങൾ വർജിക്കുകയും തങ്ങളാൽ തന്നെ ശുദ്ധീകരിക്കുന്നതിന് എല്ലാ ദിവസവും സ്നാനം ചെയ്യുകയുമെന്നത് ആചാരമാണ്.

കന്യകമറിയത്തിന്റെ ഒരുരൂപം അവിടെ പ്രതിഷ്ഠിക്കപ്പെട്ടിരുന്നു. അവിടം അതിവിശുദ്ധ സ്ഥലമായി കരുതപ്പെട്ടു. ഇതിനെതിരെ പ്രസംഗിക്കാൻ എഴുന്നേറ്റപ്പോൾ എന്റെ ശബ്ദത്തിനുമീതെ കന്യകമറിയത്തിനോടുള്ള പ്രാർഥനകൾ അവർ ഉച്ചത്തിൽ ചൊല്ലുവാൻ തുടങ്ങി.....(സി എം എസ് റെസിഡിംഗ്സിൽ നിന്ന് വെരി റവ ഡോ കുര്യൻ കോർ എപ്പിസ്ക്കോപ്പായുടെ ദി സിറിയൻ ഓർത്തഡോക്സ് ഇൻ ഇന്ത്യ ആൻഡ് ഇറ്റ്സ് അപ്പോസ്തോലിക് ഫെയ്ത്ത് (പി—131) എന്ന ഗ്രന്ഥത്തിൽ പ്രസ്തുത സംഭവം ഉദ്ധരിച്ചിട്ടുണ്ട്.) നൂറ്റാണ്ടുകൾക്കു മുമ്പ് ഇവിടെ നിലനിന്ന എട്ടുനോമ്പ് ആചരണത്തിന്റെ സജീവ ചിത്രമാണ് ഇത്.

കൂടാതെ വാർഡ്, കോണർ എന്നിവരുടെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സർവേ സംഘം തയാറാക്കിയ റിപ്പോർട്ടിലും വലിയ ജനാവലിയെ ആകർഷിക്കുന്ന പ്രസിദ്ധമായ പള്ളിയായിട്ടാണ് മണർകാട് പള്ളിയെപറ്റി രേഖപ്പെടുത്തിയിട്ടുള്ളത്.

മലങ്കരയിലെ അതിപുരാതനമായ ദേവാലയങ്ങളിൽ അഗ്രിമ സ്ഥാനമുള്ള മണർകാട് പള്ളി ആയിരത്തിൽ പരം വർഷങ്ങൾക്ക് മുമ്പ് സ്ഥാപിക്കപ്പെട്ടു എന്നതിന് ഹൈക്കലായിൽ കാണപ്പെടുന്ന ശിലാലിഖിതങ്ങൾ തെളിവാണ്. നാനം മോനം (വട്ടെഴുത്ത്) സമ്പ്രദായത്തിൽ എഴുതിയിട്ടുള്ള ഈ ശിലാലിഖിതങ്ങൾ എ ഡി 910—ലും 920—ലും ദേവാലയത്തിനുള്ളിൽ ഓരോ കബറിടങ്ങളിൽ സ്ഥാപിക്കപ്പെട്ട സ്മാരകഫലകങ്ങളാണെന്ന് പുരാവസ്തു ഗവേഷകർ കണ്ടെത്തുകയുണ്ടായി.

ആദ്യം മുളയിലും പരമ്പിലുമായി തീർത്ത ദേവാലയം പിന്നീട് പല ഘട്ടങ്ങളിൽ പുനരുദ്ധരിക്കുകയും പുതുക്കിപണിയുകയും ചെയ്തിട്ടുണ്ട്. 16—ാം ശതകത്തിൽ പോർച്ചുഗീസ് രീതിയിൽ പൊളിച്ചുപണിതു. ഇപ്പോൾ കാണുന്ന ദേവാലയത്തിന്റെ പണി പൂർത്തീകരിച്ചത് 1954—ൽ ആണ്.

വളരെ പഴക്കമുള്ള രണ്ട് വാളുകൾ ഇപ്പോഴും പള്ളി മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്. പള്ളിയുടെ സംരക്ഷണത്തിനായി രാജകൊട്ടാരത്തിൽ നിന്നും നേരിട്ട് ഭരമേൽപ്പിച്ചിട്ടുള്ളവയാണെന്ന് പറയപ്പെടുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.